Saturday, September 24, 2022

നിളാ നദീ തീരത്തിലൂടെ...


നിള  അങ്ങ് ആന മലയിൽ ഉത്ഭവിച്ച് ഇങ്ങ് പൊന്നാനി കടലിൽ അലിഞ്ഞ് ഇല്ലാതാവുന്നു. കേരളത്തിൽ പെരിയാർ കഴിഞ്ഞാൽ ഏറ്റവും നീളം കൂടിയ നദിയാണ് ഭാരതപ്പുഴ എന്നറിയപ്പെടുന്ന നിള. കുറ്റിപുറം എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാ ഋതുക്കളിലും നിളയെ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മഞ്ഞിലും, മഴയിലും പിന്നെ വെയിൽ മാഞ്ഞ നേരത്തും ഞാൻ അവളെ പുണർന്നിട്ടുണ്ട്.       പുഴകളിൽ സുന്ദരിയാണ് നിള. കേരളത്തിന്റെ കലാസാഹിത്യ സാംസ്ക്കാരിക വളർച്ചയിൽ നിളയ്ക്ക് സ്ഥാനമുണ്ട്. കുറ്റിപ്പുറം പാലം എന്നും എന്നിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ്.

" ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന ആ കാലഘട്ടം " എത്രവേഗം പോയ് മറഞ്ഞിരിക്കുന്നു. എഴുതാനും എഴുതാൻ പറ്റാത്തതുമായ നിരവധി ഓർമ്മകൾ. ആലപ്പുഴക്കാരൻ ഫസിലും കണിയാപുരംകാരൻ അനൂഫും ഒത്ത് നിളാ നദീ തീരത്തിൽ ചിലവഴിച്ച   സായാഹ്നങ്ങൾ. നിളയുടെ മണൽ പരപ്പിൽ രാവേറെ ചെന്നിട്ടും നിർത്താതെയുള്ള കിസ്സ പറച്ചിൽ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ..

പാലക്കാട് , തൃശൂർ , മലപ്പുറം എന്നീ ജില്ലയിലൂടെ ഒഴുകുന്ന നിളാ വിശേഷങ്ങൾ എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല.

നാളെ നദീ ദിനത്തിൽ  നിളയുടെ തീരത്ത് പഴയ സുഹൃത്തുക്കളും ഒന്നിച്ച് ഒരിക്കലൂടെ നടക്കാൻ മനസ്സ് അറിയാതെ കൊതിച്ചു പോവുന്നു.തീരങ്ങളെ  പുളകിതയാക്കി ഇനിയും നിള  ഒരു പാട് ഒഴുകും കാലയവനികയ്ക്ക് പിന്നിൽ മായുന്നത് വരെ ഓർമ്മകൾ താലോചിച്ച് ഇവിടെ ഞാനും  .......

ട്രെയിൻ യാത്രയിൽ അന്നൊരിക്കൽ ഞാൻ പകർത്തിയ നിളാ നദീ ചിത്രം ഇവിടെ പങ്കു വെക്കുന്നു.




✍🏻 ഫൈസൽ പൊയിൽക്കാവ്


Saturday, September 10, 2022

വനപർവ്വം

താമരശ്ശേരിയിൽ നിന്നു ഈങ്ങാപ്പുഴ വഴി വനപർവ്വത്തിലേക്ക്. കോഴിക്കോട് ജില്ലയിലെ ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് വനപർവ്വം.



അരുവിക്കു കുറുകെ തീർത്ത കോൺക്രീറ്റ് പാലം കടന്ന് സ്വാഭാവിക വനത്തിലേക്ക് .. 

വീട്ടിയും , വെണ്ടേക്കും  , ഇരൂളും, നരി നാരകവും വളരുന്ന സ്വാഭാവിക വനം.

കരിങ്കൽ പാകിയ പാതയിലൂടെ  നടക്കുമ്പോൾ അട്ടകളെ   ശ്രദ്ധിക്കണം. പാതയ്ക്കിരുവശവും ചിത്രശലഭ ഉദ്യാനങ്ങൾ കാണാം. പലവർണ്ണത്തിലുളള പൂമ്പാറ്റകൾ. ചില നേരത്ത്  ബുദ്ധമയൂരി യേയും കാണാം. ( കേരളത്തിന്റെ  സംസ്ഥാന ശലഭം ) 

കരിങ്കൽ പാത അവസാനിക്കുന്നത് ഒരു വെള്ളച്ചാട്ടത്തിനരികിലാണ്.




ബിച്ചു തിരുമല എഴുതി എടി ഉമ്മർ ഈണം പകർന്ന 

"വെള്ളിച്ചില്ലും വിതറി തുള്ളി തുള്ളി ഒഴുകും

പൊരിനുര ചിതറും കാട്ടരുവീ പറയാമോ നീ

എങ്ങാണു സംഗമം എങ്ങാണു സംഗമം"

എന്നഗാന ശകലം നമ്മൾ അറിയാതെ മൂളിപ്പോകും...


കണ്ണിമയ്ക്കാതെ എത്ര നേരം വേണമെങ്കിലും അവിടെ നിൽക്കാൻ ആരും കൊതിച്ചു പോകും.

Monday, September 5, 2022

ഹിമവദ് ഗോപാലസ്വാമി ബേട്ട്


വീണ്ടും ഒരു വയനാട് യാത്ര ഒത്തു വന്നു. ഇപ്രാവശ്യം അത് കർണ്ണാടക ബന്ദിപൂർടൈഗർ റിസർവ് ഫോറസ്റ്റിലെ ഹിമവൽ ഗോപാലസ്വാമി ബേട്ട് കാണാനാണ്. യാത്ര താമരശ്ശേരി ചുരം വഴിയാകുമ്പോൾ അതിന്റെ ത്രിൽ ഒന്നു വേറെ തന്നെ. ഞങ്ങളുടെ കാർ ഹെയർ പിൻ വളവുകൾ ഒന്നൊന്നായി കയറി തുടങ്ങി. ഒരു മഴയുടെ വരവ് അറിയിച്ചു കൊണ്ട് പുറത്ത് നല്ല കാറ്റടിക്കുന്നു. നാലാം ഹെയർപിൻ കയറിയത് മുതൽ റോഡിനിരുവശവും നിര നിരയായി വാനരപ്പട. കുഞ്ഞിനെ മാറോടടുക്കി പിടിച്ചു കൊണ്ട് മരച്ചില്ലകളിൽ ഉഞ്ഞാലാടുന്ന തള്ള കുരങ്ങുകൾ. മക്കളെ വളർത്തിയതിന്റെ കണക്കു പറയുന്നവർ മാതൃത്വം എന്താണെന്ന് ഇവരെ കണ്ട് പഠിക്കണം .  

കാഴ്ചകൾ ഇരുവശവും ഓടി മറയുന്നുണ്ട്. കാഴ്ചകൾ കാണാൻ രണ്ട് കണ്ണുകൾ മതിയാവാത്തത് പോലെ.  കോട പുതച്ച മലനിരകൾ വ്യൂ പോയിന്റിൽ നിന്നും എത്ര കണ്ടു നിന്നാലും മതിയാവില്ല.  

കേരളത്തിലേക്ക് പൂക്കൾ കയറ്റി വരുന്ന പിക്കപ്പുകൾ ഒന്നിനു പുറകെ മറ്റൊന്നായി ചുരമിറങ്ങുന്നു. ഞങ്ങളുടെ യാത്രയും  പൂപ്പാടം കാണാനാണ്. കേരളത്തിൽ മലയാളിക്ക് ഓണ പൂക്കളം തീർക്കാൻ ഗുണ്ടൽപ്പേട്ടിലെ പൂപ്പാടങ്ങൾ കനിയണം. 

ഇപ്പോൾ സമയം 9 മണി . ചെറിയ വിശപ്പ് ഉണ്ട് . കൽപ്പറ്റ കഴിഞ്ഞു വണ്ടി മെല്ലെ ഓരം ചേർന്ന് നിർത്തി. പെട്രോൾ പമ്പിനരികിൽ കണ്ട ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാവാം ഇനി യാത്ര . 

ഗുണ്ടൽപ്പേട്ടിലെ പൂപ്പാടം കണ്ട് ബന്ദിപ്പൂർ ടൈഗർ റിസർവിലെ ഏറ്റവും ഉയരം കൂടിയ കുന്നിൻ മുകളിലെ ഗോപാൽ സ്വാമിപ്പേട്ട്  ടെമ്പിൾ ഒന്നു കാണണം   അതാണ് പ്ലാൻ. ഗൂഗിൾ മാപ്പ് പറഞ്ഞു തന്ന വഴികളിലൂടെ യാത്ര . മുത്തങ്ങ ചെക്ക് പോസ്റ്റ് കഴിഞ്ഞു. മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്ര നമുക്ക് ഒരു പുതുജീവൻ നൽകും.   കാറിൽ അതുവരെ പാടി കൊണ്ടിരുന്ന കുമാർ സാനുവിന്റെ പാട്ട് നിർത്തി . കാറിന്റെ ഗ്ലാസ്സ് പാതി തുറന്നു. കാടിന്റെ സംഗീതത്തിനായി കാതോർത്തു. കാടിന്റെ വന്യത എന്നും വശ്യമനോഹരമാണ്. നമുക്ക്

അതാസ്വദിക്കാനുള്ള മനസ്സുണ്ടെങ്കിൽ.

ഇടക്കിടെ വരുന്ന ഹമ്പുകൾ ഡ്രൈവിങ്ങിനെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും വന്യജീവി സംരക്ഷണത്തിന് വേണ്ടിയാണ് ഇതൊക്കെ എന്ന തിരിച്ചറിവ് ഞങ്ങളെ ജാഗ്രതയോടെ വണ്ടിയോടിക്കാൻ പ്രേരിപ്പിച്ചു.  

കർണ്ണാടക ചെക്ക് പോസ്റ്റിൽ കർണ്ണാടക പോലീസിന്റെ വാഹന പരിശോധന . നല്ല മാന്യമായ ഇടപ്പെടൽ. ഇനി ഗുണ്ടൽപ്പേട്ടിലേക്ക് 15 കി.മീ അവിടെ നിന്ന് സ്വാമി ബേട്ടിലേക്ക് ഒരു അരമണിക്കൂർ യാത്ര. ഗൂഗിൾ എന്നും നല്ലൊരു വഴികാട്ടിയാണ്.

റോഡിനിരുവശവും കൃഷി നിലങ്ങളാണ്. കാബേജും വെളുത്തുള്ളിയും മുത്താറിയും ...

കുറച്ച് കഴിഞ്ഞപ്പോൾ സൂര്യകാന്തിപ്പാടങ്ങൾ പിന്നെ ചെണ്ടുമല്ലി.  അതിനിടയിലെ വില്ലേജുകൾ.





ഞങ്ങൾ കാറു നിർത്തി മതിയാവോളം പൂപ്പാടം നോക്കി നിന്നു. ഈ പൂപ്പാടം തീർക്കുന്ന മനഷ്യാധ്യാനം  മഹത്തരം തന്നെ .. വിശാലമായ പാടങ്ങൾക്ക് അതിരിട്ടു നിൽക്കുന്ന പുളിമരങ്ങൾ. പൂ പറിച്ചു  ചാക്കിലാക്കുന്ന കർഷകർ .. കാണാൻ കൊതിച്ചത് ഒക്കെ ഇവിടെയുണ്ട്.




ഞങ്ങൾ വീണ്ടും യാത്ര തുടർന്നു . വീതി കുറഞ്ഞ വില്ലേജ് റോഡിലൂടെയുള്ള യാത്ര എന്ത് മനോഹരം . കാഴ്ചയിൽ മുങ്ങിപ്പോയ ഞങ്ങൾ എപ്പോഴോ ഗൂഗിൾ പറഞ്ഞത് കേൾക്കാതെ വണ്ടി കുറച്ച്  മുന്നോട്ട് ഓടിച്ചു പോയിരിക്കുന്നു. 

വീണ്ടും 6 കി.മീ . എന്ന് ഗൂഗിൾ പറഞ്ഞപ്പോൾ വഴി തെറ്റിയ കാര്യം ഞങ്ങൾക്ക് മനസ്സിലായി. 

ഞങ്ങൾ അടുത്ത് കണ്ട കടയ്ക്കു മുമ്പിൽ കാർ നിർത്തി അറിയുന്ന കന്നഡയിൽ ഗോപാൽ സ്വാമി ബേട്ടിലേക്ക് വഴി ചോദിച്ചു.

"ജാസ്തി മാത്താട് ബേട " ( അധികം പറയണ്ട)  എല്ലാം മനസ്സിലായെന്ന മട്ടിൽ കടക്കാരൻ വണ്ടി ഒരു കി.മീ പിന്നോട്ടേക്ക് തന്നെ പോകാൻ പറഞ്ഞു. 

 അവരോട് നന്ദി പറഞ്ഞു   വണ്ടി  വന്ന വഴിക്ക് തന്നെ തിരിച്ചു വിട്ടു . 




ഗോപാൽ സ്വാമി  ബേട്ടിലേക്ക് ഇനിയുള്ള യാത്ര ബസ്സ് വഴിയാണ്. കേരളത്തിൽ KSRTC യുടെ ശവമടക്ക് നടക്കുമ്പോൾ അവിടെ കർണ്ണാടക ബസ്സ് ട്രാൻസ്പ്പോർട്ട് ലാഭമുണ്ടാക്കേണ്ടത് എങ്ങിനെയെന്ന് കാട്ടി തരുന്നു.  ഒരാൾക്ക് ടിക്കറ്റ് ചാർജ് 30 രൂപയാണ്. ടിക്കറ്റെടുത്ത് ബസ്സിൽ കയറി യാത്ര തുടർന്നു.




സെക്കന്റ് ഗിയറിൽ ബസ്സ് കുത്തനെയുള്ള കയറ്റം കയറുകയാണ്.  ചെറുതായി പേടിയുണ്ടെങ്കിലും പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. ചുറ്റും ബന്ദിപ്പൂർ ടൈഗർ റിസർവ് ഫോറസ്റ്റാണ്. ആനയും കടുവയും മാനും കരടിയും ഉള്ള കാട്. 




ബസ്സിറങ്ങിആളുകൾ അമ്പലത്തിലേക്ക് കയറാൻ തിരക്ക് കൂട്ടി.





ഇത്രയും മനോഹരമായ ഒരിടം അടുത്തൊന്നും കണ്ടിട്ടില്ല.കാഴ്ചയുടെ പറുദീസ തീർക്കുന്നിടം അതാണ് ഒറ്റവാക്കിൽ ഹിമവൽ ഗോപാലസ്വാമി ബേട്ട്. 



കാഴ്ചകൾ ഇനിയും പറയാൻ ഒരു പാടുണ്ട്. ബാക്കി  പിന്നീട്  ഒരിക്കൽ പറയാം😊

Google