മധുരക്കിഴങ്ങ് കൃഷി കേരളത്തിൽ ജൂൺ-ജൂലായ് മാസങ്ങളിൽ കാലവർഷത്തോടൊപ്പവും സെപ്തംബർ ഒക്‌ടോബർ മാസങ്ങളിൽ
തുലാവർഷത്തോടൊപ്പവുമാണ് മധുരക്കിഴങ്ങിന്റെ മഴയെ ആശ്രയിച്ചുള്ള കൃഷിക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ ജനുവരി മുതലുള്ള വേനൽ മാസങ്ങളിലും കിഴങ്ങു നടാം.
മരച്ചീനിയെപ്പോലെത്തന്നെ തെക്കേ അമേരിക്കയിൽ ജനിച്ച് ലോകമാകമാനം പടർന്ന വിളയാണ് ചക്കരക്കിഴങ്ങെന്നും പറയപ്പെടുന്ന നമ്മുടെ മധുരക്കിഴങ്ങ്. പഞ്ചസാരയുടെ ഉറവിടവും പ്രധാന ഭക്ഷ്യ വസ്തുവുമാണ് അന്നജത്തിന്റെയും പ്രോട്ടീന്റെയും വിറ്റാമിൻ എ യുടെയും കലവറയായ ഈ കിഴങ്ങ്. ഇതിന്റെ ശാസ്ത്ര നാമം ഐപോമിയ ബറ്റാറ്റാസ് എന്നാണ്. തെക്കേ അമേരിക്കയിലെ മിക്ക രാജ്യങ്ങളിലും അറിയപ്പെടുന്നത് ബറ്റാറ്റ എന്നാണ്. ജപ്പാനിൽ ഇതുപയോഗിച്ച് സ്വാദിഷ്ഠമായ ഷോച്ചുവെന്ന മദ്യം ഉത്പാദിപ്പിക്കുന്നു. ജപ്പാനീസ് പേസ്റ്റ്ട്രിയുടെ പ്രധാനചേരുവയും നമ്മുടെ മധുരക്കിഴങ്ങാണ്. ചൈനയിൽ ടോങ് സുയിയെന്ന പ്രശസ്തമായ സൂപ്പ് ഇതിൽ നിന്ന് ഉണ്ടാക്കുന്നതാണ്. തെക്കേ അമേരിക്കയിലെ ഡൂസി ഡി ബറ്റാറ്റ എന്ന പരാമ്പരാഗത ഡെസേർട്ടിന്റെ പ്രധാനചേരുവ മധുരക്കിഴങ്ങാണ്.
ഇതിന്റെ സുഗമമായ വളർച്ചയ്ക്കും നല്ല വിളവിനും താപനില 22-25 ഡിഗ്രിയായിരിക്കണം. 80-160 സെ.മീ. മഴ ലഭിക്കുന്നിടത്ത് ഇത് നന്നായി വിളയും. നല്ലവണ്ണം വെയിലും രാത്രികാലങ്ങളിൽ തണുപ്പും കിട്ടുന്നിടത്താണ് നല്ലവിളവു ലഭിക്കാറ്.
മണ്ണും ഇനങ്ങളും
എല്ലാതരം മണ്ണുകളിലും ഇത് വളർച്ചകാണിക്കുമെങ്കിലും നല്ല ഇളക്കവും ഫലഭൂയിഷ്ഠതയുമുള്ള നീർവാർച്ചാ സൗകര്യമുള്ള മണ്ണിലാണ് മധുരക്കിഴങ്ങ് കൂടുതൽ ഫലപുഷ്ടികാണിക്കാറ്. പൂഴിപ്പറ്റുള്ള വയലുകളിൽ ജനുവരി മാസങ്ങളിൽ കൃഷി ആരംഭിക്കാവുന്നതാണ്.
ഭദ്രകാളിച്ചുവല, ചൈനവെള്ള, കൊട്ടാരംചുവല, ചക്കരവള്ളി, ആനക്കൊമ്പൻ എന്നിങ്ങനെയുള്ളവ നാടൻ ഇനങ്ങളാണ്. ശ്രീകനക, ശ്രീവരുൺ, ശ്രീ അരുൺ, കാഞ്ഞങ്ങാട്, ശ്രീഭദ്ര, ശ്രീരത്‌ന, എച്ച്-1, എച്ച്-42, ശ്രീനന്ദിനി, ശ്രീ വർധിനി, ഡൽഹി കാർഷിക ഗവേഷണശാലയുടെ പുസ സഫേദ്, പുസ റെഡ് എന്നിവയും കോയമ്പത്തൂർ കാർഷിക ഗവേഷണശാലയുടെ കോ-1, കോ-2, കോ-3 എന്നീയിനങ്ങൾ അത്യുത്പാദനശേഷി പ്രകടിപ്പിക്കുന്നവയാണ്.
നല്ലജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് മധുരക്കിഴങ്ങ് കൃഷിക്ക് ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റർവരെ ഇത് കൃഷിചെയ്യാം എന്നാൽ 400-1000 മീറ്ററിലാണ് വിളവ് കൂടുതൽകിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീർവാർച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനിൽക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാൽ കിഴങ്ങിന് ഗുണം കൂടും. അമ്ലഗുണം കൂടിയമണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തിൽ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് വള്ളിത്തലകൾ അല്ലെങ്കിൽ കിഴങ്ങുകൾ നടേണ്ടത്. തലകൾ തമ്മിൽ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങൾ തമ്മിൽ കുറഞ്ഞത് കാൽമീറ്റർ അകലവും തടത്തിന്റെ ഉയർച്ച കുറഞ്ഞത് കാൽ മീറ്ററെങ്കിലും ഉണ്ടായിരിക്കണം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കിൽ 30 സെ.മീ. അകലത്തിൽ തടമെടുക്കാം. ഇവിടങ്ങളിൽ താഴ്ചയുമുള്ള തടങ്ങളെടുത്താകണം മധുരക്കിഴങ്ങ് നടുന്നത്.
കിഴങ്ങ്/തലകൾ തിരഞ്ഞെടുക്കാം
മധുരക്കിഴങ്ങിന്റെ വള്ളികളും കിഴങ്ങുകളും നടീൽവസ്തുക്കളായി ഉപയോഗിക്കാം. കിഴങ്ങുകളാണെങ്കിൽ നന്നായി മൂപ്പെത്തിയതും എന്നാൽ, രോഗകീടബാധതീരെയില്ലാത്തതുമായ മധുരക്കിഴങ്ങ് വിത്തായി മാറ്റിവെക്കാം ഇങ്ങനെ മാറ്റുന്നത് വിളവെടുത്തതിനുശേഷം തിരഞ്ഞു അടയാളപ്പെടുത്തിവെക്കണം. തണുപ്പുള്ള ഷെഡ്ഡിൽ കുഴിയുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത് ഇങ്ങനെ തരംതിരിച്ചെടുക്കുന്ന വിത്തുകൾ കുമിൾനാശിനിയിലോ കീടനാശിനിയിലോ മുക്കിയെടുത്തു സൂക്ഷിച്ചാൽ കേടാകാതെയിരിക്കും. ലായനിയിൽമുക്കിയെടുത്ത് വെള്ളം വാർത്തതിനുശേഷം തണലത്ത് ഉണക്കിയെടുത്ത് കുഴികളിൽ ഈർച്ചപ്പൊടിയോ മണലോ നിരത്തി അതിനുമുകളിൽപരത്തി അതിനുമുകളിൽ പാണലിലകൊണ്ട് മൂടിയിടുന്നത് മധുരക്കിഴങ്ങ് ചുരുങ്ങിപ്പോകാതിരിക്കാനും കീടങ്ങൾ ആക്രമിക്കാതിരിക്കാനും നല്ലതാണ്.
കിഴങ്ങുകൾ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയാലോ പച്ചച്ചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം. ട്രൈക്കോഡർമ സമ്പുഷ്ട ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം വാരങ്ങളിലിട്ട് മൂടിയാൽ മണ്ണിലൂടെ പകരുന്ന പൂപ്പൽ രോഗങ്ങൾ, വിരകൾ, ചീയൽരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാം. ഇങ്ങനെ നട്ട കിഴങ്ങുകൾ മുളച്ചുപൊന്തിക്കഴിഞ്ഞ് 40 ദിവസംകഴിഞ്ഞാൽ ഒന്നാം തവാരണകളിൽ നിന്ന് 20-30 സെ.മീ. വരുന്ന വള്ളികൾ മുറിച്ച് മാറ്റി നടാവുന്നതാണ്.
വാരങ്ങളിൽ വള്ളികളാണ് നടുന്നതെങ്കിൽ 20-25 സെ.മീ. നീളമുള്ള വള്ളികൾ നടാം. തവാരണയുടെ നടുക്ക് വള്ളി വെച്ചതിനുശേഷം നടുഭാഗം മണ്ണിട്ടു മൂടുകയും രണ്ടറ്റവും മണ്ണിന് പുറത്തേക്ക് നിർത്തുകയും വേണം. വള്ളികൾ വേരുപിടിച്ച് ഇലകൾ പൊട്ടിവിരിയുന്നതുവരെ വാരങ്ങളിൽ നനവ് ആവശ്യമാണ്. എന്നാൽ മഴക്കാലത്ത് കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കരുത്. വള്ളി ചീഞ്ഞുപോവും.
വേനൽക്കാലത്ത് വള്ളികൾക്ക് മുളയ്്ക്കുന്നതുവരെ ഒന്നരാടം നനയ്ക്കണം. മുളച്ചുപൊന്തിയാലും് ആഴ്ചയിൽ രണ്ടു തവണയെന്നതോതിൽ നനയ്ക്കണം. വിളവെടുക്കുന്നതിന് നാലാഴ്ച മുമ്പ് നന നിർത്താം. പിന്നീട് വിളവെടുക്കുന്നതിന് രണ്ടുദിവസം മുമ്പ് ഒന്നുകൂടി നനയ്ക്കാം. അങ്ങനെ ചെയ്താൽ വിളവെടുപ്പ് എളുപ്പത്തിൽ ചെയ്യാം.
വള്ളികൾക്കിടയിലെ കളപറിക്കൽ പ്രധാനമാണ് ആദ്യ മാസങ്ങളിൽ രണ്ടാഴ്ച കൂടുമ്പോഴും പിന്നീട് നാലാഴ്ചകൂടുമ്പോഴും കള പറിക്കണം. വള്ളിത്തലകൾ നട്ടത് കൂടാതെ മണ്ണുമായി സമ്പർക്കം വരുന്നഭാഗത്തും വേരിറങ്ങും ഇങ്ങനെയായാൽ കിഴങ്ങിന്റെ ഫലം കുറയും അതിനാൽ വള്ളികൾ ഇടയ്ക്കിടെ എടുത്ത് മറിച്ചുവെക്കുന്നത് നല്ലതാണ്.
പരിപാലനവും വളപ്രയോഗവുംകിഴങ്ങുവർഗങ്ങളിൽ ഏറ്റവുമധികം മൂലകങ്ങളെ വലിച്ചെടുക്കുന്ന വിളയാണിത്. കാലിവളത്തിനു പുറമേ പൊട്ടാഷ്, യൂറിയ, ഫോസ്ഫറസ് എന്നിവ ആനുപാതിമായി ഉപയോഗിച്ചാണ് രാസകൃഷി നടത്താറ്. എന്നാൽ, ജൈവകൃഷിയിൽ പച്ചിലവളവും ചാണകവും ചാരവും തന്നെയാണ് പ്രധാന്മായും ഉപയോഗിക്കുക. വള്ളിത്തലകൾ പൊന്തിവന്നാൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൾകൊണ്ട് പുതയിടുന്നത്. തടത്തിലെ ഈർപ്പം നഷ്ടപ്പെടാതെ കാക്കാനും മധുരക്കിഴങ്ങിനെ ബാധിക്കുന്ന ചെല്ലിപോലുള്ള കീടങ്ങളെ തടയാനും ഉപകരിക്കും.
രോഗങ്ങളും കീടങ്ങളുംസാധാരണ കിഴങ്ങുവർഗ വിളകൾക്കു വരുന്ന രോഗങ്ങളും കീടങ്ങളും തന്നെയാണ് മധുരക്കിഴങ്ങിനെയെയും ബാധിച്ചുകാണാറ്. കിഴങ്ങ് തുരന്ന് തിന്നു നശിപ്പിക്കുന്ന ചെല്ലിയാണ് മധുരക്കിഴങ്ങിനെ ബാധിക്കുന്ന പ്രധാന കീടം. വളർച്ചയെത്തിയ ചെല്ലികൾ തണ്ടുകളും കിഴങ്ങുകളും തുരന്ന് അവയിൽ പ്രവേശിക്കുകയും മുട്ടയിട്ട് പെരുകി പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ മാംസളമായ ഭാഗം തിന്നുതീർത്ത് കിഴങ്ങിനെ പൊള്ള യാക്കുന്നു. നേരിയതോതിൽപോലും ഇതിന്റെ ആക്രമണംമധുരക്കിഴങ്ങിനെ കയ്പുള്ളതാക്കുകയും ഉപയോഗ ശൂന്യമാക്കുകയും ചെയ്യുന്നു. കീടാക്രമണം ചെറുക്കാൻ മുൻ വിളയുടെഅവശിഷ്ടങ്ങൾ പൂർണമായും നശിപ്പിക്കുക. വള്ളിത്തലകൾ നടുന്നതിനുമുമ്പ് മോണോക്രോട്ടോഫോസ്, ഫെൻതിയോൺ, ഫെനിട്രോത്തിയോൺ എന്നിവയിലേതെങ്കിലും അഞ്ചു ശതമാനം വീര്യത്തിൽകലക്കി അതിൽ മുക്കിവെച്ച് അഞ്ചുമിനിറ്റിനുശേഷം നടുക. വള്ളിത്തലകൾ പൊന്തി ഒരു മാസം കഴിഞ്ഞാൽ ഇത് തളിക്കുകയുമാവാം. കൂടാതെ വലിയ മധുരക്കിഴങ്ങുകൾ 100 ഗ്രാം വലിപ്പമുള്ള കഷ്ണങ്ങളാക്കി 5-8 മീറ്റ്ർ ഇടവിട്ട് കൃഷിയിടത്തിൽ വെച്ചുകൊടുത്താൽ ചെല്ലികളെ ആകർഷിച്ച് നശിപ്പിക്കാം.
വേരുചീയൽ രോഗം, മൊസെക്ക്‌രോഗം, മൃദുചീയൽ, ബാക്ടീരിയൽവാട്ടം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് മറ്റ് രോഗങ്ങൾ.
മണ്ണിൽ വസിക്കുന്ന രോഗാണുക്കൾ പടർത്തുന്ന രോഗങ്ങളാണ് ബാക്ടീരിയൽ വാട്ടം, മൃദുചീയൽ എന്നിവ.
ബാക്ടീരിയൽ വാട്ടം
സാധാരണ വഴുതിന വർഗവിളകളിൽ ക്കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത് പക്ഷേ, മധുരക്കിഴങ്ങ് കൃഷിയെ ബാധിക്കുന്ന രോഗവുമാണിത്. ഈരോഗം വളരെപ്പെട്ടെന്ന് പടരും. വള്ളിത്തലകൾ കീടനാശിനിയിൽ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും. ഇലപച്ചയായിരിക്കുമ്പോൾത്തന്നെ വാടുക, ഇലകൾ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടു പോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടനെത്തന്നെ കോപ്പർ ഓക്സിക്ലോറൈഡ് വെള്ളത്തിൽ കലക്കി(ഒരു ലിറ്ററിന് 10 ഗ്രാം തോതിൽ) ഒഴിച്ചുകൊടുക്കാം.
മൊസൈക്ക് രോഗമാണ് മധുരക്കിഴങ്ങിനെ ബാധിക്കുന്ന മറ്റൊരുപ്രധാനരോഗം ഇത് പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കിഴങ്ങ് ശുഷ്‌കിച്ചുപോവുകയുമാണിതിന്റെ ലക്ഷണം.
രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വള്ളികൾ ശേഖരിക്കുക. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുതാണ്.
ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണം .പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇല മൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധ മാർഗങ്ങൾ.
സാധാരണയിനങ്ങൾ 3-4 മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്. ഇനങ്ങൾക്കനുസരിച്ച് ഇത് മാറാം. വിളവെടുപ്പിന് പാകമായാൽ ഇലകൾ മഞ്ഞനിറമാവും. കിഴങ്ങ് പാകമായതിന്റെ സൂചനയാണത്. ഒന്നോ രണ്ടോ കിഴങ്ങുകൾ പറിച്ചുനോക്കിയാൽ മൂപ്പ് മനസ്സിലാക്കാവുന്നതാണ്. വിളവെടുപ്പിന് ഒരു ദിവസം മുമ്പ് തടം നനയ്ക്കുന്നത് കിഴങ്ങ് കേടുകൂടാതെ പറിച്ചെടുക്കാൻ സഹായിക്കും. നല്ല മണ്ണാണെങ്കിൽ ഹെക്ടറിന് ശരാശരി 13.5 ടൺവരെ കിട്ടും.
ഔഷധഗുണങ്ങൾ
അന്നജത്തിന്റെ കലവറയായ മധുരക്കിഴങ്ങിൽ കാർബോ ഹൈഡ്രേറ്റ്, ഫൈബർ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സോഡിയം, സിങ്ക്, മാംഗനീസ്, ഫോസ് ഫറസ്, ചെമ്പ് എന്നീ മൂലകങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ ബീറ്റാ കരോട്ടിനും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ., വിറ്റാമിൻ സി, വിറ്റാമിൻ ബി-5, വിറ്റാമിൻ ബി-12, വിറ്റാമിൻ ബി-6, അന്നജം, കൊഴുപ്പ്, നാരുകൾ, എന്നിവയുടെയും മികച്ച കലവറയാണ് മധുരക്കിഴങ്ങ്.
പ്രമോദ്കുമാർ വി.സി.