Sunday, May 31, 2020

നമുക്കും നടാം വീട്ടിൽ ഒരു വൃക്ഷതൈ

* സംഗമം റെസിഡന്റ്സ് *

നമുക്കും നടാം വീട്ടിൽ ഒരു വൃക്ഷതൈ 

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വീണ്ടും  ജൂൺ - 5. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നമ്മളും  വൃക്ഷ തൈ വിതരണത്തിനായി ഒരുക്കിയിരിക്കുന്നു.. താഴെ പറയുന്നതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായ തൈ  തെരഞ്ഞെടുക്കാം.....

വൃക്ഷതൈ / പച്ചക്കറി തൈ 


  1. കറിവേപ്പ്
  2. അനാർ
  3. പാഷൻ ഫ്രൂട്ട്
  4. പപ്പായ
  5. രാമ തുളസി
  6. കൃഷ്ണ തുളസി
  7. പച്ചമുളക്
  8. വഴുതിന

* ഏതെങ്കിലും ഒരു ഐറ്റം മാത്രം തെരഞ്ഞെടുക്കുക 

Tuesday, May 26, 2020

പച്ചമുളക് - ഒരു കാർഷിക കൂട്ടായ്മ
  • യുവജനങ്ങൾക്കും വീട്ടമ്മമാർക്കും കൃഷിയെ ഒരു വരുമാന മാർഗ്ഗമായി മാറ്റാനുള്ള ഒരു കാർഷിക കൂട്ടായ്മയാണ് ' പച്ചമുളക് ' . ഈ കൂട്ടായ്മയിലൂടെ കൃഷി അറിവും ജൈവ കാർഷിക ഉത്പന്നങ്ങളുടെ കൈമാറ്റവും ലക്ഷ്യമിടുന്നു.
  • അടുക്കള തോട്ടം എന്നുള്ള മലയാളിയുടെ അന്യം നിന്ന് പോയ ശീലം തിരികെ കൊണ്ടുവരാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് .
  • നിങ്ങൾ ഒരു നല്ല കർഷകനോ കൃഷിയെ സ്നേഹിക്കുന്ന വ്യക്തിയോ ആണെങ്കിൽ ഈ കൂട്ടായ്മയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഈ കൂട്ടായ്മയിൽ അംഗമാവാം.


Join With Us

Sunday, May 24, 2020

വേപ്പ് ഓയിൽ നിന്ന് ജൈവ കീടനാശിനി എങ്ങനെ തയ്യാറാക്കാം?

ജൈവകൃഷിയുടെ ഏറ്റവും വലിയ ശത്രു കീടനാശിനികളാണ്. ഉയർന്ന വിളവ് ലഭിക്കുന്ന വിത്തുകളുണ്ടെങ്കിലും കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് നമ്മുടെ സസ്യങ്ങളെ സംരക്ഷിക്കാൻ നമ്മൾക്ക് കഴിയില്ല. കീടങ്ങളുടെ ആക്രമണം കുറയ്ക്കുന്നതിനോ കൊല്ലുന്നതിനോ വേപ്പ് എണ്ണ എങ്ങനെ സഹായിക്കുമെന്ന് നമുക്ക് നോക്കാം. 

വേപ്പിൻ എണ്ണയും വിവിധ ഗാർഹിക വിദ്യകളും സംയോജിപ്പിച്ച് സസ്യങ്ങളെ വർദ്ധിച്ചുവരുന്ന കീട ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് അമിതമായി ഉപയോഗിക്കുന്നത് പ്രതികൂല ഫലങ്ങൾക്കും കാരണമായേക്കാം. ഒരു ലിറ്റർ വെള്ളത്തിൽ 10 മില്ലി എണ്ണ ചേർത്ത് സസ്യങ്ങളിൽ വേപ്പ് എണ്ണ തളിക്കാം.



How to prepare Organic Pesticide from Neem Oil ?


Simple steps to make Organic Pesticide

Step 1 : Prepare Soap Solution

Step 2 : Make Garlic Mixture

Step 3 : Pour Neem Oil 

Friday, May 22, 2020

പച്ചമുളക് - കാർഷിക കൂട്ടായ്മ

യുവ ജനങ്ങൾക്കും  വീട്ടമ്മമാർക്കും കൃഷിയെ ഒരു വരുമാന മാർഗമായി മാറ്റാനുള്ള പൊയിൽകാവ് മേഖലയിലെ ഒരു കാർഷിക കൂട്ടായ്മയാണ് ' പച്ചമുളക് ' . ഈ കൂട്ടായ്മയിലൂടെ കൃഷി അറിവും ജൈവ കാർഷിക ഉത്പനങ്ങളുടെ കൈമാറ്റവും  വിപണനവു ലക്ഷ്യമിടുന്നു.



നിങ്ങൾ ഒരു നല്ല കർഷകനോ  കൃഷിയെ സ്നേഹിക്കുന്ന വ്യക്തിയോ ആണെങ്കിൽ ഈ കൂട്ടായ്മയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഈ കൂട്ടായ്മയിൽ അംഗമാവാം.

Join With Us 

https://chat.whatsapp.com/FqWCg6YLZx53a96M1ynHOV


Wednesday, May 13, 2020

പട്ടി കടിച്ചാൽ ....

ഓർമ്മ -  4 
-----------------

പട്ടി  കടിച്ചാൽ , പൂച്ച മാന്തിയാൽ ഒക്കെ എത്രയും പെട്ടെന്ന് ആന്റി റാബീസ് ഇൻജെക്ഷൻ എടുക്കാൻ മറക്കല്ലേ.... അതും എത്രയും പെട്ടെന്ന് ....


( മാതൃ ദിനത്തിന്റന്നു ഞാൻ പഠിപ്പിച്ച  എന്റെ പ്രിയ ശിഷ്യൻ അമർനാഥിൻറെ  ഫേസ്ബുക് പോസ്റ്റ് ആണ്  ഇത് എഴുതാൻ പ്രേരകം.....അവനെ നായ കടിച്ച വിവരം പങ്കുവെച്ചു കൊണ്ടുള്ള വളരെ തമാശ മട്ടിൽ എഴുതിയ പോസ്റ്റ്  എന്നെ കുറെ വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോയി. )

എൻ്റെ ഒരു അനുഭവം ....  
------------------------------------
ഒരു ദിവസം വീട്ടിൽ നിന്ന് ധൃതി പെട്ട് ഓഫീസിലേക്ക് ഇറങ്ങുമ്പോൾ  വാതിൽക്കൽ കിടന്ന പൂച്ചയെ അറിയാതെ ഒന്ന് ചവിട്ടി ... ചവിട്ടിയതും പൂച്ച കാലിൽ മാന്തി. അത് വലിയ കാര്യമാക്കാതെ ഞാൻ ഓഫീസിലേക്കു പോന്നു ..ചെറുതായിട്ടുള്ള നീറ്റൽ ഞാൻ അത്ര കാര്യമാക്കിയില്ല..രണ്ടു ദിവസം കഴിഞ്ഞു മുറിവ് ഉണങ്ങാതെ ആയപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു... രണ്ടു ദിവസം വൈകിയതിന് ഡോക്ടർ കുറെ ചീത്ത പറഞ്ഞു.. എത്രയും പെട്ടെന്ന് ആന്റി റാബീസ് വാക്‌സിൻ എടുക്കാൻ നിർദ്ദേശിച്ചു...രണ്ടാഴ്ച്ച കാലം മാന്തിയ പൂച്ചയെ നിരീക്ഷിക്കാനും പറഞ്ഞു.... ഡോക്ടർ പറഞ്ഞത് പ്രകാരം ഞാൻ പൂച്ചയെ നിരീക്ഷിച്ചു വന്നു..... പല വീടുകളിലും മൂപ്പർ സന്ദർശനം നടത്തുന്നതിനാൽ ചില ദിവസങ്ങളിൽ അതിനെ കാണാറില്ല ....ഞാൻ അതത്ര വല്യ കാര്യം ആകാറുമില്ല...

പക്ഷെ ഒരു ദിവസം യാദൃശ്ചികമായി വീട്ടിൽ നിന്ന് മാർക്കറ്റിലേക്ക് പോകുമ്പോൾ വഴിയരികിൽ നമ്മുടെ വില്ലൻ പൂച്ച വായിൽ നിന്നും നുരയും പാതയും വന്ന് ചത്ത് മലർച് കിടക്കുന്നു.... അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാൻ വയ്യ.. രാത്രിയിൽ പേ ഇളകുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു...ഉറക്കമില്ലാത്ത രാത്രികളായി പിന്നങ്ങോട്ട്.....

( മൃഗയ എന്ന മമ്മൂട്ടി സിനിമയിലെ പട്ടി കടിച്ചു പേ ഇളകുന്ന രഘു അവതരിപ്പിച്ച കഥാപാത്രത്തെ നമ്മൾ അത്രപെട്ടന്നങ്ങു മറക്കില്ല....)

പലതും ആലോചിച്ചു കൂട്ടി ..... ഇൻജെക്ഷൻ എടുക്കാൻ വൈകി പോയി എന്ന് ഡോക്ടർ പറഞ്ഞ വാക്കുകൾ ... അത് വലിയ കുഴപ്പമായി... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല... ആരോടും ഒന്നും പറഞ്ഞില്ല... ദിവസങ്ങൾ തള്ളി നീക്കി... ആയുസ്സിന്റെ  ബലം കൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല...

കുറെ വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഒരിക്കൽ കൂടി .... ഇപ്രാവശ്യം വില്ലൻ ഒരു പട്ടി ആയിരുന്നു. ഒരു ഫാം വിസിറ്റിനു പോയ എന്നെ പിന്നിലൂടെ വന്ന പട്ടി വട്ടം പിടിച്ചു .. ഞാൻ കുതറി മാറിയപ്പോൾ അതിന്റെ നഖം കൊണ്ട് കൈയ്യിൽ പോറി ... ഇപ്രാവശ്യം വേറെ ഒന്നും ആലോചിക്കാതെ പോയി ഇൻജെക്ഷൻ എടുത്തു....

മലയാറ്റൂർ എഴുതിയ വേരുകൾ എന്ന നോവലിലെ ഒരു കഥാപാത്രം നായ കടിച്ചപ്പോൾ ഇൻജെക്ഷൻ എടുക്കാതെ പ്രകൃതി ചികിത്സ സ്വീകരിച്ചു അവസാനം പേ പിടിച്ച് മരിക്കുന്നുണ്ട് ... നമ്മുടെ സമൂഹത്തിൽ ഇന്നും അത്തരം സംഭവങ്ങൾ   ആവർത്തിക്കപ്പെടുന്നു എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു....പ്ളീസ് ഇനിയും ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ ആവർത്തിച്ചു് കൂടാ.... 

പൂച്ച മന്തിയാലും നായ കടിച്ചാലും ഒക്കെ എത്രയും പെട്ടെന്ന് കുത്തിവെപ്പ് എടുക്കുക...  കുത്തിവെപ്പ് എടുക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക.................

ഫൈസൽ  പൊയിൽക്കാവ് 

Sunday, May 10, 2020

പ്രവാസിയെന്ന് എന്നെ വിളിക്കാമോ?

ഓർമ്മ. - 3 



" ഈ കൊറോണ കാലം പത്രങ്ങളിൽ എന്നും പ്രവാസിയെ കുറിച്ചാണ് ... അവരുടെ യാതനയും വേദനയും പകരം വെക്കാൻ പറ്റാത്തതും ... ഗൾഫ് പ്രവാസത്തെ പറ്റി എന്റെ ഒരു ചെറിയ ഓർമ്മക്കുറിപ്പ് ... "


21 ദിവസത്തെ എൻ്റെ ഗൾഫ് പ്രവാസം 


പ്രവാസിയെന്ന് എന്നെ വിളിക്കാമോ എന്നെനിക്കറിയില്ല. പക്ഷെ ഞാൻ എന്നെ ഒരു X-പ്രവാസിയെന്ന് ഇവിടെ പരിചയപ്പെടുത്തട്ടെ. ഗവണ്മെന്റ് ജോലി എന്ന മോഹം ഏകദേശം അസ്തമിച്ച സമയത്താണ് ഗൾഫ് സ്വപ്നം മനസ്സിൽ പൂവിട്ടത്. ( ഗർഷോം എന്ന സിനിമയിലെ മുരളി അവതരിപ്പിച്ച നായക കഥാപാത്രം  എന്നെ വല്ലാതെ വേട്ടയാടിയിരുന്ന ഒരു കാലം...

* പി. ടി. കുഞ്ഞു  മുഹമ്മദ് സംവിധാനം ചെയ്ത 1999 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഗർഷോം. പ്രവാസ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ ഉർവശി , മുരളി, മധു, സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദിന്റെ ആദ്യ ചിത്രമായിരുന്നു അത്. )

എന്നാലും പോവാതെ വയ്യല്ലോ.......... ആളുകളുടെ ചോദ്യങ്ങൾക്കു മുമ്പിൽ വല്ലാതെ ചൂളിതുടങ്ങിയിരുന്നു . MCA കഴിഞ്ഞു ,ഇതുവരെ ജോലിയൊന്നും ആയില്ലല്ലേ ? ചോദ്യങ്ങൾ കേട്ട് ഞാൻ മടുത്തു...ചോദ്യങ്ങൾ എനിക്ക് ജോലി കിട്ടാത്ത സങ്കടം കൊണ്ടൊന്നുമല്ല എന്നു മനസ്സിലാക്കാൻ MCA ഡിഗ്രി ഒന്നും വേണ്ടല്ലോ.?...

ഇഷ്ട ജോലിയായ കോളേജ് ലെക്ചർ (  Self Financing College ) ജോലി കളഞ്ഞു AWH Engineering College -ന്റെ പടി ഇറങ്ങുമ്പോൾ , പ്രിൻസിപ്പൽ ഫൈസൽ നിനക്കു നല്ലതു വരും എന്ന് കൈ കുലുക്കിയപ്പോൾ അറിയാതെ മനസ്സൊന്നു പിടഞ്ഞു..

വിസ റെഡി ആയിട്ടുണ്ടെന്നു മെയിൽ വന്നപ്പോൾ മുതൽ വല്ലാത്ത ടെൻഷൻ.. പച്ചപ്പിന്റെ നാട്ടിൽ നിന്നും മണലാരണ്യത്തിലേക്കു ...
കരിപ്പൂർ എയർപോർട്ടിൽ യാത്ര അയക്കാൻ വന്നവരോട് ടാറ്റാ പറഞ്ഞു ബോര്ഡിങ് പസ്സിനായി എയർപോർട്ടിനകത്തേക്ക് ....

ദോഹ എയർപ്പോർട്ടിൽ എന്നെ സ്വീകരിക്കാൻ സെയ്തുവും നൗഷാദും കാറുമായി .എത്തിയിരുന്നു....എൻ്റെ കൈയ്യിലെ ചെറിയ ല്ഗഗേജ് വണ്ടിയുടെ ഡിക്കിയിൽ വെച്ച് ഞങ്ങൾ താമസ സ്ഥലത്തേക്ക് .... വിമാനമിറങ്ങിയത് മുതൽ ഒരു വെളിമ്പ്രദേശത്ത് എത്തിയ ഒരു പ്രതീതിയായിരുന്നു എനിക്ക്... പണ്ടത്തെ കളികൂട്ടുകാരായ യാസറും ഷാജയും മാത്രമാണ് ഏക  ആശ്വാസം.

ആഗോള സാമ്പത്തിക മാന്ദ്യം കാരണം പുതിയ റിക്രൂയ്‌ട്മെന്റുകൾ ഒന്നും നടക്കുന്നില്ല..രാവിലെ ഫയലും തൂകി ബയോഡേറ്റ കൊടുക്കാൻ കമ്പനികളിൽ പോകണം...

രാവിലെ റൂമിൽ നിന്നിറങ്ങി നേരെ യാസറിൻ്റെ മൊബൈൽ ഷോപ്പിലേക്ക് .. അവിടെ നിന്ന് സുലൈമാനിയും സാൻഡ്വിച്ചും യാസറിൻ്റെ കൂടെ...ഷോപ്പിലെ സെയിൽസ്മാൻ  ബഹാദൂർ , ഒരു നേപ്പാളിയാണ് ... നന്നായി ഹിന്ദി സംസാരിക്കുന്ന ബഹാദൂർ ഞാനുമായി വേഗം കമ്പനിയായി ...( ദൂരദർശനിൽ ശനിയാഴ്ച വരുന്ന ഹിന്ദി സിനിമ കണ്ടതിന്റെ ഗുണം.  ). യാസറിൻ്റെ  കടയിൽ നിന്ന് നേരെ കാർവാ ബസ്സ് സ്റ്റേഷനിലേക്ക് ...

ഉച്ചയ്ക്കുള്ള ഭക്ഷണം നൗഷാദിന്റെയും സെയ്‌തുവിന്റെയും കൂടെ... നല്ല മജ്‌ബൂസ്....നല്ല രുചി ... ആദ്യമായി മജ്‌ബൂസ് കഴിക്കുന്നത് ഖത്തറിൽ വെച്ചാണ് ...

 ഒന്ന് രണ്ടു ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തു... അവർ ഓഫർ ചെയ്യുന്ന സാലറി തീരെ കുറവായതിനാൽ നല്ല ചാൻസിനു വേണ്ടിയുള്ള കാത്തിരിപ്പ് ....കാത്തിരിപ്പിന്റെ മടുപ്പ് .

അവിടെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഫുൾ എ . സി യിൽ പുതച്ചു മൂടിയുള്ള കിടത്തമാണ്...  ഇടയ്ക്ക് എപ്പോഴോ താമസം യാസറിനും ഷാജയ്ക്കും ഒപ്പമാക്കി ... അവർ രണ്ടാളും ജോലിക്കു പോയാൽ ഞാൻ റൂമിൽ തനിച്ചാകും...

ഒരു ദിവസം വെറുതെ അവിടത്തെ കാഴ്ചകൾ കാണാൻ പുറത്തിറങ്ങി നടന്നു...... ചുട്ടു പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്നവർ. അറിയാതെ നമ്മൾ അവരെ നമിച്ചു പോകും...
പെട്ടന്നാണ് പൊടി കാറ്റ് വീശിയത് .. കണ്ണ് കാണാത്ത പോലെ....
ചില ദിവസങ്ങളിൽ അങ്ങിനെയാണ് നല്ല പൊടി കാറ്റു വീശും.... കുറച്ചു സമയത്തേക്ക് പിന്നെ ഒന്നും കാണില്ല.....പൊടിക്കാറ്റ് സീസൺ ചേഞ്ച് അറിയിക്കുന്നതാണ് പോൽ .... ശരിയാണെന്നു അറിയില്ല...

അതിനിടെ ഒരു ദിവസം മഗ്‌രിബ് നിസ്കാരത്തിന് പള്ളിയിൽ പോയി.. ഞാൻ എത്തുമ്പോൾ ബാങ്ക് വിളിച്ചു നിസ്കാരം തുടങ്ങിയിരുന്നു.. പള്ളിക്കു പുറത്ത് നിന്ന പോലീസുകാരൻ " യാ അള്ളാഹ് ബറാഹ് " എന്ന് അലറി വിളിച്ചു എല്ലാരേയും ഓടിക്കുന്നു.... നിസ്കാരത്തിനു പോയ ഞാനും ഓടി ...
പിന്നെയാണ് മനസ്സിലായത് അത് പള്ളി പരിസരത്ത് വെറുതെ നടക്കുന്ന ആളുകളെ ഓടിക്കുകയായിരുന്നു എന്ന്....

ദിവസങ്ങൾ കഴിയുന്തോറും  മനസ്സിൽ ഒരു  ആധി  കയറാൻ തുടങ്ങി.... ഒരു കാര്യം എനിക്ക് മനസ്സിലായി ഇവിടെ ജോലി ഇല്ലെങ്കിൽ പിടിച്ചു  നിൽക്കൽ പ്രയാസം തന്നെ... പിന്നെ നാട്ടിലുള്ള ഓർമ്മകൾ ......



തുടരും..... 

Monday, May 4, 2020

ഓർമ്മകൾ അവസാനിക്കുന്നേയില്ല......



ഓർമ്മ. - 2

എന്റെ   ചെറുപ്പത്തിലെ ഏറ്റവും നല്ല കാഴ്ച വീടിനു ചുറ്റുമുള്ള പാടങ്ങൾ  ആയിരുന്നു..മഴക്കാലം തുടങ്ങിയാൽ ഞങ്ങൾ കൂട്ടുക്കാർ മീൻ പിടിക്കാനുള്ള തിരക്കിലാവും..

അന്നൊക്കെ മണ്ണിര കാലുകൊണ്ട് കിളച്ചു ചൂണ്ടയിൽ കോർത്താണ് മീൻ പിടുത്തം ... (                
  ഇന്ന് പടന്ന എടുത്ത്‌ കിളച്ചാൽ പോലും ഒരൊറ്റയെണണത്തിനെ കിട്ടില്ല.  ) മണ്ണിരയെ ചൂണ്ടയിൽ കോർക്കാൻ നല്ല പ്രാക്ടീസ് വേണം... ഫൈസൽ കുപ്പച്ചൻ ആയിരുന്നു നമ്മുടെ ഗുരു ..,അവനായിരുന്നു ഒരു കാലത്ത്റ്റ്‌ എന്റെ എല്ലാം ..

മുഷിയും , കൈച്ചിലും( വരാൽ ) , കരിന്തലയും ഒക്കെ ഞങ്ങളുടെ ചൂണ്ടയിൽ കുരുങ്ങി..

മീൻ പിടുത്തം കഴിഞ്ഞാൽ കുളത്തിലെ കുളി ..ഫൈസലും യാസറും തകർക്കും ...( എനിക്ക് ഇന്നും നീന്തൽ അറിയില്ലാട്ടോ ) .. എല്ലാം കഴിഞ്ഞു വീട്ടിലേക്കു .. മീൻ പിടുത്തതിന് കർശന വിലക്കായിരുന്നു വീട്ടിൽ..അതിനാൽ പലപ്പോഴും പൊതിരെ തല്ല് കിട്ടി...
( ഈ വളർത്തു ദോഷം കൊണ്ടാണ് നീന്തൽ പഠി ക്കാതെ പോയതെന്ന് ഞാൻ... )

സ്‌കൂളിൽ പരീക്ഷാകാലം കഴിഞ്ഞാൽ പാടത്തുള്ള ചെറിയ ചെറിയ വെള്ളക്കെട്ട് വറ്റിച്ചു മീൻ പിടുത്തം തുടങ്ങും... ...

വെള്ളം വറ്റാൻ നേരം, മീനിനെ ചവിട്ടി പിടിക്കുക എന്നൊരു പരിപാടിയുണ്ട് ... അതിലും വിദഗ്ദൻ കുപ്പച്ചൻ തന്നെ .. ചവിട്ടി പിടിക്കൽ പരിശീലനത്തിനടിയാലാണ് മുഷി ( അതിനെ നാട്ടിൽ കടു എന്നും വിളിക്കും ) പണി പറ്റിച്ചത് .. എന്റെ കാലിനടിയിൽ പെട്ട മുഷി അതിന്റെ ജീവൻ രക്ഷിക്കാൻ പിടച്ചതാകണം... ആ പിടയ്ക്കൽ എന്റെ കാലിൽ 12 കുത്തുകൾ സമ്മാനിച്ചു ... കുത്തേറ്റടുത്തു നിന്ന് നല്ല കടച്ചിൽ......

മുഷി കുത്തിയാൽ നല്ല കടച്ചിലാണ് ... അന്നത്തെ അതിനെതിരെയുള്ള മറു മരുന്ന് കുത്തിയെടുത്തു മൂത്രം ഒഴിക്കുക  ... മൂത്രം വീഴുന്നതോടെ കടച്ചിൽ നിൽക്കും ....

മൂത്രം കാലിൽ വീണതോടെ കടച്ചിൽ നിന്നു .. എന്റെ ചവിട്ടി പിടിക്കൽ പരിശീലനവും.....

ഫൈസൽ പൊയിൽക്കാവ്‌

#ormmakal

Friday, May 1, 2020

ഓർമ്മക്കുറിപ്പ് ....

ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന ഒരു കാലഘത്തിന്റെ ഓർമ്മയ്ക്കായി ......

ഓർമ്മ - 1
---------------
കാലം :  തൊണ്ണൂറുകളുടെ അവസാനം....
രംഗം   : ഒരു വോളിബാൾ കളിക്കളം



ചില ഓർമ്മകൾ അങ്ങിനെയാണ് .. അത് നാം മരിച്ചാലും മറക്കില്ല...
ബിരുദം കഴിഞ്ഞു,  ഇനി എന്ത് എന്ന് ചിന്തിക്കുന്ന കാലം. ...ക്രിക്കറ്റും വോളിബാളും ഹരം കൊള്ളിക്കുന്ന പ്രായം....... നല്ല ഒരു വോളീബോൾ പ്ലെയർ ആയിട്ട് പോലും ഉപ്പയുടെ ലോക്ക് ഡൗണിൽ കുടുങ്ങി കിടന്ന കൗമാരം...... ഇടക്കൊക്കെ ഉപ്പായുടെ കണ്ണുവെട്ടിച്ച് വോളീബോൾ കളത്തിലേക്ക്........ കാണികളുടെ ആരവം ....ഇന്നും  ഓർക്കാൻ സുഖമുള്ള ഓർമ്മകൾ .... ബെറ്റ് വെച്ച് കിട്ടുന്ന പൈസക്ക് ചിക്കൻ ഗോപാലേട്ടന്റെ കടയിൽ നിന്ന് പൊറോട്ടയും ചിക്കൻ പൊരിച്ചതും.....ഓർമ്മകൾ ഒരു പാടുണ്ട്....


അങ്ങിനെ ഒരിക്കൽ തീ പാറുന്ന ഒരു വോളീബോൾ  മത്സരം.. മൂന്ന് സെറ്റിൽ  1 -1 എന്ന നിലയില രണ്ടു  ടീമും ...എതിർ ടീമിൽ ആരുടേയും പേടിസ്വപ്നമായി സ്‌ട്രൈക്കർ ഇസ്മായിൽ  അപാര ഫോമിൽ...എന്റെ പോസിഷൻ ഡിഫൻഡിങ് ആയിരുന്നു... ഇസ്മയിലിന്റെ പല ഷോട്ട് കളും ഞാനും മുജീബും കൂടി ബ്ലോക്ക് ചെയ്തിട്ടു ....ഇസ്മയിലിന്റെ എണ്ണം പറഞ്ഞ അടി ബ്ലോക്ക് ചെയ്യാൻ പോയ എൻ്റെ തള്ള വിരൽ ഒടിഞ്ഞു തൂങ്ങി...ഒരു വേള ഞാൻ കളിക്കളത്തിൽ ഇരുന്നു പോയി....എന്താണ് സംഭവിച്ചതെന്ന് എനിക്കോ മറ്റുള്ളവർക്കോ ആദ്യം മനസ്സിലായില്ല.... കൈ വിരലിൽ നിന്നും നല്ല കലശലായ വേദന...കൂട്ടുക്കാർ എന്നെ തൂകി എടുത്തു അടുത്തുള്ള കളരി ഗുരുക്കളുടെ അടുത്തേക്ക് ..

ഗുരുക്കൾ ഒരു കുപ്പി തൈലം വാങ്ങാൻ  ആളെ വിട്ടു .. എന്നിട്ട് എന്നോട് കുശലം പറയാൻ തുടങ്ങി ....കുറച്ചു കഴിഞ്ഞപ്പോൾ തൈലം എത്തി..ഗുരുക്കൾ മെല്ലെ തൈലം എന്റെ ഒടിഞ്ഞു തൂങ്ങിയ തള്ള വിരലിനു ചുറ്റും പുരട്ടി മെല്ലെ മെല്ലെ തടവാൻ തുടങ്ങി....അള്ളോ ...ഒരു നിമിഷം എല്ലാം കഴിഞ്ഞു....ഗുരുക്കൾ പറഞ്ഞു  വലിച്ചിട്ടിട്ടുണ്ട് രണ്ടു ദിവസം നല്ല നീര് കാണും... .. ഞാൻ വിരലിനു കെട്ടുമായി വീട്ടിലേക്കു.... പിന്നെ എന്ത് സംഭവിച്ചു എന്ന് നിങ്ങള്ക്ക് ഊഹിക്കാവുന്നതേയുള്ളു........


ഫൈസൽ പൊയിൽക്കാവ്



പാരിജാത പൂക്കൾ വിടരുമ്പോൾ..

പാരിജാത പൂക്കൾ വിടരുമ്പോൾ..
-----------------------------------------------------

കുറെ കാലത്തിനു ശേഷം പാരിജാതകം പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ടത് ഇന്നലെയാണ് ... വെളിച്ചത്തിഎൻ്റെ  വെളിച്ചം എന്ന് വൈക്കം മുഹമ്മദ് ബഷീർ ഏതോ കഥയിൽ എഴുതിയത് പോലെ  ' മണത്തിന്റെ  മണം ' അതാണ് പാരിജാതം.... പാരിജാതം പൂത്തു തുടങ്ങിയാൽ പൂക്കൾ വീണു കൊണ്ടേയിരിക്കും...
ഒരു തരം  പുഷ്പ വൃഷ്ടി ...ചുറ്റും നറുമണം പരക്കും .....

അന്യം നിന്ന് പോവുന്ന ഈ മരവും മണവും നമ്മുടെ അടുത്ത തലമുറക്ക് കിട്ടാതെ പോവരുത്.. പ്രകൃതിയുടെ മണം അറിയാൻ അവർക്കും അവകാശമില്ലേ..!!

പഴയ തലമുറ ഈ മരങ്ങളൊക്കെ ഇങ്ങനെ മുറക്കാതിരുന്നത് കൊണ്ടാണ് ഞാനും നിങ്ങളും ഈ മണം  അറിയുന്നത്...

ഞാൻ കണ്ട പാരിജാതവും മുറിച്ചു പോകും എന്നറിഞ്ഞപ്പോൾ മനസ്സിലൊരു ആധി ..ഒരു ചില്ല  മതി വേഗം ഉണ്ടാവും എന്ന് പറഞ്ഞപ്പോൾ പിന്നെ മടിച്ചില്ല ..
ഞാനും നട്ടു എൻ്റെ  വീടിനു മുൻപിൽ ഒരു പാരിജാതം.....





Google