Friday, August 20, 2021

കിറ്റി

മൂന്ന് കോടിയിൽ അധികം കോപ്പികൾ വിറ്റഴിഞ്ഞ അറുപതോളം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ലോക പ്രശസ്തമായ ആൻഫ്രാങ്കിന്റെ ഡയറി അതാണ്  'കിറ്റി' .  ജന്മദിനത്തിന് അവളുടെ അച്ഛൻ അവൾക്കു സമ്മാനിച്ചതായിരുന്നു ആ ഡയറി. ആൻ അതിനെ സ്നേഹപൂർവ്വം 'കിറ്റി ' എന്ന് വിളിച്ചു. പതിമൂന്നു വയസ്സുള്ള ആൻഫ്രാങ്ക് അവളുടെ വികാര വിചാരങ്ങൾ കിറ്റിയുമായി പങ്കുവെച്ചു . ഈ പുസ്തകം വായിച്ച്‌  തുടങ്ങിയപ്പോൾ ആകാംക്ഷയായിരുന്നു. അടുത്തദിവസം കിറ്റി എന്നവൾ വിളിക്കുന്ന അവളുടെ ഡയറി യിൽ അവൾ എന്തായിരിക്കും കുറിച്ചിട്ടുണ്ടാവുക . നമ്മളെ ആകാംക്ഷയുടെ  മുൾ മുനയിൽ നിർത്തുന്നുണ്ട് ഈ ഡയറി കുറിപ്പുകൾ.

 പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട ബാല്യകാലം നാല് ചുമരുകൾക്ക്  ഉള്ളിലേക്കു തളച്ചിടുമ്പോൾ അവൾ അനുഭവിച്ച ഹൃദയ വേദന കിറ്റിയിലൂടെ നമ്മളെയും നൊമ്പരപ്പെടുത്തുന്നു . കിറ്റിയുമായുള്ള സംഭാഷണം എന്ന മട്ടിൽ ഓരോ ദിവസവും   എന്ത് മനോഹരമായിട്ടാണ് അവൾ കുറിച്ചിട്ടിരിക്കുന്നത്. ജൂതമതത്തിൽ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ട ലക്ഷകണക്കിന് കുടുംബങ്ങൾ അനുഭവിച്ച കൊടിയ യാതനകൾ. ( എഴുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള വാർത്തകൾ നമ്മെ വീണ്ടും സങ്കടപ്പെടുത്തുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ചുള്ള പാലായനങ്ങൾക്ക്  ഇനിയും അറുതിയായിട്ടില്ല. ചരിത്രത്തിൽ നിന്നും പാഠം ഉൾകൊള്ളാത്ത നമ്മൾ തന്നെ വിഡ്ഢികൾ )  .

രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റര്‍ഡാമിലെ മോണ്ടിസ്സോറി സ്കൂളില്‍ പഠിച്ചിരുന്ന ആ‌ന്‍ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാര്‍ തങ്ങളുടെ ആത്മാവില്‍ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേര്‍ത്തുവക്കുന്നു. 

 

യുദ്ധത്തിനുശേഷം ആംസ്റ്റർ‍ാമിലേക്കു തിരികെ വന്നവരിൽ ഒരാളും, ആൻ ഫ്രാങ്കിന്റെ പിതാവുമായ ഓട്ടോ ഫ്രാങ്കിനാണ് ഈ കുറിപ്പുകൾ കിട്ടിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1947 ൽ ഇവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഡച്ചു ഭാഷയിലായിരുന്ന ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 1952 ൽ ഡയറി ഓഫ് എ യങ് ഗേൾ എന്ന പേരിൽ പുറത്തിറങ്ങി.

മക്കൾക്ക് പുസ്തകങ്ങൾ വാങ്ങിച്ചു കൊടുക്കുന്ന കൂട്ടത്തിൽ  ആൻഫ്രാങ്കിന്റെ ഈ പുസ്തകവും ഉൾപ്പെടുത്താൻ മറക്കല്ലേ. അവർക്കെങ്കിലും നല്ലൊരു ചരിത്ര ബോധം ഉണ്ടാവട്ടെ.



✍ഫൈസൽ പൊയിൽക്കാവ്

 

 

 

 

 

No comments:

Google