യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ഓരോ യാത്രയും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്.
ഈയിടെ സെന്റ് ആഞ്ജലോ ഫോർട്ട് ( കണ്ണൂർ കോട്ട ) കാണാൻ പോയതിന്റെ ഓർമ്മകുറിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ചേമഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് ഒരു തീവണ്ടി ( മെമു) യാത്ര . കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ..
ശത്രുക്കളെ നേരിടാൻ ആ കാലത്ത് തയ്യാറാക്കി നിർത്തിയിരിക്കുന്ന പീരങ്കികൾ ഇന്നും അതു പോലെ അവിടെയുണ്ട്.
കോളനിവൽക്കരണത്തിന്റെ ഭാഗമായി പോർച്ചുഗീസ് കാരിൽ നിന്ന് ഡച്ചുകാരും അതിന് ശേഷം അറക്കൽ രാജവംശവും പിന്നീട് ബ്രിട്ടീഷുകാരും ആ കോട്ട ഭരിച്ചു
കോട്ടയ്ക്ക് ഉള്ളിൽ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. (അതിനെ പറ്റി അവിടത്തെ സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ അയാൾക്കും കേട്ടറിവ് മാത്രം. ) കണ്ണൂർ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്റെ അടിയിൽ കൂടിയാണ് ഈ തുരങ്കം നിമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സൈനികർക്ക് രക്ഷപെടാനാണ് ഈ തുരങ്കം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം.
2015 ഡിസംബറിൽ കോട്ടയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഉൽഖനനത്തിൽ തേങ്ങയുടെയും ഓറഞ്ചിന്റെയും മറ്റും വലിപ്പമുള്ള 1500 -ഓളം പീരങ്കി ഉണ്ടകൾ കണ്ടെത്തുകയുണ്ടായി.
തീർത്തും ചെങ്കലിനാൽ തീർത്ത ഈ കോട്ടയ്ക്ക് ഇത്രയും വർഷങ്ങൾക്ക് ശേഷവും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.
1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം.
അതിനടുത്തായി നാവികർക്ക് വഴി കാട്ടിയായ ഒരു പുരാതന ലൈറ്റ് ഹൗസുമുണ്ട്. ഒരു ചരിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചെടുത്തോളം ഈ കോട്ടവാതിലുകൾ അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറക്കുന്നുണ്ട്.
അറക്കൽ രാജവംശത്തിന്റെ ചരിത്രം പറയാതെ കണ്ണൂരിന്റെ ചരിത്രം പൂർത്തിയാവില്ല. കണ്ണൂർ കോട്ടയ്ക്കടുത്ത് തന്നെയാണ് അറക്കൽ മ്യൂസിയം. അവിടെയുള്ള സൂക്ഷിപ്പുകളിൽ പലതും അന്നത്തെ ജീവിതത്തിന്റെ നേർ കാഴ്ചകളാണ്. അവർ ഉപയോഗിച്ച പാത്രങ്ങളും ആയുധവും ഒക്കെ മ്യൂസിയത്തിൽ നമുക്ക് കാണാൻ കഴിയും.
✍️ ഫൈസൽ പൊയിൽക്കാവ് |
3 comments:
Excellent 👍
കൃത്യമായ യാത്രാവിവരണം വായിക്കുമ്പോൾ വായനക്കാരനും കൂടെ യാത്ര ചെയ്യുന്ന ഒരു അനുഭൂതി
Informative
Post a Comment