Wednesday, August 4, 2021

മുരിങ്ങയിലയും കർക്കിടകവും

 മുരിങ്ങയിലയും കർക്കിടകവും
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

കർക്കിടകമാസം പിറന്നാൽ മുരിങ്ങയില കഴിക്കരുതെന്നാണ് പഴമൊഴി.  ഈ വാദത്തിന് ശാസ്ത്രീയമായ ഒരു പിൻബലവും ഇല്ലെന്ന് കാണാം. സയൻസ്  പഠിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള വിശ്വാസത്തിൽ നിന്നും പുറത്തു കടക്കുക നമ്മൾക്ക് അത്ര എളുപ്പമല്ല.
ഇനി യുക്തിപൂർവ്വം ചിന്തിച്ചാൽ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട് ഈ മുരിങ്ങ എന്നു പറയുന്നത് കേരളത്തിൽ മാത്രം വളരുന്ന ഒരു സസ്യമല്ല. ഇന്ത്യയ്ക്കു പുറമെ പല രാജ്യങ്ങളിലും ഇത് കൃഷി ചെയ്തു വരുന്നു. അവിടങ്ങളിൽ ഇങ്ങനെ ഒരു വിശ്വാസമോ ആചാരമോ നമുക്ക് കാണാൻ കഴിയില്ല. മറുചോദ്യം ഇതായിരിക്കും അവിടെ കർക്കിടകം ഇല്ലല്ലോ എന്ന്😀

നിത്യജീവിതത്തിൽ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികൾ. മുരിങ്ങയെ സംബന്ധിച്ചിടത്തോളം ഏറ്റവും പോഷക സമ്പുഷ്ടമായത് അതിന്റെ ഇലകളാണ്.
ജീവകം എ യും സി യും ബികോംപ്ലക്സും ,പ്രോട്ടീനും ,ഇരുമ്പ് സത്തും കാൽസ്യവും മഗ്നീഷ്യവും മാംഗനീസും സിങ്കും എല്ലാം ഒത്തുചേർന്ന മുരിങ്ങയില ഏറെ പോഷക ഗുണമുള്ളതാണ് എന്നതിൽ ആർക്കും തർക്കമില്ല. കൂടാതെ വിവിധ നിരോക്സീകാരികളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹന വ്യവസ്ഥയുടെ പ്രവർത്തനം സുഗമമാക്കാനും മുരിങ്ങയില സഹായിക്കും.

മുറ്റത്ത് ഞാൻ വളർത്തുന്ന മുരിങ്ങ അങ്ങിനെ  പച്ചപിടിച്ച് വളരുമ്പോൾ ഇടയ്ക്കൊക്കെ ഞാൻ പഴമൊഴി സ്വകാര്യ പൂർവ്വം മറക്കും. നമ്മുടെ സമൂഹത്തിൽ രൂഢമൂലമായ വിശ്വാസങ്ങളിൽ നിന്ന് പുറത്തു കടക്കാൻ അത്ര എളുപ്പമല്ലെങ്കിലും...

✍ഫൈസൽ പൊയിൽക്കാവ്

No comments:

Google