Friday, January 27, 2023

നൻപകൽ നേരത്ത് മയക്കം.

 എന്നും മലയാള സിനിമകളിലെ ദൃശ്യ ഭംഗിയാണ്  പാലക്കാടൻ തമിഴ് ഗ്രാമങ്ങൾ . നൻപകലിലൂടെ  ഗ്രാമഭംഗി മുഴുവൻ ഒപ്പിയെടുത്തിരിക്കുകയാണ് ലിജോ ജോസ്.

നൻപകൽ നേരത്തേ മയക്കം എന്ന സിനിമയുടെ  പോസ്റ്ററിലെ പൂത്തു നിൽക്കുന്ന ചോളപ്പാടങ്ങൾ കണ്ട് സിനിമ കാണാൻ കയറിയ ഞാൻ കിളി പോയ പോലെയായി എന്നു പറയുന്നതാണ് സത്യം.

പൂത്തു നിൽക്കുന്ന ചോള പാടത്ത് എത്തുമ്പോൾ മമ്മൂട്ടി അവതരിപ്പിച്ച ജെയിംസ് സുഹൃത്തുക്കൾ ഒന്നിച്ച്കുടുംബ സമേതം സഞ്ചരിക്കുന്ന നാടക വണ്ടി നിർത്താൻ ആവശ്യപ്പെടുന്നു. അവിടെ തുടങ്ങുന്നു മാജിക്കൽ റിയലിസം .സത്യമോ മിഥ്യയോ എന്നറിയാത്ത ഒരങ്കലാപ്പ്.

ഓരോ ഫ്രെയിമും അതി മനോഹരം. 

ഈ സിനിമ കാണുമ്പോൾ ഗബ്രിയേൽ മാർക്വേസിന്റെ  എഴുത്തിലൂടെ നമ്മൾ അനുഭവിച്ച   മാജിക്കൽ റിയലിസം നമുക്ക് ഒരിക്കലൂടെ അനുഭവവേദ്യമാകുന്നു. 

 മമ്മൂട്ടി എന്ന എക്കാലത്തേയും മഹാ നടന്റെ പകർന്നാട്ടമാണ് പിന്നീടങ്ങോട്ട്  . ജെയിംസിൽ നിന്ന് സുന്ദരത്തിലേക്ക് ഒരു പരകായ പ്രവേശം നടത്തുന്ന മമ്മൂക്ക.

 എസ്. ഹരീഷ് ഒരുക്കിയ ഒരൊന്നാന്തരം  തിരക്കഥ. കഥയുടെ എല്ലാ വൈകാരികതകളെയും  ക്യാമറയിലൂടെ പകർത്തുന്ന  തേനി ഈശ്വർ . ഒരു ടീം വർക്ക്. മനോഹരമായ ദൃശ്യ വിരുന്നാണ് നൻപകൽ.

ഓരോ ഫ്രെയിമും ഓരോ ഷോട്ടും അതി ഗംഭീരം.തമിഴ് ഗ്രാമത്തിന്റെ വഴികളിലൂടെ ചിരപരിചതനെ പോലെ നടന്നു ഒടുവിൽ സുന്ദരത്തിന്റെ വീട്ടിൽ സുന്ദരമായി പരകായപ്രവേശം നടത്തുന്ന ജെയിംസും ഒരു ഉച്ചയിൽ നിന്ന് മറ്റൊരു ഉച്ചവരെ നമ്മളേയും സ്വപ്നാടനത്തിലേക്ക് നയിക്കുകയാണ്.

പൂങ്കുഴലിയും മകളും ,സാലിയും മകനും സുന്ദരത്തിന്റെ ചെറിയ വീട്ടിനകത്തു നിന്ന് പുറത്തേക്ക് ഉള്ള കാഴ്ച്ചയിൽ ഒരു ഫ്രെയിമിനകത്തു വരുന്ന ദൃശ്യം നമ്മെ വല്ലാത്തൊരു അവസ്ഥയിലേക്ക് നയിക്കുന്നു. സാലിയുടെ പൂങ്കുഴലിയുടെ മനോവികാരങ്ങൾ എന്തൊക്കെ ആയിരിക്കും ?

സുന്ദരത്തിൽ നിന്നു ജെയിംസിലേക്ക് തിരികെ വരാൻ സാലി ആഗ്രഹിക്കുമ്പോൾ പൂങ്കുഴലിയുടെ മനസ്സിൽ എന്തായിരിക്കും ?

 "ഉറക്കം മരണം പോലെയാണ്,ഉണരുന്നത് ജനനവും" എന്ന തിരുക്കുറൾ വാക്യത്തിലൂന്നി മുന്നേറുന്ന സിനിമ കണ്ടിറങ്ങുമ്പോൾ എനിക്ക് ബുദ്ധിഭ്രമം സംഭവിച്ചത് പോലെയായി. സുന്ദരത്തിൽ നിന്ന് ജയിംസിലേക്ക് മമ്മൂട്ടി തിരിച്ചെത്തുമ്പോഴും നമ്മൾക്ക് അതിന് സാധിക്കുന്നില്ല. 

നാടക വണ്ടി ഗ്രാമം വിട്ടു പോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ നായ ഒരു നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു.ദേശങ്ങൾ, അതിർത്തികൾ, ഭാഷകൾ, മതങ്ങൾ അതിനെല്ലാമപ്പുറമാണ് മനുഷ്യൻ എന്ന് കൂടി പറയാതെ പറയുന്നുണ്ട് നൻപകൽ.

 അടുത്ത കാലത്തായി ഞാൻ കണ്ട ഏറ്റവും നല്ല സിനിമ അതാണ് *നൻപകൽ നേരത്ത് മയക്കം.*

Google