Tuesday, April 25, 2023

ഉരക്കുഴി വെള്ളച്ചാട്ടവും രാജന്റെ ഓർമ്മകളും

 കക്കയത്തെ കാറ്റിനു പോലും രാജന്റെ മണമാണ്. അതെ ഈച്ചരവാര്യരുടെ പുന്നാരമോൻ രാജന്റെ അതേ മണം ...

എന്റെ കക്കയം യാത്രയിൽ ഉടനീളം രാജന്റെ ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടേയിരുന്നു.കക്കയത്തുനിന്ന്​ 15 കിലോമീറ്റർ അകലെ ഹെയർപിൻ വളവുകൾ കയറി വേണം വനമേഖലയിൽപെട്ട ഉരക്കുഴി വെള്ളച്ചാട്ടത്തിൽ എത്താൻ . ഇപ്പോഴും ദുർഘടമായ, ആ കാനന പാതയിലൂടെയാവാം രാജനെ അവസാനമായി അവർ കൊണ്ടുപോയത്.  അത് തന്റെ അവസാനയാത്ര ആണെന്ന് അയാൾ ഒരിക്കലും ചിന്തിച്ചു കാണില്ല... കക്കയത്തെ കാടുകളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ എല്ലാത്തിനും മൂക സാക്ഷിയായി ഇപ്പോഴും നിലകൊള്ളുന്നു.

അടിയന്തരാവസ്ഥ കാലത്ത് സംസ്ഥാനത്ത് നടന്ന പോലീസ് രാജിന്റെ ക്രൂരമായ പീഡനത്തിൽ   കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന മകന്റെ മൃതദേഹം പോലും കാണാൻ യോഗമില്ലാതെ പോയ ഒരച്ഛൻ .

കോഴിക്കോട് ആർ.ഇ.സിയിൽ നിന്നും കസ്റ്റടിയിലെടുത്ത രാജന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കുമറിയില്ല... 

ഉരക്കുഴി വെള്ളച്ചാട്ടത്തിലെ കാറ്റിൽ പോലും ഒരു ദീനരോദനമുണ്ട്. അതെ രാജന്റെ ദീനരോദനം .  പ്രമാദമായ രാജൻ കൊലക്കേസിൽ തെളിവ് നശിപ്പിക്കാനായി കക്കയത്തെ ഈ വെള്ളച്ചാട്ടത്തിലാണ് രാജന്റെ മൃതദേഹം എറിഞ്ഞത് എന്ന് പറയപ്പെടുന്നു..


ഉരക്കുഴി വെള്ളച്ചാട്ടം

ഞാൻ ജനിക്കുന്നതിന് മുമ്പെ നടന്ന ഈ കേസ് പിന്നീട് ഒരുപാട് കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഈ വെള്ളച്ചാട്ടം കാണണമെന്നുണ്ടായിരുന്നു.  

കസ്റ്റടിയിൽ എടുത്ത മകനെ വിട്ടു കിട്ടാൻ വേണ്ടി ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത ഈച്ചരവാര്യർ.. രാജന്റെ തീരോധാനം  കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ പുകിലുകൾ എല്ലാം ചരിത്രം. 

“പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ..”

(ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ഈച്ചരവാര്യരും അച്യുതമേനോനും കരുണാകരനുമൊക്കെ മരിച്ചു. പക്ഷേ, വ്യഥിതനായ ആ അച്ഛന്റെ ചോദ്യം ഇപ്പോഴും നമുക്കു കേള്‍ക്കാം.

“മരിച്ചിട്ടും എന്റെ കുഞ്ഞിനെ നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?”


  ഈച്ചരവാര്യർ  എഴുതിയ ഒരച്ഛന്റെ ഓർമ്മക്കുറിപ്പ് ' എന്ന പുസ്തകം വായിച്ച ഏതൊരാൾക്കും കക്കയം എന്നും രാജന്റെ ഓർമ്മകളാണ്. 🙏

No comments:

Google