Sunday, September 27, 2020

'കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ'

 'കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ' എന്ന പഴം ചൊല്ല് കേൾക്കാത്ത മലയാളികളുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ ഇതിന്റെ  ഗുണഗണങ്ങൾ മനസ്സിലാക്കിയാൽ അങ്ങനെ വലിച്ചെറിയാൻ മാത്രമുള്ളതല്ല കറിവേപ്പിലയെന്ന്  ബോധ്യമാകും. പോക്ഷകഗുണളുടെയും ഔഷധഗുണളുടെയും കാര്യത്തിൽ  ഈ സുഗന്ധ വിളക്കുള്ള സ്ഥാനം വളരെ വലുതാണ്.കറിവേപ്പിനെപ്പറ്റി തുടർന്ന് വായിക്കാം



ആഹാരത്തിന് രുചിയും മണവും നൽകാൻ നമ്മളുപയോഗിക്കുന്ന കറിവേപ്പിലക്ക് വേണ്ടിയാണ് കറിവേപ്പെന്ന ചെറിയ മരത്തെ നട്ടു വളർത്തുന്നത്. പരമാവധി 20 അടി വരെ ഉയരത്തിൽ വളരുന്ന കറിവേപ്പിന്റെ തടി 16 ഇഞ്ച് വരെ വണ്ണം വയ്ക്കും.  എന്നാൽ കറിവേപ്പിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി എത്ര പേർക്കറിയാം? ഔഷധ ഗുണ സമ്പുഷ്ടമായ കറിവേപ്പിൻറെ ഇല, കായ്കൾ, ഇലഞെട്ട്, തോല്, വേര് എന്നിവ വിവിധ ഔഷധക്കൂട്ടുകളിൽ ഉപയോഗിച്ചു വരുന്നു. ഇന്ത്യയിലുടനീളം കൃഷി ചെയ്യപ്പെടുന്ന കറിവേപ്പിന്റെ ഉത്ഭവസ്ഥാനം ഇന്ത്യ തന്നെയാണ്. നമ്മുടെ അയൽ രാജ്യങ്ങളായ ചൈന, ശ്രീലങ്ക, നേപ്പാൾ, മ്യാൻമർ, തായ്ലാൻഡ്, വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലും പാചകാവശ്യത്തിനുള്ള സുഗന്ധ വിളയായി കറിവേപ്പ് കൃഷി ചെയ്തു വരുന്നു.
Murraya koenigii or Bergera koenigii എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കറിവേപ്പ് സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്നു.  നല്ല സൂര്യ പ്രകാശവും ജലസേചനവും ആവശ്യമുള്ള വിളയാണിത്. നടീൽ വസ്തുക്കളായി വിത്തുകളും വേരിൽ നിന്നും മുളച്ചു വരുന്ന തൈകളും ഉപയോഗിക്കാം.
കറിവേപ്പിലയുടെ ഔഷധ ഗുണങ്ങളും ഉപയോഗങ്ങളും
വിറ്റാമിൻ-A യുടെ കലവറയായ കറിവേപ്പിലയിൽ  ധാരാളം ധാതു ലവണങ്ങളും അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും പ്രമേഹം നിയന്ത്രിക്കാനും ഉദരരോഗ ചികിത്സക്കും പരമ്പരാഗതമായി കറിവേപ്പില ഉപയോഗിക്കുന്നു. കറിവേപ്പിന്റെ വിവിധ ഭാഗങ്ങൾ മരുന്നുകൾ, ടോണിക്കുകൾ,  സുഗന്ധ ലേപനങ്ങൾ മുതലായവയുണ്ടാക്കാൻ ഉപയോഗപ്പെടുത്തുന്നു.അവയിൽ ചിലത് ഇവിടെ കുറിക്കുന്നു;
1. കറിവേപ്പില ഭക്ഷണത്തിലുൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും, കരളിലെ കോശങ്ങളുടെ സംരക്ഷണത്തിനും മുറിവുകൾ വേഗം കരിയുന്നതിനും സഹായിക്കും.
2. സസ്യജന്യമായ വിഷാംശങ്ങൾ നിർവീര്യമാക്കാൻ പച്ച മഞ്ഞളിന്റെയും കറിവേപ്പിലയുടെയും മിശ്രിതം ഉപയോഗിക്കുന്നു.
3. അതിസാരം ശമിക്കാൻ മോരിൽ കറിവേപ്പില ചതച്ചിട്ട് കുടിക്കുക.
4. കറിവേപ്പിലയിട്ടു കാച്ചുന്ന വെളിച്ചെണ്ണ അകാല നര തടയുന്നതിനും മുടി കരുത്തോടെ വളരാനും സഹായിക്കും.
5. നെഞ്ചെരിച്ചിൽ ഗ്യാസ് ട്രബിൾ, വയറുവേദന എന്നിവയ്ക്ക് ഇഞ്ചിനീരില് കറിവേപ്പില ചതച്ചിട്ട് കുടിക്കുക.
6. അലർജി മൂലമുള്ള ചൊറിച്ചിലിനു കറിവേപ്പില ചതച്ചെടുത്ത നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ഒരു മാസം കഴിച്ചാൽ മതി.
7. കറിവേപ്പിന്റെ തളിരിലകൾ ചവച്ചു നീരിറക്കുന്നത് വായ്ക്കു രുചിയുണ്ടാക്കുന്നതിനു സഹായിക്കും.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന  അമിതമായ തോതിൽ വിഷമടിച്ച കറിവേപ്പിലയാണ് നമുക്ക് വിപണിയിൽ നിന്നും കിട്ടുന്നത്. അതിന്റെ ഉപയോഗം ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഓരോ വീട്ടിലും  ഒരു കറിവേപ്പെങ്കിലും നട്ടു വളർത്തുകയാണീ വിഷം വിലകൊടുത്തു വാങ്ങി കഴിക്കുന്നതിനൊരു യഥാർത്ഥ ബദൽ.

No comments:

Google