Sunday, June 26, 2022

ഗന്ധമാപിനി


യു.എ ഖാദറിന്റെ ചെറുകഥാ സമാഹാരമാണ് ഗന്ധമാപിനി. ഒരു കാലത്തെ  കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും ചർച്ചാ വിഷയമാവുന്ന ഗന്ധമാപിനി വായിച്ചു പോവുമ്പോൾ കൊയിലാണ്ടിക്ക് ഇങ്ങനെ ഒരു പൂർവ്വ കാലം ഉണ്ടായിരുന്നോ എന്ന് നമ്മൾ ആശ്ചര്യപ്പെടും. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന തണ്ടാൻ വയലും , വയലിൽ പണിയെടുക്കുന്ന ചെറുമികളും  എത്ര മനോഹരമായിട്ടാണ് അദ്ദേഹത്തിന്റെ എഴുത്തിൽ കോറിയിട്ടിരിക്കുന്നത്.  ഇപ്പോൾ വയൽ പോയിട്ട് ഒരു കുളം പോലും ഇല്ലാതായിരിക്കുന്നു.  എന്റെ ഊഹം  ശരിയാണെങ്കിൽ കൊയിലാണ്ടി  പുതിയ ബസ്സ് സ്റ്റാന്റും പരിസരവും ആയിരിക്കണം യു.എ ഖാദർ പറഞ്ഞ തണ്ടാൻ വയൽ. 

കൊയിലാണ്ടി ബപ്പൻ കാട് റോട്ടിൽവടക്കോട്ട് അഭിമുഖമായ തറവാട് ... ഇപ്പോൾ നാശോന്മുഖമാണ്  കഴുക്കോലും തൂണുകളും ചിതൽപ്പിടിച്ച് :


കൊയിലാണ്ടിയും പരിസരവും അത്രമേൽ ആഴത്തിൽ ഖാദറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു.


Friday, June 24, 2022

ഇലഞ്ഞിപ്പൂമണം

 ഇലഞ്ഞിമരങ്ങൾ പൂത്തു തുടങ്ങി ... ഇലഞ്ഞിപ്പൂക്കൾ കയ്യിലെടുത്ത് മണത്ത് നോക്കിയിട്ടുണ്ടോ?

നാസികയിൽ നിന്ന് സിരകളിലേക്ക് പടർന്ന് കയറുന്ന മണം അതാണ് ഇലഞ്ഞിപ്പൂമണം. 

 ഇലഞ്ഞിപൂക്കളുടെ മണത്തിനെ പറ്റി പറയുമ്പോൾ 

പഴയ ഒരു മലയാള സിനിമാ ഗാനം ഓർമ്മയിലെത്തും. ശ്രീകുമാരൻ തമ്പി എഴുതി യേശുദാസ് പാടിയത് ഓർമ്മയില്ലെ. 

"ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു

ഇന്ദ്രിയങ്ങളിലതു പടരുന്നു.. "

എത്ര അർത്ഥവത്തായ വരികൾ.. 



ഇന്ന് വണ്ടി പാർക്ക് ചെയ്തത് അങ്ങിനെയൊരു ഇലഞ്ഞി മരത്തിന് ചുവട്ടിലാണ്. ഞാൻ കുറേ പൂക്കൾ പെറുക്കി കാറിൽ വെച്ചു. എ. സി ഓൺ ചെയ്തപ്പോൾ കാറിനകത്ത് ഏതൊരു കമ്പനി എയർ റിഫ്രഷറിനേയും തോൽപ്പിക്കുന്ന മണം...

ഇലഞ്ഞിപൂവ് വാടും തോറും സുഗന്ധ മേറിവരും . ഇതിന്റെ പൂവിൽ നിന്നും വാസനാ തൈലം വാറ്റിയെടുക്കാറുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

ഇലഞ്ഞിപൂക്കളും പഴുത്ത ഇലഞ്ഞി കായ്കളും . ചൊട്ടി കളിക്കാൻ എടുത്തിരുന്ന ഇലഞ്ഞിക്കുരുവും ... ഇതൊക്കെ എന്റെ ബാല്യ കാലത്തെ നഷ്ട സ്വപ്നങ്ങളാണ്..



ഇലഞ്ഞിയും പാരിജാതവും പവിഴമല്ലിയും പൂത്തു നിൽക്കുന്ന തൊടി അത് എന്റെ ഒരു സ്വപ്നമായി അവശേഷിക്കുന്നു....

ചിത്രത്തിൽ ഞാൻ ഇന്നു കണ്ട സി.കെ.ജി. സ്കൂൾ മുറ്റത്ത് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കപ്പെട്ട ഇലഞ്ഞിമരം  . 


✍🏻

ഫൈസൽ പൊയിൽക്കാവ്

Saturday, June 18, 2022

വീണ്ടും ഒരു വായനാ ദിനം കൂടി*


പുതുവായിൽ നാരായണ പണിക്കറുടെ ഓർമ്മദിനമാണ് ( ജൂൺ 19 ) നമ്മൾ വായനാ ദിനമായി ആചരിക്കുന്നത്. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആണ് അദ്ദേഹം.





വായനയും അറിവും ജോലി കിട്ടാന്‍ മാത്രമുള്ള ഒന്നല്ല. അത് മനുഷ്യന്റെ സ്വഭാവ ശീലങ്ങളില്‍ മാറ്റം വരുത്തുകയും അതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു. നല്ല പൌരന്മാര്‍ നാടിന്‍റെ സമ്പത്ത് ആകുന്നു. അതിനാല്‍ രാജ്യത്തിന്റെ പുരോഗതിയില്‍ മാറ്റംവരുത്താന്‍ വായന ശീലം മുതല്‍ക്കൂട്ടായ ഒരു തലമുറക്ക് സാധിക്കും. വായന ഒരാളെ പൂര്‍ണ്ണനാക്കുന്നുവെന്ന് ചിന്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് ബെക്കണ്‍ അഭിപ്രായപ്പെടുന്നു. വായന ഓരോ സമയം നമ്മുടെ ഇന്ദ്രിയങ്ങളെ പരിപോക്ഷിപ്പിച്ചുകൊണ്ട് ചിന്തയെ ഉദ്ധീപിപ്പിക്കുന്നു. 

എല്ലാവർക്കും പുസ്തകപ്പുരയുടെ നല്ലൊരു വായനാ ദിനാശംസകൾ നേരുന്നു.


 ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും _ എ പി ജെ അബ്ദുല്‍ കലാം

എന്റെ കുറ്റികുരുമുളക് കൃഷി അനുഭവം

 

കുറ്റികുരുമുളക്  കൃഷി ചെയ്ത് വീട്ടമ്മമാർക്ക്എളുപ്പത്തിൽ ഒരു വരുമാന മാർഗ്ഗം കണ്ടെത്താം.   

മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. സ്ഥല പരിമിതി ഉള്ളവര്‍ക്ക് കുറ്റിക്കുരുമുളക് താങ്ങുകന്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഇത് വളരെ അനുയോജ്യമാണ്. കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്.

ചതുപ്പ് നിലങ്ങളിൽ കൃഷി ചെയ്യാൻ കാട്ടു തിപ്പല്ലിയിൽ ബഡ് ചെയ്ത കരിമുണ്ടയിനത്തിൽ പെട്ട കുറ്റി കുരുമുളക് ഉപയോഗിക്കാം...

ആറ് മാസം വളർച്ചയെത്തിയ നല്ല കുറ്റികുരുമുളക് തൈകൾ ലഭ്യമാണ്. 

Mob : 7012853532


✍🏻 ഫൈസൽ പൊയിൽക്കാവ്

Sunday, June 12, 2022

പവിഴമല്ലി പൂക്കൾ

വിഴമല്ലി എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്ന ഓർമ്മ ശ്രീനിവാസൻ തകർത്ത് അഭിനയിച്ച സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിലെ പാട്ടു ശകലമാണ് .

" പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം

പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം

പൂക്കളും പുഴകളും

പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം.. "


വീട്ടിൽ ഞാൻ നട്ടുവളർത്തിയ പവിഴമല്ലി  ഇപ്പോൾ പൂത്തുലഞ്ഞു പുഷ്പവൃഷ്ടി  തുടങ്ങിയിരിക്കുന്നു..

രാത്രി സമയത്ത് വിടരുന്നതിനാൽ ഇതിന് രാത്രിമുല്ല ( night jasmine )യെന്നും  പേരുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിൽ വെളിച്ചത്തിന് എന്ത് വെളിച്ചം എന്നു പറയുന്നത് പോലെ പാതിരാമുല്ല വിടരുന്ന നേരമുള്ള മണത്തിന്റെ മണം അത് ഒന്നനുഭവിക്കണം ... എന്റെ സാറേ......

ഹൈന്ദവപുരാണങ്ങളിൽ ഈ മരത്തെപ്പറ്റി പരാമർശമുണ്ട്. സഖിയായ സത്യഭാമയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണൻ ദേവലോകത്ത് നിന്നു കൊണ്ടുവന്ന വൃക്ഷമാണത്രേ ഇത്. ( കടപ്പാട്:  വിക്കി)

വലിയ കുറ്റിച്ചെടിയായൊ ചെറിയ മരമായോ വളരുന്നു. പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുണ്ട്. ഉഷ്‌ണകാലത്ത് ഇലകൾ പൊഴിയുകയും പുതിയ ഇലകൾ വരികയും ചെയ്യും. സുഗന്ധമുള്ള ഇതിന്റെ പൂക്കൾ രാത്രി വിരിയുകയും പകൽ കൊഴിയുകയും ചെയ്യും. പൂക്കളുടെ അടിഭാഗത്തിന് നേർത്ത പവിഴത്തിന്റെ  നിറം ആണ് . അത് കൊണ്ടാണത്രെ ഇതിന് പവിഴമല്ലി എന്ന പേര്. 

ഏതായാലും ഞാനിപ്പോൾ പെരുത്ത് സന്തോഷിക്കുന്നു കാരണം എന്റെ വീട്ടിലും പവിഴമല്ലി പൂത്തുലഞ്ഞ് തുടങ്ങിയിരിക്കുന്നു...


✍🏻 ഫൈസൽ പൊയിൽക്കാവ്

Thursday, June 2, 2022

*ഇത്തിമര തണലിൽ ഒത്തിരി നേരം*

അത്തി ഇത്തി അരയാൽ പേരാൽ എന്ന് കേട്ടിട്ടില്ലേ ... അതിലെ ഇത്തിമരത്തണലിൽ ഇരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്. കൊയിലാണ്ടി നഗര മധ്യത്തിലെ കൊയിലാണ്ടി ബോയ്സ് സ്കൂൾ മുറ്റത്ത്  ഒരു ഇത്തി മരം കാണാം . വളർന്നു പന്തലിച്ച് സ്കൂളിന്റെ ഐശ്വര്യമായി ആ മരമുണ്ട്. ( ഇത്തി കാണാത്തവർക്ക് സമയം കിട്ടുമ്പോൾ വന്നു കാണാം. ) 

ഈ മരം കൊയിലാണ്ടി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ഷീബ ടീച്ചർ നട്ടിട്ട് ഇപ്പോൾ പത്തുവർഷം കഴിയുന്നു.

ഒരു തലമുറ ഒരു കാലം ഓർക്കുന്നത് സ്കൂൾ മുറ്റത്തെ മരത്തണലായിരിക്കാം. അതിന്റെ ചുവട്ടിൽ ഇരുന്ന് സൊറ പറഞ്ഞ് കടന്നുപോയ ഒരു ബാല്യം ...

ഇത്തി മരം എന്നു ഗൂഗിളിൽ സെർച്ച് ചെയ്താൽ നല്ലാരു ഇമേജ്  ഗൂഗിളിന്  പോലും കാണിച്ചു തരാൻ പറ്റുന്നില്ല എന്നയിടതാണ്  ഷീബ ടീച്ചർ നഗര മധ്യത്തിൽ നട്ട ഇത്തി മരത്തിന്റെ പ്രസക്തിയേറുന്നത്..


ഷീബ ടീച്ചർ നിങ്ങൾ ഇവിടെ സ്കൂൾ മുറ്റത്ത് അടയാളപ്പെട്ടു കഴിഞ്ഞു.  വരും തലമുറ ഇത്തി മരത്തിന്റെ ചുവട്ടിലിരുന്ന് ടീച്ചറെ ഓർക്കും ... തീർച്ച.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ട് പരിപാലിക്കുന്നവർക്ക് പിൻതുടരാൻ പറ്റിയ മാതൃകയാണ് ഷീബ ടീച്ചർ.


✍🏻 ഫൈസൽ പൊയിൽക്കാവ്

Google