Sunday, July 12, 2020

അബിയു - ABIU

🌳🌳🌳🌳🌳🌳പഴങ്ങളെ അറിയുക
🌱🌱🌱🌱🌱🌱🌱

അബിയു - ABIU
🌿🌿🌿🌿🌿



അബിയു എന്ന  പഴവർഗച്ചെടി കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി.പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറു കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് അനുരൂപമായി വളരുന്നു.

 സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്ന ശാസ്‌ത്രനാമത്തിലറിയപ്പെടുന്ന അബിയുവിന്റെ വളര്‍ച്ച ത്വരിതഗതിയിലാണ്‌. മൂന്നുവര്‍ഷത്തിനുള്ളില്‍ പുഷ്‌പിച്ചു ഫലം തന്നു തുടങ്ങും. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌.

 സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണ്‌ കൃഷിക്ക്‌ യോജ്യമാണ്‌. വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത്‌ അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത്‌ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട്‌ തടം മൂടി തൈകള്‍ നടാം. മഴ ലഭിക്കുന്നില്ലെങ്കില്‍ ജലസേചനമാകാം. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ വളങ്ങള്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ചെടികളുടെ മുകള്‍തലപ്പുനുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും. പൂന്തോട്ടത്തില്‍ അലങ്കാരസസ്യംപോലെ ഇവ വളര്‍ത്തുകയുമാകാം. നാട്ടിലെത്തിയ വിദേശപഴച്ചെടികള്‍പോലെ അബിയുവും തോട്ടങ്ങള്‍ കീഴടക്കുന്ന കാലം വിദൂരമല്ല.

No comments:

Google