Friday, May 27, 2022

ഹറാം Vs ഹലാൽ


പ്രവാചകചര്യ പിൻ പറ്റി ജീവിക്കുന്നവരാണ് മുസ്ലിങ്ങൾ. പ്രവാചകൻ നിഷിദ്ധമാക്കിയത് ഹറാമും അല്ലാത്തത് ഹലാലും ...

ഇനി ഒരു കഥ സൊല്ലട്ടുമാ ....



എൻപതുകളിൽ കളർ ടിവി വീട്ടിലെത്തിയ കാലം. വലിയ മീൻ മുള്ളു പോലെ വീടിന്റെ മേലെ ടി.വി ആന്റിന . ആ കാലത്ത് വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രമെ ടി.വിയുള്ളു എന്ന കാര്യം ഇവിടെ ഓർമ്മിപ്പിക്കുന്നു. അളിയൻ സലാല ഇലക്ട്രോണിക്ക് ഷോപ്പ് നടത്തുന്നു. അവിടന്ന് മൂപ്പർ അയച്ചതാണ് സോണിയുടെ 21 ഇഞ്ച് കളർ ടി.വി  . ഇനി വേഗം കഥയിലേക്ക് കടക്കാം... അന്ന് പള്ളിയിലെ ഉസ്താദുമാർക്ക് ഭക്ഷണം വീട്ടിൽ നിന്നായിരുന്നു. ഉപ്പ പള്ളിയുടെ പ്രസിഡന്റ് . ഇനിയാണ് കഥയുടെ ട്വിസ്റ്റ് പള്ളി കമ്മിറ്റിയിൽ പ്രമേയം പാസാക്കി. ഇനി മുതൽ ഉസ്താദുമാർക്ക്  ഭക്ഷണം വേണ്ട . കാര്യം വളരെ സിമ്പിൾ      . ടി.വി യുള്ള വീട്ടിൽ നിന്നു ഭക്ഷണം കഴിച്ചാൽ ആ ഉസ്താദുമാരുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കില്ല ... ടി വി അൽ ഹറാം ... 😀 അവിടത്തെ വല്യ ഉസ്താദിന്റെ ഫത്ത് വ ( മത ശാസനം ) .. 

കാലം പോകെ പോകെ ആ വല്യ ഉസ്താദിന്റെ വീട്ടിലും ടീവിയും ഫ്രിഡ്ജും ഒക്കെ വന്നു എന്നത് കാലത്തിന്റെ കാവ്യ നീതി.

ഞാൻ പറഞ്ഞത് ഇത്രയേയുള്ളു ഒരു കാലത്ത് ടി.വി കാണൽ ഹറാം ആക്കിയവർ ഇന്ന് യൂട്യൂബിലൂടെ വഅള് പറഞ്ഞ് കോടികൾ സമ്പാദിക്കുന്നു ... 

ഹറാം ആക്കിയത് ഒക്കെ ഇപ്പോൾ ഹലാൽ ... ഇപ്പോൾ മത സമ്മേളനങ്ങൾ വെബ് കാസ്റ്റിങ്ങ് ചെയ്യുന്നു പണ്ട് എന്റെ കൊച്ചുമ്മയുടെ വീട്ടിൽ കല്യാണത്തിന് വീഡിയോ പിടിച്ചതിന് അവരുണ്ടാക്കിയ പുകിൽ ചില്ലറയൊന്നുമല്ല എന്ന കാര്യം ഇവിടെ പറയാതെ വയ്യ...

ഇനി പലതും ഹലാൽ ആകുന്ന / ആക്കുന്ന കാലം അതി വിദൂരമല്ല.  മൊല്ലാക്കമാർ നീട്ടി നീട്ടി ഈണത്തിൽ പറയുന്ന

വഅള്  ഇനി മേൽ  ചെവി കൊണ്ട് കേട്ടാൽ പോരാ ബുദ്ധി കൊണ്ട് വേണം അത് കേൾക്കാൻ എന്ന് ഓർമ്മിപ്പിച്ചു നിർത്തുന്നു.


# Apply your thoughts

Friday, May 20, 2022

പട്ടി കടിച്ചാൽ ....


പട്ടി  കടിച്ചാൽ , പൂച്ച മാന്തിയാൽ ഒക്കെ എത്രയും പെട്ടെന്ന് ആന്റി റാബീസ് ഇൻജെക്ഷൻ എടുക്കാൻ മറക്കല്ലേ.... അതും എത്രയും പെട്ടെന്ന് ....



( മാതൃ ദിനത്തിന്റന്നു ഞാൻ പഠിപ്പിച്ച  എന്റെ പ്രിയ ശിഷ്യൻ അമർനാഥിൻറെ  ഫേസ്ബുക് പോസ്റ്റ് ആണ്  ഇത് എഴുതാൻ പ്രേരകം.....അവനെ നായ കടിച്ച വിവരം പങ്കുവെച്ചു കൊണ്ടുള്ള വളരെ തമാശ മട്ടിൽ എഴുതിയ പോസ്റ്റ്  എന്നെ കുറെ വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോയി. )


എൻ്റെ ഒരു അനുഭവം ....  

------------------------------------

ഒരു ദിവസം വീട്ടിൽ നിന്ന് ധൃതി പെട്ട് ഓഫീസിലേക്ക് ഇറങ്ങുമ്പോൾ  വാതിൽക്കൽ കിടന്ന പൂച്ചയെ അറിയാതെ ഒന്ന് ചവിട്ടി ... ചവിട്ടിയതും പൂച്ച കാലിൽ മാന്തി. അത് വലിയ കാര്യമാക്കാതെ ഞാൻ ഓഫീസിലേക്കു പോന്നു ..ചെറുതായിട്ടുള്ള നീറ്റൽ ഞാൻ അത്ര കാര്യമാക്കിയില്ല..രണ്ടു ദിവസം കഴിഞ്ഞു മുറിവ് ഉണങ്ങാതെ ആയപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു... രണ്ടു ദിവസം വൈകിയതിന് ഡോക്ടർ കുറെ ചീത്ത പറഞ്ഞു.. എത്രയും പെട്ടെന്ന് ആന്റി റാബീസ് വാക്‌സിൻ എടുക്കാൻ നിർദ്ദേശിച്ചു...രണ്ടാഴ്ച്ച കാലം മാന്തിയ പൂച്ചയെ നിരീക്ഷിക്കാനും പറഞ്ഞു.... ഡോക്ടർ പറഞ്ഞത് പ്രകാരം ഞാൻ പൂച്ചയെ നിരീക്ഷിച്ചു വന്നു..... പല വീടുകളിലും മൂപ്പർ സന്ദർശനം നടത്തുന്നതിനാൽ ചില ദിവസങ്ങളിൽ അതിനെ കാണാറില്ല ....ഞാൻ അതത്ര വല്യ കാര്യം ആകാറുമില്ല...


പക്ഷെ ഒരു ദിവസം യാദൃശ്ചികമായി വീട്ടിൽ നിന്ന് മാർക്കറ്റിലേക്ക് പോകുമ്പോൾ വഴിയരികിൽ നമ്മുടെ വില്ലൻ പൂച്ച വായിൽ നിന്നും നുരയും പാതയും വന്ന് ചത്ത് മലർച് കിടക്കുന്നു.... അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാൻ വയ്യ.. രാത്രിയിൽ പേ ഇളകുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു...ഉറക്കമില്ലാത്ത രാത്രികളായി പിന്നങ്ങോട്ട്.....


( മൃഗയ എന്ന മമ്മൂട്ടി സിനിമയിലെ പട്ടി കടിച്ചു പേ ഇളകുന്ന രഘു അവതരിപ്പിച്ച കഥാപാത്രത്തെ നമ്മൾ അത്രപെട്ടന്നങ്ങു മറക്കില്ല....)


പലതും ആലോചിച്ചു കൂട്ടി ..... ഇൻജെക്ഷൻ എടുക്കാൻ വൈകി പോയി എന്ന് ഡോക്ടർ പറഞ്ഞ വാക്കുകൾ ... അത് വലിയ കുഴപ്പമായി... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല... ആരോടും ഒന്നും പറഞ്ഞില്ല... ദിവസങ്ങൾ തള്ളി നീക്കി... ആയുസ്സിന്റെ  ബലം കൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല...


കുറെ വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഒരിക്കൽ കൂടി .... ഇപ്രാവശ്യം വില്ലൻ ഒരു പട്ടി ആയിരുന്നു. ഒരു ഫാം വിസിറ്റിനു പോയ എന്നെ പിന്നിലൂടെ വന്ന പട്ടി വട്ടം പിടിച്ചു .. ഞാൻ കുതറി മാറിയപ്പോൾ അതിന്റെ നഖം കൊണ്ട് കൈയ്യിൽ പോറി ... ഇപ്രാവശ്യം വേറെ ഒന്നും ആലോചിക്കാതെ പോയി ഇൻജെക്ഷൻ എടുത്തു....


മലയാറ്റൂർ എഴുതിയ വേരുകൾ എന്ന നോവലിലെ ഒരു കഥാപാത്രം നായ കടിച്ചപ്പോൾ ഇൻജെക്ഷൻ എടുക്കാതെ പ്രകൃതി ചികിത്സ സ്വീകരിച്ചു അവസാനം പേ പിടിച്ച് മരിക്കുന്നുണ്ട് ... നമ്മുടെ സമൂഹത്തിൽ ഇന്നും അത്തരം സംഭവങ്ങൾ   ആവർത്തിക്കപ്പെടുന്നു എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു....പ്ളീസ് ഇനിയും ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ ആവർത്തിച്ചു് കൂടാ.... 


പൂച്ച മന്തിയാലും നായ കടിച്ചാലും ഒക്കെ എത്രയും പെട്ടെന്ന് കുത്തിവെപ്പ് എടുക്കുക...  കുത്തിവെപ്പ് എടുക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക.................


ഫൈസൽ  പൊയിൽക്കാവ്

Saturday, May 14, 2022

*വയനാടൻ കുളിരും നാട്ടു ഭംഗിയും*

വീണ്ടും ഒരു വയനാടൻ യാത്ര ഒത്തു വന്നു. താമരശ്ശേരി ചുരം കയറി വയനാട്ടിലേക്ക്. ചെറിയ ഒരു പേടി മനസ്സിലുണ്ടെങ്കിലും സാക്ഷാൽ പപ്പു വിനെ മനസ്സിൽ ധ്വാനിച്ച് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു. ആദ്യമായാണ് ഡ്രൈവർ റോളിൽ ചുരം കയറുന്നത്. ഒമ്പതാം ഹെയർ പിൻ വളവും പിന്നിട്ടപ്പോൾ ഇതൊക്കെയെന്ത് എന്ന ഭാവം .. കുതിരവട്ടം പപ്പു വിന്റെ സിനിമാ ഡയലോഗ് പോലെ ... നീ സുലൈമാനല്ല ഹനുമാനാ എന്ന ഡയലോഗ് ഓർത്തു മനസ്സിൽ ചിരി പൊട്ടി.




നേരെ ബാണാസുര ഡാമിലേക്ക് യാത്ര തിരിച്ചു.  ഇത്രയ്ക്ക് പ്രകൃതി ഭംഗിയുള്ള ഡാം സൈറ്റുകൾ കേരളത്തിൽ വിരലിൽ എണ്ണാവുന്നത്. ഫ്ലോട്ടിങ്   സോളാർ പാനലുകൾ ഉപയോഗിച്ചുള്ള വൈദ്യുതി  ഉൽപ്പാദനവും നമുക്ക് അവിടെ കാണാം.

കോടമഞ്ഞ് താഴ് നിറങ്ങുന്ന പച്ചപ്പട്ട് പുതച്ച മലനിരകൾ എത്ര കണ്ടാലും  മതിവരില്ല. ഡാമിലൂടെ ഒരു സ്പീഡ് ബോട്ട് സവാരി കൂടിയാവുമ്പോൾ നമ്മുടെ മനസ്സ് നിറയും.

കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ സഞ്ചരിച്ചാൽ  പടിഞ്ഞാറത്തറ എത്തും. അവിടെ  കബനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു  കുറുകെയാണ്  ബാണാസുര സാഗർ അണക്കെട്ട് പണിതിരിക്കുന്നത് ...



Wednesday, May 4, 2022

ബഷീറും തേന്മാവും



കുട്ടിക്കാലത്ത് വായിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ തേന്മാവ് എന്ന കഥ ഒരു പുനർവായന നടത്തിയപ്പോൾ എനിക്ക്  തോന്നിയത് ഞാൻ ഇവിടെ കുറിക്കുന്നു.

പല കഥകളും വായിച്ചിട്ടുണ്ട് പക്ഷെ തേന്മാവ് പോലൊരു കഥ വായിക്കുമ്പോൾ വായനക്കാരൻ അനുഭവിക്കുന്ന അനിർവചനീയമായ ഒരു അനുഭൂതി .. പറയാനുള്ളത് ബഷീർ വളരെ സരസമായ ഭാഷയിൽ പറഞ്ഞു പോകുമ്പോൾ അതിലെ കഥാപാത്രമായ റഷീദ് ഞാൻ ആയിരുന്നുവെങ്കിൽ എന്നാശിച്ചു പോവുന്നു. തേന്മാവിനെ സ്നേഹിക്കുന്ന രണ്ടു വ്യക്തികൾ - റഷീദും ,അസ്മായും. അവർക്ക് ഒരു തേന്മാവിനോടുള്ള സ്നേഹത്തിന്റെയും, അതിനിടയാക്കിയ സാഹചര്യത്തിന്റെയും കഥയാണിതു്. ഈ തേന്മാവിന്റെ ചരിത്രം റഷീദും ആസ്മായും ബഷീറിനോടു പറയുന്നതാണു കഥാസന്ദർഭം. 

 ഈ കഥ വായിക്കുന്നവരൊക്കെയും ഒരു വൃക്ഷത്തെയെങ്കിലും നട്ട്  സംരക്ഷിക്കണമെന്ന സന്ദേശമാണു ബഷീർ നൽകുന്നതു്.ഒരു വൃക്ഷത്തോടുള്ള സ്നേഹം വൃക്ഷാരാധനയായി കല്പിക്കപ്പെടുന്നതിലുള്ള ബഷീറിന്റെ അതൃപ്തിയും ഈ കഥയിൽ കാണാവുന്നതാണ്.

ഈ മാമ്പഴകാലത്ത്നമ്മുടെ കുട്ടികൾ ഇത്തരത്തിലുള്ള കഥകൾ  വായിച്ചു വളരട്ടെ .....


✍🏻ഫൈസൽ പൊയിൽക്കാവ്

Google