Sunday, July 19, 2020

ഇലന്തപ്പഴം

🌱🌱🌱🌱🌱🌱🌱 പഴങ്ങളെ അറിയുക🍀🍀🍀🍀🍀🍀🍀🍀🍀🍀
ഇലന്തപ്പഴം



ശരീരത്തിലെ കോശതലത്തിൽപ്പോലും സന്ദേശവാഹകരായി പ്രവർത്തിക്കാൻ കഴിയുന്ന മോണോഫോസ്ഫേറ്റുകൾ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഒരു പഴമുണ്ട്- പേര് ഇലന്ത. പ്രധാന ജീവകങ്ങൾ വേണ്ടുവോളം. ആപ്പിളിനേക്കാൾ നൂറിരട്ടി ജീവകം .സി, ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര- ഇലന്തയ്ക്ക് വേറയും പ്രത്യേകതകളുണ്ട്.

ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന് പണ്ടേയുള്ള വിളിപ്പേരുകൾ. ജുജൂബ്, ജുജൂബ, റെഡ് ഡെയിറ്റ്,ചൈനീസ് ഡെയിറ്റ്, കൊറിയൻ ഡെയിറ്റ്, ഇന്ത്യൻ ഡെയിറ്റ്, ബേർ ആപ്പിൾഎന്നിങ്ങനെയും പേരുകൾ വേറേയും .
ഇലന്തമരം പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരും. ദീർഘ വൃത്താകൃതിയുള്ള ചെറിയ ഇലകൾക്ക് തിളങ്ങുന്ന പച്ചനിറം. എത്ര വരണ്ട കാലാവസ്ഥയിലും വളരാൻ കെൽപ്പുണ്ട്. ചെനീസ് ഇലന്തയും ഇന്ത്യൻ ഇലന്തയും വെവ്വേറെയുണ്ട്. ഇന്ത്യയിലാകട്ടെ തൊണ്ണൂറിലേറെ, ഇലന്ത ഇനങ്ങൾ പ്രചാരത്തിലുണ്ട്. ഇവയ്ക്കെല്ലാം വ്യത്യസ്ഥ സ്വഭാവവുമാണ്.

ഇന്ത്യൻ ഇതിഹാസങ്ങളിലും ഇലന്തമരത്തെക്കുറിച്ച് പരാമർശമുണ്ട്. രാമായണത്തിൽ രാമന്റെ പ്രത്യേക അനുഗ്രഹം വേണ്ടുവോളം ലഭിച്ച വൃക്ഷമാണ് ഇലന്ത. സീതയെ ആപത്ഘട്ടത്തിൽ അഭയം നൽകി രക്ഷിച്ചതിനാൽ ഇലന്തമരത്തിന് ശ്രീരാമൻ മികച്ച ദൃഢതയും ബലവും നൽകിയെന്നാണ് ഐതിഹ്യം. എത്രത്തോളം വെട്ടിമുറിച്ചാലും ഒരിക്കലും ഇലന്തമരം പൂർണമായും നശിക്കുകയില്ല. ഒരു വേരെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ അത് പൂർവാധികം കരുത്തോടെ പുനർജനിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും വരണ്ട പ്രദേശങ്ങളിലും കരുത്തോടെ വളരാൻ ഇലന്തമരത്തെ സഹായിക്കുന്നത് ശ്രീരാമന്റെ ഈ വരമാണെന്ന് കരുതുന്നു.

പതിവെച്ചും ഒട്ടിച്ചുമെടുത്ത തൈകൾ നട്ടാൽ ഇലന്ത നന്നായി വളരും. സൂര്യപ്രകാശ ലഭ്യത സമൃദ്ധമായ ഉഷ്ണമേഖലാ കാലവസ്ഥയിൽ വളരാൻ ഏറ്റവും അനുയോജ്യം. തുറസ്സായ സ്ഥലങ്ങളാണ് തണലിടങ്ങളേക്കാൾ നന്ന്. നല്ല വെളിച്ചം കിട്ടിയാൽ നന്നായി കായ് പിടിക്കും. മൂക്കാത്ത കായ്ക്കു പച്ചനിറമാണ്. പഴുക്കുമ്പോൾ ഇതു മഞ്ഞ കലർന്ന പച്ചയായി മാറും. നന്നായി പഴുത്താൽ നല്ല ചുവപ്പാകും.

കായ് ചുവന്ന് പഴുത്തു കഴിഞ്ഞാൽ പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചയ്ക്ക് ഈന്തപ്പഴമെന്നേ തോന്നൂ. അങ്ങനെയാണ് ഇലന്തയ്ക്ക് ഇന്ത്യൻ ഈന്തപ്പഴം എന്ന പേര് വിദേശികൾ നൽകിയത്. ഇലന്തപ്പഴത്തിന് മഞ്ഞകലർന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണ് കഴിക്കാൻ ഏറ്റവും മികച്ച സമയം.
മണൽ കലർന്ന നീർവാർച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്ക് വളരാനിഷ്ടം. മഴയിലും അന്തരീക്ഷോഷ്മാവിലും സംഭവിക്കുന്ന വലിയ വ്യതിയാനങ്ങൾ പോലും ഇലന്ത സഹിക്കും. .
ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇലന്തപ്പഴത്തിന്റെ വിളവെടുപ്പുകാലം. പതിവെച്ചോ ഒട്ടിച്ചെടുത്തതോ ആയ തൈകൾ വിത്തുതൈകളേക്കാൾ നേരത്തെ കായ്പിടിക്കാൻ തുടങ്ങും. മറ്റു ചിലതാകട്ടെ ഫെബ്രുവരി-മാർച്ച് മധ്യത്തോടെയേ ആരംഭിക്കൂ. നന്നായി വിളഞ്ഞ പഴങ്ങൾ മാത്രമേ വിളവെടുക്കേണ്ടതുള്ളു. ഇവ തുറന്ന സഞ്ചികളിൽ തന്നെ സംഭരിക്കുകയും വേണം.

പഴുത്ത പഴം അതേപടി കഴിക്കാം. പൂർണമായും വിളയാത്ത കായകൾ കീറി ഉപ്പിലിട്ട് അച്ചാർ പോലെ ഉപയോഗിക്കാം. പച്ചമാങ്ങ പോലെ ഇത് ഉപ്പുപൊടി കൂട്ടി സ്വാദിഷ്ടമായി കഴിക്കുകയുമാവാം. പഴത്തിന്റെ കാമ്പ് ഉണക്കി പുളിപ്പിച്ച് റൊട്ടിയാക്കുന്ന പതിവ് ആഫ്രിക്കൻ നാടുകളിലുണ്ട്.                       കടപ്പാട്:                      ജേക്കബ് തോമസ് ചെറിയാൻ

No comments:

Google