വേനൽക്കാലമായാൽ കൊയ്യക്കാരൻ കേളപ്പേട്ടൻ തെങ്ങിൽ നിന്ന് പച്ചോല വെട്ടി താഴെയിടും. അത് വലിച്ച് കിണറ്റിൻ കരയിൽ എത്തിക്കുന്ന ജോലി ഞങ്ങൾ കുട്ടികളുടേതായിരുന്നു. അന്ന് കപ്പിയും കയറും ഉപയോഗിച്ച് കിണറ്റിൻ പടവിൽ നിന്ന് വെള്ളം കോരി കുളിക്കുന്ന കാലം . ( ഷവർ ഒക്കെ സ്വപ്നത്തിൽ മാത്രം ...) അട്ടിയട്ടിയായി ചീന്തി ഇടുന്ന ഓല മേലെ നിന്നാണ് ഞങ്ങൾ കുട്ടികളുടെ കുളി . രണ്ടുണ്ട് കാര്യം കുളിയും നടക്കും ഓല നനഞ്ഞ് മടയാൻ പാകത്തിലാവുകയും ചെയ്യും ..
പിന്നെ ഒന്നു രണ്ടു മാസം ഓലമടയൽ കാലമാണ് .
നാരായണിയേച്ചിയും ശാന്തേച്ചിയും ഓല മടയാൻ നിത്യവും വീട്ടിൽ വരും... അവർ ഓലമടയുന്നത് കാണാൻ നല്ല കൗതുകം... ഓല മെടയുന്ന കൂട്ടത്തിൽ നാട്ട് വിശേഷങ്ങളും അത്യാവശ്യം പരദൂഷണവും കേൾക്കാം... 😀
ഓല മെടഞ്ഞ് ഓല ഉണക്കാനിടണം ... ഉണങ്ങി പാകമായാൽ അട്ടിവെക്കും. ചിതൽ വരാതെ നോക്കണം .. ഓർക്കാൻ എന്തൊരു സുഖമാണ് ആ കാലം.
ഇനി ഓല മേയാനുള്ള ദിവസത്തിന്റെ കാത്തിരിപ്പാണ്. അന്നൊക്കെ പുര മേയൽ ഒരു ചെറിയ കല്യാണം പോലെയാണ്. അയൽപക്കത്തുള്ളവർ ഒക്കെ സഹായത്തിനായെത്തും. ഞങ്ങൾ കുട്ടികൾക്ക് ഒരു ഉത്സവം പോലെ.
പുരമേയുന്ന ദിവസം രാവിലെ തന്നെ ചിരികണ്ടൻ വീട് പൊളിക്കാൻ തുടങ്ങും .. കിടക്കപ്പായയിൽ നിന്ന് വീടിന്റെ കഴുക്കോൽ വീടവിലൂടെ ആകാശം കണ്ടാണ് അന്നുണരുക. ഒരപൂർവ്വ കാഴ്ചയാണ് അത്. അതിന്റെ സുഖം അത് അനുഭവിച്ചവർക്ക് മാത്രം.
പുരമേയാൻ വരുന്നവർക്ക് പുട്ടും കടലക്കറിയും പിന്നെ കപ്പ വറുത്തതും മീൻ കറിയും... ആ കടലക്കറിയുടെ സ്വാദ് പിന്നീട് ഒരിക്കലും അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം .
താഴെ നിന്ന് മെടഞ്ഞ ഓല വീടിന്റെ നെറുകയിലേക്ക് എറിഞ്ഞെത്തിക്കുന്നതിന്റെ ഒരു ഹിക്മത്ത് ഒന്നു വേറെ തന്നെയാണ് .. അത് നോക്കിയിരിക്കാൻ നല്ല സുഖം.
ഉച്ചയോടെ പുരമേയൽ തീരുമ്പോൾ ഒരു സങ്കടമാണ് . ഇനി ഇങ്ങനെ ഒരു ദിവസത്തിനായി ഒരു വർഷം കാത്തിരിക്കണം.....
ഇന്ന് ഞാൻ എന്റെ കോൺക്രീറ്റ് സൗധത്തിൽ ചൂട് കൊണ്ട് എരിപിരി കൊള്ളുമ്പോൾ ഈ ഓർമ്മകളാണ് എന്നെ ഉറക്കുന്നത്.... ഓർമ്മകളെ നിങ്ങൾക്ക് നന്ദി .
കാലമേ എനിക്കെന്റെ ഓലപ്പുര തിരികെ നൽകി കോൺക്രീറ്റ് സൗധം തിരികെ എടുത്ത് കൊൾക . ഞാൻ അവിടെ എല്ലാം മറന്ന് ഒന്ന് ഉറങ്ങിക്കോട്ടെ .❤️
3 comments:
അതി മനോഹരമായ ഒരു കുട്ടിക്കാലം .
ഓർമ്മകൾ ഒരുപാട് പിറകിലോട്ട് പോയി ഇതേ അനുഭവം ആയിരുന്നു കുട്ടിക്കാലത്ത് ഞങ്ങൾക്കും ഓലപ്പുര പൊളിച്ചിട്ട് അന്ന് ആകാശം നോക്കി കിടക്കുന്ന ആ സുഖം അനുഭവിച്ചവർക്കേ അതിന്റെ മൂല്യം മനസ്സിലാവും
ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുന്ന ആ ഒരു രാത്രി എത്ര മനോഹരമായിരുന്നു!!!!
പുര മേയുന്ന ദിവസം രണ്ടുകൂട്ടം കറിയും ശർക്കര പായസവും ഉണ്ടാവുമായിരുന്നു.😋പുരമേയൽ ഒരു അയൽപക്കത്തിന്റെ മൊത്തം ആഘോഷമായിരുന്നു.അനുഭവങ്ങൾ ഓർമ്മകളാകുമ്പോൾ എത്ര മനോഹരമാണ്🥰
ഒരുവട്ടം കൂടിയാ
പഴയ കാലത്തിൻ്റെ
മധുരം നുകരുവാൻ മോഹം......❤️
Post a Comment