Monday, December 12, 2022

തനി പാലക്കാടൻ


പാലക്കാടൻ ഗ്രാമഭംഗി ആസ്വദിച്ച് ഒരു യാത്ര ആരാ കൊതിക്കാത്തത് . കാഴ്ചയുടെ പറുദീസയാണ് പാലക്കാട്. വയലേലകളും അതിന് അതിരിടുന്ന കരിമ്പനയും മഞ്ഞു പുതച്ച നെല്ലിയാമ്പതിയും മലയാള സിനിമയുടെ തറവാടായ വരിക്കാശ്ശേരി മനയും , ഒ.വി വിജയന്റെ തസ്രാക്കും അങ്ങിനെയങ്ങിനെ ഒരു പാടു കാഴ്ചകൾ

*വരിക്കാശ്ശേരി മന*





മലയാള സിനിമയുടെ തറവാടാണ് വരിക്കാശ്ശേരി മന.
ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന സിനിമയിലെ മംഗലശ്ശേരി നീലകണ്ഠനെ അത്ര  പെട്ടെന്ന് ആരും മറക്കില്ല. ദേവാസുരം അടക്കം തൊണ്ണൂറോളം സിനിമകൾ ഷൂട്ട് ചെയ്തത് ഈ മനയിലാണ്.
ഞങ്ങൾ വരിക്കാശ്ശേരി മനയിലെത്തുമ്പോൾ ദേവാസുരത്തിലെ ഭാനുമതിയെ ഓർമ്മിപ്പിച്ച് ഒരു യുവതി മനയുടെ നടു മുറ്റത്ത് ചിലങ്കയണിഞ്ഞ് ഫോട്ടോ ഷൂട്ടിനുള്ള പുറപ്പാടിലാണ്.
ഏകദേശം മുന്നൂറ് വർഷം പഴക്കമുണ്ട് ഈ മനയ്ക്ക്. മൂന്ന് നിലകളുള്ള നാലുകെട്ട് അതാണ് പ്രധാന ആകർഷണം ഇവിടത്തെ വിശാലമായ നടുമുറ്റവും ചുമർ ചിത്രങ്ങളും ശിൽപ വേലകളും ആരേയും ആകർഷിക്കും.


*നെല്ലിയാമ്പതി

ജൈവ വൈവിധ്യം ഏറെ കാണപ്പെടുന്ന കാടുകളാണ് നെല്ലിയാമ്പതി. കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നതും ഈ കാടിടത്തിലാണ്.  പോത്തുണ്ടി ഡാം കഴിഞ്ഞ് നെല്ലിയാമ്പതി ചെക്ക് പോസ്റ്റിൽ എത്തുമ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരുന്നു. ചെക്കിങ് കഴിഞ്ഞ് ഞങ്ങളുടെ വാഹനം മെല്ലെ ഹെയർ പിൻ വളവുകൾ കയറി തുടങ്ങി.

പുറത്ത് നൂൽ മഴ പെയ്യുന്നുണ്ട് കൂട്ടിന് കോടയും. ആൽകെമിസ്റ്റിൽ പറയുന്നത് പോലെ നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുന്നുവെങ്കിൽ അത് സംഭവിച്ചിരിക്കും. കാർ ഒരു വളവു തിരിഞ്ഞതും ഒരു കൂറ്റൻ കാട്ടുപോത്ത് റോഡ് ക്രോസ് ചെയ്യുന്നു. വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കുമ്പോൾ ഒരു കാരണവശാലും  ഹോൺ മുഴക്കാതിരിക്കാൻ ശ്രദ്ധിക്കുക . ഓർക്കുക കാടിടങ്ങൾ അവരുടെ ആവാസ വ്യവസ്ഥയാണ് നമ്മൾ വെറും കാഴ്ചക്കാർ മാത്രവും. കോട പുതച്ച് നിൽക്കുന്ന മലനിരകളുടെ സൗന്ദര്യം ഒരു ക്യാമറയിലും പകർത്താൻ നമുക്ക് കഴിയില്ല. ഇവിടങ്ങളിൽ ഒരു നിമിഷം പോലും കണ്ണടയ്ക്കാതെ പ്രകൃതി ഭംഗി ആസ്വദിക്കുക. 

വ്യൂ പോയിന്റിൽ എത്തുമ്പോൾ കോട വന്ന് ഞങ്ങളെ വാരി പുണർന്നു.

തുടരും


2 comments:

Samved M S said...

നല്ല എഴുത്ത് ..... തുടരണം....

sree said...

👍

Google