Wednesday, August 4, 2021

 പാവം വേലിച്ചീര
☘️☘️☘️☘️☘️☘️☘️
☘️

 

വേലിച്ചീര , ഇംഗ്ലീഷ് ചീര, ചെക്കുർമാനിസ്  എന്നൊക്കെ പേരുളള ചീര കൊണ്ടുള്ള തോരൻ ഇന്നത്തെ തലമുറയ്ക്ക് അന്യമായിരിക്കുന്നു. ഇന്ന് കാബേജും , പയറുമൊക്കെയേ പുതു തലമുറ കണ്ടിട്ടുള്ളു ... എന്റെ യൊക്കെ കുട്ടിക്കാലത്ത് ഉമ്മാമയുടെ വീട്ടിൽ വെച്ച് ഇത് യഥേഷ്ടം കഴിച്ചിട്ടുണ്ട്. അന്ന് പല വീടുകളിലും മതിലുകൾക്ക് പകരം ജൈവ വേലി ആയിരുന്നു. ആ വേലിയിൽ വേലിച്ചീരയും, ചെമ്പരത്തിയും, ശംഖു പുഷ്പവും , നിത്യ വഴുതിനയും ഒക്കെ മത്സരിച്ചു വളർന്നു ... കാലം കഴിഞ്ഞു പോകവെ വീടിനേക്കാൾ വലിയ മതിലുകൾ നമ്മുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി വളർന്നപ്പോൾ വേലിയും പോയി കൂടെ വേലിച്ചീരയും അപ്രത്യക്ഷമായി. പാവം   വേലിച്ചീരയെ പിണ്ഡം വെച്ച് പടിക്കു പുറത്താക്കി.  അതിനു പറഞ്ഞ കാരണം വേലിച്ചീര കാൻസറിനു കാരണമാകുന്നു എന്നാണ്. ഒരു ശാസ്ത്രവും ഇതുവരെ തെളിയിച്ചിട്ടില്ലാത്ത ഈ ദുഷ് പേര് കാരണം വേലിയിൽ നിന്നു മാത്രമല്ല നാട്ടിൽ നിന്ന് തന്നെ പാവം ചീര പുറത്തായി.
കഴിഞ്ഞ വർഷം അവിചാരിതമായി ഇതിനെ കണ്ടപ്പോൾ ഇത് വീട്ടിൽ കൃഷി ചെയ്യണമെന്ന് തോന്നി. ഇന്നിപ്പോൾ വേലിയിലല്ലെങ്കിലും മതിലിനു ചുറ്റും ഇത് തളിർത്ത് വളരുന്നുണ്ട്.
ആഴ്ചയിൽ ഒരിക്കലെങ്കിലും എന്റെ തീൻ മേശയിലെ ഒരു വിഭവമാണ് ഈ വേലിച്ചീര.

✍ഫൈസൽ പൊയിൽക്കാവ്

No comments:

Google