Wednesday, November 12, 2025

ഇടുക്കിയിലെ പുനർജനി ( ആമപ്പാറ )

 ഇടുക്കിയുടെ ഹൃദയഭൂമിയിൽ, കാറ്റും മലകളും കഥപറയുന്ന ഒരിടമുണ്ട്—അതാണ് ആമപ്പാറ. 




ആമപ്പാറ ഒരു യാത്ര മാത്രമല്ല, അതൊരു ഉണർവ്വാണ്. മണ്ണിന്റെ മണവും, മലയുടെ തണുപ്പും, കാറ്റിന്റെ ശക്തിയും, സാഹസികതയുടെ ത്രില്ലും ഒരേസമയം നമുക്ക് നൽകുന്ന ഒരനുഭവം.

ഇത് രണ്ടാം തവണയാണ് പ്ലസ്ടു കുട്ടികളോടൊത്ത് ആമപ്പാറയ്ക്ക് . കണ്ടാലും കണ്ടാലും മതിയാവാത്തൊരിടം.

പേര് പോലെത്തന്നെ കൗതുകം ഒളിപ്പിച്ചുവെച്ച, സാഹസികതയുടെ ഒരു പാറക്കൂട്ടം. രാമക്കൽമേടിന്റെ പച്ചപ്പിൽനിന്ന് ഒരൽപ്പം മാറി, ഒരു മറഞ്ഞിരിക്കുന്ന നിധിപോലെ അത് നമ്മെ കാത്തിരിക്കുന്നു.

ആമപ്പാറയിലേക്കുള്ള യാത്ര തുടങ്ങുന്നത് തന്നെ ഒരു വെല്ലുവിളിയാണ്.   ജീപ്പ് മാത്രം പോകുന്ന, പാറക്കല്ലുകൾ നിറഞ്ഞ, ചെങ്കുത്തായ ഒരു ഓഫ്‌റോഡ്  . ഇരുപത്തൊന്ന് കാരൻ അഭിലാഷിൻ്റെ ഡ്രൈവിങ്ങ് വൈദഗ്ദ്ധ്യത്തിൽ ഞങ്ങൾ വിസ്മയിച്ചു.മഹീന്ദ്ര ജീപ്പിന്റെ എൻജിൻ മുരൾച്ച, ഇടുക്കിയിലെ മലനിരകളെ കീറിമുറിച്ച് മുന്നോട്ട് പോകുമ്പോൾ, മനസ്സിൽ ആവേശം അലതല്ലി. ( മഹീന്ദ്ര കമ്പനിക്ക് അഭിമാനിക്കാം കാരണം ഈ ചെങ്കുത്തായ മലമ്പാത പിന്നിടാൻ ഇന്നും മഹീന്ദ്ര ജീപ്പ് തന്നെ ആശ്രയം.)

ഒടുവിൽ, ആ കുലുക്കങ്ങൾക്കും മറിച്ചലുകൾക്കും  വിരാമമിട്ട്, ഞങ്ങൾ ആമപ്പാറയുടെ താഴ്‌വാരത്തെത്തി. ചുറ്റും നോക്കിയപ്പോൾ ആ പേരിന്റെ അർത്ഥം ബോധ്യപ്പെട്ടു: തലങ്ങും വിലങ്ങുമായി അടുക്കി വെച്ചതുപോലെയുള്ള കൂറ്റൻ പാറകൾ! ശരിക്കും, ഒരു ഭീമാകാരനായ ആമ മലകയറി വന്ന് അവിടെ ഉറങ്ങാൻ കിടന്നതുപോലെ.പാറകൾക്കിടയിലൂടെ ഞെരുങ്ങിയും, ചില വിടവുകളിൽനിന്ന് തല പുറത്തിട്ടും ഞങ്ങൾ മുകളിലേക്ക് കയറി.

ഞങ്ങളിൽ ചിലർ പേടി കൊണ്ട് പുനർജനിയിലൂടെയുള്ള നുഴഞ്ഞിറങ്ങൽ ഇടയ്ക്ക് വെച്ച്മതിയാക്കി തിരിച്ചിറങ്ങി.

 കുട്ടികൾക്ക് ഇതൊരു ഒളിച്ചുകളി പോലെ രസകരമായി തോന്നും. എന്നാൽ മുതിർന്നവർക്ക്, പ്രകൃതിയുടെ ഈ ഭീമാകാരമായ ശിൽപ്പകല കണ്ട് അത്ഭുതം തോന്നും. പാറയുടെ ഓരോ വിടവുകളും കാലത്തിന്റെ കഥകൾ പറയുന്നുണ്ടായിരുന്നു.

ആമപ്പാറയുടെ മുകളിൽ  നിന്ന് താഴേക്ക് നോക്കുമ്പോൾ കാൻവാസിൽ വരച്ചതുപോലെ മനോഹരമായിരുന്നു!ഗ്രാമങ്ങൾ ചെറിയ തീപ്പെട്ടിക്കൂടുകൾ പോലെ തോന്നിച്ചു. ദൂരെ പച്ചപ്പട്ട് വിരിച്ചതുപോലെ വയലുകൾ. ആകാശത്തിന്റെ നീലിമയും താഴെയുള്ള പച്ചപ്പിന്റെ സമൃദ്ധിയും കണ്ണിന് കുളിരേകി. ഞങ്ങൾ നിൽക്കുന്നത് ഭൂമിക്കും ആകാശത്തിനും ഇടയിലാണോ എന്ന് തോന്നിപ്പോകും.

ചില നേരങ്ങളിൽ, താഴെനിന്ന് കോടമഞ്ഞ് മുകളിലേക്ക് ഇഴഞ്ഞുകയറും. ഒരു തൂവെള്ള പുതപ്പിനുള്ളിൽ ഇരിക്കുന്നതുപോലെ, ലോകം മുഴുവൻ നമ്മളിൽനിന്ന് അകന്നുപോകുന്ന ഒരനുഭവം.




 





സഹ പ്രവർത്തകർക്കൊപ്പം ആമപ്പാറയ്ക്ക് മുകളിൽ

ഇടുക്കിയുടെ യഥാർത്ഥ ഭംഗി അറിയണമെങ്കിൽ, ഈ ആമയുടെ പുറത്ത് ഒരു യാത്ര പോകണം. അവിടുത്തെ സൂര്യോദയമോ അസ്തമയമോ കാണാൻ കഴിഞ്ഞാൽ, നിങ്ങൾ ഈ യാത്ര ഒരിക്കലും മറക്കില്ല!


No comments:

Google