Monday, September 27, 2021

പിട്ടി - ലക്ഷദ്വീപിലെ പക്ഷി സങ്കേതം


കടൽ പക്ഷികൾ മാത്രം അധിവസിക്കുന്ന ഒരു പക്ഷി തുരുത്താണ് പിട്ടി.ഇന്ത്യയിലെ അധികം അറിയപ്പെടാത്ത എന്നാൽ പ്രാധാന്യം ഏറെയുള്ള പക്ഷി സങ്കേതം ആണ് ഇത്. വളരെ കുറഞ്ഞ ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ചെറിയ പക്ഷി സങ്കേതങ്ങളിലൊന്നാണ് ലക്ഷദ്വീപിലെ പിട്ടി പക്ഷി സങ്കേതം. ഈ ദ്വീപിനു പക്ഷിപിറ്റി എന്നും പേരുണ്ട്. ഇവിടെ ജനവാസമില്ല. പക്ഷി സങ്കേതം ആയി പ്രഖ്യാപിച്ചതിനു പുറമേ ഒരു പ്രധാന പക്ഷി മേഖല കൂടി ആണ് അത്. പക്ഷികളുടെയും മറ്റ് ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിന് വേണ്ടി തരം തിരിക്കപ്പെട്ടിട്ടുള്ള അന്തർദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് പ്രധാന പക്ഷി മേഖല.


പിറ്റിയിലേക്കുള്ള യാത്ര കുറച്ച് സാഹസികത നിറഞ്ഞതാണ്. ലക്ഷദ്വീപിലെ ‌ ഫോറസ്റ്റ് അധികൃതരുടെ കൂടെ ഒരു ഇടത്തരം മീൻ പിടുത്തബോട്ടില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. 

പിറ്റിയിലേക്കുള്ള യാത്രയിൽ ഉടനീളം ഡോൾഫിനുകളുടെ കൂട്ടത്തേയും പറക്കും മത്സ്യങ്ങളെയും കണ്ടു. പിറ്റി ദ്വീപിലേക്ക് അടുക്കുന്തോറു സമുദ്രത്തിന് ആഴം കുറഞ്ഞു വന്നു. ദ്വീപിൽ നിന്നും പത്തിരുന്നുറ് മീറ്റർ അകലെ മാറി ബോട്ട് നങ്കൂരമിട്ടു. പിറ്റിയുടെ തീരത്തു മുഴുവൻ പാറക്കെട്ടുകൾ നിറഞ്ഞതാണ്.

ദൂരെ നിന്ന് നോക്കുമ്പോഴെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന പക്ഷികളെ കാണാം.

പിറ്റിയിൽ ഒരു മരത്തണൽ പോലുമില്ല.. മണൽ പരപ്പ് മാത്രം. നടക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കാൽ തട്ടി പക്ഷി മുട്ടകൾ പൊട്ടും. കടൽ പക്ഷികൾ പലതും നിലത്ത് മണലിൽ തന്നെയാണ് മുട്ടയിടുന്നതെന്നുള്ള അറിവ് ആദ്യമായിട്ടായിരുന്നു. വെള്ള നിറത്തില്‍ പിങ്ക് പുള്ളികളുള്ള മുട്ടകള്‍ ആണ് കൂടുതലും. കടലാള പക്ഷിയുടെ മുട്ടകള്‍ ആണ് ഇവ.

പാറക്കൂട്ടങ്ങളിലൊക്കെ പക്ഷി കാഷ്ഠത്തിന്റെ വലിയ കൂനകൾ കാണാം. പിറ്റിയിലെ പക്ഷികൾ നേരിടുന്ന പ്രധാന വെല്ലുവിളി മുട്ടകൾ തേടിയെത്തുന്ന മുക്കുവരും മറ്റൊന്നു സന്യാസി ഞണ്ടുകളുമാണ്.


എന്റെ ലക്ഷദ്വീപ് യാത്രാനുഭവം എന്ന പുസ്തകത്തിൽ നിന്ന്👆

Saturday, September 11, 2021

ബിരിയാണി

 *ബിരിയാണി* 


ന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി എന്ന കഥ വായിച്ചപ്പോഴാണ്  പെരുമാൾപ്പുരത്ത് തൃക്കോട്ടൂർ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഒരനുഭവ കഥ ഓർമ്മ വന്നത്.

ആ കഥ ഇങ്ങനെയാണ് . ഞങ്ങൾക്ക് കണക്ക് പഠിപ്പിക്കുന്നത് അടിയോടി മാഷാണ് . മാഷ് ക്ലാസ്സിൽ വരുന്നതെ ഞങ്ങൾ കുട്ടികൾക്ക് പേടിയാണ്. എപ്പോഴും മാഷെ കയ്യിൽ ഒരു ചൂരലും കാണും . ഒരു ദിവസം ക്ലാസ്സിൽ ഒച്ചവച്ചതിന് എനിക്കും കിട്ടി പൊതിരെ തല്ല്. ഇന്നൊക്കെയാണെങ്കിൽ ബാലാവകാശ ലംഘനത്തിന് മാഷിനെതിരെ ഒരു കേസെങ്കിലും കൊടുക്കാമായിരുന്നു.

അടിയോടി മാഷ് വരുന്നത് കണ്ടതെ ക്ലാസ്സിൽ ഒരനക്കവുമില്ല. പിൻ ഡ്രോപ്പ് സയലൻസ് എന്നൊക്കെ പറയില്ലെ അതു തന്നെ.

" ഇന്ന് എല്ലാരും പോയ്  ബിരിയാണി കഴിക്ക് " . സ്കൂളിന്റെ അപ്പറത്തെ വീട്ടിൽ പന്തൽ ഞങ്ങളും കണ്ടതാണ്.  ഉച്ചയ്ക്ക് നല്ല ബിരിയാണി മണവും . അവിടെ  ധമ്മ് പൊട്ടിക്കാത്ത രണ്ട് ചെമ്പ് ചോറ് ബാക്കിയായി പോലും . ബിരിയാണി എന്ന് കേട്ടതും ഞങ്ങൾ കിഴക്കയിൽ എന്ന വീട്ടിലേക്ക് ഓടി. നല്ല ഒന്നാന്തരം ബീഫ് ബിരിയാണി. അന്നൊക്കെ കല്യാണ ത്തിന് ഒക്കെയേ ബിരിയാണി വെക്കാറുള്ളു എന്ന കാര്യം ഞാൻ ഇവിടെ ഓർമ്മിപ്പിച്ചോട്ടെ ...

അപ്പോഴാണ് ഞങ്ങളിൽ ഒരു അഭിമാനി പറയുന്നത് വിളിക്കാത്ത കല്യാണത്തിന് പോയ് ബിരിയാണി കഴിച്ചത് മോശമായി പോയെന്ന്.  സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിൽ പറയുമ്പോലെ കുഴി വെട്ടി ബിരിയാണി അതിലിട്ട് മൂടിയിരുന്നെങ്കിൽ ജീവിതത്തിൽ ഞാൻ കഴിച്ച നല്ല ഒന്നാന്തരം ബിരിയാണി മിസ്സായി പോയേന്നെ.... അത്രക്ക് രുചിയോടെ എന്റെ ആയുസ്സിൽ ഞാനൊരു ബിരിയാണി പിന്നെ കഴിച്ചിട്ടില്ല.

വിശക്കുന്നവനെ ഭക്ഷണത്തിന്റെ രുചി അറിയൂ എന്നു പറയുന്നത് എത്ര ശരിയാ....

കേരളീയ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പർശിനി കളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസുറ്റ കഥാ സമാഹാരമാണ് സന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി.

✍🏻 ഫൈസൽ പൊയിൽക്കാവ്

Monday, September 6, 2021

വൈകും മുൻപെ

 

കേരള പോലീസിന്റെ അഭിമാനം വാനോളമുയർത്തിയ ഋഷിരാജ് സിങ് ഐ.പി. സ് എഴുതി മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച വൈകും മുൻപേ എന്ന പുസ്തകം വ്യത്യസ്തമായ ഒരു വായനാനുഭവം നമുക്ക് നൽകുന്നുണ്ട്. കുട്ടികൾ വഴി തെറ്റി പോകുന്നു എന്ന് വിലപിക്കുന്ന രക്ഷിതാക്കളും അധ്യാപകരും അവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.

 രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കുന്നതിൽ കുട്ടികൾക്കുള്ള പങ്ക് മുന്നിൽക്കണ്ട്, അവരെ അതിനു പ്രാപ്തരാക്കുന്നതിനു വേണ്ടി രക്ഷിതാക്കൾ എപ്രകാരമായിരിക്കണമെന്ന് നിർദേശങ്ങൾ നല്കുകയും, ചതിക്കുഴികൾ തിരിച്ചറിയാനുള്ള സൂചനകൾ നല്കുകയും ചെയ്യുന്ന ഒരു പുസ്തകം. ഔദ്യോഗിക ജീവിതത്തിനിടയിൽ കാണാനും കേൾക്കാനും ഇടവന്ന ദുരനുഭവങ്ങളും അവയിലേക്ക് വ്യക്തികൾ എത്തിച്ചേരാനുള്ള കാരണങ്ങളും മനസ്സിലാക്കിക്കൊണ്ട് ഋഷിരാജ് സിങ് ഐ.പി.എസ്. എഴുതിയ ഈ പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥാനുഭവം കൂടിയാകുന്നു. ലഹരിയുടെ പ്രലോഭനങ്ങളിൽ പെട്ടുപോകാതെ സമ്മർദങ്ങളില്ലാതെ പഠിക്കാനും ബാല്യകൗമാരങ്ങൾ ആസ്വദിക്കാനും വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കാനും സഹായിക്കുന്ന പുസ്തകം.

കൊറോണാ കാലത്ത് വീടകങ്ങളിൽ അടച്ചിടപ്പെട്ട ബാല്യം കടന്നുപോകുന്ന മാനസിക പിരിമുറുക്കം മറികടക്കാൻ ഈ പുസ്തകം സഹായിക്കും.

 ഇനിയും ഇത്തരത്തിലുള്ള പുസ്തകങ്ങൾ എഴുതാനും സംഭവ ബഹുലമായ സർവ്വീസ് അനുഭവങ്ങൾ നാമുമായി പങ്കുവെക്കാനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.


👌 ഫൈസൽ പൊയിൽക്കാവ്

Sunday, September 5, 2021

*നല്ല അധ്യാപകൻ*


വീണ്ടും ഒരധ്യാപക ദിനം കൂടി കടന്നു പോകുന്നു.  അധ്യാപകവൃത്തി തുടങ്ങിയിട്ട്  17 വർഷം . ആദ്യത്തെ നാലു വർഷം കോഴിക്കോടുള്ള ഒരു പ്രൈവറ്റ് കോളേജിൽ . അതിനു ശേഷം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായി . മടപ്പള്ളി, കൊയിലാണ്ടി, കല്ലായ്, കുറ്റിച്ചിറ, ഇപ്പോൾ മലപ്പുറം ജില്ലയിൽ ഓമാനൂർ ഹയർ സെക്കന്ററിയിൽ ജോലി ചെയ്തു വരുന്നു. പല തരക്കാരായ കുട്ടികളെ പഠിപ്പിക്കാൻ ജീവിതത്തിൽ അവസരമുണ്ടായി. അതിൽ പലരുമായി നല്ല ബന്ധം പുലർത്തി പോരുന്നു.  കുട്ടികളുടെ മനസ്സിൽ കയറി പറ്റാൻ നമുക്കായാൽ നമ്മൾ പഠിപ്പിക്കുന്ന വിഷയം ഏതായാലും അധ്യാപനം വളരെ രസകരമാവും.  അതല്ലെങ്കിൽ അവർക്കും നമ്മൾക്കും വേഗം ബോറടിക്കും. നമുക്ക് നല്ല അധ്യാപകൻ ആവണോ നമ്മൾ കുട്ടികളുടെ മനസ്സിൽ കയറി പറ്റിയേ പറ്റുള്ളു.  അതിനുള്ള വഴികൾ തേടുക അത് മാത്രം കൊണ്ടേ ഏതൊരാൾക്കും നല്ല അധ്യാപകൻ ആവാൻ കഴിയൂ......

നല്ലൊരു അധ്യാപകൻ നല്ലൊരു വായനക്കാരനും കുട്ടികളെ വായിക്കാൻ പ്രചോദിപ്പിക്കുന്നവനും ആകണം. നല്ല നല്ല പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി കൊണ്ടേയിരിക്കണം .അതിലൂടെ മാത്രമേ കുട്ടികളെ നാളത്തെ നല്ല പൗരന്മാരാക്കാൻ കഴിയൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് പ്ലസ്ടു ക്ലാസ്സിൽ എന്നെ പഠിപ്പിച്ച ഹിന്ദി അധ്യാപകൻ കൃഷ്ണൻ മാഷാണ്. അദ്ദേഹത്തോടുള്ള എന്റെ എല്ലാ കടപ്പാടും സ്നേഹാദരവും ഞാൻ ഇവിടെ സമർപ്പിക്കുന്നു.

 

✍🏻ഫൈസൽ പൊയിൽക്കാവ്

Wednesday, September 1, 2021

അലോവേര അഥവാ കറ്റാർവാഴ

സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന ‘കറ്റാർവാഴ’, ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീർത്ത് പറയേണ്ടി വരും. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ‘കറ്റാർവാഴ’ ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും മുടിയുടെ വളർച്ചയ്‌ക്കും ,ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം ഉത്തമമാണ്. കറ്റാര്‍‍വാഴയുടെ നീരിന് വളരെ വിപുലമായ തരത്തിലുള്ള ഗുണങ്ങള്‍‍ ഉള്ളതിനാല്‍‍ എരിയുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടി എന്നിങ്ങനെയും വിശേഷിപ്പിക്കുന്നു. കറ്റാർവാഴയുടെ ​​ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം….

  • കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കുന്നു. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം.
  • മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കും. കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇ യാണ് ഇതിന് സഹായിക്കുന്നത്.
  • നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്ത് പ്രായം തോന്നാതിരിക്കാന്‍ ഇത് സഹായിക്കും.
  • മുഖത്ത് നിറം വര്‍ധിപ്പിക്കാന്‍ കറ്റാര്‍ വാഴ ജെല്‍ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്‍റും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും.
  • മുഖക്കുരു, വരണ്ട ചർമ്മ എന്നിവ അകറ്റാൻ അൽപം കറ്റാർവാഴ ജെല്ലും നാരങ്ങ നീരും ചേർത്ത് മുഖത്തിടാം.
  • കറ്റാര്‍വാഴ ആന്റി ഓക്‌സിഡന്റുകളുടെയും വൈറ്റമിനുകളുടെയും ശേഖരമാണ്. മലബന്ധം മാറാനും കരളിന്റെ നല്ല പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.
  • വീട്ടിലെ മൗത്ത് വാഷ് തീര്‍ന്നാല്‍ കറ്റാര്‍വാഴ ജ്യൂസ് പകരം ഉപയോഗിക്കാം. രക്തസ്രാവവും മോണവീര്‍ക്കലും ഇത് കുറയ്‌ക്കും. വൈറ്റമിന്‍ C ഉള്ള കറ്റാര്‍വാഴയ്‌ക്ക് പല്ലിലെ കറ തടയാനാകും.
  • നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്.
  • കറ്റാര്‍വാഴ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം ഇത് ഉപയോഗിക്കാം. ഒരു തണ്ടൊടിച്ച് അതിന്റെ ജെല്‍ മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന് തിളക്കം ഉറപ്പ്.
  • വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ തേച്ചാല്‍ മതിയാകും. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.
  • ത്രെഡിങ്ങിനും വാക്‌സിങ്ങിനും ശേഷം ആ ഭാഗത്ത് കറ്റാര്‍ വാഴ ജെല്‍ ഇടുന്നത് ചൊറിച്ചില്‍ ഒഴിവാക്കും.
  • വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഫേസ് മാസ്‌ക് മിശ്രിതത്തിന്റെയൊപ്പം ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ക്കുന്നത് ഫലം ഇരട്ടിപ്പിക്കും. പാതി വെള്ളരി ഇടിച്ചുചതച്ച മിശ്രിതത്തിലേക്ക് റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്താല്‍ ഫേസ് മാസ്‌ക് റെഡി.
  • ശിരോചര്‍മ്മത്തിലും മുടിയിലും കറ്റാര്‍വാഴ ജെല്‍ തേയ്‌ക്കാവുന്നതാണ്. ഇത് ശിരോചര്‍മ്മത്തിലെ ചൊറിച്ചില്‍ ഒഴിവാക്കി മുടിയിഴകള്‍ക്ക് ഈര്‍പ്പം നല്‍കും. വിറ്റാമിനുകളും ഫോളിക് ആസിഡും അടങ്ങിയ കറ്റാര്‍ വാഴ മുടിയെ പരിപാലിച്ച് കൊഴിച്ചില്‍ കുറയ്‌ക്കും.
  • ചര്‍മ്മത്തിനു പുറത്ത് വരുന്ന തിണര്‍പ്പ്, ചൊറിച്ചില്‍ പോലുള്ളവയ്‌ക്കും കറ്റാര്‍വാഴ ഔഷധമാണ്. പ്രാണികള്‍ കടിച്ചാലും വേദന മാറ്റാന്‍ ഇത് ഉപയോഗിക്കാം.
  • മുഖത്ത് നിന്ന് മേയ്‌ക്ക് അപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കും. ജെല്‍ ഇട്ട് പഞ്ഞി കൊണ്ട് തുടച്ചാല്‍ മുഖം ക്ലീനാകും.
  • മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടിയാൽ മതിയാകും. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

 

Google