Saturday, April 8, 2023

എലത്തൂരിന്റെ സ്വന്തം കോഴികഞ്ഞി

 

കോഴികഞ്ഞി പേരു പോലെത്തനെ ആശ്ചര്യകരമാണ് അതിന്റെ സ്വാദും. ഞാൻ പറഞ്ഞു വരുന്നത് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗ്രാമത്തിന്റെ സ്വന്തം കോഴികഞ്ഞിയെ പറ്റിയാണ്.  ബർമ്മയിൽ നിന്നും കേരളത്തിൽ എത്തിയ രുചിക്കൂട്ടാണ് കോഴി കഞ്ഞി അതിനാൽ ഇവിടുത്തുകാർ ഇതിനെ ബർമ്മാ കഞ്ഞി എന്നും വിളിക്കും. 

( ബർമ്മ നമ്മുടെ നാടിനു നൽകിയ സുകൃതമാണ് യു.എ ഖാദറിന്റെ എഴുത്തും പിന്നെ ഈ കോഴി കഞ്ഞിയും രണ്ടും കഴിച്ചു തുടങ്ങിയാൽ ഒട്ടും മടുപ്പ് അനുഭവപ്പെടില്ല😊) 

അരി, ഉലുവ, കോഴി, സവാള, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ജീരകം, പരിപ്പ്, തേങ്ങാപ്പാൽ എന്നിവയാണ് പ്രധാന കൂട്ടുകൾ. പനി കാലത്തു പോലും കഞ്ഞി കഴിക്കാത്ത ഞാൻ കഴിഞ്ഞ ദിവസം കോഴി കഞ്ഞി വാങ്ങാൻ എലത്തൂരിലെത്തി. ആളുകൾ കഞ്ഞി വാങ്ങാനുള്ള ഒരുക്കത്തിലാണ്. കഞ്ഞിപാത്രവുമായി വരിയിൽ നിന്നു നല്ല ചൂടുള്ള കഞ്ഞി വാങ്ങി. ഔഷധ ഗുണമുള്ള ഈ കഞ്ഞി എത്ര കുടിച്ചാലും മതിവരില്ല എന്നത് തന്നെയാണ് ഈ കോഴി കഞ്ഞിയെ മറ്റുള്ള കഞ്ഞിയിൽ നിന്നും വ്യത്യസ്തമാക്കുന്നതും. 


 റംസാനിലെ നോമ്പ് കാലത്ത് എല്ലാ ദിവസവും വൈകീട്ട് അസർ നമസ്കാരത്തിന് ശേഷം എലത്തൂർ പള്ളിയിൽ വെച്ച് കോഴി കഞ്ഞി വിതരണമുണ്ട്. .

58 വർഷം മുമ്പ് ബർമയിലെ ജോലി അവസാനിപ്പിച്ച് എലത്തൂരിലെത്തിയ അച്ചാമ്പറമ്പത്ത് എ.പി.മുഹമ്മദ് ഹാജി തുടങ്ങിയ സൗജന്യ കോഴിക്കഞ്ഞി വിതരണം മക്കളിലൂടെ തുടരുകയാണ്. 

ഓരോ നാടിനും ഓരോ സുകൃതമുണ്ട് എലത്തൂരുകാരുടെ സുകൃതമാണ് കോഴിക്കഞ്ഞി. 

ഒരു അറുപത് വർഷം മുൻപാണെങ്കിൽ കോഴികഞ്ഞി കുടിക്കാൻ ബർമ്മ വരെ പോകേണ്ടി വന്നേനേ...

യു.എ ഖാദർ എഴുതിയ ഓർമ്മക്കുറിപ്പുകൾ ഓർമ്മയിലെ  പഗോഡ വായിക്കാനും  കോഴി കഞ്ഞി ഒരിക്കലെങ്കിലും കഴിക്കാനും മറക്കല്ലേ...

✍️ ഫൈസൽ പൊയിൽക്കാവ്

1 comment:

Anonymous said...

എന്നാ കോഴികഞ്ഞി കുടിച്ചിട്ട് തന്നെ കാര്യം

Google