Tuesday, September 29, 2020

വൈദ്യ കുമ്പളം

വൈദ്യ കുമ്പളം - ചില അറിവുകൾ

ഒരു കാലത്ത് കേരളത്തിൽ സുലഭമായി കണ്ടു വന്നിരുന്ന ഈ കുമ്പളം മെല്ലെ മെല്ലെ അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. 500 ഗ്രാം മുതൽ 1 കിലോഗ്രാം വരെ ഭാരം വരും ഈ കുമ്പളത്തിന് .


പരമ്പരാഗത മത്തങ്ങ ജാം ആയ “കൂഷ്മണ്ട രസായനം ” നിർമ്മിക്കാനാണ് ആയുർവേദ വൈദ്യർമാർ ഇത് ഉപയോഗിച്ച് വരുന്നത്. ഇത് ഞരമ്പുകളെ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ തകരാറുകൾക്കും ഇത് നല്ലതാണ്. വിശപ്പ് വർധിപ്പിക്കാനും ശരീര ബലം ലഭിക്കാനും ഈ രാസായനം ഉപയോഗിച്ച് വരുന്നു.

 
 ഇത്തരത്തിലുള്ള കുമ്പളം  മൂന്നു വര്ഷം വരെ കേടു കൂടാതെ സൂക്ഷിക്കാം സാധിക്കും .
 
 

Monday, September 28, 2020

മധുരക്കിഴങ്ങ് / ചക്കരക്കിഴങ്ങ്


മധുരക്കിഴങ്ങ് കൃഷി
കേരളത്തിൽ ജൂൺ-ജൂലായ് മാസങ്ങളിൽ കാലവർഷത്തോടൊപ്പവും സെപ്തംബർ ഒക്‌ടോബർ മാസങ്ങളിൽ
തുലാവർഷത്തോടൊപ്പവുമാണ് മധുരക്കിഴങ്ങിന്റെ മഴയെ ആശ്രയിച്ചുള്ള കൃഷിക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ ജനുവരി മുതലുള്ള വേനൽ മാസങ്ങളിലും കിഴങ്ങു നടാം.
മരച്ചീനിയെപ്പോലെത്തന്നെ തെക്കേ അമേരിക്കയിൽ ജനിച്ച് ലോകമാകമാനം പടർന്ന വിളയാണ് ചക്കരക്കിഴങ്ങെന്നും പറയപ്പെടുന്ന നമ്മുടെ മധുരക്കിഴങ്ങ്. പഞ്ചസാരയുടെ ഉറവിടവും പ്രധാന ഭക്ഷ്യ വസ്തുവുമാണ് അന്നജത്തിന്റെയും പ്രോട്ടീന്റെയും വിറ്റാമിൻ എ യുടെയും കലവറയായ ഈ കിഴങ്ങ്. ഇതിന്റെ ശാസ്ത്ര നാമം ഐപോമിയ ബറ്റാറ്റാസ് എന്നാണ്. തെക്കേ അമേരിക്കയിലെ മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നത് ബറ്റാറ്റ എന്നാണ്. ജപ്പാനിൽ ഇതുപയോഗിച്ച് സ്വാദിഷ്ഠമായ ഷോച്ചുവെന്ന മദ്യം ഉത്പാദിപ്പിക്കുന്നു. ജപ്പാനീസ് പേസ്റ്റ്ട്രിയുടെ പ്രധാനചേരുവയും നമ്മുടെ മധുരക്കിഴങ്ങാണ്. ചൈനയിൽ ടോങ് സുയിയെന്ന പ്രശസ്തമായ സൂപ്പ് ഇതിൽ നിന്ന് ഉണ്ടാക്കുന്നതാണ്. തെക്കേ അമേരിക്കയിലെ ഡൂസി ഡി ബറ്റാറ്റ എന്ന പരാമ്പരാഗത ഡെസേർട്ടിന്റെ പ്രധാനചേരുവ മധുരക്കിഴങ്ങാണ്.
ഇതിന്റെ സുഗമമായ വളർച്ചയ്ക്കും നല്ല വിളവിനും താപനില 22-25 ഡിഗ്രിയായിരിക്കണം. 80-160 സെ.മീ. മഴ ലഭിക്കുന്നിടത്ത് ഇത് നന്നായി വിളയും. നല്ലവണ്ണം വെയിലും രാത്രികാലങ്ങളിൽ തണുപ്പും കിട്ടുന്നിടത്താണ് നല്ലവിളവു ലഭിക്കാറ്.

മണ്ണും ഇനങ്ങളും

എല്ലാതരം മണ്ണുകളിലും ഇത് വളർച്ചകാണിക്കുമെങ്കിലും നല്ല ഇളക്കവും ഫലഭൂയിഷ്ഠതയുമുള്ള നീർവാർച്ചാ സൗകര്യമുള്ള മണ്ണിലാണ് മധുരക്കിഴങ്ങ് കൂടുതൽ ഫലപുഷ്ടികാണിക്കാറ്. പൂഴിപ്പറ്റുള്ള വയലുകളിൽ ജനുവരി മാസങ്ങളിൽ കൃഷി ആരംഭിക്കാവുന്നതാണ്.
ഭദ്രകാളിച്ചുവല, ചൈനവെള്ള, കൊട്ടാരംചുവല, ചക്കരവള്ളി, ആനക്കൊമ്പൻ എന്നിങ്ങനെയുള്ളവ നാടൻ ഇനങ്ങളാണ്. ശ്രീകനക, ശ്രീവരുൺ, ശ്രീ അരുൺ, കാഞ്ഞങ്ങാട്, ശ്രീഭദ്ര, ശ്രീരത്‌ന, എച്ച്-1, എച്ച്-42, ശ്രീനന്ദിനി, ശ്രീ വർധിനി, ഡൽഹി കാർഷിക ഗവേഷണശാലയുടെ പുസ സഫേദ്, പുസ റെഡ് എന്നിവയും കോയമ്പത്തൂർ കാർഷിക ഗവേഷണശാലയുടെ കോ-1, കോ-2, കോ-3 എന്നീയിനങ്ങൾ അത്യുത്പാദനശേഷി പ്രകടിപ്പിക്കുന്നവയാണ്.

നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് മധുരക്കിഴങ്ങ് കൃഷിക്ക് ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റർവരെ ഇത് കൃഷിചെയ്യാം എന്നാൽ 400-1000 മീറ്ററിലാണ് വിളവ് കൂടുതൽകിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീർവാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാൽ കിഴങ്ങിന് ഗുണം കൂടും. അമ്ലഗുണം കൂടിയമണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തിൽ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് വള്ളിത്തലകൾ അല്ലെങ്കിൽ കിഴങ്ങുകൾ നടേണ്ടത്. തലകൾ തമ്മിൽ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങൾ തമ്മിൽ കുറഞ്ഞത് കാൽമീറ്റർ അകലവും തടത്തിന്റെ ഉയർച്ച കുറഞ്ഞത് കാൽ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കിൽ 30 സെ.മീ. അകലത്തിൽ തടമെടുക്കാം. ഇവിടങ്ങളിൽ താഴ്ചയുമുള്ള തടങ്ങളെടുത്താകണം മധുരക്കിഴങ്ങ് നടുന്നത്.

കിഴങ്ങ്/തലകൾ തിരഞ്ഞെടുക്കാം


മധുരക്കിഴങ്ങിന്റെ വള്ളികളും കിഴങ്ങുകളും നടീൽവസ്തുക്കളായി ഉപയോഗിക്കാം. കിഴങ്ങുകളാണെങ്കിൽ നന്നായി മൂപ്പെത്തിയതും എന്നാൽ, രോഗകീടബാധതീരെയില്ലാത്തതുമായ മധുരക്കിഴങ്ങ് വിത്തായി മാറ്റിവെക്കാം ഇങ്ങനെ മാറ്റുന്നത് വിളവെടുത്തതിനുശേഷം തിരഞ്ഞു അടയാളപ്പെടുത്തിവെക്കണം. തണുപ്പുള്ള ഷെഡ്ഡിൽ കുഴിയുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത് ഇങ്ങനെ തരംതിരിച്ചെടുക്കുന്ന വിത്തുകൾ കുമിൾനാശിനിയിലോ കീടനാശിനിയിലോ മുക്കിയെടുത്തു സൂക്ഷിച്ചാൽ കേടാകാതെയിരിക്കും. ലായനിയിൽമുക്കിയെടുത്ത് വെള്ളം വാർത്തതിനുശേഷം തണലത്ത് ഉണക്കിയെടുത്ത് കുഴികളിൽ ഈർച്ചപ്പൊടിയോ മണലോ നിരത്തി അതിനുമുകളിൽപരത്തി അതിനുമുകളിൽ പാണലിലകൊണ്ട് മൂടിയിടുന്നത് മധുരക്കിഴങ്ങ് ചുരുങ്ങിപ്പോകാതിരിക്കാനും കീടങ്ങൾ ആക്രമിക്കാതിരിക്കാനും നല്ലതാണ്.
കിഴങ്ങുകൾ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയാലോ പച്ചച്ചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം. ട്രൈക്കോഡർമ സമ്പുഷ്ട ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം വാരങ്ങളിലിട്ട് മൂടിയാൽ മണ്ണിലൂടെ പകരുന്ന പൂപ്പൽ രോഗങ്ങൾ, വിരകൾ, ചീയൽരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാം. ഇങ്ങനെ നട്ട കിഴങ്ങുകൾ മുളച്ചുപൊന്തിക്കഴിഞ്ഞ് 40 ദിവസംകഴിഞ്ഞാൽ ഒന്നാം തവാരണകളിൽ നിന്ന് 20-30 സെ.മീ. വരുന്ന വള്ളികൾ മുറിച്ച് മാറ്റി നടാവുന്നതാണ്.
വാരങ്ങളിൽ വള്ളികളാണ് നടുന്നതെങ്കിൽ 20-25 സെ.മീ. നീളമുള്ള വള്ളികൾ നടാം. തവാരണയുടെ നടുക്ക് വള്ളി വെച്ചതിനുശേഷം നടുഭാഗം മണ്ണിട്ടു മൂടുകയും രണ്ടറ്റവും മണ്ണിന് പുറത്തേക്ക് നിർത്തുകയും വേണം. വള്ളികൾ വേരുപിടിച്ച് ഇലകൾ പൊട്ടിവിരിയുന്നതുവരെ വാരങ്ങളിൽ നനവ് ആവശ്യമാണ്. എന്നാൽ മഴക്കാലത്ത് കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കരുത്. വള്ളി ചീഞ്ഞുപോവും.
വേനൽക്കാലത്ത് വള്ളികൾക്ക് മുളയ്്ക്കുന്നതുവരെ ഒന്നരാടം നനയ്ക്കണം. മുളച്ചുപൊന്തിയാലും് ആഴ്ചയിൽ രണ്ടു തവണയെന്നതോതിൽ നനയ്ക്കണം. വിളവെടുക്കുന്നതിന് നാലാഴ്ച മുമ്പ് നന നിർത്താം. പിന്നീട് വിളവെടുക്കുന്നതിന് രണ്ടുദിവസം മുമ്പ് ഒന്നുകൂടി നനയ്ക്കാം. അങ്ങനെ ചെയ്താൽ വിളവെടുപ്പ് എളുപ്പത്തിൽ ചെയ്യാം.
വള്ളികൾക്കിടയിലെ കളപറിക്കൽ പ്രധാനമാണ് ആദ്യ മാസങ്ങളിൽ രണ്ടാഴ്ച കൂടുമ്പോഴും പിന്നീട് നാലാഴ്ചകൂടുമ്പോഴും കള പറിക്കണം. വള്ളിത്തലകൾ നട്ടത് കൂടാതെ മണ്ണുമായി സമ്പർക്കം വരുന്നഭാഗത്തും വേരിറങ്ങും ഇങ്ങനെയായാൽ കിഴങ്ങിന്റെ ഫലം കുറയും അതിനാൽ വള്ളികൾ ഇടയ്ക്കിടെ എടുത്ത് മറിച്ചുവെക്കുന്നത് നല്ലതാണ്.

പരിപാലനവും വളപ്രയോഗവും

കിഴങ്ങുവർഗങ്ങളിൽ ഏറ്റവുമധികം മൂലകങ്ങളെ വലിച്ചെടുക്കുന്ന വിളയാണിത്. കാലിവളത്തിനു പുറമേ പൊട്ടാഷ്, യൂറിയ, ഫോസ്ഫറസ് എന്നിവ ആനുപാതിമായി ഉപയോഗിച്ചാണ് രാസകൃഷി നടത്താറ്. എന്നാൽ, ജൈവകൃഷിയിൽ പച്ചിലവളവും ചാണകവും ചാരവും തന്നെയാണ് പ്രധാന്മായും ഉപയോഗിക്കുക. വള്ളിത്തലകൾ പൊന്തിവന്നാൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൾകൊണ്ട് പുതയിടുന്നത്. തടത്തിലെ ഈർപ്പം നഷ്ടപ്പെടാതെ കാക്കാനും മധുരക്കിഴങ്ങിനെ ബാധിക്കുന്ന ചെല്ലിപോലുള്ള കീടങ്ങളെ തടയാനും ഉപകരിക്കും.

രോഗങ്ങളും കീടങ്ങളും

സാധാരണ കിഴങ്ങുവർഗ വിളകൾക്കു വരുന്ന രോഗങ്ങളും കീടങ്ങളും തന്നെയാണ് മധുരക്കിഴങ്ങിനെയെയും ബാധിച്ചുകാണാറ്. കിഴങ്ങ് തുരന്ന് തിന്നു നശിപ്പിക്കുന്ന ചെല്ലിയാണ് മധുരക്കിഴങ്ങിനെ ബാധിക്കുന്ന പ്രധാന കീടം. വളർച്ചയെത്തിയ ചെല്ലികൾ തണ്ടുകളും കിഴങ്ങുകളും തുരന്ന് അവയിൽ പ്രവേശിക്കുകയും മുട്ടയിട്ട് പെരുകി പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ മാംസളമായ ഭാഗം തിന്നുതീർത്ത് കിഴങ്ങിനെ പൊള്ള യാക്കുന്നു. നേരിയതോതിൽപോലും ഇതിന്റെ ആക്രമണംമധുരക്കിഴങ്ങിനെ കയ്പുള്ളതാക്കുകയും ഉപയോഗ ശൂന്യമാക്കുകയും ചെയ്യുന്നു. കീടാക്രമണം ചെറുക്കാൻ മുൻ വിളയുടെഅവശിഷ്ടങ്ങൾ പൂർണമായും നശിപ്പിക്കുക. വള്ളിത്തലകൾ നടുന്നതിനുമുമ്പ് മോണോക്രോട്ടോഫോസ്, ഫെൻതിയോൺ, ഫെനിട്രോത്തിയോൺ എന്നിവയിലേതെങ്കിലും അഞ്ചു ശതമാനം വീര്യത്തിൽകലക്കി അതിൽ മുക്കിവെച്ച് അഞ്ചുമിനിറ്റിനുശേഷം നടുക. വള്ളിത്തലകൾ പൊന്തി ഒരു മാസം കഴിഞ്ഞാൽ ഇത് തളിക്കുകയുമാവാം. കൂടാതെ വലിയ മധുരക്കിഴങ്ങുകൾ 100 ഗ്രാം വലിപ്പമുള്ള കഷ്ണങ്ങളാക്കി 5-8 മീറ്റ്ർ ഇടവിട്ട് കൃഷിയിടത്തിൽ വെച്ചുകൊടുത്താൽ ചെല്ലികളെ ആകർഷിച്ച് നശിപ്പിക്കാം.
വേരുചീയൽ രോഗം, മൊസെക്ക്‌രോഗം, മൃദുചീയൽ, ബാക്ടീരിയൽവാട്ടം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് മറ്റ് രോഗങ്ങൾ.
മണ്ണിൽ വസിക്കുന്ന രോഗാണുക്കൾ പടർത്തുന്ന രോഗങ്ങളാണ് ബാക്ടീരിയൽ വാട്ടം, മൃദുചീയൽ എന്നിവ.
ബാക്ടീരിയൽ വാട്ടം
സാധാരണ വഴുതിന വർഗവിളകളിൽ ക്കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത് പക്ഷേ, മധുരക്കിഴങ്ങ് കൃഷിയെ ബാധിക്കുന്ന രോഗവുമാണിത്. ഈരോഗം വളരെപ്പെട്ടെന്ന് പടരും. വള്ളിത്തലകൾ കീടനാശിനിയിൽ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും. ഇലപച്ചയായിരിക്കുമ്പോൾത്തന്നെ വാടുക, ഇലകൾ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടു പോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടനെത്തന്നെ കോപ്പർ ഓക്സിക്ലോറൈഡ് വെള്ളത്തിൽ കലക്കി(ഒരു ലിറ്ററിന് 10 ഗ്രാം തോതിൽ) ഒഴിച്ചുകൊടുക്കാം.

മൊസൈക്ക് രോഗമാണ് മധുരക്കിഴങ്ങിനെ ബാധിക്കുന്ന മറ്റൊരുപ്രധാനരോഗം ഇത് പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കിഴങ്ങ് ശുഷ്‌കിച്ചുപോവുകയുമാണിതിന്റെ ലക്ഷണം.
രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വള്ളികൾ ശേഖരിക്കുക. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുതാണ്.

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണം .പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇല മൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധ മാർഗങ്ങൾ.

സാധാരണയിനങ്ങൾ 3-4 മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്. ഇനങ്ങൾക്കനുസരിച്ച് ഇത് മാറാം. വിളവെടുപ്പിന് പാകമായാൽ ഇലകൾ മഞ്ഞനിറമാവും. കിഴങ്ങ് പാകമായതിന്റെ സൂചനയാണത്. ഒന്നോ രണ്ടോ കിഴങ്ങുകൾ പറിച്ചുനോക്കിയാൽ മൂപ്പ് മനസ്സിലാക്കാവുന്നതാണ്. വിളവെടുപ്പിന് ഒരു ദിവസം മുമ്പ് തടം നനയ്ക്കുന്നത് കിഴങ്ങ് കേടുകൂടാതെ പറിച്ചെടുക്കാൻ സഹായിക്കും. നല്ല മണ്ണാണെങ്കിൽ ഹെക്ടറിന് ശരാശരി 13.5 ടൺവരെ കിട്ടും.

ഔഷധഗുണങ്ങൾ

അന്നജത്തിന്റെ കലവറയായ മധുരക്കിഴങ്ങിൽ കാർബോ ഹൈഡ്രേറ്റ്, ഫൈബർ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സോഡിയം, സിങ്ക്, മാംഗനീസ്, ഫോസ് ഫറസ്, ചെമ്പ് എന്നീ മൂലകങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ ബീറ്റാ കരോട്ടിനും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ., വിറ്റാമിൻ സി, വിറ്റാമിൻ ബി-5, വിറ്റാമിൻ ബി-12, വിറ്റാമിൻ ബി-6, അന്നജം, കൊഴുപ്പ്, നാരുകൾ, എന്നിവയുടെയും മികച്ച കലവറയാണ് മധുരക്കിഴങ്ങ്.
പ്രമോദ്കുമാർ വി.സി.

പച്ചമുളക്


പച്ചമുളക് കൃഷി
അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ചില വിദേശ രാജ്യങ്ങൾ ഇന്ത്യൻ പച്ചമുളക് നിരോധിച്ചിരുന്നത് ഓർക്കുമല്ലോ. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമുക്ക് ലഭിക്കുന്നതിന്റെ നിലവാരം ഊഹിച്ചു നോക്കുക. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.

 

പച്ച മുളക് പ്രധാന ഇനങ്ങള്‍
അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)

ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്‍)

മഞ്ജരി , ജ്വാലാമുഖി എന്നിവയും മികച്ചയിനം പച്ച മുളക് ആണ് ഇവക്ക് പുറമെ വിവിധ വർണങ്ങളിലും രൂപത്തിലുമുള്ള നിരവധി ഇനങ്ങളുണ്ട്. പലതും വിദേശത്ത് നിന്നു വന്നതാണു്. അലങ്കാരച്ചെടികളായും പച്ചമുളക് വളർത്തുന്നവരുണ്ട്. കാന്താരി പോലുള്ള ഔഷധ ഗുണമുള്ള ഇനങ്ങൾ നമ്മുടെ ഗ്രാമങ്ങളിൽ വ്യാപകമാണ്

കേരളകാർഷിക സർവ്വകലാശാല പുറത്തിറക്കിയ മുളകിനങ്ങളാണ് ജ്വാലാ മുഖി, ജ്വാലാ സഖി, ഉജ്ജ്വല, അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി തുടങ്ങിയവ.
ഉജ്ജ്വല: വെള്ളാനിക്കര ഹോർട്ടികൾച്ചറൽ കോളേജില്‍ ഉരുത്തിരിച്ചെടുത്ത ഇനം. അലങ്കാര ചെടിയായി ചട്ടിയിലും നടാം. വൈറസ്‌ മൂലമുണ്ടാകുന്ന ഇലച്ചുരുളന്‍ മൊസൈക്ക് എന്നീ രോഗങ്ങള്ക്കെ തിരെ പ്രതിരോധശക്തിയുണ്ട്. അടുത്തടുത്ത് കൃഷി ചെയ്യാന്‍ യോജിച്ചവയാണ്. ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന പടരാത്ത പ്രകൃതം. കുലയായി നീളത്തിലുള്ള കായ്കള്‍. കടുംചുവപ്പ് നിറമുള്ള കായ്കള്‍. 9-10 കായ്കള്‍ ഒരു കുലയില്‍. എരിവ് രൂക്ഷം. ഉണങ്ങിയാലും ചുവപ്പ് നിറം മങ്ങുന്നില്ല. ശരാശരി 700 ഗ്രാം പച്ചമുളക് ലഭിക്കുന്നു.

അനുഗ്രഹ: ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കുന്ന ഇടത്തരം ഇനം. നീളമുള്ള ഒറ്റയായ ചുവന്ന നിറമുള്ള കായ്കള്‍.അത്യുത്പാദന ശേഷിയുള്ള ഇടത്തരം നീളമുള്ള കട്ടിയുള്ള പുറംതോലിയുള്ള ഇനം. നട്ട് 25 ദിവസമാകുമ്പോള്‍ പുഷ്പിക്കുന്നു. 58 ദിവസമാകുമ്പോള്‍ മുതല്‍ പച്ചമുളക്‌ പറിക്കാം.

ജ്വാലാ മുഖി: കീഴോട്ട് തൂങ്ങി കിടക്കുന്ന കായ്കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പ്. എരിവ് കുറവ്. ബാക്ടീരിയാവാട്ടം, ഇലപ്പുള്ളിരോഗം എന്നിവ ഒരു പരിധി വരെ ചെറുത്തു നില്ക്കാ്നുള്ള കഴിവുണ്ട്. എരിവ് കുറവായതിനാല്‍ തൈരുമുളകിന് യോജിച്ചതാണിവ.

ജ്വാലാ സഖി: അത്യുല്പാകദന ശേഷിയുള്ള അറ്റം കൂർത്ത മിനുസമുള്ള കായ്കള്‍, കട്ടിയുള്ള തൊലി, എരിവ് കുറവ്. ഓരോ ചെടിയിലും ശരാശരി 275 ഗ്രാം തൂക്കമുള്ള 53 കായ്കളിൽ കുറയാതെ കാണും. കുള്ളന്‍ ചെടിയായതിനാല്‍ 40x35 സെ.മീ. ഇടഅകലത്തില്‍ കൂടുതല്‍ തൈകള്‍ നടാനാകും. പച്ചമുളകിന്റെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യം. മഴക്കാലമാണ് പച്ചമുളക് കൃഷിക്ക് ഏറ്റവും നല്ലത്. എന്നാൽ ഏത് കാലത്തും മുളക് നട്ട് വളർത്താം.
വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോൾ പറിച്ചു നടാം. നടുന്ന സ്ഥലത്ത് നാലഞ്ച് ദിവസം മുമ്പ് കമ്മായമിട്ട് കീടങ്ങളെ നശിപ്പിക്കുന്നത് നല്ലതാണ്.


ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ്‌ ആണ് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം , ഉണങ്ങിയ കരിയില തുടങ്ങിയവഉപയോഗിച്ചു ഗ്രോ ബാഗ്‌ തയ്യാറാക്കാം. ജൈവ വളവും ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗ പ്രതിരോധത്തിന് നല്ലതാണ്

കടല പിണ്ണാക്ക് മുളകുചെടികളുടെ വളർച്ചക്ക് വേഗത കൂട്ടും.. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ കൊടുത്താല്‍ ഉറുമ്പ് വരുന്നതിനാൽ പിണ്ണാക്ക് ഒരു പാത്രത്തില്‍ ഇട്ടു വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന്‍ വെള്ളംപുളിച്ചിട്ടുണ്ടാകും, അതിന്റെ തെളിനീര് ഊറ്റിയെടുത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ച് കൊടുക്കാവുന്നതാണ് പച്ചച്ചാണകത്തിലും കടലപ്പിണ്ണാക്ക് പുളിപ്പിക്കാം. നേർപ്പിച്ച് മാത്രമേ ചെടിയുടെ തടത്തിൽ ഒഴിക്കാവൂ.
കടലപിണ്ണാക്കിനൊപ്പം കഞ്ഞിവെളളവും ചേർത്തു് പുളിപ്പിച്ച് ചെടികൾക്ക് നൽകുന്നതും നല്ലതാണ്.
ചെടികള്‍ വളര്‍ന്നു വരുമ്പോൾ താങ്ങു കൊടുക്കണം .അല്ലെങ്കില്‍ മറിഞ്ഞു വീഴും.

രോഗങ്ങള്‍

വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും വഴുതനയുടേതുപോലതന്നെയാണ്.

കീടങ്ങള്‍


ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച : മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ.് ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി - നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷം ജൈവകീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.
വിളവെടുപ്പ്
മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. ഉജ്ജ്വല, അനുഗ്രഹ എന്നീ ഇനങ്ങളിലെ ഓരോ ചെടിയില്‍നിന്നും ആഴ്ചയില്‍ 200 ഗ്രാം മുളക് ലഭിക്കും. വളരെക്കുറച്ച് ചെടികള്‍ ഉള്ളവര്‍ക്കു പോലും പച്ചമുളക് കടയില്‍നിന്ന് വാങ്ങേണ്ടിവരില്ല. ഒരു ചെടിയില്‍നിന്ന് 3 മാസത്തിലധികം വിളവെടുപ്പ് നടത്താവുന്നതാണ്.

കടപ്പാട്:TADCOS

ജാതിക്ക


ജാതിക്ക കൃഷി

ദക്ഷിണേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതിക്ക (Nutmeg) ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായയും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയിൽ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, , ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.
വളരെയധികം തണൽ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാൽ തനിവിളയെക്കാൾ മിശ്രവിളയായിട്ടാണ്‌ കേരളത്തിൽ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററിൽ കൂടുതൽ പൊക്കത്തിൽ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതിൽ ആൺ മരവും പെൺ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതിൽ ആൺ ചെടികൾക്ക് കായ് ഫലം ഇല്ല. പെൺ മരമാണ്‌ ആൺ മരത്തിൽ നിന്നും പരാഗണം വഴി ഫലം തരുന്നത്.
നന്നായി വളം ആവശ്യമുള്ള സസ്യമാണ്‌ ജാതി. കൃഷി തുടങ്ങി ഒന്നാം വർഷം മുതൽ വളം നൽകേണ്ടിവരുന്ന ഒരു സുഗന്ധവിളയാണ്‌ ജാതി. ഒന്നാം വർഷം ഓരോ ചെടിക്കുമായി പത്തുകിലോ പച്ചിലവളം /കമ്പോസ്റ്റ് /ജൈവവളം എന്നിവയിലേതെങ്കിലും ഒന്നിന്റെ കൂടെ 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ് ഫറസ്, 50 ഗ്രാം പൊട്ടാസ്യം എന്നിവ നൽകണം. ക്രമാനുഗതമായി ഈ അളവ് കൂട്ടി 15 വർഷം(പ്രായപൂർത്തി) ആകുമ്പോൾ ഓരോ മരത്തിനും 50 കിലോ പച്ചില/കമ്പോസ്റ്റ്/ജൈവ വളങ്ങളിൽ ഏതെങ്കിലും ഒന്നും 500:250:100 ഗ്രാം കണക്കിൽ രാസവളവും നൽകണം. കൂടാതെ നല്ല വിളവിനായ് ചെടിയൊന്നിന്‌ 1100 ഗ്രാം യൂറിയ, 840 ഗ്രാം സൂപ്പർ ഫോസ് ഫേറ്റ് 2000 ഗ്രാം (2കിലോ) മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് തവണകളായി മെയ് - ജൂൺ , സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി ജൈവ വളത്തിനോടൊപ്പം നൽകണം. വളം ചെടിയുടെ ചുവട്ടിലായി, ചെടിയിൽ നിന്നും ഒന്നരമീറ്റർ അകലത്തിലായി കാൽ മീറ്ററോളം താഴ്ചയിലിട്ട് മണ്ണിട്ട് നല്ലതുപോലെ മൂടണം.
ജാതി മരത്തെ ബാധിക്കുന്ന രോഗങ്ങളാണ്‌ ഇലപ്പുള്ളിരോഗം, കായ് ചീയൽ, കായ് പൊഴിച്ചിൽ, കമ്പ് ഉണങ്ങൽ എന്നിവ. ഇതിൽ കായ് ചീയുന്നതിനും കായ് പൊഴിയുന്നതിനും ചെമ്പ് കലർന്ന ഏതെങ്കിലും കുമിൾ നാശിനിയോ ബോർഡോ മിശ്രിതമോ തളിച്ചും, കമ്പ് ഉണങ്ങലിന്‌ ഉണങ്ങിയ കമ്പുകൾ മുറിച്ച് മാറ്റി അവിടെ ഏതെങ്കിലും കുമിൾ നാശിനി തേച്ചും നിയന്ത്രിക്കാം. കൂടാതെ മരത്തിൽ നിന്നും നാരുപോലെ താഴേക്ക് നീണ്ട് കിടക്കുന്ന ഒരു തരം കുമിളും ജാതി മരത്തിനെ ആക്രമിക്കുന്നുണ്ട്. അത്തരം കുമിളുകൾ ചെടിയിലും അതോടോപ്പം ചെടിക്കു ചുറ്റും ഉള്ള മണ്ണിലും കുമിൾ നാശിനി തളിക്കുന്നത് കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും.
ജാതി ചെടികളുടെ ശരിയായ വളർച്ചക്കും പൂവിടുന്നതിനും നല്ല കായ് ഫലം നൽകുന്നതിനും നല്ല രീതിയിൽ ജലസേചനം ആവശ്യമാണ്‌. ഇതിനായി വേരുകൾക്ക് കേടുവരാതെ തടമെടുക്കണം . നട്ട് നാല്‌ വർ‍ഷത്തോളം പ്രായമായ ജാതിമരത്തിന്‌ ചെടിയൊന്നിന്‌ ഒരു ദിവസം 20 ലിറ്റർ എന്ന കണക്കിൽ സാധാരണ കാലാവസ്ഥയിൽ ആഴ്ചയിൽ മൂന്നോ വേനൽക്കാലത്ത് നാലോ അഞ്ചോ തവണ ജലസേചനം നടത്തണം. വേനൽക്കാലത്ത് തടങ്ങളിൽ പുതയിടേണ്ടത് അത്യാവശ്യമാണ്‌. ഇതിനായി ഉണങ്ങിയ ഓല, മറ്റ് ചെടികളുടെ തോലുകൾ, ചകിരി, തൊണ്ട് എന്നിവ കൊണ്ട് നല്ല കനത്തിൽ പുതയിടണം. പൂർണ്ണ വളർച്ചയെത്തിയ മരമൊന്നിന്‌ ഒരു ദിവസം ശരാശരി 150 മുതൽ 200 ലിറ്റർ വരെ ജലം ആവശ്യമാണ്‌.
വിത്തുപാകി മുളപ്പിക്കുന്ന തൈകൾ വളർന്ന് എട്ടാം വർഷം മുതൽ കായ് തന്നു തുടങ്ങും. ബഡ്ഡ് ചെയ്തതും ഗ്രാഫ്റ്റ്(ഒട്ടിക്കൽ) നടത്തിയതുമായ മരങ്ങൾ അഞ്ചാം വർഷം മുതലും കായ് തന്നു തുടങ്ങുന്നു. കൃത്യമായി വിളവ് നൽകുന്നതിന്‌ ഏകദേശം 10 മുതൽ 15 വർഷം വരെ കാല ദൈർഘ്യം വേണ്ടി വരുന്നു. ശാസ്ത്രീയ രീതികൾ കൃഷിയിൽ അവലംബിക്കുകയാണ്‌ എങ്കിൽ കുറഞ്ഞത് 60 വർഷത്തോളം ഏകദേശം ഒരുപോലെ കായ് ഫലം നൽകുന്ന മരം കൂടിയാണ്‌ ജാതി. പൂവിട്ടുകഴിഞ്ഞാൽ എട്ടോ ഒൻപതോ മാസങ്ങൾക്ക് ഉള്ളിൽ കായകൾ മൂപ്പെത്തുന്നു. നന്നായി വിളഞ്ഞ കായകളിൽ, കായ് പൊട്ടി അതിനുള്ളിലെ ജാതിപത്രി ചുവന്ന നിറത്തിൽ കാണാൻ സാധിക്കും. ഇങ്ങനെ മൂപ്പെത്തുന്ന കായ് കൾ തോട്ടികൊണ്ട് പറിക്കുകയോ അടർന്ന് വീഴുമ്പോൾ ശേഖരിക്കുകയോ ചെയ്യാം.
വിളവെടുത്താൽ ഉടനെ പത്രിയും കായയും രണ്ടും വെവ്വേറെ ഉണക്കും. വെയിലുള്ള സമയത്താണെങ്കിൽ, വെയിലത്ത് വെയ്ക്കും. മഴക്കാലത്ത് ഉണക്കാനായി, അടുക്കളയിൽ തട്ടുമ്പുറത്ത് നിരത്തി വെയ്ക്കുകയോ ഇരുമ്പുകൊണ്ട് ഒരു കൂടുണ്ടാക്കി, അതിൽ നിരത്തി വെച്ച് അടിയിൽ തീയിടുകയാണ് ചെയ്യുക.
ഉണക്കം കഴിഞ്ഞ് പിന്നേയും സൂക്ഷിച്ച് വെയ്ക്കുകയാണെങ്ങിൽ, ഇടയ്ക്കിടയ്ക്ക് ചെറുതായി ചൂട് കൊള്ളിക്കണം. കൊപ്ര ഉണക്കുന്ന അതേ പരിപാടികൾ തന്നെ.
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള ജാതി ഇനമാണ്‌ വിശ്വശ്രീ. മഹാരാഷ്ട്രയിലെ കൊങ്കൺ കൃഷി വിദ്യാപീഠത്തിന്റെ ജാതി ഇനങ്ങളാണ്‌ കൊങ്കൺ സുഗന്ധയും കൊങ്കൺ സ്വാദും. ഇവയെക്കൂടാതെ സ്വകാര്യ വ്യക്തികൾ വികസിപ്പിച്ച നിരവധി ഇനങ്ങളുണ്ട്.

കടലപ്പിണ്ണാക്ക് കൃഷിയിൽ എങ്ങനെ ഉപയോഗിക്കാം?


കടലപ്പിണ്ണാക്ക് കൃഷിയിൽ എങ്ങനെ ഉപയോഗിക്കാം?
കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു നല്ല ജൈവ വളമാണ്. വിളകള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കാന്‍ കടല പിണ്ണാക്ക് ഉപയോഗിക്കാം. ചെറിയ തോൽൽ കൃഷി ചെയ്യുമ്പോള്‍ ചാണകം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കടല പിണ്ണാക്ക് പ്രയോഗിക്കാം. കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്കിനെ ജൈവവളമായി എങ്ങിനെ ഉപയോഗിക്കുമെന്ന് പരിശോധിക്കാം.
നേരിട്ട് ചെടികളില്‍ പ്രയോഗിക്കരുത്
കപ്പലണ്ടി പിണ്ണാക്ക് നേരിട്ട് ചെടികളുടെ തടത്തിലിടുന്നത് നഷ്ടമാണ്. ഉറുമ്പുകള്‍ കൂട്ടത്തോടെയെത്തി ഇവ കൊണ്ടു പോകും. ചെടികളില്‍ ഉറുമ്പു ശല്യം രൂക്ഷമാകുകയും ചെയ്യും. രണ്ടു പിടി പിണ്ണാക്ക് എടുത്തു ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു നാലു ദിവസം വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. നാലു ദിവസമാകുമ്പോള്‍ പിണ്ണാക്ക് ലായനി നന്നായി പുളിക്കും. ലായനിയുടെ തെളിയെടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. ആഴ്ചയിലൊരിക്കല്‍ ഇത്തരത്തില്‍ ഒഴിച്ചു കൊടുക്കാം. പിണ്ണാക്ക് പുളിച്ചാല്‍ ഉറുമ്പിന്റെ ശല്യമുണ്ടാകില്ല. കടലപ്പിണ്ണാക്ക് പച്ചച്ചാണകം ചേർത്ത് നാലു ദിവസം പുളിപ്പിച്ചാൽ കൂടുതൽ ഫലപ്രദമാവും.

കപ്പലണ്ടി പിണ്ണാക്ക് , പച്ച ചാണകം, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിച്ച് നല്ല ജൈവവളം തയാറാക്കാം. കടല പിണ്ണാക്ക് 100 ഗ്രാം, വേപ്പിന്‍ പിണ്ണാക്ക് 25 ഗ്രാം, പച്ച ചാണകം 100 ഗ്രാം, രണ്ടു ലിറ്റര്‍ വെള്ളം എന്നിവ എടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് വെയില്‍ കൊള്ളാതെ അഞ്ച് ദിവസം വെക്കുക. ദിവസം രണ്ടു നേരം ഇളക്കി കൊടുക്കണം. അഞ്ച് ദിവസം കഴിഞ്ഞ് ഈ മിശ്രിതത്തില്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. രണ്ടാഴ്ച കൂടുമ്പോള്‍ ഈ മിശ്രിതം ഒഴിച്ചു കൊടുക്കുന്നത് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കും. നല്ല രോഗപ്രതിരോധ ശേഷിയും ലഭിക്കും.

തക്കാളി കൃഷി

തക്കാളി കൃഷി 

നമ്മുടെ പച്ചക്കറി ഇനങ്ങളിൽ തക്കാളിക്കുള്ള സ്ഥാനം ചെറുതല്ല. നമുക്കാവശ്യമുള്ള തക്കാളി നമ്മുടെ അടുക്കളത്തോട്ടത്തിലും ടെറസ്സിലുമൊക്കെ ജൈവ രീതിയിൽ ഉൽപാദിപ്പിക്കാം. നല്ലയിനം തക്കാളി വിത്തുകൾ വാങ്ങി മുളപ്പിച്ചെടുത്ത് നടുയോ നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങി നടുകയോ ചെയ്യാം. വിത്തുകളും തൈകളും സ്യൂഡോമോണസ് ലായി നിയിൽ മുക്കുന്നത് കീടബാധ ചെറുക്കും.




നല്ല നീർവാർച്ചയുള്ള വളക്കൂറുമുള്ള മണ്ണാണ് തക്കാളി കൃഷിക്ക് അനുയോജ്യം .നല്ല വെയിൽ വേണം തക്കാളികൃഷിക്ക് .തക്കാളി നടുന്നതിനു മുന്നേ മണ്ണിൽ കുമ്മായം ചേർത്തു കൊടുക്കുക. ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ ഒരു പിടി കുമ്മായം ഒരു ഗ്രോ ബാഗിന് എന്ന കണക്കിൽ മണ്ണിൽ നന്നായി മിക്സ് ചെയ്യണം. ശേഷം മണ്ണ് പോളിത്തീൻ ഷീറ്റിൽ നിരത്തി മൂന്നോ നാലോ ദിവസം  വെയിൽ കൊള്ളിക്കണം.ഇങ്ങനെ ചെയ്യുമ്പോഴുള്ള ഗുണം എന്തെന്നാൽ : കുമിൾവാട്ട രോഗങ്ങൾ ഉണ്ടാക്കുന്ന മണ്ണിലെ ബാക്ടീരിയകൾ നശിക്കും , മാത്രമല്ല കുമ്മായം ചേർക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ കാൽസ്യം ലഭിക്കുകയും മണ്ണിലെ അമ്ലത്വം കുറയുകയും ചെയ്യും, മണ്ണിലെ അമ്ലത്വം കുറയുന്നത് നാം ചെടിക്ക് നൽകുന്ന വളം വേഗത്തിൽ വലിച്ചെടുക്കാൻ സഹായകമാകും ,പുളി രസമുള്ള മണ്ണിലാണ് ബാക്ടീരിയകൾ മൂലമുള്ള വാട്ടവും വേര് ചീയലും വരുക .തക്കാളി ചെടിക്ക് രോഗം വന്നാൽ പെട്ടെന്ന് നശിക്കും.
ഒരു വലിയ ഗ്രോ ബാഗിലേക്ക് 1:1:1 എന്ന തോതിൽ കാലിവളം -മണ്ണ് -ചകിരിച്ചോറ്അല്ലെങ്കിൽ കമ്പോസ്റ്റു ,,100 ഗ്രാം കടല പിണ്ണാക്ക് പൊടിച്ചത് , 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് പൊടിച്ചത് , 100 ഗ്രാം എല്ലുപൊടി , 50 ഗ്രാം കുമ്മായം എന്നിവ മിക്സ് ചെയ്ത് നിറക്കാം. മണ്ണിൽ ആദ്യമേ കുമ്മായം ചേർത്തിട്ടുണ്ടെങ്കിൽ ഗ്രോബാഗ് നിറക്കുമ്പോൾ ചേർക്കേണ്ട ആവശ്യമില്ല രണ്ടാം ഘട്ട വളം നൽകുമ്പോൾ ചേർത്ത് കൊടുത്താൽ മതി.
തക്കാളി കായപിടിച്ച ശേഷം തക്കാളിയുടെ അടിവശത്ത് കറുത്ത പുള്ളിപോലെ വന്നു കായ കേടായി പോകുന്നതിന് കാരണം കാൽസ്യത്തിന്റെ അഭാവമാണ് ( ഈ രോഗത്തെ Blossom end rot എന്ന് പറയും ) ഇത് കുമ്മായം ചേർക്കുന്നതിലൂടെ പരിഹരിക്കപ്പെടും ,
തക്കാളിയിൽ വിള്ളൽ ഉണ്ടാകുന്നത് ബോറോൺ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവാണ് ഇതിനു പരിഹാരം 5 ഗ്രാം ബോറോക്സ് പൊടി മണ്ണിൽ ചേർത്ത് കൊടുക്കുക ( Solubor എന്ന ബോറൈറ്റ് പൊടി വാങ്ങാൻ കിട്ടും ) , ബോറോക്സ് പൊടി കൂടിയാൽ ചെടി കരിഞ്ഞു പോകും കൂട്ടിപ്പോവാതെ ശ്രദ്ധിക്കണം കൂടുതൽ ജൈവ വളം ചെടിക്ക് നെല്കുന്നുണ്ടെങ്കിൽ ഇത് കൊടുക്കുകയും വേണ്ട . തക്കാളിയില്‍ മാത്രമല്ല മറ്റ് പഴം പച്ചക്കറികളിലും ബോറോണ്‍ അഭാവം പരിഹരിക്കാൻ സോലുബോർ ബോറൈറ്റ് നൽകാം .
കുമ്മായം കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മുട്ടത്തോട് മിക്സിയിൽ നന്നായി പൊടിച്ച് മണ്ണിൽ ചേർക്കുക സാവധാനമാണെങ്കിലും കാൽസ്യത്തിന്റെ അഭാവത്തിനു പരിഹാരമാകും ഇത് ഇടയ്ക്ക് തുടരുക .രണ്ടാഴ്ച കൂടുമ്പോൾ സ്യൂഡോ മോണസ് ലായിനി  ചെടിയുടെ ഇലകളിലും തടത്തിലും തളിക്കുന്നത് നല്ലതാണ്.
തക്കാളി ചെടിയുടെ ഇലകൾ മണ്ണിൽ തട്ടാൻ ഇടവരരുത് .തക്കാളി ചെടിക്ക് കരുത്ത് കുറവായതിനാൽ കമ്പ് മണ്ണിൽ തറച്ച് ചെടിക്ക് താങ്ങു കൊടുക്കുകയോ കെട്ടി വെക്കുകയോ ചെയ്യണം ആവശ്യമില്ലാത്തതും ഉണക്കം തുടങ്ങിയതുമായ ഇലകൾ മുറിച്ച് കൊടുത്താൽ കായകൾക്ക് വലുപ്പം കിട്ടും ,
തക്കാളിക്ക് പൊട്ടാഷ് മൂലകങ്ങൾ ലഭിക്കാൻ കരിയിലച്ചാരം ചെറിയ തോതിൽ ഇടയ്ക്ക് നൽകുക ഇത് പെട്ടെന്ന് പൂവിടാൻ സഹായിക്കും ,പൂവിടാൻ തുടങ്ങിയാൽ അതിരാവിലെ തക്കാളി ചെടിയിൽ വിരൽ കൊണ്ട് മൂന്നാലു പ്രാവശ്യം തട്ടി കൊടുക്കുക ഇത് പൂ കരിഞ്ഞു പോകാതെ പരാഗണം നടക്കാൻ സഹായിക്കുകയും എല്ലാ പൂവിലും കായപിടിക്കുകയും ചെയ്യും......
കടപ്പാട്: ലിജോ ജോസഫ്.

വെണ്ട കൃഷി


വെണ്ട കൃഷി
മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വിളയുന്ന പച്ചക്കറിയാണ്. സാധാരണയായി നാടൻ ഇനങ്ങളും സങ്കരയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നല്ല രുചിയും മണവുമുള്ള ചെറിയ ഇനം സാമ്പാർ വെണ്ട മുതൽ അരമീറ്ററിലധികം നീളം വെക്കുന്ന ആനക്കൊമ്പൻ വരെയുണ്ട് വെണ്ടയിനങ്ങളിൽ കേരളത്തിന്റേതായിട്ട്.


സാധാരണയായി സപ്തംബർ-ഒക്ടോബർ മാസങ്ങളിലും വേനൽക്കാല വിളയായി ജനവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാൽ ആനക്കൊമ്പൻ എന്ന ഇനം മെയ് അവസാനവും ജൂൺ ആദ്യവുമായി നട്ടുവളർത്താറുണ്ട്.
മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ള മഴക്കാലത്ത് നടാൻ പറ്റുന്ന 'സുസ്ഥിര', ഇളംപച്ചനിറത്തിലുള്ള കായകൾ നൽകുന്ന 'സൽക്കീർത്തി', അരമീറ്റർ വരെ നീളംവെക്കുന്ന ഇളംപച്ചനിറമുള്ള മഴക്കാലത്തും കൃഷിയിറക്കാവുന്ന 'കിരൺ', എന്നിവയും നല്ല ചുവപ്പുനിറമുള്ള കായകൾ നൽകുന്ന അരുണ, സി.ഒ.1 എന്നിവയും മൊസേക്ക് രോഗത്തിനെയും നിമ വിരകളെയും ഫംഗസ് രോഗത്തെയും പ്രതിരോധിക്കുന്ന അർക്ക, അനാമിക, വർഷ, ഉപഹാർ, അർക്ക അഭയ, അഞ്ജിത എന്നിവയുമാണ് സങ്കരയിനങ്ങളിൽ ചിലത്.

കൃഷിയിടം നന്നായി കിളച്ച് മണ്ണ് ഉണക്കി ചപ്പിലകൾ കത്തിച്ച് ചാരവുമായി മണ്ണ് നന്നായി കൂട്ടിയിളക്കണം. ഇത് വരമ്പ് രൂപത്തിലോ കുനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിന് 15 ദിവസം മുമ്പ് സെന്റിന് 3 കിലോഗ്രാം കുമ്മായം ചേർത്തിളക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ജൈവവളങ്ങൾ വളരെ വേഗം വിളകൾക്ക് വലിച്ചെടുക്കാനും കാരണമാകും. 5 കിലോ വേപ്പിൻ പിണ്ണാക്കും ചേർക്കണം.
അമ്പത് കിലോ ഉണക്ക ചാണകമോ, മണ്ണിര കമ്പോസ്റ്റോ പത്ത് ഗ്രാം ട്രൈക്കോഡർമയുമായി ചേർത്ത് കലർത്തി തണലിൽ ഉണക്കിയതിന് ശേഷം അടിവളമായി മണ്ണിൽ ചേർക്കാം. 20 കിലോ കോഴികാഷ്ടം ചാണകപ്പൊടിക്ക് പകരമായി മണ്ണിൽ ചേർക്കാവുന്നതാണ്.
ഒരു സെന്റിന് 30-40 ഗ്രാം വിത്ത് വേണ്ടിവരും. ഓരോ ചെടികൾ തമ്മിലും രണ്ടടിയെങ്കിലും അകലമുണ്ടാവണം. ഒരു സെന്റിൽ പരമാവധി 200 ചെടികൾ നടാം. പത്ത് ഗ്രാം സ്യൂഡോമോണസ് വിത്തുമായി (100 വിത്തിന്) കൂട്ടിക്കലർത്തി വിത്ത് പരിചരിച്ചശേഷം നടണം. വിത്ത് നട്ടതിന് ശേഷം മണ്ണിൽ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം. വൈകീട്ട് ഒരു നേരം നനച്ചുകൊടുക്കണം.

ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റർ അഞ്ച് ലിറ്റർ വെള്ളവുമായി ചേർത്ത് നേർപ്പിച്ച് മേൽ വളമായി നൽകാം. അല്ലെങ്കിൽ ഗോമൂത്രമോ വെർമി വാഷോ രണ്ട് ലിറ്റർ പത്തിരട്ടി വെള്ളവുമായി ചേർത്തതും മേൽവളമാക്കാം. സെന്റിന് 10 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ, കോഴിവളമോ അല്ലെങ്കിൽ കടലപ്പിണ്ണാക്ക് ഒരു കിലോ പുതർത്തി 20 ലിറ്റർ വെള്ളത്തിൽ കലക്കിയോ ചെടിയ്ക്ക് മേൽവളമാക്കി നൽകാം.
അത്യാവശ്യത്തിന് നനവ് ഓരോ വാരത്തിലും നിലനിർത്തണം. പാഴ് ചെടികൾ കൊണ്ടോ ശീമക്കൊന്ന ഇല കൊണ്ടോ പുതയിട്ടു കൊടുക്കുന്നത് കളകൾ വരാതിരിക്കാനും മണ്ണിൽ നനവ് നിലനിർത്താനും സഹായിക്കും. മഴക്കാലത്താണ് വെണ്ട കൃഷിയിറക്കുന്നത് എങ്കിൽ ഇടയ്ക്ക് കളപറിച്ചുകൊടുക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. വേനൽക്കാലത്ത് ചെടികൾക്ക് ഓരോ ദിവസവും ഇടവിട്ട് നനയ്ക്കേണ്ടതാണ്.
രോഗങ്ങൾ

മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകൾ തടിക്കുകയും ചെയ്യും. കായകൾ മഞ്ഞ കലർന്ന് ചുരുണ്ടുപോവും. ഇലത്തുള്ളൻ, വെള്ളീച്ച എന്നിവയാണ് മൊസേക്ക് രോഗത്തിന് കാരണമാവുന്ന വൈറസിന്റെ വാഹകർ.
രോഗമുള്ള ചെടികൾ കണ്ടാൽ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തിൽ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകൾ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികൾ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം.തണ്ടുതുരപ്പൻ, കായ്തുരപ്പൻ, വേരിനെ ആക്രമിക്കുന്ന നിമ വിരകൾ, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.
കായയുടെ ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉൾഭാഗം തിന്ന് കേടാക്കുന്ന പുഴുക്കളാണ് കായ്തുരപ്പൻ, തണ്ടുതുരപ്പൻ എന്നീ പേരുകളിലറിയപ്പെടുന്നത്. വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർത്ത് കൊടുക്കുക, അടിവളമായി അല്പം വേപ്പിൻ പിണ്ണാക്ക് ചേർത്ത് കൊടുക്കുക എന്നിവയാണ് ഇതിന്റെ പ്രതിവിധി. ആക്രമണം തുടങ്ങുമ്പോൾ വേപ്പിൻ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തിൽ തളിക്കുക. ബൂവേറിയ പോലുള്ള ജൈവകീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്.
- പ്രമോദ് കുമാർ

നടാം ഒരു ചെടിമുരിങ്ങ

നടാം ഒരു ചെടിമുരിങ്ങ
ആയുർവേദത്തിൽ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു അദ്ഭുതചെടിയുണ്ട്. നമ്മുടെ വീട്ടുവളപ്പിൽ ധാരാളമായിക്കണ്ടുവരുന്നതും മുമ്പ് നാം സമൃദ്ധമായി ഉപയോഗിച്ചിരുന്നതുമായ ഒരു ഇലക്കറിയാണത് മൊരിങ്ങേസി കുടുംബത്തിൽപ്പെട്ട മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമമുള്ള സാക്ഷാൽ മുരിങ്ങയാണ് അത്. പറമ്പുകൾ കുറഞ്ഞതും ജീവിതം ഫ്‌ളാറ്റുകളിലേക്ക് പറിച്ചുനടപ്പെട്ടതും മുരിങ്ങയെന്ന വിലപ്പെട്ട ഔഷധത്തെ മലയാളിയുടെ നിത്യജീവിതത്തിൽ നിന്ന് മാറ്റി നിർത്തി. എന്നാൽ, അതിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ നമ്മൾ അത് നട്ടുവളർത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.


ഒരു മുരിങ്ങച്ചെടി നട്ടുപിടിപ്പിച്ച് വളർത്തിവലുതാക്കി ഇലപറിക്കൽ വലിയൊരു പ്രയത്‌നമായി മാറിയിട്ടുണ്ട്.
അത് ആയാസരഹിതമാക്കാൻ എന്തുചെയ്യണം. ചെടിമുരിങ്ങയുടെ തൈകൾ നമ്മുടെ സമീപ നഴ്‌സറികളിലൊക്കെ ലഭിക്കും അത് വാങ്ങി ഉള്ള പറമ്പിലോ മുറ്റത്തോ നട്ട് വെള്ളമൊഴിച്ചാൽ മാത്രം പോരാ നന്നായി പരിപാലിച്ചാലേ അതിന്റെ ഗുണം ലഭിക്കൂ.
നടേണ്ടവിധം
നിലത്ത് മാത്രമല്ല അത്യാവശ്യം വലിപ്പമുള്ള പ്ലാസ്റ്റിക് ഡ്രമ്മിലും മുരിങ്ങച്ചെടി വളർത്തിയെടുക്കാം. നിലത്താണെങ്കിൽ. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അവിടെ ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് അതിൽ കാലിവളം മണൽ അല്ലെങ്കിൽ ചകിരിച്ചോർ മണ്ണ് എന്നിവ സമാസമം നിറയ്ക്കണം അരക്കിലോ കുമ്മായവും അരക്കിലോ വേപ്പിൻപിണ്ണാക്കും ചേർത്ത് കുഴിയിൽ നന്നായി ഇളക്കി നനച്ചിട്ടതിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് ചെടികൾ നടേണ്ടത്. ചെടികൾ പിടിപ്പിക്കാൻ പറ്റിയ സമയം ഒക്‌ടോബർ മുതൽ മാർച്ചുവരെയാണ്. മുരിങ്ങയുടെ തോലിന് ഉറപ്പുകുറവായതിനാൽ പെട്ടെന്ന് ചീഞ്ഞുപോവും അതുകൊണ്ട് തടത്തിൽ വെള്ളം തീരേ നിർത്തരുത്. രണ്ടു മൂന്നാഴ്ചകൊണ്ട് മുരിങ്ങച്ചെടിക്ക് പുതിയവേരുകൾ പൊടിക്കും. പുതിയ ഇലകൾ മുളച്ചുവരുന്നതുവരെ ഒന്നരാടൻ നനച്ചുകൊടുക്കണം. പിന്നീട് ആഴ്ചയ്‌ക്കൊരിക്കൽ അല്പം കടലപ്പിണ്ണാക്ക് കുതിർത്തത് വെള്ളത്തിൽ നേർപ്പിച്ച് മുരട്ടിൽ ഒഴിച്ചുകൊടുക്കാം.
നടാം ഒരു ചെടിമുരിങ്ങ പ്ലാസ്റ്റിക് പാത്രത്തിലും
പ്ലാസ്റ്റിക് ഡ്രമ്മിലും വളർത്താം
കുറഞ്ഞത് മുക്കാൽമീറ്ററെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകൾഭാഗം മുറിച്ചുമാറ്റി അടിഭാഗത്ത് വെള്ളം വാർന്നുപോകാൻ ചെറിയ ദ്വാരമിട്ട് അതിന്റെ മുക്കാൽഭാഗം വരെ മുകളിൽപ്പറഞ്ഞ രീതിയിൽ പോട്ടിങ്മിശ്രിതം നിറച്ച് അതിന്റെ നടുക്ക് മുരിങ്ങത്തൈ നട്ട് മിതമായ രീതിയിൽ നന നൽകി വളർത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിർത്തതും അല്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോൾ നൽകിയാൽ രണ്ടുമാസത്തിനുശേഷം ഇലപറിക്കാം.
ഇലപറിക്കുമ്പോൾ ശ്രദ്ധിക്കണം
അധികംപേരും മുരിങ്ങയുടെ തൂമ്പ് മാത്രം നിർത്തി ചുറ്റുമുള്ള ഇലകൾ മൊത്തമായി പറിച്ചെടുക്കുകയാണ് ചെയ്യാറ് അങ്ങനെ ചെയ്യരുത്. തൂമ്പിന് അടിഭാഗത്ത് കുറഞ്ഞത് മൂന്ന് പട്ട മുതിർന്ന ഇലയെങ്കിലും നിർത്തിയിരിക്കണം. മഴപെയ്യുമ്പോൾ കൊമ്പു കോതരുത്. വെട്ടിയ കൊമ്പിൻതുമ്പിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി തണ്ട് ചീഞ്ഞു ചെടി നശിച്ചുപോവും. വേനൽക്കാലത്ത് ഒന്നരാടൻ നന നൽകാം. ആ സമയത്തുതന്നെ കൊമ്പുകൾ ഉയരത്തിലേക്ക് പോകുന്നത് തടയാൻ കൊമ്പുകോതാം. മുരിങ്ങയുടെ ഇലയും പൂവും കായും നല്ല വിറ്റാമിനും നാരുകളും നിറഞ്ഞ ഭക്ഷണമാണ്. വാതം, കഫം, ആർത്തവപ്രശ്‌നങ്ങൾ, ശരീരവേദന, ഹെർണിയ, രക്താദിമർദം, ന്യുമോണിയ എന്നിവയ്ക്കുവരെ പണ്ടുമുതലേ ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു.
പ്രമോദ്കുമാർ വി.സി.

പയർ

പയർ
കടും പച്ചനിറത്തിൽ നല്ല നീളമുള്ള കുരുത്തോലപ്പയർ ചെടികളിൽ കായ്ച്ചു നിൽക്കുന്നത് കാണാൻ തന്നെ മനസ്സിനൊരു കുളിർമ്മയാണ്. തോരനും മെഴുക്കുപുരട്ടിയുമായി അത് ഊണിനു മുന്നിൽകിട്ടിയാലോ നല്ലമാംസളമായ രുചിയുള്ള പയറുപ്പേരി മാത്രം മതി ചോറുണ്ണാൻ. എന്നാൽ, രാസവളം ചേർക്കാത്ത, രാസകീടനാശിനികൾ തളിക്കാത്ത നാടൻ പയർ കിട്ടാത്തതാണ് പയറിേനാടുള്ള നമ്മുടെ പ്രതിപത്തി കുറയ്ക്കുന്നത്. എന്നാൽ, നമ്മുടെ വീടുകളിൽത്തന്നെ എത്ര കുറഞ്ഞസ്ഥലമായാലും വലിയ ചട്ടികളിലോ പഴയ സിമന്റ് ചാക്കുകളിലോ ഒരു പത്ത് പയർവിത്തുകൾ നട്ട് നന്നായിപരിചരിച്ച് വളർത്തിയെടുത്താൽ ആഴ്ചയിൽ കുറഞ്ഞത് മൂന്നുദിവസങ്ങളിലെങ്കിലും പയറുപ്പേരികൂട്ടാം.
മണ്ണൊരുക്കാം
ചട്ടിയിലോ ബാഗിലോ ചിക്കിലോ നിറയ്ക്കാനുള്ള മണ്ണൊരുക്കലാണ് ആദ്യപടി. മണ്ണ്കിട്ടാൻ പാടുള്ള ഫ്‌ളാറ്റുകളിൽ ചകിരിച്ചോറിന്റെ കട്ടവാങ്ങിപുതർത്തി ബാഗിൽ നിറച്ചാലും മതി. മണ്ണുകിട്ടുന്നയിടങ്ങളിൽ മണ്ണ്, മണൽ, ചാണകപ്പൊടി(കോഴിവളം), എന്നിവ 3:3:1: എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി ബാഗിന്റെയും ചട്ടിയുടെയും അരഭാഗത്തോളം നിറയ്ക്കുക. ചാണകം ലഭിക്കാൻ പ്രയാസമുള്ളയിടങ്ങളിൽ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും വാങ്ങി പുതർത്തിപുളിപ്പിച്ച് ചകിരിച്ചോറിന്റെ കൂട്ടത്തിൽ കൂട്ടി നടീൽമിശ്രിതം തയ്യാറാക്കാം.
വിപണിയിൽ കിട്ടുന്ന വിത്തുകൾ ചട്ടിയിൽ നടാൻ ഉപയോഗിക്കാം. വിത്ത് നടുന്നതിന് മുൻപ് കടയിൽനിന്ന് വാങ്ങുന്ന സ്യൂഡോമോണസ് പുരട്ടി തണലത്തുണക്കിയെടുക്കാം. റൈസോബിയം എന്നജീവാണുവളവും പോട്ടിങ്മിശ്രിതത്തിൽ ചേർത്തുകൊടുക്കാം. വിത്ത് നട്ട ബാഗ്, ചാക്ക്,ചട്ടി എന്നിവ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെക്കണം. വിത്ത് നട്ട് രണ്ടാംനാൾ മുളച്ചുപൊന്തും. ആഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക് പുതർത്തി നേർപ്പിച്ച് ഒഴിച്ചുകൊടുക്കാം. മാസത്തിലൊരിക്കൽ 50 ഗ്രാം മലേഷ്യൻ സാൾട്ട്(പൊട്ടാഷ്) ഒരു ചെടിക്ക് നൽകാം.
തല നുള്ളിക്കൊടുക്കണം
പയർത്തൈ വലുതായി വരുമ്പോൾ കമ്പോ കയറോ കെട്ടി വീടിന്റെ ഇറയത്തേക്കോ ജനൽക്കമ്പിയിലേക്കോ പടർത്തിവിടാം. നമ്മുടെ നെഞ്ചിന്റെ ഉയരത്തിൽ വള്ളിയെത്തിക്കഴിഞ്ഞാൽ അതിന്റെ തല നുള്ളിക്കളയണം. ചെടി ഉണങ്ങിപ്പോകുമോയെന്ന് വിചാരിച്ച് അതിന് മിക്കവരും മടികാണിക്കും. എന്നാൽ തലപ്പ് ഒരുതവണ നുള്ളിക്കഴിഞ്ഞാൽ അതിന്റെ മ്്റ്റ് എല്ലാ മുട്ടിൽനിന്നും പുതുവള്ളികൾ പൊട്ടുകയും അതിലെല്ലാം കായകൾ ഉണ്ടാവുകയും ചെയ്യും.
വേപ്പെണ്ണയും കഞ്ഞിവെള്ളവും

പയറിന്റെ മുഞ്ഞ, വെള്ളീച്ച, ചാഴി എന്നിവയെ പ്രതിരോധിക്കാൻ വേപ്പെണ്ണ എമൽഷൻ ആണ് ഉത്തമം. കീടങ്ങൾ വരുന്നതിന് മുൻപ് തന്നെ ഇത് തളിക്കാൻ തുടങ്ങണം. പയർച്ചെടിയുടെ നിരൂറ്റിക്കുടിക്കുന്ന മുഞ്ഞയെ പ്രതിരോധിക്കാൻ കഞ്ഞിവെള്ളം നന്നായി സ്‌പ്രേ ചെയ്തുകൊടുത്താൽ മതി. കീടങ്ങളെ പ്രതിരോധിക്കാൻ ബ്യുവേറിയ ബാസിയാന എന്ന മിത്രകുമിളും പുകയില, വെളുത്തുള്ളി കഷായങ്ങളും ഫലപ്രദമാണ്.
എല്ലാദിവസവും ചെടിയെ നിരീക്ഷിക്കുകയെന്നതാണ് പ്രധാനം ദിവസവും 10 മിനിറ്റ് നേരമെങ്കിലും ചെടികൾക്കരികിൽ ചെലവഴിക്കാൻ മനസ്സുണ്ടാകണം. വണ്ടുകൾ ചെറിയ പുഴുക്കൾ എന്നിവയെ കീടനാശകങ്ങളുടെ സഹായമില്ലാതെത്തന്നെ കൈകൊണ്ട് പിടിച്ച് നശിപ്പിക്കാം.
വളം ചെയ്യണം
വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ വളം ചെയ്യാത്തതാണ് പച്ചക്കറികൾ ശോഷിക്കാനും ഉണങ്ങാനും കാരണം. ഓരോമാസവും രണ്ടുപ്രാവശ്യം എന്ന തോതിൽ കടപ്പിണ്ണാക്കോ, കംപോസ്‌റ്റോ, ചാണപ്പൊടിയോ, ജൈവവളമോ നൽകണം. കൂട്ടത്തിൽ മാസത്തിലൊരിക്കൽ 50ഗ്രാം പൊട്ടാഷും മുരട്ടിൽ നിന്ന് വിട്ട് ചട്ടിയിൽ വിതറിക്കൊടുക്കണം.
പ്രമോദ്കുമാർ വി.സി.

പച്ചക്കറി കൃഷി: വെള്ളീച്ചയുടെ ആക്രമണം തടയാം


പച്ചക്കറി കൃഷി: വെള്ളീച്ചയുടെ ആക്രമണം തടയാം 

 പച്ചക്കറി വിളകളില്‍ പ്രത്യേകിച്ച് വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. നഴ്സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ ഇത് ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും, ഈച്ചയും അടിവശത്തിരുന്ന് നീര് ഊറ്റി കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ച് നശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കി നോക്കിയാല്‍ വെള്ളീച്ചകള്‍ പറക്കുന്നത് കാണാം. ഇലകള്‍ കൊഴിഞ്ഞു പോകുന്നു. മുളകിനെ ബാധിക്കുന്ന ലീഫ് കേള്‍ എന്ന വൈറസ് രോഗവും വെള്ളീച്ച പരത്തുന്നു. ജൈവകൃഷിരീതിയില്‍ ഇവയെ നിയന്ത്രിക്കുവാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. 

1. മഞ്ഞക്കെണി ഒഴിഞ്ഞ ടിന്നിന്‍റെ പുറംഭാഗത്ത് മുഴുവന്‍ മഞ്ഞപെയിന്‍റടിച്ച് ഉണങ്ങിയശേഷം അതിന്‍മേല്‍ ആവണക്കെണ്ണ പുരട്ടി പച്ചക്കറിതോട്ടത്തില്‍ കെട്ടിത്തൂക്കുക. വെള്ളീച്ചകള്‍ ഇവയില്‍ ഒട്ടിപ്പിടിച്ചു നശിക്കും. കടും മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റോ കട്ടികൂടിയ മഞ്ഞ കടലാസ്സോ എടുത്ത് ഇരുവശവും ആവണക്കെണ്ണ പുരട്ടി തോട്ടത്തില്‍ കമ്പുനാട്ടി കടലാസ്സ് വലിച്ചു കെട്ടിയും ഈച്ചകളെ ആകര്‍ഷിച്ചു നശിപ്പിക്കാം. വളര്‍ച്ച പ്രാപിച്ച ചെടികള്‍ക്കിടയിലും, നഴ്സറിയില്‍ ഭൂതലത്തിലും വേണം മഞ്ഞകെണി സ്ഥാപിക്കാന്‍. ആഴ്ചയിലൊരിക്കല്‍ ബോര്‍ഡ് വൃത്തിയാക്കി ആവണക്കെണ്ണ പുരട്ടണം. 

2. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വെര്‍ട്ടിസീലിയം ലക്കാനി എന്ന കുമിളിനെ ഉപയോഗിച്ചും വെള്ളീച്ചയെ നിയന്ത്രിക്കാം. വെര്‍ട്ടിസീലിയം മൂന്ന് മുതല്‍ അഞ്ച് ഗ്രാം/മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചെടിയില്‍ തളിക്കണം. 

3. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 50 മില്ലി വെള്ളത്തില്‍ ചേര്‍ത്ത് സത്ത് ഊറ്റിയെടുക്കുക. 50 മി.ലി. വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച ലായനിയുമായി കൂട്ടിച്ചേര്‍ക്കുക. ഇതില്‍ 900 മി.ലി. ജലവും 20 മി.ലി. വേപ്പെണ്ണയും കൂട്ടിചേര്‍ത്ത് നന്നായി ഇളക്കി ചെടികളില്‍ തളിക്കാം. 

4. വേലിച്ചെടിയുടെ ഇലയും പൂവും കായും സമൂലം ഒരു കി.ഗ്രാം നന്നായി ചതച്ചരച്ച് 5 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2-3 മണിക്കൂര്‍ ചൂടാക്കി മൂന്നിലൊരു ഭാഗമാകുമ്പോള്‍ തണുത്തശേഷം 100 മി.ലി. 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം. മരുന്ന് തളിക്കുമ്പോള്‍ ഇലയുടെ ഇരുവശത്തും നന്നായി പതിക്കുംവിധം തളിക്കുക. ഇലക്കടിയിലാണ് കൂടുതല്‍ ആക്രമണമെന്നതും കൂടുതല്‍ ആഗിരണശേഷിയുള്ള ടിഷ്യൂകള്‍ ഇലക്കടിയിലാണ് ഉള്ളതെന്നുമുള്ള വസ്തുത മനസ്സിലാക്കി അന്തരീക്ഷ താപനില കുറഞ്ഞ വൈകുന്നേരങ്ങളില്‍ മാത്രം മരുന്ന് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ 10 ദിവസമിടവിട്ട് മേല്‍പറഞ്ഞ കീടനാശിനികള്‍ മാറിമാറി തളിക്കുക. ഇതുവഴി ഈ കീടത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ കഴിയും. വെള്ളീച്ചയുടെ ആക്രമണം തടയാം 

രവീന്ദ്രന്‍ തൊടീക്കളം

Sunday, September 27, 2020

'കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ'

 'കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ' എന്ന പഴം ചൊല്ല് കേൾക്കാത്ത മലയാളികളുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ ഇതിന്റെ  ഗുണഗണങ്ങൾ മനസ്സിലാക്കിയാൽ അങ്ങനെ വലിച്ചെറിയാൻ മാത്രമുള്ളതല്ല കറിവേപ്പിലയെന്ന്  ബോധ്യമാകും. പോക്ഷകഗുണളുടെയും ഔഷധഗുണളുടെയും കാര്യത്തിൽ  ഈ സുഗന്ധ വിളക്കുള്ള സ്ഥാനം വളരെ വലുതാണ്.കറിവേപ്പിനെപ്പറ്റി തുടർന്ന് വായിക്കാം



ആഹാരത്തിന് രുചിയും മണവും നൽകാൻ നമ്മളുപയോഗിക്കുന്ന കറിവേപ്പിലക്ക് വേണ്ടിയാണ് കറിവേപ്പെന്ന ചെറിയ മരത്തെ നട്ടു വളർത്തുന്നത്. പരമാവധി 20 അടി വരെ ഉയരത്തിൽ വളരുന്ന കറിവേപ്പിന്റെ തടി 16 ഇഞ്ച് വരെ വണ്ണം വയ്ക്കും.  എന്നാൽ കറിവേപ്പിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി എത്ര പേർക്കറിയാം? ഔഷധ ഗുണ സമ്പുഷ്ടമായ കറിവേപ്പിൻറെ ഇല, കായ്കൾ, ഇലഞെട്ട്, തോല്, വേര് എന്നിവ വിവിധ ഔഷധക്കൂട്ടുകളിൽ ഉപയോഗിച്ചു വരുന്നു. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്ന കറിവേപ്പിന്റെ ഉത്ഭവസ്ഥാനം ഇന്ത്യ തന്നെയാണ്. നമ്മുടെ അയൽ രാജ്യങ്ങളായ ചൈന, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, തായ്ലാൻഡ്, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലും പാചകാവശ്യത്തിനുള്ള സുഗന്ധ വിളയായി കറിവേപ്പ് കൃഷി ചെയ്തു വരുന്നു.
Murraya koenigii or Bergera koenigii എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കറിവേപ്പ് സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്നു.  നല്ല സൂര്യ പ്രകാശവും ജലസേചനവും ആവശ്യമുള്ള വിളയാണിത്. നടീൽ വസ്തുക്കളായി വിത്തുകളും വേരിൽ നിന്നും മുളച്ചു വരുന്ന തൈകളും ഉപയോഗിക്കാം.
കറിവേപ്പിലയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും
വിറ്റാമിൻ-A യുടെ കലവറയായ കറിവേപ്പിലയിൽ  ധാരാളം ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും പ്രമേഹം നിയന്ത്രിക്കാനും ഉദരരോഗ ചികിത്സക്കും പരമ്പരാഗതമായി കറിവേപ്പില ഉപയോഗിക്കുന്നു. കറിവേപ്പിന്റെ വിവിധ ഭാഗങ്ങൾ മരുന്നുകൾ, ടോണിക്കുകൾ,  സുഗന്ധ ലേപനങ്ങൾ മുതലായവയുണ്ടാക്കാൻ ഉപയോഗപ്പെടുത്തുന്നു.അവയിൽ ചിലത് ഇവിടെ കുറിക്കുന്നു;
1. കറിവേപ്പില ഭക്ഷണത്തിലുൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും, കരളിലെ കോശങ്ങളുടെ സംരക്ഷണത്തിനും മുറിവുകൾ വേഗം കരിയുന്നതിനും സഹായിക്കും.
2. സസ്യജന്യമായ വിഷാംശങ്ങൾ നിർവീര്യമാക്കാൻ പച്ച മഞ്ഞളിന്റെയും കറിവേപ്പിലയുടെയും മിശ്രിതം ഉപയോഗിക്കുന്നു.
3. അതിസാരം ശമിക്കാൻ മോരിൽ കറിവേപ്പില ചതച്ചിട്ട് കുടിക്കുക.
4. കറിവേപ്പിലയിട്ടു കാച്ചുന്ന വെളിച്ചെണ്ണ അകാല നര തടയുന്നതിനും മുടി കരുത്തോടെ വളരാനും സഹായിക്കും.
5. നെഞ്ചെരിച്ചിൽ ഗ്യാസ് ട്രബിൾ, വയറുവേദന എന്നിവയ്ക്ക് ഇഞ്ചിനീരില് കറിവേപ്പില ചതച്ചിട്ട് കുടിക്കുക.
6. അലർജി മൂലമുള്ള ചൊറിച്ചിലിനു കറിവേപ്പില ചതച്ചെടുത്ത നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ഒരു മാസം കഴിച്ചാൽ മതി.
7. കറിവേപ്പിന്റെ തളിരിലകൾ ചവച്ചു നീരിറക്കുന്നത് വായ്ക്കു രുചിയുണ്ടാക്കുന്നതിനു സഹായിക്കും.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന  അമിതമായ തോതിൽ വിഷമടിച്ച കറിവേപ്പിലയാണ് നമുക്ക് വിപണിയിൽ നിന്നും കിട്ടുന്നത്. അതിന്റെ ഉപയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഓരോ വീട്ടിലും  ഒരു കറിവേപ്പെങ്കിലും നട്ടു വളർത്തുകയാണീ വിഷം വിലകൊടുത്തു വാങ്ങി കഴിക്കുന്നതിനൊരു യഥാർത്ഥ ബദൽ.

Wednesday, September 23, 2020

കുട്ടുറുവൻ പക്ഷിയെ കാണാത്തവർക്കായി എന്റെ ഈ വീഡിയോ.....

കുട്ടുറുവൻ പക്ഷി ( Barbets )



കേരളത്തിലെ നാട്ടിൻ‍പുറങ്ങളിലും കാടുകളിലും കാണപ്പെടുന്ന ഒരു പക്ഷിയാണ്‌ ചിന്നക്കുട്ടുറുവൻ അഥവാ പച്ചിലക്കുടുക്ക

Monday, September 21, 2020

പഴം തീനി വാവലുകൾ

 പഴം തീനി വാവലുകൾ | നിപ്പാ വൈറസുകളുടെ ഇഷ്ട തോഴൻ

ഇന്ന് ഞാൻ എന്റെ മൊബൈൽ ക്യാമെറയിൽ പകർത്തിയ പഴം തീനി വവ്വാലിന്റെ ചില ദൃശ്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു .. വീഡിയോ കാണുക 

 


 

 

 

വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണ വശാലും കഴിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കുക. 2018 ൽ കേരളത്തിൽ കോഴിക്കോട് 17 പേർ നിപ്പ ബാധിച്ചു മരിച്ചത് നമ്മൾ മറക്കരുത്. വവ്വാലുകളാണ് നിപ്പാ വൈറസിന്റെ പ്രധാന വാഹകർ .

ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കണ്ട .. 

Wednesday, September 9, 2020

ആനക്കൊമ്പൻ വെണ്ട കൃഷി രീതി

 

ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വിത്തുകള്‍ നടുന്നതിന് മുന്‍പേ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 20 ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയില്‍ മുക്കി വെക്കുന്നത് വേഗത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. കൂടാതെ നല്ല പ്രതിരോധ ശേഷിയും ചെടികള്‍ക്ക് ലഭിക്കും. വിത്തുകള്‍ പാകി 4-5 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടുക.


അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് ഇവയൊക്കെ നല്‍കാം. . അതിനായി പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്തു പുളിപ്പിച്ച വെള്ളം നേര്‍പ്പിച്ച്‌ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സമൃദ്ധമായി കായ്‌കള്‍ ഉണ്ടാകാനും ഇത് ഉപകരിക്കും. കായകള്‍ മൂക്കുന്നതിനു മുന്‍പ് പറിച്ചെടുക്കാന്‍ ശ്രദ്ധിക്കുക, മൂക്കാന്‍ നിര്‍ത്തരുത്.

കീടാക്രമണം

വലിയ രീതിയില്‍ കീടങ്ങള്‍ ഒന്നും ബാധിച്ചില്ല, വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 1-2 ദിവസം ഇട്ടു വെക്കുക. ശേഷം അരിച്ചെടുത്ത്‌ നേര്‍പ്പിച്ചു സ്പ്രേ ചെയ്യാം. ഇത് ഒരു നല്ല പ്രതിരോധം ആണ്.

Watch Youtube Video for more info

 
 

https://www.youtube.com/watch?v=DuCtnzESK_I

 

 

Google