Tuesday, March 28, 2023

ഇവനാണ് ആനറാഞ്ചി


കാണാൻ ചെറിയ ഈ പക്ഷിക്ക് ആരാണ് ഈ പേരിട്ടതെന്നറിയില്ല. രാവിലെ നടക്കാനിറങ്ങുമ്പോൾ ഇലക്ട്രിക് കമ്പികളിൽ ഇരുന്ന് ഉറക്കെ കരയുന്നത് കേൾക്കാം..  ഈ പക്ഷിയെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ഗൂഗിൾ ചെയ്തു.

ബ്ലാക്ക് ഡ്രോഗോ ( Black Drongo ) എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം . ഇതിന്റെ ഇംഗ്ലീഷ് പേരിൽ എവിടെയും ആന എന്നർത്ഥം വരുന്ന എലിഫെന്റിനെ കണ്ടില്ല...


  കൂടുതൽ അറിയാനുള്ള ജിഞ്ജാസ  കാരണം ഗൂഗിളിൽ ഒന്നു കൂടി തിരഞ്ഞു 

വലുപ്പത്തിൽ തന്നെക്കാൾ വലിയ പക്ഷികളെ തുരത്തിയോടിക്കാൻ കഴിവുണ്ടെന്നതാകാം ആനറാഞ്ചി എന്ന വിളിപ്പേരിന്റെ പുറകിൽ . പ്രകൃതിയിലെഒന്നാന്തരം മിമിക്രി ആർട്ടിസ്റ്റാണ് ഈ പക്ഷി.  മറ്റു പക്ഷികളെ അനുകരിക്കാൻ ഇവയ്ക്കുള്ള കഴിവ് അപാരമാണ്.

കാക്ക തമ്പുരാട്ടി , ഇരട്ടവാലൻ എന്നീ പേരുകളുമുണ്ട് ഈ പക്ഷിക്ക് .

നമ്മുടെ നാട്ടിൽ രാവിലെയും വൈകിട്ടും യഥേഷ്ടം ഈ പക്ഷിയെ കാണാറുണ്ട്.  യാന്ത്രികമായി ജീവിതം ജീവിച്ചു തീർക്കുമ്പോൾ  പ്രകൃതി നമുക്ക് വേണ്ടി ഒരുക്കിയ കാഴ്ചകൾ കാണാൻ മറക്കല്ലേ.  ഈ ഭൂമിയിൽ നമുക്ക് ഒരു ജീവിതമേയുള്ളു എന്ന തിരിച്ചറിവുണ്ടാകുക.


✍️ ഫൈസൽ പൊയിൽക്കാവ്

Thursday, March 23, 2023

ചൂടുവെള്ളത്തിൽ വീണ തവളക്ക് എന്ത് സംഭവിക്കും?

 







ഒരു തവളയെ ഒരു പാത്രത്തിൽ വെള്ളം നിറച്ച് വെള്ളം ചൂടാക്കാൻ തുടങ്ങുക. ജലത്തിന്റെ ഊഷ്മാവ് ഉയരാൻ തുടങ്ങുമ്പോൾ, തവള അതിന്റെ ശരീര താപനില അതിനനുസരിച്ച് ക്രമീകരിക്കുന്നു. ജലത്തിന്റെ വർദ്ധിച്ചുവരുന്ന താപനിലയ്‌ക്കൊപ്പം തവള അതിന്റെ ശരീര താപനില ക്രമീകരിക്കുന്നു. വെള്ളം തിളച്ചുമറിയുന്ന ഘട്ടത്തിൽ എത്തുമ്പോൾ, തവളയ്ക്ക് ഇനി ക്രമീകരിക്കാൻ കഴിയില്ല. ഈ സമയത്ത് തവള പുറത്തേക്ക് ചാടാൻ തീരുമാനിക്കുന്നു. തവള ചാടാൻ ശ്രമിക്കുന്നു, പക്ഷേ അതിന് അതിന് കഴിയുന്നില്ല, കാരണം ഉയരുന്ന ജലത്തിന്റെ താപനിലയുമായി പൊരുത്തപ്പെടുന്നതിൽ അതിന്റെ എല്ലാ ശക്തിയും നഷ്ടപ്പെട്ടു. അധികം താമസിയാതെ തവള മരിക്കുന്നു.എന്താണ് തവളയെ കൊന്നത്?
ആലോചിച്ചു നോക്കൂ! നമ്മളിൽ പലരും ചുട്ടുതിളക്കുന്ന വെള്ളം എന്ന് പറയുമെന്ന് എനിക്കറിയാം. എന്നാൽ തവളയെ കൊന്നത് എപ്പോൾ പുറത്തു ചാടണമെന്ന് തീരുമാനിക്കാനുള്ള സ്വന്തം കഴിവില്ലായ്മയാണ്. നാമെല്ലാവരും ആളുകളുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടേണ്ടതുണ്ട്, എന്നാൽ എപ്പോൾ ക്രമീകരിക്കണം & എപ്പോൾ മുന്നോട്ട് പോകണം എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. സാഹചര്യത്തെ അഭിമുഖീകരിക്കുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ട സമയങ്ങളുണ്ട്. ശാരീരികമായോ, വൈകാരികമായോ, സാമ്പത്തികമായോ, ആത്മീയമായോ, മാനസികമായോ നമ്മളെ ചൂഷണം ചെയ്യാൻ ആളുകളെ അനുവദിച്ചാൽ അവർ അത് തുടരും. എപ്പോൾ ചാടണമെന്ന് നമുക്ക് തീരുമാനിക്കാം! ശക്തിയുള്ളപ്പോൾ നമുക്ക് ചാടാം.






Wednesday, March 22, 2023

നബയ്ത്തു യൗമഗദിന്‍



വീണ്ടും ഒരു റമദാൻ ആഗതമാവുന്നു. വിശപ്പ് സഹിച്ച് ഈ കൊടും ചൂടിൽ വിശ്വാസത്തെ മാറ്റുരച്ച് നോക്കുന്ന വിശ്വാസിക്ക് ഇത് ആത്മ വിശുദ്ധിയുടെ കാലം.. 

മനസ്സ് നന്നായാൽ മനുഷ്യൻ നന്നായി എന്നു പഠിപ്പിച്ച പ്രവാചകൻ .. . ഒരു നൊയമ്പുകാരനെ ആർക്കും തിരിച്ചറിയാൻ കഴിയില്ല അവൻ പറയുന്നത് വരെ ... മനുഷ്യ മനസ്സ് അതി സങ്കീർണ്ണമാണ് പല തരം വികാര വിചാരങ്ങൾ അടക്കി വെച്ചിരിക്കുന്ന ഒരു ചെപ്പു കുടം.  ഒരു മനുഷ്യന്റെയും മനസ്സ് വായിക്കാൻ ഇത് വരെ ഒരു ആപ്പും ഇറങ്ങിയിട്ടില്ല എന്നത് വളരെ ആശ്വാസകരം.. ഭാവിയിൽ അങ്ങിനെ ഒരു ആപ്പ് തയ്യാറായാൽ മനുഷ്യന്റെ എല്ലാ കാപട്യങ്ങളും മറ നീക്കി പുറത്തു വരും..


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അരങ്ങു തകർത്തു തുടങ്ങി ... ഇനി മൈൻഡ് റീഡർ ആപ്പുകൾ കൂടി എത്തുന്ന കാലം അതി വിദൂരമല്ല...


പറഞ്ഞു വന്നത് നോമ്പിനെ പറ്റിയാണ് . നോമ്പുകാലത്ത് ഒരു തരത്തിലുമുള്ള നാട്യങ്ങളിലും കാര്യമില്ല... ആത്മ വിശുദ്ധി നേടുക എന്നത് തന്നെയാണ് പ്രധാനം.. 

അസ്സൗമുലി ( വ്രതം അത് എനിക്കുള്ളതാണ്) എന്ന ദൈവീക വചനം നമുക്ക് മറക്കാതിരിക്കാം..


എന്റെ വ്രതകാല ചിന്തകൾ തുടരും .. 


✍️ ഫൈസൽ പൊയിൽക്കാവ്

Thursday, March 2, 2023

അറിയണം ചാറ്റ് ജി.പി. ടി ( Chat GPT) യെ



ഇന്ന് ലോകം ചാറ്റ് ജി. പി.ടിക്ക് പുറകെയാണ്. മനുഷ്യന് പകരം നിൽക്കാൻ കെൽപ്പുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ. മനുഷ്യന് മാത്രം സാധ്യമെന്ന് വിചാരിച്ചിരുന്ന സൃഷ്ടിപരത, സർഗ്ഗാത്മകത ഒരു കമ്പ്യൂട്ടറിലേക്ക് ആവാഹിക്കുകയാണ് ഈ ടെക്നോളജി.


 *ഇനി എന്താണ് ചാറ്റ് ജി. പി. ടി* 

കൃത്രിമ ബുദ്ധിയിൽ അധിഷ്ടിതമായ ഒരു ചാറ്റ് ബോട്ടാണ്  ഇത്. ബോട്ടെന്നാൽ റൊബോട്ടിക്ക് പ്രോഗ്രാം എന്നർത്ഥം. 2015 ൽ ഇ ലോൺ മസ്ക്, സാം ആൾട്ട് മാൻ എന്നിവർ ചേർന്ന് സ്ഥപിച്ച ഓപ്പൺ എ. ഐ ( Open AI ) എന്ന ഗവേഷണ കമ്പനിയുടേതാണ് ചാറ്റ് GPT ( Generative Pre-trained Transformer).

വൈജ്ഞ്ഞാനിക വിശകലനം ( Cognitive Analysis) സാധ്യമാവും എന്നതാണ് ചാറ്റ് ജി.പി. ടി യുടെ പ്രത്യേകത.


ചാറ്റ് ജി.പി. ടി യുടെ അടിസ്ഥാനം ന്യൂറൽ നെറ്റ്വർക്കുകളാണ്  . അതിനാൽ മനുഷ്യന് മാത്രം സാധിച്ചിരുന്ന നാച്ചുറൽ ലാംഗേജ് പ്രൊസ്സസ്സിങ് ( NLP ) ഇവയ്ക്ക് സാധ്യമാവുന്നു. 


ചാറ്റ് ജി.പി. ടി യെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ആൽഗോരിതമാണ് *ട്രാൻസ്ഫോർമർ* ചാറ്റ് ജി.പി ടി യോട് ഒരു കവിത രചിക്കാൻ ആവശ്യപ്പെട്ടാൽ ഞ്ഞൊടിയിടയിൽ കവിത റെഡി. ചാറ്റ് ജി.പി. ടി യോട് യാത്രാ വിവരണം എഴുതാൻ പറഞ്ഞാലും സ്ഥിതി മറ്റൊന്നല്ല ( എന്റെ യാത്രാ വിവരണ കുറിപ്പുകൾ ഞാൻ തന്നെ എഴുതുന്നതാണേ..😃 )

ഇനി പി.എച്ച്. ഡി ക്ക് ആവശ്യമായ തീസിസ് എഴുതാൻ ആവശ്യപ്പെട്ടാലും

ചാറ്റ് ജി.പി. ടി അത് ചെയ്യും. 

ഏതായാലും ഒരു കാര്യം ഉറപ്പാണ് വരും നാളുകളിൽ ചാറ്റ് ജി. പി.ടി നമ്മുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കും എല്ലാ അർത്ഥത്തിലും ....


Try https://openai.com/


✍️ *ഫൈസൽ പൊയിൽക്കാവ്*

Wednesday, March 1, 2023

വെളിച്ചത്തിന് എന്ത് വെളിച്ചം

 

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു മാസ്റ്റർ പീസാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന കൃതി.  ഈ നോവലിലെ കേന്ദ്ര കഥാ പാത്രങ്ങളായ കുഞ്ഞു താച്ചുമ്മയിലൂടെയും കുഞ്ഞുപ്പാത്തുമ്മയിലൂടെയും മുസ്ലിം സമൂഹത്തിൽ അന്നും ഇന്നും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ കൊഞ്ഞനം കുത്തുകയാണ് ബഷീർ.  നർമ്മത്തിൽ ചാലിച്ച ബഷീറിയൻ ഭാഷയിൽ ഒരു നൂറു ശരങ്ങൾ എയ്തു വിടുന്നുണ്ട് ബഷീർ.

സന്ധ്യാ സമയത്ത് തറവാട്ടിലെ പെൺകുട്ടികൾ പുറത്തിറങ്ങി കൂടെന്ന് തിട്ടൂരം പുറപ്പെടുവിക്കുന്ന കുഞ്ഞി താച്ചുമ്മ തന്നെ എല്ലാം നഷ്ടപ്പെട്ട് ഒരു സന്ധ്യാ സമയത്ത് വീടു വിട്ട് പുറത്തിറങ്ങേണ്ടി വരുന്നിടത്തിട്ടാണ് ഈ നോവലിലെ ഐറൊണി.

വെളിച്ചത്തിന് എന്ത് വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ ഭാഷാ പ്രയോഗം ഈ നോവലിലാണ്.

അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും അകപ്പെട്ട ഒരു കുടുംബത്തെ മോചിപ്പിക്കുന്നതിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. പഠിപ്പും പത്രാസമുള്ള നിസാർ അഹമ്മദി പ്രണയിക്കുന്നതിലൂടെ കുഞ്ഞു പാത്തുമ്മ ഇരുട്ടിൽ നിന്ന് രക്ഷപ്പെട്ട് വെളിച്ചം അനുഭവിക്കുന്നു.

1951 ൽ ബഷീർ എഴുതിയ ഈ നോവൽ ഇന്നും പ്രസക്തമാണ്. എത്ര ഉന്നത വിദ്യാഭ്യാസം നേടിയിട്ടും മനസ്സിലെ മാറാല നീക്കാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ല ...


✍️ *ഫൈസൽ പൊയിൽക്കാവ്*

Google