Saturday, May 13, 2023

തസ്രാക്കിലൂടെ ഒരു യാത്ര

 ഒ.വി വിജയന്റെ മാസ്റ്റർ പീസായ ' ഖസാക്കിന്റെ ഇതിഹാസം' എന്ന നോവൽ  ആരംഭിക്കുന്നത് ഇങ്ങനെയാണ് .

" കൂമന്‍ കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്കപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.“

രവി അവിടെ എത്തിച്ചേർന്നത് പോലെ കാലം എന്നെയും കൂമൻ കാവിൽ എത്തിക്കയായിരുന്നു..

പാലക്കാടൻ ചുരത്തിന്റെ അടിവാരത്തെങ്ങോ ഉള്ള ഖസാക്ക് ( തസ്രാക്ക് )  എന്ന ഗ്രാമത്തിലേക്ക് ഞാൻ ഈ യിടെ നടത്തിയ യാത്ര അതി മനോഹരമായിരുന്നു.    ഈ  തസ്രാക്ക് എന്ന ഗ്രാമത്തിലിരുന്നാണ് ഒ.വി വിജയൻ എന്ന മലയാളത്തിലെ സാഹിത്യ കുലപതി ഖസാക്കിന്റെ ഇതിഹാസം രചിച്ചത്.



ഖസാക്കിന്റെ ഇതിഹാസം വായിച്ച കാലം മുതൽ ഉള്ളിൽ കൊണ്ടു നടന്ന സ്വപ്നമായിരുന്നു തസ്രാക്ക് ഒന്നു കാണുകയെന്നത്. 

ഖസാക്കിന്റെ ഇതിഹാസ ഭൂമികയിലൂടെ ഒരു യാത്ര ... 

പാലക്കാടൻ ഗ്രാമഭംഗി ആസ്വദിച്ച്പത്തിരിപ്പാല വഴി തസ്രാക്കിലേക്ക് തസ്രാക്ക്   വശ്യ  മനോഹരിയായ  കാർഷിക സംസ്ക്കാരം ഇനിയും അന്യം നിന്നിട്ടില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്നവരുടെ ഒരു ഗ്രാമം . 

നാലുപാടും പച്ചപുതച്ച വയലേലകൾ അത്  നെറുകേ പിളർന്നു പോകുന്ന താറിട്ട റോഡുകൾ . ( അരി കൊമ്പനെ ലോറിയിൽ കയറ്റി കൊണ്ട് പോയപ്പോൾ നമ്മൾ ടി.വിയിൽ കണ്ട റോഡിനേക്കാൾ    മനോഹരം 😊....) 

 യാത്ര ആരംഭിച്ചത് മുതൽ ഖസാക്കിലെ രവിയും, അള്ളാപ്പിച്ചാമൊല്ലാക്കയും, അപ്പു ക്കിളിയും പിന്നെ മൊല്ലാക്ക വളർത്തിയ അനാഥനായ നൈജാമലി.... അങ്ങിനെയങ്ങനെ ഒത്തിരി കഥാപാത്രങ്ങൾ മനസ്സിലൂടെ ഒന്നൊന്നായി കടന്നു  പോയി.

മൊല്ലാക്കയുടെ മകളും അതിസുന്ദരിയുമായ മൈമുനയെ നൈജാമലി പ്രണയിച്ചതും മൊല്ലാക്ക മൈമുനയെ മുങ്ങാങ്കോഴി(ചുക്രു റാവുത്തർ)യെന്ന, മൈമുനയേക്കാൾ പ്രായമേറെ ചെന്ന രണ്ടാംകെട്ടുകാരന് വിവാഹം കഴിച്ചുകൊടുത്തതും അതിൽ പ്രതിഷേധിച്ച് നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെ ആയ ചരിത്രം ഖസാക്കിന്റെ ഇതിഹാസത്തിലെ ഉപകഥകളിലൊന്നു മാത്രം.. 

രവിയുടെ ഞാറ്റുപുരയിൽ നിന്നു നോക്കുമ്പോൾ ദൂരേക്ക് പരന്നുകിടക്കുന്ന പാടങ്ങൾ പാടങ്ങൾക്ക് അതിരിടുന്ന കരി മ്പനയും മാവുകളും.. 





ഇവിടെയൊക്കെ ജീവിച്ചാൽ ഏതൊരാളും എഴുത്തുകാരനായേക്കാം എന്നതാണ് എന്റെെയൊരിത്...


ഒ.വി വിജയൻ ലിറ്റററി ഫെഡറേഷൻ സംരക്ഷിച്ചു പോരുന്ന ഇവിടം മലയാളത്തെ സ്നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ടത് തന്നെയാണ്. അദ്ദേഹത്തിന്റെ കൃതികളും വരയും ഒക്കെ പരിചയപ്പെടാനുള്ള ഒരവസരം കൂടിയാണ് ഈ യാത്ര നമുക്ക് പ്രധാനം ചെയ്യുന്നത്.

തുടരും...

✍️ ഫൈസൽ പൊയിൽക്കാവ്

Google