Saturday, April 30, 2022

ചെമ്പരത്തി ജ്യൂസ്

 ചെമ്പരത്തി പൂവ് കൊണ്ടുള്ള ജ്യൂസ് ഇന്നലെ ഇഫ്താറിന് ഞാനും പരീക്ഷിച്ചു.



ഇതിൽ നിരവധി ആന്റി ഓക്സിഡന്റുകൾ  ഉണ്ടെന്ന് പറയപ്പെടുന്നു. ശാസ്ത്രീയമായി കൂടുതൽ അറിയില്ലെങ്കിലും ജ്യൂസ് കളർഫുൾ ആണ്.  പ്രത്യേകിച്ച് ടേ
സ്റ്റ് ഒന്നുമില്ല എന്ന സത്യം മറച്ചു വെ
ക്കുന്നില്ല പക്ഷെ   

കാണാൻ അടിപൊളി .



Wednesday, April 27, 2022

ഓർമ്മകൾ ഓല മെടയും കാലം

എന്റെ ഓർമ്മയിലെ 
ഓലപ്പുര മേയുന്ന  കാലം.
ജീ
വിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസം ഏതെന്ന് ചോദിച്ചാൽ അത് എനിക്ക് എന്റെ  കുട്ടിക്കാലത്തെ ഞങ്ങളെ ഓലപ്പുര മേയുന്ന ദിനമാണ്. 

വേനൽക്കാലമായാൽ കൊയ്യക്കാരൻ കേളപ്പേട്ടൻ തെങ്ങിൽ നിന്ന് പച്ചോല വെട്ടി താഴെയിടും. അത് വലിച്ച് കിണറ്റിൻ കരയിൽ എത്തിക്കുന്ന ജോലി ഞങ്ങൾ കുട്ടികളുടേതായിരുന്നു. അന്ന് കപ്പിയും കയറും ഉപയോഗിച്ച് കിണറ്റിൻ പടവിൽ നിന്ന് വെള്ളം കോരി കുളിക്കുന്ന കാലം . ( ഷവർ ഒക്കെ സ്വപ്നത്തിൽ മാത്രം ...) അട്ടിയട്ടിയായി ചീന്തി ഇടുന്ന ഓല മേലെ നിന്നാണ് ഞങ്ങൾ കുട്ടികളുടെ കുളി . രണ്ടുണ്ട് കാര്യം കുളിയും നടക്കും ഓല നനഞ്ഞ് മടയാൻ പാകത്തിലാവുകയും ചെയ്യും ..

പിന്നെ ഒന്നു രണ്ടു മാസം ഓലമടയൽ കാലമാണ് . 

നാരായണിയേച്ചിയും ശാന്തേച്ചിയും ഓല മടയാൻ നിത്യവും വീട്ടിൽ വരും... അവർ ഓലമടയുന്നത് കാണാൻ  നല്ല കൗതുകം... ഓല മെടയുന്ന കൂട്ടത്തിൽ നാട്ട് വിശേഷങ്ങളും അത്യാവശ്യം പരദൂഷണവും കേൾക്കാം... 😀


ഓല മെടഞ്ഞ് ഓല ഉണക്കാനിടണം ... ഉണങ്ങി പാകമായാൽ അട്ടിവെക്കും. ചിതൽ വരാതെ നോക്കണം .. ഓർക്കാൻ എന്തൊരു സുഖമാണ് ആ കാലം.


ഇനി ഓല മേയാനുള്ള ദിവസത്തിന്റെ കാത്തിരിപ്പാണ്. അന്നൊക്കെ പുര മേയൽ ഒരു ചെറിയ കല്യാണം പോലെയാണ്. അയൽപക്കത്തുള്ളവർ ഒക്കെ സഹായത്തിനായെത്തും. ഞങ്ങൾ കുട്ടികൾക്ക് ഒരു ഉത്സവം പോലെ.

പുരമേയുന്ന ദിവസം രാവിലെ തന്നെ ചിരികണ്ടൻ വീട് പൊളിക്കാൻ തുടങ്ങും .. കിടക്കപ്പായയിൽ നിന്ന് വീടിന്റെ കഴുക്കോൽ വീടവിലൂടെ ആകാശം കണ്ടാണ് അന്നുണരുക.  ഒരപൂർവ്വ കാഴ്ചയാണ് അത്. അതിന്റെ സുഖം അത് അനുഭവിച്ചവർക്ക് മാത്രം.

പുരമേയാൻ വരുന്നവർക്ക് പുട്ടും കടലക്കറിയും പിന്നെ കപ്പ വറുത്തതും മീൻ കറിയും... ആ കടലക്കറിയുടെ സ്വാദ് പിന്നീട് ഒരിക്കലും അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം .    


താഴെ നിന്ന് മെടഞ്ഞ ഓല വീടിന്റെ നെറുകയിലേക്ക് എറിഞ്ഞെത്തിക്കുന്നതിന്റെ  ഒരു ഹിക്മത്ത് ഒന്നു വേറെ തന്നെയാണ് .. അത് നോക്കിയിരിക്കാൻ നല്ല സുഖം.

ഉച്ചയോടെ പുരമേയൽ തീരുമ്പോൾ ഒരു സങ്കടമാണ് . ഇനി ഇങ്ങനെ ഒരു ദിവസത്തിനായി ഒരു വർഷം കാത്തിരിക്കണം..... 

ഇന്ന് ഞാൻ എന്റെ കോൺക്രീറ്റ് സൗധത്തിൽ ചൂട് കൊണ്ട് എരിപിരി കൊള്ളുമ്പോൾ ഈ ഓർമ്മകളാണ് എന്നെ ഉറക്കുന്നത്.... ഓർമ്മകളെ നിങ്ങൾക്ക് നന്ദി .

കാലമേ എനിക്കെന്റെ ഓലപ്പുര തിരികെ നൽകി  കോൺക്രീറ്റ് സൗധം  തിരികെ എടുത്ത് കൊൾക . ഞാൻ അവിടെ എല്ലാം മറന്ന് ഒന്ന് ഉറങ്ങിക്കോട്ടെ .❤️

Saturday, April 16, 2022

അടതാപ്പ് - Air Potato

 

കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് അടതാപ്പ്. 60 വർഷങ്ങൾക്ക് മുന്പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു,ഉരുളക്കിഴങ്ങ് മണ്ണിനടിയില്‌ ഉണ്ടാകുന്നു- അടതാപ്പ് വള്ളികളിൽ മുകളിൽ ഉണ്ടാവുന്നു. ഇത് ഇപ്പോൾ പല സ്ഥലങ്ങളിലും അപൂർവ്വമായി കാണപ്പെടുന്നു.

ഉരുളക്കിഴങ്ങ് പോലെ തന്നെയുള്ള കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ടതാണ് അടതാപ്പ്. എയർപൊട്ടറ്റോ എന്നും അടതാപ്പ് അറിയപ്പെടുന്നു.ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും.

വളരെയേറെ പോഷകമൂല്യം ഉള്ള വിള കൂടിയാണ് അടതാപ്പ്. ഈ കാരണത്താല്‍ തന്നെയാണ് ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Friday, April 15, 2022

തേൻവരിക്ക


മുരിങ്ങാ മരത്തിൽ പടർന്നു കയറിയ മുല്ലവള്ളി, തേൻ വരിക്ക കായ്ച്ചു നിൽക്കുന്ന പ്ലാവുകൾ, പറമ്പുകൾക്ക് അതിരിടുന്ന കൊള്ളിന് മേലെ തല കുമ്പിട്ടു നിൽക്കുന്ന കുറുക്കൻ മാവുകൾ ബാല്യകാല  ഓർമ്മകൾ ദീപ്തമാണ്. 
ചിരുതാമ്മയും അമ്മാളുവമ്മയും , നാരായണിയും , ബീവിയുമ്മയും അതായിരുന്നു എന്റെ ലോകം . 
സ്കൂൾ പൂട്ടിന് കുട്ടികൾ ഉമ്മയുടെ വീട്ടിൽ പോകുമ്പോൾ ഞാൻ എന്റെ കിടപ്പും തീറ്റയും ഒക്കെ ചിരുതാമ്മയുടെ വീട്ടിലാക്കി.
നല്ല സ്വാദ് ഊറുന്ന തേൻ വരിക്ക കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന എന്റെ ബാല്യം  ... ഇന്നും ഓർമ്മയിലുണ്ട്. അന്നത്തെ പത്തു വയസ്സ് കാരന് എന്ത് ഔചിത്യ ബോധം. അത്രമേൽ ഇഷ്ടമായിരുന്നു എനിക്ക് ചിരുതാമ്മയുടെ വീട്ടിലെ തേൻ വരിക്ക.
ചിരുതാമ്മക്ക് ഞാൻ എന്നാൽ ജീവൻ ആയിരുന്നു. മിനിയേച്ചിക്കും സലിയേട്ടനും ഞാൻ കൂടപിറപ്പ് പോലെ . 
വിഷുവിന് നല്ല ചക്കപ്പായസം . ഇന്നും അതിന്റെ രുചി നാവിൻ തുമ്പിലുണ്ട്. 
ആ സ്ഥലവും വീടും വിട്ട് പയ്യോളിക്ക് പറിച്ച് നടുമ്പോൾ ഏറ്റവും വേദനിച്ചത് ഞാൻ തന്നെയായിരിക്കും.  
" അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും"

പിന്നെയങ്ങോട്ട് എനിക്ക് പനിക്കാലമായിരുന്നു. വിട്ടു മാറാത്ത പനി.  മരുന്ന് കുടിച്ച് മാറാത്തതിനാൽ ഒരു മുസല്യാരുടെ മാറ്റൽ ചികിൽസ തുടങ്ങി ... എന്നിട്ടും പനിക്ക് ഒരു ശമനവുമില്ല.
തേൻ വരിക്കയും അവിടത്തെ കിണറിലെ വെള്ളവും ഞാൻ പനി കിടക്കയിലും ചോദിച്ചു കൊണ്ടേയിരുന്നു. അവസാനം മുസല്യാർ ഒരു കാര്യം കണ്ടു പിടിച്ചു എനിക്ക് ബാധ കയറിയിട്ടുണ്ട്.  ചിരുതാമ്മയുടെ ഭർത്താവ് ചെറിയ ക്കച്ചന്റെ ആത്മാവ് എന്റെ ശരീരത്തിൽ  സന്നിവേശിച്ചിരിക്കുന്നു. 
മാറ്റൽ ചികിൽസ വേണം എന്നാലെ ബാധ ഒഴിയൂ...
മാറ്റൽ ചികിൽസക്ക് 101 കാഞ്ഞിരത്തിന്റെ ഇല , 101ചിരട്ടി, കുറച്ച് കൂവളത്തിന്റെ ഇല, രണ്ട് ബക്കറ്റ് വെള്ളം അങ്ങിനെയങ്ങിനെ ഒരു വലിയ ലിസ്റ്റ് തന്നെ മുസല്യാർ കുറിച്ച് കൊടുത്തു. കാഞ്ഞിരത്തിന്റെ ഇലയിൽ
ബിസ്മില്ലായിൽ തുടങ്ങുന്ന വരികൾ കുറിച്ചിട്ടു. ചിരട്ട കൊണ്ട് അടുപ്പ് കൂട്ടി അതിൽ ഇലകൾ ഒന്നൊന്നായി യാ അള്ളാഹ് യാ ശൈഖ് എന്ന് വലിയ ശബ്ദത്തിൽ ഉച്ചരിച്ചു കൊണ്ട് മുസല്യാർ ഒരോന്നായി തീയിലേക്കിട്ടു. തീയിലിടുമ്പോൾ നല്ല ഒച്ചയുണ്ട്. പച്ചില കത്തുമ്പോൾ ഉള്ള ശബ്ദം ബാധ ഒഴിയുന്നതിന്റെ ലക്ഷണമാണെന്ന് മുസല്യാർ ...😀
101 ഇലയും നിവേദിച്ചു കഴിഞ്ഞപ്പോൾ അവർ എന്നെ ഒരു മരപ്പലകയിൽ ഇരുത്തി മേലെ ഒരു മുണ്ടു നാലാളു കൂടി നിവർത്തി പിടിച്ചു. ഞാൻ പന്തലിന് ചോട്ടിൽ ഇരിക്കുമ്പോലെ ...

ഇനിയാണ് കളി കാര്യമാവുന്നത് ഈ നിവർത്തി പിടിച്ച മുണ്ടിലേക്ക് കത്തുന്ന കനലാകെ ഇടണം . കനൽ ഇടുന്ന മുറയ്ക്ക് ബക്കറ്റിലെ വെള്ളം അതിന് മേൽ ഒഴിക്കണം അതിന് നാല് വാല്യക്കാരെ വേറെയും ഏർപ്പാടാക്കിയിട്ടുണ്ട് ...
മുസല്യാർ എന്തൊക്കെയോ ഓതാനും ഇടക്കിടെ എന്റെ മേൽ ഊതാനും തുടങ്ങി ...
അവസാനം ഞാൻ ഒരു അർദ്ധ മയക്കത്തിലായി ... ശരീരത്തിൽ ചൂടുവെള്ളം പതിച്ചപ്പോഴാണ്
ഞാൻ ഉണർന്നത്.. എല്ലാം കഴിഞ്ഞിരിക്കുന്നു മുസല്യാർ ബാധ ഒഴിപ്പിച്ചു എന്ന കരകമ്പി നാട്ടിലെങ്ങും പാട്ടായി.
പക്ഷെ അപ്പോഴും എന്റെ മനസ്സു നിറയെ ചെറിയാക്കച്ചനെ അടക്കം ചെയ്ത പ്ലാവിലെ തേൻ വരിക്കയായിരുന്നു....

✍🏻 ഫൈസൽ പൊയിൽക്കാവ്


Thursday, April 14, 2022

ട്വിറ്റർ = 3.10 ലക്ഷം കോടി


ഇന്ന് എല്ലാ മുഖ്യധാരാ പത്രങ്ങളിലും ഈ ഒരു വാർത്ത വന്നിട്ടുണ്ട്.

"ആഗോള ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് സാമൂഹിക മാധ്യമ കമ്പനിയായ 'ട്വിറ്ററി'നെ ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ചു. ഓഹരിയൊന്നിന് 54.20 ഡോളര്‍(ഏകദേശം 4133 രൂപ).

ഇതനുസരിച്ചു കമ്പനിയുടെ മൂല്യം 4,139 കോടി ഡോളര്‍ വരും. അതായത്, ഏതാണ്ട് 3.10 ലക്ഷം കോടി രൂപ വരും. "

3.10 ലക്ഷം കോടി വിലയിട്ടത് സാക്ഷാൽ ഇലോൺ മസ്ക് .   ( ടെസ്ല മോ‍ട്ടോർസിൻറെയും 2012ൽ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്‌ടിച്ച സ്പേസ് എക്സ് എന്നീ കമ്പനികളുടെ സ്ഥാപകനാണ് അദ്ദേഹം. റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനി സ്പേസ് എക്സ് ആണ്. )   ഇത്ര വലിയ ഒരു മോഹ വില നൽകിയിട്ടും ട്വിറ്ററിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാൾ പറഞ്ഞത് കൂടി കൂട്ടി വായിക്കുമ്പോഴാണ് ചിത്രം പൂർണ്ണമാവുക. മോഹവിലയിട്ട മസ്‌കിന്റെ ഓഫറിന്റെ 'തടവിലല്ല' ട്വിറ്ററെന്ന്‌ വ്യക്തമാക്കി സി.ഇ.ഒ പരാഗ് അഗ്രവാള്‍..

ഇത്രയും മൂല്യമുള്ള ജാക്ക് ഡോർസി സ്ഥാപിച്ച ട്വിറ്ററിന്റെ അമരക്കാരൻ ഒരു ഇന്ത്യക്കാരൻ ആണെന്നതിൽ നമുക്ക് അഭിമാനിക്കാം.. 
അജ്മീറിൽ ജനിച്ചു. 
ബോംബെ ഐ.ഐ ടി യിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് . അമേരിക്കൻ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ എം എസും ഡോക്ടറേറ്റും. ആദ്യകാലത്ത് മൈക്രോ സോഫ്റ്റിലും യാഹുവിലും ജോലി . പിന്നെ ട്വിറ്ററിൽ ചീഫ് ടെക്നിക്കൽ ഓഫീസർ .. ഇതാ ഇപ്പോ ജാക്ക് ഡോർസിക്ക് ശേഷം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ.

Monday, April 11, 2022

കോന്തല - ഒരു വായനാ + യാത്രാനുഭവം

 


ഉമ്മാമയുടെ കോന്തല എന്റെ കുട്ടിക്കാലത്തെ നിറമുള്ള ഓർമ്മയാണ്. ഉമ്മാമ കോന്തലക്ക്  കെട്ടി വെക്കുന്ന നാണയ തുട്ടുകളും ഒന്നിന്റെയും രണ്ടിന്റെയും നോട്ടുകളും എന്നും ഞങ്ങൾ കുട്ടികളെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. മിഠായി വാങ്ങാൻ ഉമ്മാമ കോന്തല അഴിച്ച് പൈസ എടുക്കുന്നത് ഇന്നലെ പോലെ എന്റെ ഓർമ്മയിലുണ്ട്. ഉമ്മാമ മരിച്ചിട്ട് ഇന്നേക്ക് ഇരുപത്തഞ്ച് വർഷം കടന്നുപോയി .. കോന്തല കണ്ടവരുണ്ടോ എന്ന് ഇന്നത്തെ സ്കൂൾ ക്ലാസ്സിൽ ചോദിച്ചാൽ ഒരു കുട്ടി പോലും കൈ ഉയർത്തുമെന്ന് തോന്നുന്നില്ല... പാവം അവരെ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തേ ഉമ്മാമ മാർക്ക് കോന്തലയില്ലല്ലോ..

കോന്തല ഇന്നത്തെ തലമുറ കണ്ടു കാണില്ല ചിലപ്പോൾ കേട്ടു പോലും . ' കോന്തല ' സമീപ ഭാവിയിൽ തന്നെ അന്യം നിന്നു പോയേക്കാവുന്ന ഒരു പദപ്രയോഗമായേക്കാം . 

എന്തും ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ന്യൂജെൻ ചിലപ്പോൾ കോന്തലയും തിരയും.  പക്ഷെ കൽപ്പറ്റ മാഷ് എഴുതിയ പുസ്തക കവർ കണ്ട് തൃപ്തിപ്പെടേണ്ടതായി വരും അവർ... ഗൂഗിളിനും അറിയില്ല ശരിക്കുള്ള കോന്തല എന്താണെന്ന് .

കോന്തലയെ അതിലൂടെ എന്റെ പുന്നാര ഉമ്മാമയെ എന്നെ ഓർമ്മിപ്പിച്ചത് കൽപ്പറ്റ മാഷിന്റെ ' കോന്തല' എന്ന പുതിയ പുസ്തകമാണ്.  

മാഷ് നമുക്ക് വേണ്ടി അദ്ദേഹത്തിന്റെ വയനാടൻ ഓർമ്മകളുടെ കോന്തല കെട്ടഴിക്കുകയാണ് ഈ പുസ്തകത്തിലുടെ...

വയനാടൻ ഓർമ്മകൾ എന്തു ഭംഗിയായാണ് അദ്ദേഹം ഈ പുസ്തകത്തിൽ കോറിയിട്ടിരിക്കുന്നത്. 

" കുഴിച്ചിട്ടാല്‍ കുപ്പിച്ചില്ലും മൂന്നാംനാള്‍ മുളച്ചു പൊന്തുന്ന വയനാടന്‍ മണ്ണ് .  . കുത്തിപ്പറിക്കുന്ന തണുപ്പ് ഇടമുറിയാത്ത മഴ ഏകാന്തത മാറിമാറിച്ചിരകുന്ന ചീവീടുകള്‍ തീരാത്ത രാവുകള്‍

ഇരുട്ടിനിരട്ടിയിരുട്ട് അസ്വസ്ഥതയ്ക്കിരട്ടിയസ്വസ്ഥത പ്രത്യാശയ്ക്ക് ഇരട്ടി സൂര്യപ്രഭ.

കാപ്പിപൂത്താല്‍ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഉദ്യാനം. തുടിയൊച്ചകൊണ്ട് കരയിട്ട വേനല്‍സന്ധ്യകള്‍, സദാ എന്തെങ്കിലും കുഴിച്ചിടുകയോ കുഴിച്ചെടുക്കുകയോ ചെയ്യുന്ന കര്‍ഷകര്‍. വയനാടൻ ഓർമ്മകളിൽ  കൽപ്പറ്റ ....


കോന്തല വായിച്ചപ്പോൾ വീണ്ടും വയനാടൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാൻ ഒരു മോഹം. രാവിലെ കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിക്ക് പോവുന്ന ബസ്സിൽ കയറി കൽപ്പറ്റക്ക് ടിക്കറ്റെടുത്തു .. താമരശ്ശേരി ചുരം വഴി വയനാട്... ബസ് ഇപ്പോൾ ചുരം കയറി തുടങ്ങിയിരിക്കുന്നു ... ഹെയർ പിന്നുകൾ ഓരോന്നായി ബസ്സ് പിന്നിടുമ്പോൾ ഞാൻ ബസ്സിന്റെ ജാലകത്തിലൂടെ പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ചു... ഇപ്പോഴും തണുപ്പ് ബാക്കിയുണ്ട് .. പിന്നെ കാടുകൾക്ക് മാത്രമുള്ള മണവും , ചീവീടിന്റെ കരച്ചിലും ...


ചുരം കയറി വൈത്തിരി എത്തുമ്പോൾ കാപ്പിത്തോട്ടങ്ങൾ വേരോടെ പിഴുതെറിയുന്ന ജെ.സി.ബി രാക്ഷസനെ കണ്ടു ... എനിക്ക് ഏറ്റവും വെറുപ്പുള്ള ഈ നൂറ്റാണ്ടിന്റെ മഹത്തായ കണ്ടുപിടുത്തം..

ഇന്ന് കേരളം മുഴുവൻ ഈ രാക്ഷസന്റെ കരാള ഹസ്തത്തിലാണല്ലോ .. പരിസ്ഥിതി നശിപ്പിച്ചുള്ള എല്ലാ വികസനത്തിനും ഞാൻ എതിർപക്ഷത്തു തന്നെയാണ്.   ഇങ്ങനെ പോയാൽ

ഇനി വയനാടൻ മണ്ണിലും കുപ്പിച്ചില്ല് പോയിട്ട് ഒരു ശീമ കൊന്ന പോലും മുളക്കാത്ത കാലം അതി വിദൂരമല്ല.....

പ്രകൃതിയുടെ കടയ്ക്കൽ കത്തി വെച്ചുള്ള വികസനമല്ല നമുക്ക് വേണ്ടത് മറിച്ച് പ്രകൃതിയോട് ഇണങ്ങി ചേരുന്ന വികസനം  ( environment sustainable development ) അതാണ് നമുക്കാവശ്യം .

കൽപ്പറ്റയിൽ നിന്ന് വീണ്ടും ബസ്സ് കയറി ചുണ്ടേൽ ഇറങ്ങി... നിഴൽ വീണുറങ്ങുന്ന നാട്ടു പാതയിലൂടെ കുറേ നടന്നു ... ഭാഗ്യത്തിന് ഒരു നൂൽ മഴ കിട്ടി . നൂൽ മഴ വയനാടിന്റെ മാത്രം പ്രത്യേകതയാണല്ലോ.. ഈ വയനാടൻ ഗ്രാമഭംഗി അടുത്ത തലമുറക്ക് കുറച്ചെങ്കിലും നാം ബാക്കി വെച്ചേക്കണം. പേരിനെങ്കിലും.  ആ ഒരു പ്രാർത്ഥന മാത്രം ബാക്കി. 


നമ്മുടെ ന്യൂ ജനറേഷനു വേണ്ടി കോന്തല എന്ന പദം ഇവിടെ പരിചയപ്പെടുത്തുന്നു.

 *കോന്തല = വസ്ത്രത്തിന്‍റെയും മറ്റും അറ്റം / പണസഞ്ചി* 

 പിന്നെ  ഇതു വായിക്കുന്നവരോട് ഒരപേക്ഷയുണ്ട് നിങ്ങളെ വീട്ടിൽ കോന്തല ഉപയോഗിക്കുന്ന ഉമ്മാമമാർ ഇപ്പോഴും  ഉണ്ടെങ്കിൽ അവരുടെ ഒരു ഫോട്ടോ പിടിച്ച് ഇവിടെ കമന്റായി കെടുത്തേക്ക്😀


✍🏻 ഫൈസൽ പൊയിൽക്കാവ്

ഇവിടെ ചേർത്തിരിക്കുന്ന ചിത്രത്തിനോട് അത് എടുത്ത ആളിനോട് കടപ്പാട് രേഖപ്പെടുത്തുന്നു.

Tuesday, April 5, 2022

ചാവക്കാട്ടെ നാലുമണി കാറ്റ്

 

ചില യാത്രാ ഓർമ്മകൾ നമ്മൾ മനസ്സിലിട്ട് താലോലിക്കും പ്രത്യേകിച്ചും പ്രിയപ്പെട്ടവരുമൊത്തുള്ള യാത്രകൾ. 

ഈ പ്രാവശ്യം യാത്ര ചാവക്കാട്ടേക്കാണ് . പുലർച്ചെ എഴുന്നേറ്റപ്പോൾ നല്ല മഴ .. ചുട്ടു പൊള്ളുന്ന വേനൽ ചൂടിൽ മഴ ഒരു ആശ്വാസം തന്നെ .. അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ട്... ഗൂഗിൾ മാപ്പിൽ ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ ആക്കി യാത്ര തുടങ്ങി.  കോഴിക്കോട് ബീച്ച് വഴി മീഞ്ചന്ത , കടലുണ്ടി, തീരൂർ, പൊന്നാനി വഴി ചാവക്കാടേക്ക്.

ആനവണ്ടിയിൽ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഞാൻ ആദ്യമായാണ് കാറിൽ ഡ്രൈവർ സീറ്റിൽ. 

റോഡിലെ ഫ്രണ്ട് വ്യൂവിലൂടെ കാഴ്ചകൾ ഓടി മറയുന്നുണ്ട്... 

ഈ യാത്രക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് . എന്റെ ആത്മ സുഹൃത്ത് ഫസിലിനെ കാണണം. അവൻ ഇപ്പോൾ ചാവക്കാടുണ്ട് . കാനഡയിൽ സെറ്റിൽ  ചെയ്തെങ്കിലും നാടിനേയും നാട്ടാരേയും ഇഷ്ടപ്പെടുന്ന തനി നാടൻ അതാണ് ഫസിൽ. അവസാനമായി ഞങ്ങൾ ഒരുമിച്ച് ബാഗ്ലൂരിൽ നിന്നും കണ്ണൂരേക്ക് ഒരു ബൈക്ക് യാത്ര നടത്തിയിട്ട് ഏഴു വർഷമായിരിക്കുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം..  Time and tide waits for no man 

എന്നാണല്ലോ..

അവനെ കാണാനുള്ള കൊതിയാൽ ഇടക്കിടെ വണ്ടിയുടെ സ്പീഡ് ഞാൻ അറിയാതെ കൂടുമ്പോഴൊക്കെ വൈഫ് എന്നെ ഉണർത്തുന്നുണ്ടായി രുന്നു...

കൊന്നമരം പൂത്തുലഞ്ഞു നില്ക്കുന്ന കേരളത്തിലെ റോഡുകൾ ... നിറയെ കായ്ച്ചു നിൽക്കുന്ന മാവുകൾ ... 

റഫീഖ് അഹമ്മദിന്റെ 

മാമരം കണ്ടേ ചോല കണ്ടേ 

ഇലകൾ കണ്ടേ കായ്കളും ... എന്ന

 വരികൾ കേൾക്കാൻ മനസ്സ് കൊതിച്ചു.

മോനോട് യൂട്യൂബിൽ ഈ പാട്ട് സെർച്ച് ചെയ്ത് പ്ലേ ചെയ്യാൻ പറഞ്ഞു.  

മാമരം കണ്ടേ ചോല കണ്ടേ 

ഇലകൾ കണ്ടേ കായ്കളും ...

മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള

വായാടി പക്ഷിക്കൂട്ടം വന്നുപോയി

കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി

ആകാശപ്പുഴയിലെ കുതിച്ചുപോയി

എഹേയ് കണ്ടു മലനിരാ 

ഓഹോയ് കണ്ടു താഴ്‌വര.....

എന്ത് നല്ല വരികൾ ....


കടലുണ്ടി പക്ഷിസങ്കേതം വഴിയാണ് ഞങ്ങൾക്ക് പോകേണ്ടത് . കണ്ടൽക്കാടും നീർതടങ്ങളും കടന്ന് വണ്ടി ഓടി കൊണ്ടേയിരുന്നു ....

തിരൂർ എത്തിയപ്പോൾ ചായ കഴിക്കാനായി വണ്ടി പാർക്കു ചെയ്തു.  നല്ല വൃത്തിയും വെടിപ്പുമുള്ള നല്ലൊരു ഹോട്ടൽ ... 

മൊബൈൽ റിങ് ചെയ്തപ്പോൾ അങ്ങേ തലക്കൽ ഫസിലാണ്. അവനും എന്നെ കാണാനുള്ള കൊതിയാണെന്ന് മനസ്സിലായി ... തിരൂർ എത്തി എന്നു പറഞ്ഞപ്പോൾ പണ്ട് ഞങ്ങൾ ഒരുമിച്ച് തിരൂർ തുഞ്ചൻ പറമ്പിൽ പോയ കാര്യം അവൻ ഓർമ്മിച്ചു... ഓർമ്മകൾക്ക് മരണമില്ലല്ലോ...

ഒരു കാര്യം കൂടി അവൻ ഓർമ്മിപ്പിച്ചു എടാ നിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ പുന്നയൂർ കുളം തറവാട് പൊന്നാനി ചാവക്കാട് റൂട്ടിലാണെന്ന് ... 

ഇത് കേട്ട പാടെ ഗൂഗിൾ മാപ്പിൽ പുന്നയൂർ കുളം സെർച്ച് ചെയ്തു. പൊന്നാനിയിൽ നിന്നും കുറച്ച് യാത്ര ചെയ്താൽ ആലിൻചുവടെത്തും. അവിടെ നിന്നും രണ്ട് മൂന്ന് കിലോമീറ്റർ ഓടണം പുന്നയൂർ കുളമെത്താൻ.. ഇനി ഏതായലും തിരിച്ചു വരുമ്പോൾ അവിടെ കയറാം എന്ന് മനസ്സിൽ കണക്കുകൂട്ടി...

ചാവക്കാട്ടെത്തുമ്പോൾ ഏകദേശം 11 മണിയായിട്ടുണ്ട്. എന്നെ കണ്ടപാടെ അവൻ ഓടിവന്ന് കെട്ടിപിടിച്ചു ... ഏഴുവർഷങ്ങൾ കാലം ഞങ്ങളിൽ ഒരു മാറ്റവും 

വരുത്തിയില്ല ... എല്ലാം പഴയതു പോലെ... 

കുറേ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത് കൊണ്ട് ഒത്തിരി വിശേഷങ്ങൾ പറയാനുണ്ട് ....


ഉച്ചയൂണിന് ശേഷം ചാവക്കാട് ബീച്ചിലേക്ക് ... 

ബീച്ചിൽ വണ്ടി പാർക്കു ചെയ്തു ഞങ്ങൾ മുന്നിൽ നടന്നു...

കുറച്ച് കഴിഞ്ഞപ്പോൾ പിന്നിലായി നടന്ന ഫസിലിന്റെ ഭാര്യ വഫ ആരെയോ ചീത്ത പറയുന്നു ... കാര്യം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഏതോ ഒരു ഞരമ്പു രോഗി ഫ്രീ ഷോ കാണിച്ചതാണ് ... തനിച്ച് നടക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ചിലർ അങ്ങിനെയാണ് ... ഞങ്ങളെ കണ്ടതും അവൻ വേഗം സ്ഥലം കാലിയാക്കി ... 

ഈ നഗ്നതാ പ്രദർശനം ഒരു മാനസിക രോഗമാണെന്ന് മന:ശാസ്ത്ര വിദഗ്ധൻ ഡോ. എസ് ശാന്തകുമാർ എഴുതിയ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.

 *എക്സിബിഷനിസം* അതാണ്  ഈ രോഗത്തിന്റെ പേര്. എതിർ ലിംഗത്തിനെ കാണുമ്പോൾ തുണിയുരിഞ്ഞു കാണിക്കാനുള്ള മനസ്സിന്റെ വെമ്പൽ... നല്ല പെട കിട്ടാത്തതിന്റെ കുഴപ്പാ....

ഇത് ആണുങ്ങൾക്ക് മാത്രമല്ല ചില സ്ത്രീകളിലും ഈ എക്സിബിഷനിസം ഉണ്ടത്രെ. റോഡിലെ ചെറിയ വെള്ളക്കെട്ടിൽ പോലും ചില സ്ത്രീകൾ വസ്ത്രങ്ങൾ വല്ലാതെ പൊക്കുന്നതിന്റെ മന:ശാസ്ത്രവും ഇത് തന്നെയെന്ന് ശാന്തകുമാർ പറയുന്നു.. 

ഇതേകുറിച്ച് സിഗ്മമണ്ട് ഫ്രോയിഡിന്റെ പഠനങ്ങളും ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നുണ്ട് ...

ബീച്ചിലേക്ക് ആളുകൾ വരാൻ തുടങ്ങിയിട്ടുണ്ട് ... നല്ല ഒന്നാന്തരം ബീച്ച് ഇരിക്കാനും കുട്ടികൾക്ക് കളിക്കാനും ഒക്കെ സൗകര്യമുണ്ട് ...

എല്ലാം മായ്ക്കുന്ന കടലിനെ സാക്ഷി നിർത്തി കടലോർമ്മകൾ കുറിച്ച എന്റെ ആദ്യ പുസ്തകം ഫസിലിനു സമ്മാനമായി നൽകി ഞങ്ങൾ വീണ്ടും ഓർമ്മകളിലേക്ക് ഊളിയിട്ടു. ...

അവിടെ നിന്നു ഞങ്ങൾ നേരെ പോയത് ചാവക്കാട്ടെ പ്രശസ്തമായ നാലുമണിക്കാറ്റ് എന്ന ഫാം ടൂറിസം വില്ലേജ് സന്ദർശിക്കാനാണ് ... ബോട്ടിങ്ങും ഫിഷിങ്ങും ഒക്കെ ആയി നേരം പോയതറിഞ്ഞില്ല. പേരു പോലെ മനോഹരമായൊരിടം ... ദൂരെ നിന്നു പോലും നിരവധി സന്ദർശകർ അവിടെ എത്തുന്നുണ്ട്...

Google