ലോകത്തിലെ തന്നെ ഏറ്റവും വിശിഷ്ടമായ പഴമാണ് മാങ്കോസ്റ്റിന്‍. തൂമഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് മാങ്കോസ്റ്റിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും നിരോക്‌സീകാരകങ്ങളുടെയും പോഷകക്കലവറയാണ് മാങ്കോസ്റ്റിന്‍ പഴങ്ങള്‍. കാന്‍ഡികള്‍, ജാം, പ്രിസര്‍വ്, ടോപ്പിങ്ങ്, ഐസ്‌ക്രീം, ജ്യൂസ്, വൈന്‍ എന്നിവ തയ്യാറാക്കാന്‍ മാങ്കോസ്റ്റിന്‍ ഉത്തമമത്രെ. മാങ്കോസ്റ്റിന്‍ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര വളരെ പെട്ടെന്നുതന്നെ രക്തത്തിലലിയുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും പ്രിയങ്കരമാണ്. അങ്ങനെ കുടുംബത്തിലുള്ളവരുടെ ആരോഗ്യപരിപാലനത്തിന് വീട്ടുവളപ്പില്‍ നട്ടുപിടിപ്പിക്കുന്ന ഒരു മാങ്കോസ്റ്റിന്‍ തീര്‍ച്ചയായും ഗുണകരമാകും. ഭക്ഷ്യയോഗ്യമല്ലെങ്കിലും പുറംതോട് ഔഷധനിര്‍മ്മാണത്തില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ ദുര്‍മേദസ് അകറ്റി, കൂടുതല്‍ ഓജസ്സും, സൗന്ദര്യവും നിലനിര്‍ത്താനാണത്രെ പാശ്ചാത്യരാജ്യങ്ങളില്‍ മാങ്കോസ്റ്റിന്റെ പുറംതോടില്‍ നിന്ന് തയ്യാറാക്കുന്ന ഔഷധങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. മാങ്കോസ്റ്റിന്‍ കൃഷിയെ ഹരിതകേരളം ന്യൂസിന്റെ വായനക്കാര്‍ക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ് ഡോ. സണ്ണി ജോര്‍ജ് (ഡയറക്ടര്‍, റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ്, ഹോംഗ്രോണ്‍ ബയോടെക്). കൃഷി രീതികളും പരിചണ മുറകളും ഡോ. സണ്ണി ജോര്‍ജ്ജ് വിശദമായി ലേഖനത്തില്‍ പ്രതിപാദിക്കുന്നു.
സമുദ്രനിരപ്പില്‍ നിന്നും 500 അടിവരെ മാങ്കോസ്റ്റിന്‍ മരങ്ങള്‍ വളര്‍ന്ന് കായ്ഫലം തരുമെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഗുണമേന്മയേറിയ ഫലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഉയര്‍ന്ന പ്രദേശങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യുകയാണ് ഉത്തമം. സമുദ്രനിരപ്പില്‍ നിന്നും 500 മുതല്‍ 2500 അടിവരെയുള്ള പ്രദേശങ്ങളില്‍ മാങ്കോസ്റ്റിന്‍ കൃഷിചെയ്താല്‍ മേല്‍ത്തരം ഫലങ്ങള്‍ ലഭിക്കുന്നതാണ്. ഇപ്രകാരമുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ സ്വാഭാവികമായതിനാല്‍ മാങ്കോസ്റ്റിന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം പ്രദേശങ്ങളില്‍ ചെയ്യുന്നത് അഭികാമ്യമാണ്. പഴങ്ങളുടെ ഗുണനിലവാരം കുറയ്ക്കുന്ന മഞ്ഞക്കറ (ഗാബോജ്) താരതമ്യേന കുറവായിരിക്കും എന്നതാണ് പ്രത്യേകത. നല്ല മണ്ണായമുള്ള ചെരിവുള്ള പ്രദേശങ്ങളില്‍ മണ്ണിന് നീര്‍വാര്‍ച്ചയുള്ളതിനാല്‍ മേല്‍ത്തരം ഫലങ്ങള്‍ ഇവിടെനിന്നും പ്രതീക്ഷിക്കാം. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുകയാണെങ്കില്‍ വെള്ളം വാര്‍ന്നുപോകാന്‍ ചാലുകള്‍ കീറി, മരങ്ങളുടെ തടങ്ങള്‍ കൂനകൂട്ടി പരിപാലിക്കുന്നത് മഞ്ഞക്കറയുടെ സാന്നിദ്ധ്യം ഒരു പരിധിവരെ കുറയ്ക്കാനാവുന്നതാണ്.
വയനാട്ടില്‍ കാപ്പിത്തോട്ടങ്ങള്‍ക്ക് ഇന്ന് ഏറ്റവും മികച്ച ഒരു ഇടവിളയാണ് മാങ്കോസ്റ്റിന്‍. ഇപ്രകാരം കാപ്പിത്തോട്ടങ്ങളില്‍ ഇടവിളയായി മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുമ്പോള്‍, മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കേണ്ടതാണ്. സമതലങ്ങളില്‍ മാങ്കോസ്റ്റിന്‍ മേയ് – ജൂണ്‍ മാസങ്ങളില്‍ വിളവെടുക്കുമ്പോള്‍ വയനാട്ടില്‍ വിളവെടുപ്പ് സെപ്റ്റംബര്‍ – ഒക്‌ടോബര്‍ വരെ നീണ്ടുപോകാറുണ്ട്. പഴങ്ങളുടെ ലഭ്യത ആറു മാസം വരെ ഉറപ്പാക്കിയാല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില പ്രതീക്ഷിക്കാവുന്നതാണ്. ഇപ്രകാരം സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ മാങ്കോസ്റ്റിന്‍ വിളവെടുപ്പിന് തയ്യാറാക്കണമെങ്കില്‍ വേനല്‍ക്കാലത്ത് മരങ്ങള്‍ക്ക് ജലസേചനം നല്‍കുന്നതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
വയനാടന്‍ പ്രദേശങ്ങളില്‍ വേനലിന്റെ ആരംഭത്തില്‍ മരങ്ങള്‍ക്ക് ധാരാളം ജലം നല്‍കിയാല്‍ അവ നേരത്തെതന്നെ പൂത്ത് ഗുണമേന്മ കുറഞ്ഞ പഴങ്ങള്‍ വിളയുന്നതായി കണ്ടുവരുന്നു. മരങ്ങളെ ക്ഷീണിപ്പിക്കാതെതന്നെ, ജലലഭ്യത പരിമിതപ്പെടുത്തി, പുഷ്പിക്കല്‍ താമസിപ്പിച്ചാല്‍ കാലവര്‍ഷാരംഭത്തോടെ ചെടികള്‍ പൂക്കുകയും മേല്‍ത്തരം ഫലങ്ങള്‍ ധാരാളമായി വിളയുകയും ചെയ്യുന്നതായി കണ്ടുവരുന്നു. മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ധാരാളം ജൈവാംശം നല്‍കുകയും പുതയിടുകയും ചെയ്യേണ്ടതുണ്ട്.
മാങ്കോസ്റ്റിന്‍ സ്വാഭാവികമായി വളരുന്നത് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മഴക്കാടുകളില്‍ രണ്ടാം ശ്രേണി മരങ്ങളായിട്ടായതിനാല്‍ അതേ സൂക്ഷ്മകലാവസ്ഥാ സംവിധാനങ്ങള്‍ നമ്മുടെ കൃഷിയിടങ്ങളിലും നല്‍കിയാല്‍ മാത്രമേ, നല്ല വളര്‍ച്ചയും ഉയര്‍ന്ന വിളവും നല്‍കുകയുള്ളു. ഇതിനായി 40 അടിക്കു മുകളിലുള്ള മരങ്ങള്‍ നല്‍കുന്ന തണലില്‍ സൂര്യപ്രകാശം അരിച്ചിറങ്ങി മാങ്കോസ്റ്റിന്‍ മരങ്ങള്‍ക്ക് ലഭ്യമാക്കുന്ന സംവിധാനം ആവിഷ്‌കരിച്ചാല്‍ മാങ്കോസ്റ്റന്‍ കൃഷി വളരെ വിജയകരമായി വയനാട്, ഇടുക്കി എന്നീ ഹൈറേഞ്ച് മേഖലകളില്‍ ചെയ്യാനാവും. മുപ്പത് മുതല്‍ 40 ശതമാനം വരെ മാത്രമേ ഇപ്രകാരം തണല്‍ മാങ്കോസ്റ്റ് മരങ്ങള്‍ക്ക് ലഭിക്കേണ്ടതുള്ളൂ. തണലിന്റെ ശതമാനം 50നു മുകളിലായാല്‍ മരങ്ങള്‍ വളരെ ഉയരത്തില്‍ വളര്‍ത്ത് കായ്പിടുത്തം കുറയ്ക്കും.
നല്ല നീര്‍വാര്‍ച്ചയുള്ള ധാരാളം ജൈവാംശം പി.എച്ച്.മൂല്യം 5 നും 6 നും ഇടയ്ക്കുള്ള മണ്ണാണ് മാങ്കോസ്റ്റിന്‍ കൃഷിക്ക് അനുയോജ്യം. മാങ്കോസ്റ്റിന്‍ ചെടികളുടെ ആഹാരം വലിച്ചെടുക്കുന്ന വേരുകള്‍ ഉപരിതലത്തില്‍തന്നെ വളരുന്നതിനാല്‍ മണ്ണ് ഇളക്കാന്‍ പാടില്ല. നല്ല ജൈവാംശമുള്ള മണ്ണ് തുടര്‍ച്ചായി ഇട്ടുകൊടുക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തും. കൊന്നപോലുള്ള പയര്‍വര്‍ഗത്തില്‍പ്പെട്ട ഇലകള്‍ വാട്ടിയതിനുശേഷം പുതച്ച് അതിനുമുകളില്‍ ജീവാമൃതം പോലുള്ള ലായനികള്‍ ഓരോ മാസവും ഒഴിച്ചാല്‍ മണ്ണില്‍ ഉപകാരികളായ സൂക്ഷ്മജീവികള്‍ പെരുകി മണ്ണിനെ ജീവസുറ്റതാക്കി മാറ്റും. അങ്ങനെ ചെടികള്‍ രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ച് കൂടുതല്‍ കരുത്തോടെ വളരും.
വരണ്ട മാസങ്ങളില്‍ സൂര്യപ്രകാശം നേരിട്ടു പതിച്ചാല്‍ ഇലകള്‍ പൊള്ളികരിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ മാങ്കോസ്റ്റിന്‍ മരങ്ങള്‍ക്ക് മുപ്പതുശതമാനം എങ്കിലും തണല്‍ ക്രമീകരിക്കേണ്ടതുണ്ട്. തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടി അകലം പാലിക്കാവുന്നതാണ്. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ശ്വശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ ചെയ്ത് മരങ്ങള്‍ ഇന്‍വേര്‍ട്ടഡ് പരാബോളയുടെ ആകൃതിയില്‍ രൂപപ്പെടുത്തുന്ന രീതി തായ്‌ലന്റില്‍ വളരെ സാധാരണമാണ്. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ശ്വശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ ചെയ്ത് മരങ്ങള്‍ ഇന്‍വേര്‍ട്ടഡ് പരാബോളയുടെ ആകൃതിയില്‍ രൂപപ്പെടുത്തുന്ന രീതി തായ്‌ലന്റില്‍ വളരെ സാധാരണമാണ്.
No comments:
Post a Comment