മഴ മേഘങ്ങളുടെ ഗർഭപാത്രം അതാണ് കവ. പാലക്കാടൻ ജില്ലയിലെ അതി മനോഹരമായ ഗ്രാമമാണ് വെള്ളത്താൽ ചുറ്റപ്പെട്ട മലയടിവാരത്തിലെ കവ.
ഇപ്രാവശ്യത്തെ യാത്ര കവയിലേക്കായിരുന്നു. മലമ്പുഴയിൽ നിന്നും 6 കി.മി കാട്ടിലൂടെ സഞ്ചരിച്ചാൽ കവയിലെത്താം. യാത്ര അതിരാവിലെ ആയാൽ അത്രയും നല്ലത്. ഭാഗ്യമുണ്ടെങ്കിൽ മാനിനേയും ആനയേയും മയിലിനേയും ഒക്കെ കാണാം. ആളുകളുടെ ബഹളങ്ങളില്ലാതെ തനിച്ച് ആസ്വദിക്കണം കവയെ.
കേരളത്തിലെ മഴയുടെ കവാടം കൂടിയാണ് കവ . ചുറ്റും പച്ചപ്പ് പല തരം പക്ഷികൾ. പെട്ടെന്ന് എവിടെ നിന്നോ കാറ്റ് വീശി. ഒരു മുന്നറിയിപ്പുമില്ലാതെ മഴ പെയ്തു കൂടെ കോടയും... കവയിലെ മഴ നനയാൻ ഒരു പ്രത്യേക സുഖാ...
മുട്ടോളം വെള്ളത്തിൽ മുങ്ങി നിൽക്കുന്ന കരിമ്പനകൾ കവയിലെ മാത്രം പ്രത്യേകതയാണ്. കവയിലേക്കുള്ള വഴിയിൽപനങ്കള്ളിൽ നിന്നും ഉണ്ടാക്കുന്ന പനംചക്കര അഥവാ കരിപ്പെട്ടി വിൽക്കുന്ന ആദിവാസികളെ കണ്ടു.പനം ചക്കരയ്ക്ക് സാധാരണ ശർക്കരയെക്കാൾ ഔഷധഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് പരമ്പരാഗത ആയുർവേദ ചികിത്സകളിലും ഇത് ഉപയോഗിക്കുന്നത്.
മൃഗയ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം ' വാറുണ്ണി ' യെ അത്ര പെട്ടെന്ന് ആരു മറക്കില്ല. ആ സിനിമയുടെ ചിത്രീകരണം നിർവഹിച്ചത് കവയിലാണെത്രെ .
ഒറ്റവാക്കിൽ കവ പച്ചപ്പിൻ്റെ പറുദീസയാണ് . പച്ചപ്പിനെ ഇഷ്ടപ്പെടുന്നവർക്ക് കവ നല്ലൊരു ദൃശ്യാനുഭവം ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
✍️ ഫൈസൽ പൊയിൽക്കാവ്