Friday, July 30, 2021

തമിഴ്നാടിൻ്റെ ഔദ്യോഗിക ശലഭമായ മരോട്ടി (തമിഴ് മാരവൻ) ശലഭം.



മരോട്ടിയെ നാട്ടിൻ പുറങ്ങളിൽ അപൂർവമായി കാണാറുണ്ട്. പശ്ചിമഘട്ട മലനിരകളിൽ കണ്ടുവരുന്ന ഈ ചിത്രശലഭങ്ങളുടെ പ്രധാന ആവാസ കേന്ദ്രങ്ങൾ ആനക്കട്ടിയും നീലഗിരി മലനിരകളുമാണ്.  ആനക്കട്ടി മേഖലയിലാണ് ഇവയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ളത്. 

പശ്ചിമഘട്ടത്തിലെ 32 തരം സ്ഥാനിക ശലഭങ്ങളിൽപ്പെട്ടതാണ് മരോട്ടി. തമിഴ്‌മാരവൻ തമിൾയോമൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.  സിറോക്രോവാ തായിസ് എന്നാണ് ശാസ്ത്രനാമം. ഓറഞ്ച് നിറവും തവിട്ട് ഇരുണ്ട അരികുമാണ് ഇവയ്ക്ക്‌. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്നവയാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും.

 ഇവയുടെസാന്നിധ്യം കൂടുതലും മലമ്പ്രദേശത്താണ്. നിറംകൊണ്ടും രൂപംകൊണ്ടും ഇവയെ പെട്ടന്ന് തിരിച്ചറിയാനാവും.

ആനക്കട്ടി കേന്ദ്രീകരിച്ച് തമിഴ്നാട് മരോട്ടി ചിത്രശലഭപാർക്ക് നിർമിക്കുന്നുണ്ട്.

പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവാസിയായ മരോട്ടി ശലഭം പേരു സൂചിപ്പിക്കുന്നതു പോലെ മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്. മറ്റു ശലഭങ്ങളിൽ നിന്നു വ്യത്യസ്തമായി ഒന്നിനു മീതേ ഒന്നായി മുട്ടയിടുന്ന ഒരു ശലഭമാണ് മരോട്ടി. മരോട്ടിമരം പശ്ചിമഘട്ടത്തിലെ കാടുകളിൽ സുലഭമായും നാട്ടിൻ പുറങ്ങളിലും അപൂർവ്വമായും കാണപ്പെടുന്നു . ചുറ്റും പറക്കുന്ന ശലഭങ്ങളെ തുരത്തിയോടിക്കുന്ന സ്വഭാവമുള്ള മരോട്ടി ശലഭം മനുഷ്യരുമായി കൂടുതൽ ഇണക്കത്തിലാണ്. തമിഴരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമായി പോരാളി എന്ന അർത്ഥത്തിലാണ് തമിഴ് നാട്ടുകാർ തമിഴ് മരവൻ  എന്ന പേരിൽ മരോട്ടി ശലഭത്തെ വിളിക്കുന്നത്. 

Monday, July 26, 2021

ചൈനീസ് പൊട്ടേറ്റോ

 💚💚💚💚💚💚💚💚💚💚💚💚💚💚💚 ചൈനീസ് പൊട്ടേറ്റോ   അഥവാ നമ്മുടെ കൂർക്ക

കിഴങ്ങുവർഗ്ഗങ്ങളിലെ   ഇത്തിരിക്കുഞ്ഞൻ ആണ് കൂർക്ക അഥവാ ചീവ  കിഴങ്ങ്. സുഡാൻ പൊട്ടറ്റോ, ചൈനീസ് പൊട്ടറ്റോ എന്നൊക്ക ആണ് അന്താരാഷ്ട്ര നാമങ്ങൾ. കന്നടയിൽ സാംബ്രാണി, സിംഹളീസിൽ ഇന്നല, തമിഴിൽ സിറ് കിഴങ്ങു എന്നൊക്കെയാണ് പേര്. കൂർക്ക  കിഴങ്ങ് വൃത്തിയാക്കി എടുക്കുമ്പോൾ കയ്യിൽ മുഴുവൻ കറ പറ്റുമെങ്കിലും കൂർക്ക മെഴുക്കുപുരട്ടിയുടെ രുചി പറയാവതല്ല. കൂർക്കയും ബീഫും ഉലർത്തിയത് പലരുടെയും ഇഷ്ട ഭക്ഷണവുമാണ്. 

ലാമിയേസിയെ എന്ന സസ്യ കുടുംബത്തിൽ അംഗമാണ് കൂർക്ക. മനുഷ്യന് ഉപകാരപ്രദമായ ഒരുപാട് ചെടികൾ ഈ കുടുംബത്തിലുണ്ട്. പൊതിന, ബേസിൽ, റോസ്മേരി, ചിയാ, പനിക്കൂർക്ക, ലാവൻഡർ, സഫേദ് മുസ്‌ലി എന്നിവയൊക്കെ ഈ  കുടുംബത്തിലെ അംഗങ്ങളാണ്. അലങ്കാരച്ചെടി ആയ സാൽവിയയും ഇതിൽ പെട്ടതുതന്നെ. 

 കേരളത്തിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് കൂർക്ക  ഏറ്റവും കൂടുതൽ  കൃഷി ചെയ്തു വരുന്നത്. പാലക്കാട് ജില്ലയിലെ മുണ്ടൂർ, പുതുപ്പരിയാരം, ആലത്തൂർ, ചിതലി, മഞളൂർ എന്നിവിടങ്ങളിലും  തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ്, കോലഴി, അണ്ടത്തോട് എന്നിവിടങ്ങളിലും ഒക്കെ  കൂർക്ക വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു.

 പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്തു വിളയിക്കാവുന്ന കിഴങ്ങു വിളയാണ് കൂർക്ക. വിഷു കഴിഞ്ഞ് വേനൽമഴ കിട്ടുന്നതോടെ കിളച്ച് കട്ടയുടച്ചു മൂന്നടി വീതിയിൽ പണകൾ കോരി അതിൽ ഒരടി അകലത്തിൽ കിഴങ്ങുകൾ പാകണം. അവ മുളച്ചു  തണ്ടുകൾ നീളുമ്പോൾ 15 സെന്റീമീറ്റർ നീളത്തിൽ മുറിച്ച്, പറിച്ചുനടാൻ  ഉപയോഗിക്കാം. 

        നിലം നന്നായി കിളച്ച് കട്ടയുടച്ചു  ഒരടി പൊക്കത്തിലും മൂന്നടി വീതിയിലും പണ കോരി,  സെന്റിന്  ഒരു കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ച ഇട്ടേക്കണം. അതിനുശേഷം സെന്റ് ഒന്നിന്  50 കിലോ അഴുകി  പൊടിഞ്ഞ ചാണകപ്പൊടി, ചാരം , 250 ഗ്രാം യൂറിയ, ഒരു കിലോ മസൂറി  ഫോസ്, 350 ഗ്രാം പൊട്ടാഷ് എന്നിവ മണ്ണിൽ കൊത്തി  ചേർത്ത്   15cm നീളമുള്ള  തണ്ടുകൾ ഒരു ചാൺ (15cm)അകലത്തിൽ  നടണം. മഴ ഇല്ലെങ്കിൽ രണ്ടു മൂന്ന് ദിവസം തണൽ നൽകാം. 45 ദിവസം കഴിഞ്ഞു ഒരു സെന്റിന് 250ഗ്രാം യൂറിയ, 300ഗ്രാം പൊട്ടാഷ് എന്നിവ വിതറി മണ്ണ് കയറ്റി കൊടുക്കാം. ഈ ഘട്ടത്തിൽ കളകളും മറ്റും  നീക്കം ചെയ്യണം.  

 ഗ്രോ ബാഗിലോ ചട്ടിയിലോ ചാക്കിലോ കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഉള്ളിൽ നിറയ്ക്കുന്ന  മിശ്രിതം ഇളക്കം ഉള്ളതായിരിക്കണം.തറഞ്ഞു പോകാൻ പാടില്ല.  അതിനായി തുല്യ അളവിൽ മണ്ണ്, അഴുകി പൊടിഞ്ഞ  ചാണകപ്പൊടി, ചകിരിച്ചോർ കമ്പോസ്റ്റ് എന്നിവയും മേമ്പൊടി ആയി  ഉമി, പഴക്കംചെന്ന അറക്കപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവയും  ചേർത്ത്  തയ്യാറാക്കണം. ഒരു ഗ്രോബാഗിൽ  ഒന്നോ രണ്ടോ തലപ്പുകൾ നടാം,  വളർന്നുവരുമ്പോൾ പോട്ടിങ് മിശ്രിതം തണ്ടിന്റെ മുട്ടുകളിൽ (nodes) ഇട്ടുകൊടുത്താൽ കിഴങ്ങ് ഉൽപ്പാദനം നടക്കും. ഒരു തണ്ടിൽ നിന്നും 150 മുതൽ 200 ഗ്രാം വരെ കിഴങ്ങ് ലഭിക്കും.

പൂർണമായും ജൈവരീതിയിൽ വിളയിച്ച എടുക്കാവുന്ന കൂർക്ക നാല് -നാലര  മാസം കൊണ്ട് വിളവെടുക്കാം. കിഴങ്ങുകളുടെ പുറമെ ചെറു മുഴകൾ  ഉണ്ടാക്കുന്ന നിമാ വിരകൾ, ഇല തീനി പുഴുക്കൾ എന്നിവയാണ് പ്രധാന ശത്രുക്കൾ. ഒരു സെന്റിൽ നിന്നും 50 മുതൽ 70 വരെ കിലോ കിഴങ്ങ് ലഭിക്കും. കിലോയ്ക്ക് 30-35രൂപ കര്ഷകന് ലഭിക്കും.


ശ്രീധര, നിധി, സുഫല എന്നിവയാണ് മികച്ച ഇനങ്ങൾ. ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിൽ നിന്നും നടാനുള്ള തണ്ടുകൾ ലഭിച്ചേക്കാം. 

Courtesy

പ്രമോദ് മാധവൻ 

💚💚💚💚💚💚💚💚💚💚💚💚💚💚💚💚

Saturday, July 17, 2021

പത്തില തോരൻ

 ഇന്നു കർക്കിടകം 1. ഇലക്കറികൾ  ഏറ്റവും കൂടുതൽ  കഴിക്കുന്ന മാസം. എന്നും കഴിക്കുന്ന  മുരിങ്ങയില  കർക്കടകത്തിൽ  കഴിക്കാറില്ല. കർക്കിടകത്തിലെ പത്തില  തോരൻ  പ്രസിദ്ധമാണല്ലോ. പത്തിലകൾ ഏതൊക്കെയെന്നു നമുക്ക് നോക്കാം


*പത്തില തോരൻ.*


1ചേമ്പിന്റെ ഇല    

2.തകര ഇല

3.തഴുതാമ ഇല

4.കുമ്പളത്തിന്റെ ഇല

5.മത്തന്റെ ഇല

6. ചീര ഇല

7. ചേന ഇല

8.പയറിന്റെ ഇല

9.ചൊറിയണത്തിന്റെ ഇല

10.മുള്ളൻചീര ഇല.



1. ചേമ്പിന്റെ ഇലയിൽ കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു. 2. തകരയുടെ ഇല നേത്രരോഗം, മലബന്ധം, ത്വക്‌രോഗം ഇവ അകറ്റുന്നു. 3..തഴുതാമയിലയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയ ഇത് മൂത്രവർധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ഹൃദ്രോഗം മുതലായവയ്ക്കും തഴുതാമ ഗുണം ചെയ്യും. 4.കുമ്പളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിവളർച്ചയ്ക്കും നല്ലതാണ്. 5.മത്തന്റെ ഇലയിൽ ജീവകം എ, സി ഇവ ധാരാളമുണ്ട്. 6.ചീരയിലയിൽ ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ച അകറ്റുന്നു. 7.ചേനയിലയിൽ നാരുകൾ, കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളം ഉണ്ട്. 8.പയറിന്റെ ഇല ദഹനശക്തി മെച്ചപ്പെടുത്തുന്നു. കരൾവീക്കത്തിനും നല്ലതാണ്. മാംസ്യം, ധാതുക്കൾ, ജീവകം എ, സി എന്നിവയും പയറിലയിൽ ഉണ്ട്. 9.ചൊറിയണത്തിന്റെ ഇലയും കർക്കടകത്തിൽ കറി വയ്ക്കാം. കൈയിൽ വെളിച്ചെണ്ണ പുരട്ടിയശേഷം അതിന്റെ രോമം പോലുള്ളവ കളഞ്ഞാൽ ചൊറിയുകയില്ല. 10.മുള്ളൻ ചീര- കുടൽ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും അശ്വാസമായി മുള്ളൻ ചീര ഉപയോഗിക്കുന്നു. മലബന്ധം ഒഴിവാക്കാനും പൊള്ളൽ ലഘൂകരിക്കാനും ചീര ഫലപ്രദമാണ്.കൊള്സ്ട്രോൾ ഇല്ലാതാക്കാൻ മുള്ളൻ ചീരയ്ക്കു കഴിയും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചീര ഫലപ്രദമാണ്. വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി മുളളൻ ചീരയ്ക്കുണ്ട്‌. (കോവിഡ് കാലത്ത് ഓർക്കേണ്ട സംഗതിയാണിത്.) കൂടുതൽ അളവിൽ ഫൈബർ അടങ്ങിയ മുള്ളൻ ചീരയ്ക്ക് അമിതവണ്ണം കുറയ്ക്കാനുള്ള ശേഷിയുണ്ട്. ഇതിന് മുള്ളൻ ചീര ഒരു ശീലമാക്കിയാൽ മതി. മുള്ളൻ ചീരയിൽ ആൻ്റി ഓക്സിഡൻറ് ധാരളമായി അടങ്ങിയിരിക്കുന്നു. മെറ്റബോളിസം വർർദ്ധിപ്പിക്കുന്നു. ചുവന്ന രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്നു.  അകാലവാർദ്ധക്യത്തെപ്രതിരോധിക്കുന്നു. വിറ്റാമിൽ C യും K യും വലിയ തോതിൽ ഇതിലുണ്ട്. കരളിലെ കാൻസർ, സ്തനാർബുദം/ പ്രോ സ്റ്റേറ്റ് ക്യാൻസർ എന്നിവ ശമിപ്പിക്കുന്നതിന് മുള്ളൻ ചീര പതിവായി ഉപയോഗിച്ചാൽ മതി.കാൽസ്യം, ഫോസ്ഫറസ് അയേൺ തുടങ്ങിയ ധാതുക്കൾ ഇതിൽ ധാരാളമായുണ്ട്. നാട്ടറിവ് ഒരു പ്രതിരോധമാകണം. അവിടെയാണ്

രക്തസമ്മർദം ഉള്ളവർക്ക് കറിയിൽ ഉപ്പിനു പകരം ഇന്തുപ്പ് ചേർക്കാം. തേങ്ങ, ഉള്ളി, വെളുത്തുള്ളി, കാന്താരിമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് തോരൻ വയ്ക്കാം. ഔഷധക്കഞ്ഞിയോടൊപ്പമോ അല്ലാതെയോ പത്തിലത്തോരൻ കഴിക്കാം

കടപ്പാട് -     കേരള സ്റ്റേറ്റ് ആയുർവേദ വിഭാഗം 🙏

Thursday, July 15, 2021

സീറോ ഗ്രാവിറ്റി ( Zero Gravity )


അടുത്ത ജന്മം എന്താവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളു അത് സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലെ ഒരു ലോക ( പ്രപഞ്ച ) സഞ്ചാരിയാവണം. നമുക്ക് അറിയുന്നത് പോലെ അദ്ദേഹം കാണാത്ത സ്ഥലങ്ങൾ ഈ ദുനിയാവിൽ ഉണ്ടാവില്ല. ഇപ്പോഴിതാ അദ്ദേഹം ബഹിരാകാശ യാത്രക്കുള്ള തയ്യാറെടുപ്പിലാണ്. യാത്ര സഫലമായാൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്പേസ് ടൂറിസ്റ്റ് ആവും അദ്ദേഹം.




ഒരു ഓണം കേറാ മൂലയിൽ ജനിച്ച സന്തോഷ് ജോർജ്ജിന്റെ നിശ്ചയദാർഢ്യം അത് മാത്രമാണ് അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് പിന്നിൽ. വ്യത്യസ്തമായ ചിന്ത അതിനുവേണ്ടിയുള്ള പ്രയത്നം അത് നമ്മൾ സന്തോഷിൽ നിന്നും പഠിക്കണം. എല്ലാരും സഞ്ചരിക്കുന്ന പാത പിന്തുടരാതെ സ്വന്തമായി ഒരു പാത വെട്ടി തെളിയിച്ച് അതിലൂടെ യുള്ള പ്രയാണം എല്ലാവർക്കും ഒരു മാതൃകയാണ്. 

ചാനലിലൂടെയും യൂട്യൂബിലൂടെയും ലക്ഷകണക്കിനാളുകൾ അദ്ദേഹത്തിന്റെ യാത്രകൾ ആസ്വദിക്കുമ്പോൾ നമ്മൾ ഓർക്കുക ഇതൊന്നും ഒരു ദിവസം കൊണ്ടുണ്ടായതല്ല ...( Remember Rome was not built in a day ) 

 മഹത്തായ കാര്യങ്ങൾ സൃഷ്ടിക്കാൻ സമയത്തിന്റെ ആവശ്യകതയെ സാക്ഷ്യപ്പെടുത്തുന്ന പഴഞ്ചൊല്ല് പോലെ ......

✍🏻ഫൈസൽ പൊയിൽകാവ്


Google