Monday, September 28, 2020

ജാതിക്ക


ജാതിക്ക കൃഷി

ദക്ഷിണേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതിക്ക (Nutmeg) ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായയും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയിൽ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, , ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തിൽ ജാതിക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് , കർണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.
വളരെയധികം തണൽ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാൽ തനിവിളയെക്കാൾ മിശ്രവിളയായിട്ടാണ്‌ കേരളത്തിൽ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററിൽ കൂടുതൽ പൊക്കത്തിൽ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതിൽ ആൺ മരവും പെൺ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതിൽ ആൺ ചെടികൾക്ക് കായ് ഫലം ഇല്ല. പെൺ മരമാണ്‌ ആൺ മരത്തിൽ നിന്നും പരാഗണം വഴി ഫലം തരുന്നത്.
നന്നായി വളം ആവശ്യമുള്ള സസ്യമാണ്‌ ജാതി. കൃഷി തുടങ്ങി ഒന്നാം വർഷം മുതൽ വളം നൽകേണ്ടിവരുന്ന ഒരു സുഗന്ധവിളയാണ്‌ ജാതി. ഒന്നാം വർഷം ഓരോ ചെടിക്കുമായി പത്തുകിലോ പച്ചിലവളം /കമ്പോസ്റ്റ് /ജൈവവളം എന്നിവയിലേതെങ്കിലും ഒന്നിന്റെ കൂടെ 20 ഗ്രാം നൈട്രജൻ, 18 ഗ്രാം ഫോസ് ഫറസ്, 50 ഗ്രാം പൊട്ടാസ്യം എന്നിവ നൽകണം. ക്രമാനുഗതമായി ഈ അളവ് കൂട്ടി 15 വർഷം(പ്രായപൂർത്തി) ആകുമ്പോൾ ഓരോ മരത്തിനും 50 കിലോ പച്ചില/കമ്പോസ്റ്റ്/ജൈവ വളങ്ങളിൽ ഏതെങ്കിലും ഒന്നും 500:250:100 ഗ്രാം കണക്കിൽ രാസവളവും നൽകണം. കൂടാതെ നല്ല വിളവിനായ് ചെടിയൊന്നിന്‌ 1100 ഗ്രാം യൂറിയ, 840 ഗ്രാം സൂപ്പർ ഫോസ് ഫേറ്റ് 2000 ഗ്രാം (2കിലോ) മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ രണ്ട് തവണകളായി മെയ് - ജൂൺ , സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായി ജൈവ വളത്തിനോടൊപ്പം നൽകണം. വളം ചെടിയുടെ ചുവട്ടിലായി, ചെടിയിൽ നിന്നും ഒന്നരമീറ്റർ അകലത്തിലായി കാൽ മീറ്ററോളം താഴ്ചയിലിട്ട് മണ്ണിട്ട് നല്ലതുപോലെ മൂടണം.
ജാതി മരത്തെ ബാധിക്കുന്ന രോഗങ്ങളാണ്‌ ഇലപ്പുള്ളിരോഗം, കായ് ചീയൽ, കായ് പൊഴിച്ചിൽ, കമ്പ് ഉണങ്ങൽ എന്നിവ. ഇതിൽ കായ് ചീയുന്നതിനും കായ് പൊഴിയുന്നതിനും ചെമ്പ് കലർന്ന ഏതെങ്കിലും കുമിൾ നാശിനിയോ ബോർഡോ മിശ്രിതമോ തളിച്ചും, കമ്പ് ഉണങ്ങലിന്‌ ഉണങ്ങിയ കമ്പുകൾ മുറിച്ച് മാറ്റി അവിടെ ഏതെങ്കിലും കുമിൾ നാശിനി തേച്ചും നിയന്ത്രിക്കാം. കൂടാതെ മരത്തിൽ നിന്നും നാരുപോലെ താഴേക്ക് നീണ്ട് കിടക്കുന്ന ഒരു തരം കുമിളും ജാതി മരത്തിനെ ആക്രമിക്കുന്നുണ്ട്. അത്തരം കുമിളുകൾ ചെടിയിലും അതോടോപ്പം ചെടിക്കു ചുറ്റും ഉള്ള മണ്ണിലും കുമിൾ നാശിനി തളിക്കുന്നത് കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും.
ജാതി ചെടികളുടെ ശരിയായ വളർച്ചക്കും പൂവിടുന്നതിനും നല്ല കായ് ഫലം നൽകുന്നതിനും നല്ല രീതിയിൽ ജലസേചനം ആവശ്യമാണ്‌. ഇതിനായി വേരുകൾക്ക് കേടുവരാതെ തടമെടുക്കണം . നട്ട് നാല്‌ വർ‍ഷത്തോളം പ്രായമായ ജാതിമരത്തിന്‌ ചെടിയൊന്നിന്‌ ഒരു ദിവസം 20 ലിറ്റർ എന്ന കണക്കിൽ സാധാരണ കാലാവസ്ഥയിൽ ആഴ്ചയിൽ മൂന്നോ വേനൽക്കാലത്ത് നാലോ അഞ്ചോ തവണ ജലസേചനം നടത്തണം. വേനൽക്കാലത്ത് തടങ്ങളിൽ പുതയിടേണ്ടത് അത്യാവശ്യമാണ്‌. ഇതിനായി ഉണങ്ങിയ ഓല, മറ്റ് ചെടികളുടെ തോലുകൾ, ചകിരി, തൊണ്ട് എന്നിവ കൊണ്ട് നല്ല കനത്തിൽ പുതയിടണം. പൂർണ്ണ വളർച്ചയെത്തിയ മരമൊന്നിന്‌ ഒരു ദിവസം ശരാശരി 150 മുതൽ 200 ലിറ്റർ വരെ ജലം ആവശ്യമാണ്‌.
വിത്തുപാകി മുളപ്പിക്കുന്ന തൈകൾ വളർന്ന് എട്ടാം വർഷം മുതൽ കായ് തന്നു തുടങ്ങും. ബഡ്ഡ് ചെയ്തതും ഗ്രാഫ്റ്റ്(ഒട്ടിക്കൽ) നടത്തിയതുമായ മരങ്ങൾ അഞ്ചാം വർഷം മുതലും കായ് തന്നു തുടങ്ങുന്നു. കൃത്യമായി വിളവ് നൽകുന്നതിന്‌ ഏകദേശം 10 മുതൽ 15 വർഷം വരെ കാല ദൈർഘ്യം വേണ്ടി വരുന്നു. ശാസ്ത്രീയ രീതികൾ കൃഷിയിൽ അവലംബിക്കുകയാണ്‌ എങ്കിൽ കുറഞ്ഞത് 60 വർഷത്തോളം ഏകദേശം ഒരുപോലെ കായ് ഫലം നൽകുന്ന മരം കൂടിയാണ്‌ ജാതി. പൂവിട്ടുകഴിഞ്ഞാൽ എട്ടോ ഒൻപതോ മാസങ്ങൾക്ക് ഉള്ളിൽ കായകൾ മൂപ്പെത്തുന്നു. നന്നായി വിളഞ്ഞ കായകളിൽ, കായ് പൊട്ടി അതിനുള്ളിലെ ജാതിപത്രി ചുവന്ന നിറത്തിൽ കാണാൻ സാധിക്കും. ഇങ്ങനെ മൂപ്പെത്തുന്ന കായ് കൾ തോട്ടികൊണ്ട് പറിക്കുകയോ അടർന്ന് വീഴുമ്പോൾ ശേഖരിക്കുകയോ ചെയ്യാം.
വിളവെടുത്താൽ ഉടനെ പത്രിയും കായയും രണ്ടും വെവ്വേറെ ഉണക്കും. വെയിലുള്ള സമയത്താണെങ്കിൽ, വെയിലത്ത് വെയ്ക്കും. മഴക്കാലത്ത് ഉണക്കാനായി, അടുക്കളയിൽ തട്ടുമ്പുറത്ത് നിരത്തി വെയ്ക്കുകയോ ഇരുമ്പുകൊണ്ട് ഒരു കൂടുണ്ടാക്കി, അതിൽ നിരത്തി വെച്ച് അടിയിൽ തീയിടുകയാണ് ചെയ്യുക.
ഉണക്കം കഴിഞ്ഞ് പിന്നേയും സൂക്ഷിച്ച് വെയ്ക്കുകയാണെങ്ങിൽ, ഇടയ്ക്കിടയ്ക്ക് ചെറുതായി ചൂട് കൊള്ളിക്കണം. കൊപ്ര ഉണക്കുന്ന അതേ പരിപാടികൾ തന്നെ.
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള ജാതി ഇനമാണ്‌ വിശ്വശ്രീ. മഹാരാഷ്ട്രയിലെ കൊങ്കൺ കൃഷി വിദ്യാപീഠത്തിന്റെ ജാതി ഇനങ്ങളാണ്‌ കൊങ്കൺ സുഗന്ധയും കൊങ്കൺ സ്വാദും. ഇവയെക്കൂടാതെ സ്വകാര്യ വ്യക്തികൾ വികസിപ്പിച്ച നിരവധി ഇനങ്ങളുണ്ട്.

No comments:

Google