Saturday, December 16, 2023

ഓർമ്മകളിലെ ഓമാനൂർ

ഓമാനൂർ കുന്നു കയറി സ്കൂളിൽ എത്തുമ്പോൾ സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കും. ചുറ്റും റബർ മരങ്ങളാൽ വലയം ചെയ്ത സ്കൂൾ കാമ്പസ്. ചിലപ്പോഴൊക്കെ അടുത്ത കാട്ടിൽ നിന്നും വിരുന്നുകാരായെത്തുന്ന വാനരന്മാർ . 


സ്കൂളിലെത്തുമ്പോൾ ഓടി കിതച്ചു കുന്നു കയറിയതിന്റെ ക്ഷീണമൊക്കെ പമ്പകടക്കും. 


സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നു ദൂരേക്ക് നോക്കുമ്പോൾ ഒരു പ്രത്യേക വൈബാണ്.

കൊണ്ടോട്ടിക്കും എടവണ്ണ പാറയ്ക്കും പോകുന്ന മലയടിവാരത്തിലെ റോഡുകൾ സ്കൂളിന്റെ മുകളിൽ നിന്ന് നോക്കിയാൽ ഒരു നേർത്ത രേഖയായ് അങ്ങിനെ നീണ്ടു പോകുന്നത് കാണാം. ഈ കാഴ്ച കാണുമ്പോഴൊക്കെ സോമയെ ഓർമ്മിക്കും ഞാൻ. ഹിന്ദി സാഹിത്യകാരനായ യശ്പാൽ എഴുതിയ ' മനുഷ്യ കി രൂപ് ' എന്ന നോവലിലെ സുന്ദരിയായ നായിക സോമ. മലമ്പാതകളിൽ ട്രക്ക് ഡ്രൈവറുമായി പ്രണയത്തിലാവുന്നു സോമ......


ഓമാനൂർ കുന്നിൽ നിന്ന് മഴക്കാലത്ത്  മഴ വരുന്നത് ദൂരെ നിന്നേ നമുക്ക് കാണാം. മഴ പെയ്യാതെ  മാറി നിൽക്കുന്ന കാർ മുകിലുകൾക്ക് എന്ത് ഭംഗിയാണെന്നോ?


ഡിസംബറിൽ കുന്നിൻ മുകളിൽ നിന്ന് കുളിരിറങ്ങാൻ കൂട്ടാക്കില്ല... എങ്ങും നേർത്ത പുക പോലെ കോട കാണാം. മാമ്പൂവിന്റെ മണവും വൃശ്ചിക മാസ കുളിരും ഓമാനൂറിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു പ്രത്യേക സുഖാ...

ക്ലാസ്സ് കഴിഞ്ഞ് സുമുഖനായ മലയാളം മാഷിന്റെ ബുള്ളറ്റിൽ കുന്നിറമ്പോൾ വഴിയിൽ ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ടാവും .....


✍️ ഫൈസൽ പൊയിൽ ക്കാവ്

ആ... കൂടെ തുള്ള്


പ്ലസ് ടൂ കാർക്കൊപ്പം പഠന യാത്ര പോവുകയെന്നത് ഒരു വേറിട്ട അനുഭവമാണ്. യാത്ര പ്ലാൻ ചെയ്യുമ്പോഴെ അവരെ ചോദ്യം ഇതായിരിക്കും

സാർ ബസ്സ് അടിപൊളിയാണോ? ഡി.ജെ ഒക്കെ ഉണ്ടല്ലെ അല്ലെ ?

ഇതിനപ്പുറമൊന്നും അവർ നമ്മോട് ചോദിക്കില്ല... അവരെ ഭാഷയിൽ യാത്ര വൈബ് ആക്കുന്നത് ഇതൊക്കെയാണ്.  

ബസ്സിൽ കയറിയാൽ തുടങ്ങുന്ന അത്യുച്ചത്തിൽ വെക്കുന്ന 'കൂടെ തുള്ള്' പാട്ടുകൾ ...

അവരോടൊപ്പം തുള്ളാൻ അവർ നമ്മെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും ... നമ്മൾ തുള്ളിയാൽ പോയി .... വെറുതെ തുള്ളുന്നത് പോലെ ആക്കി പുറത്തേ ഓടി മറയുന്ന കാഴ്ചകളെ പറ്റി അവരെ നിരന്തരം ഓർമ്മിപ്പിക്കുക.


പച്ചപ്പും കാടും കോട മഞ്ഞും മലനിരകളും ഓടി മറയുമ്പോഴും അവർ ഉച്ചത്തിൽ ലുങ്കി ഡാൻസ് വെച്ച് കൊണ്ടേയിരിക്കും... 

പക്ഷേ ഈ വർഷത്തേ പഠന യാത്രയിൽ ഒരാൾ മാത്രം കണ്ണിമ വെട്ടാതെ ബസ്സിന്റെ ജാലകത്തിലൂടെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ആശ്വാസമായി ... ഞങ്ങൾ മണ്ണിനെ കുറിച്ചും പച്ചപ്പിനേ കുറിച്ചും ഏറെ നേരം സംസാരിച്ചു. നന്നായി പാടാൻ കഴിവുള്ള അവനെ നിർബന്ധിച്ചപ്പോൾ നല്ല പാട്ടുകൾ പാടി...


മനസ്സിൽ ഒരു കുളിർ മഴ പെയ്തത് പോലെ ...


കാഴ്ചകളിലേ വേറിട്ട കാഴ്ചകൾ ഒപ്പിയെടുക്കാൻ ശ്രമിക്കുന്ന യാത്രാ കുതുകിയായ അവനെ പോലെ എല്ലാരും ആയെങ്കിൽ എന്ന് വെറുതേ ആശിച്ചു പോയി.. യാത്ര അത് അനുഭവിക്കാനും ഒരു ഭാഗ്യം ചെയ്യണമല്ലോ...


യാത്രാ വിവരണങ്ങൾ വല്ലാതെ ഇഷ്ടപ്പെടുന്ന ഞാൻ അവന് നല്ല കുറച്ച് യാത്രാ വിവരണ പുസ്തകങ്ങളെ കുറിച്ച് പറഞ്ഞ് കൊടുത്തു .....


അവനും കൂടിയില്ലെങ്കിൽ ഈ പഠന യാത്രയും എനിക്ക് മറ്റൊരു നരകമായേനേ...


രാത്രികളിൽ ഉറക്കം നഷ്ടപ്പെടുത്തുന്ന കർണ്ണപുടകം പൊട്ടിക്കുന്ന ' കൂടെ തുള്ള് ' പാട്ടുകൾ മാത്രമല്ല യാത്രയെന്ന് നമ്മുടെ മക്കളെ വീണ്ടും വീണ്ടും നമ്മൾ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുക.


റഫീക്ക് അഹമ്മദിന്റെ വരികൾ നമ്മുടെ ന്യൂ ജെൻ മക്കൾക്കായി ഇവിടെ സമർപ്പിക്കുന്നു.


മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള

വായാടി പക്ഷിക്കൂട്ടം വന്നുപോയി

കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി

ആകാശപ്പുഴയിലെ കുതിച്ചുപോയി

എഹേയ് കണ്ടു മലനിരാ 

ഓഹോയ് കണ്ടു താഴ്‌വര

മാമരം കണ്ടേ ചോല കണ്ടേ

ഇലകൾ കണ്ടേ കായ്കളും

ഹോയ് തന്തിനാ താനേ താനാനേ

തന്തിനാ താനിന്നാനി നാനാനേ....


✍️ ഫൈസൽ പൊയിൽക്കാവ്

Thursday, October 26, 2023

കുറ്റി കുരുമുളക് കൃഷി

മരത്തില്‍ പടർത്തേണ്ടാത്ത, ചട്ടിയിൽ വളർത്താവുന്നതാണ് കുറ്റി കുരുമുളക്. സ്വന്തമായി അഞ്ചു ചട്ടിയിലെങ്കിലും കുറ്റികുരുമുളക് വളര്‍ത്തുകയാണെങ്കില്‍ ഒരു കുടുംബത്തിനാവശ്യമായ കുരുമുളക് ഉല്പാദിപ്പിച്ച് എടുക്കാനാകും.  ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുംസ്ഥല പരിമിതിയുള്ളവര്‍ക്കും ഇത് വളരെ അനുയോജ്യമാണ്. സാധാരണ കുരുമുളക് കൃഷിയ്ക്ക് താങ്ങുകാലുകളും മറ്റും ആവശ്യമാണ്. അതുകൊണ്ട് ജോലിയും കൃഷി ചെലവും കൂടും.


കുറ്റികുരുമുളക് നട്ട് ശരിയായ രീതിയില്‍ പരിപാലിച്ചാൽ ആദ്യ വര്‍ഷം തന്നെ തിരിയിടാന്‍ തുടങ്ങും. വര്‍ഷത്തില്‍ എല്ലാ ദിവസവും കുറ്റികുരുമുളക് ചെടിയില്‍ കായ്ഫലമുണ്ടായിരിക്കും. സാധാരണ കുരുമുളക് താങ്ങു മരത്തില്‍ വളരുന്നതുകൊണ്ട് ഉയരം കൂടുന്നതിനനുസരിച്ച് വിളവെടുപ്പ് ആയാസകരമായി തീരുന്നു. അതേ സമയം കുറ്റികുരുമുളകിന്റെ വിളവെടുപ്പ് വളരെ ലളിതമാണ്. വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് താമസം മാറ്റുമ്പോള്‍ കൊണ്ടുപോകാന്‍ എളുപ്പമാണ്. പൂച്ചെടികള്‍ക്കു കൊടുക്കുന്ന പരിപാലനം കൊടുത്താല്‍ മതി.



ഔഷ­ധ­ഗുണം
കുരു­മു­ളക്‌ നാവി­ലെ­ത്തു­മ്പോൾ ടേസ്റ്റ്‌ ബഡ്‌ (രു­ചി­മു­കു­ള­ങ്ങൾ) ആമാ­ശ­യ­ത്തി­ലെ­ത്തി­ക്കുന്ന സന്ദേശം വഴി ആമാ­ശ­യ­ത്തിൽ ഹൈഡ്രോ­ക്ളോ­റിക്‌ ആസി­ഡിന്റെ സ്രവം വർദ്ധി­ക്കു­ന്നു. ഇത്‌ ദഹ­നത്തെ ത്വരി­ത­പെ­ടു­ത്തു­ന്നു. പ്രോട്ടീൻ ഉൾപ്പെ­ടുന്ന ഭക്ഷ്യ­വ­സ്തു­ക്ക­ളിലെ ഘട­ക­ങ്ങൾ ദഹി­പ്പി­ക്കു­ന്ന­തിനെ ഹൈഡ്രോ­ക്ളോ­റിക്‌ അത്യാ­വ­ശ്യ­മാ­ണ്‌. ഹൈഡ്രൊ­ക്ളോ­റിക്‌ ആസിഡിന്റെ ഉത്പാ­ദനം ശരീ­ര­ത്തിൽ കുറ­ഞ്ഞാൽ ഭക്ഷ്യ­വ­സ്തു­ക്കൾ ആമാ­ശ­യ­ത്തിൽ അധികം സമയം ഇരി­ക്കു­കയും നെഞ്ചെ­രി­ച്ചിൽ അഥവാ ദഹ­ന­ക്കേട്‌ ഉണ്ടാ­വു­കയും ചെയ്യും. അല്ല­ങ്കിൽ അത്‌ കുട­ലി­ലേക്ക്‌ കടന്ന്‌ ഉപ­ദ്ര­വ­കാ­രി­യായ ഗട്ട്‌ ബാക്ടീ­രി­യ­യുടെ പ്രവർത്തനം ഉണ്ടാ­വു­കയും ഗ്യാസ്‌, വയ­റു­ക­ടി, മല­ബന്ധം മറ്റു അസ്വ­സ്ഥ­ത­കൾ എന്നി­വ­യു­ണ്ടാ­ക്കു­ന്നു.

വയ­റ്റിൽ (കു­ട­ലി­ന്റെ) ഗ്യാസ്‌ ഉണ്ടാ­കു­ന്നത്‌ തട­യാ­നുള്ള കുരു­മു­ള­കിന്റെ ശേഷി കാല­ങ്ങൾക്കു­മുൻപേ തെളി­യി­ക്ക­പെ­ട്ട­താ­ണ്‌. ഹൈഡ്രോ­ക്ളോ­റിക്‌ ആസ്ഡിന്റെ ഉത്പാ­ദനം ത്വരി­ത­പെ­ടു­ത്തു­ന്നതു വഴിയുള്ള മേൻമ, വിയർപ്പ്‌ വർധി­പ്പി­ക്കു­ന്നു. മൂത്ര­ത്തിന്റെ അളവ്‌ കൂട്ടു­ന്നു. ഇതെല്ലാം കുരു­മു­ള­കിന്റെ മേ?­യാ­ണ്‌.

കുരു­മു­ളക്‌ ഒരു നല്ല ആന്റി ഓക്സീ­ഡന്റായും ആന്റീ­ബാ­ക്ടീ­രി­യൽ ഏജന്റായും പ്രവർത്തി­ക്കു­ന്നു എന്ന്‌ മാത്ര­മല്ല ദഹ­നേ­ന്ദ്രിയ വ്യൂഹ­ത്തിന്റെ ആരോഗ്യം മെച്ച­പെ­ടു­ത്തു­ന്നു. ഭക്ഷ­ണ­ത്തി­ലൂടെ മാത്ര­മല്ല കുരു­മു­ളക്‌ ഗുണം ചെയ്യു­ന്ന­ത്‌. കുരു­മു­ളക്‌ കോണിന്റെ പുറം­തോട്‌ കൊഴു­പ്പിനെ വിഘ­ടി­പ്പിച്ച്‌ വണ്ണം കുറ­ക്കു­ന്നു.


Friday, July 7, 2023

ഇക്കിഗായ്- ജീവിക്കാൻ ഒരു കാരണം.


 പുറത്ത് മഴ തിമർത്തു പെയ്യുമ്പോൾ വായനയിൽ മുഴുകാൻ ഒരു പ്രത്യേക സുഖാ...

ഓരോ മഴക്കാലത്തും വായിക്കാൻ കുറച്ച് പുസ്തകങ്ങൾ കരുതാറുണ്ട്. അങ്ങിനെ കരുതി വെച്ച ഒരു പുസ്തകമാണ് ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ ആയ *ഇക്കിഗായ്*- ജീവിക്കാൻ ഒരു കാരണം.


എന്താണ് നിങ്ങളുടെ ഇക്കിഗായ് ? നമ്മൾ പലർക്കും അങ്ങിനെയൊന്നില്ല എന്നതാണ് സത്യം. നമ്മളിലെ ഇക്കിഗായ് കണ്ടെത്തലാണ് ആഹ്ലാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി.

ഇതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ  വിഷയം.


ഇക്കിഗായ് - വൃദ്ധരാകുമ്പോഴും യൗവനം കാത്തു സൂക്ഷിക്കുന്ന കല. ഈ കല സ്വയത്തമാക്കിയാൽ കാര്യമെളുപ്പമായി. 

ജപ്പാനിലെ ഒക്കിനാവോ എന്ന ദ്വീപ് നിവാസികൾ അവരുടെ ഇക്കിഗായ് നേരത്തേ തിരിച്ചറിഞ്ഞ വരാണത്രേ. അതിനാൽ അവരുടെ ജീവിതം അർത്ഥപൂർണ്ണവും  ആഹ്ലാദഭരിതവുമാണ്  .


ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്ന് രചിച്ചിരിക്കുന്ന പുസ്തകം ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടത് നമ്മിലെ ഇക്കി ഗായ് ( ജീവിത ലക്ഷ്യം ) കണ്ടെത്താൻ നമ്മെ സഹായിക്കും . തീർച്ച


✍️ ഫൈസൽ പൊയിൽക്കാവ്

Saturday, May 13, 2023

തസ്രാക്കിലൂടെ ഒരു യാത്ര

 ഒ.വി വിജയന്റെ മാസ്റ്റർ പീസായ ' ഖസാക്കിന്റെ ഇതിഹാസം' എന്ന നോവൽ  ആരംഭിക്കുന്നത് ഇങ്ങനെയാണ് .

" കൂമന്‍ കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്കപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.“

രവി അവിടെ എത്തിച്ചേർന്നത് പോലെ കാലം എന്നെയും കൂമൻ കാവിൽ എത്തിക്കയായിരുന്നു..

പാലക്കാടൻ ചുരത്തിന്റെ അടിവാരത്തെങ്ങോ ഉള്ള ഖസാക്ക് ( തസ്രാക്ക് )  എന്ന ഗ്രാമത്തിലേക്ക് ഞാൻ ഈ യിടെ നടത്തിയ യാത്ര അതി മനോഹരമായിരുന്നു.    ഈ  തസ്രാക്ക് എന്ന ഗ്രാമത്തിലിരുന്നാണ് ഒ.വി വിജയൻ എന്ന മലയാളത്തിലെ സാഹിത്യ കുലപതി ഖസാക്കിന്റെ ഇതിഹാസം രചിച്ചത്.



ഖസാക്കിന്റെ ഇതിഹാസം വായിച്ച കാലം മുതൽ ഉള്ളിൽ കൊണ്ടു നടന്ന സ്വപ്നമായിരുന്നു തസ്രാക്ക് ഒന്നു കാണുകയെന്നത്. 

ഖസാക്കിന്റെ ഇതിഹാസ ഭൂമികയിലൂടെ ഒരു യാത്ര ... 

പാലക്കാടൻ ഗ്രാമഭംഗി ആസ്വദിച്ച്പത്തിരിപ്പാല വഴി തസ്രാക്കിലേക്ക് തസ്രാക്ക്   വശ്യ  മനോഹരിയായ  കാർഷിക സംസ്ക്കാരം ഇനിയും അന്യം നിന്നിട്ടില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്നവരുടെ ഒരു ഗ്രാമം . 

നാലുപാടും പച്ചപുതച്ച വയലേലകൾ അത്  നെറുകേ പിളർന്നു പോകുന്ന താറിട്ട റോഡുകൾ . ( അരി കൊമ്പനെ ലോറിയിൽ കയറ്റി കൊണ്ട് പോയപ്പോൾ നമ്മൾ ടി.വിയിൽ കണ്ട റോഡിനേക്കാൾ    മനോഹരം 😊....) 

 യാത്ര ആരംഭിച്ചത് മുതൽ ഖസാക്കിലെ രവിയും, അള്ളാപ്പിച്ചാമൊല്ലാക്കയും, അപ്പു ക്കിളിയും പിന്നെ മൊല്ലാക്ക വളർത്തിയ അനാഥനായ നൈജാമലി.... അങ്ങിനെയങ്ങനെ ഒത്തിരി കഥാപാത്രങ്ങൾ മനസ്സിലൂടെ ഒന്നൊന്നായി കടന്നു  പോയി.

മൊല്ലാക്കയുടെ മകളും അതിസുന്ദരിയുമായ മൈമുനയെ നൈജാമലി പ്രണയിച്ചതും മൊല്ലാക്ക മൈമുനയെ മുങ്ങാങ്കോഴി(ചുക്രു റാവുത്തർ)യെന്ന, മൈമുനയേക്കാൾ പ്രായമേറെ ചെന്ന രണ്ടാംകെട്ടുകാരന് വിവാഹം കഴിച്ചുകൊടുത്തതും അതിൽ പ്രതിഷേധിച്ച് നൈജാമലി വിപ്ലവകാരിയും കമ്മ്യൂണിസ്റ്റുമൊക്കെ ആയ ചരിത്രം ഖസാക്കിന്റെ ഇതിഹാസത്തിലെ ഉപകഥകളിലൊന്നു മാത്രം.. 

രവിയുടെ ഞാറ്റുപുരയിൽ നിന്നു നോക്കുമ്പോൾ ദൂരേക്ക് പരന്നുകിടക്കുന്ന പാടങ്ങൾ പാടങ്ങൾക്ക് അതിരിടുന്ന കരി മ്പനയും മാവുകളും.. 





ഇവിടെയൊക്കെ ജീവിച്ചാൽ ഏതൊരാളും എഴുത്തുകാരനായേക്കാം എന്നതാണ് എന്റെെയൊരിത്...


ഒ.വി വിജയൻ ലിറ്റററി ഫെഡറേഷൻ സംരക്ഷിച്ചു പോരുന്ന ഇവിടം മലയാളത്തെ സ്നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ടത് തന്നെയാണ്. അദ്ദേഹത്തിന്റെ കൃതികളും വരയും ഒക്കെ പരിചയപ്പെടാനുള്ള ഒരവസരം കൂടിയാണ് ഈ യാത്ര നമുക്ക് പ്രധാനം ചെയ്യുന്നത്.

തുടരും...

✍️ ഫൈസൽ പൊയിൽക്കാവ്

Tuesday, April 25, 2023

ഉരക്കുഴി വെള്ളച്ചാട്ടവും രാജന്റെ ഓർമ്മകളും

 കക്കയത്തെ കാറ്റിനു പോലും രാജന്റെ മണമാണ്. അതെ ഈച്ചരവാര്യരുടെ പുന്നാരമോൻ രാജന്റെ അതേ മണം ...

എന്റെ കക്കയം യാത്രയിൽ ഉടനീളം രാജന്റെ ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടേയിരുന്നു.കക്കയത്തുനിന്ന്​ 15 കിലോമീറ്റർ അകലെ ഹെയർപിൻ വളവുകൾ കയറി വേണം വനമേഖലയിൽപെട്ട ഉരക്കുഴി വെള്ളച്ചാട്ടത്തിൽ എത്താൻ . ഇപ്പോഴും ദുർഘടമായ, ആ കാനന പാതയിലൂടെയാവാം രാജനെ അവസാനമായി അവർ കൊണ്ടുപോയത്.  അത് തന്റെ അവസാനയാത്ര ആണെന്ന് അയാൾ ഒരിക്കലും ചിന്തിച്ചു കാണില്ല... കക്കയത്തെ കാടുകളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ എല്ലാത്തിനും മൂക സാക്ഷിയായി ഇപ്പോഴും നിലകൊള്ളുന്നു.

അടിയന്തരാവസ്ഥ കാലത്ത് സംസ്ഥാനത്ത് നടന്ന പോലീസ് രാജിന്റെ ക്രൂരമായ പീഡനത്തിൽ   കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന മകന്റെ മൃതദേഹം പോലും കാണാൻ യോഗമില്ലാതെ പോയ ഒരച്ഛൻ .

കോഴിക്കോട് ആർ.ഇ.സിയിൽ നിന്നും കസ്റ്റടിയിലെടുത്ത രാജന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ആർക്കുമറിയില്ല... 

ഉരക്കുഴി വെള്ളച്ചാട്ടത്തിലെ കാറ്റിൽ പോലും ഒരു ദീനരോദനമുണ്ട്. അതെ രാജന്റെ ദീനരോദനം .  പ്രമാദമായ രാജൻ കൊലക്കേസിൽ തെളിവ് നശിപ്പിക്കാനായി കക്കയത്തെ ഈ വെള്ളച്ചാട്ടത്തിലാണ് രാജന്റെ മൃതദേഹം എറിഞ്ഞത് എന്ന് പറയപ്പെടുന്നു..


ഉരക്കുഴി വെള്ളച്ചാട്ടം

ഞാൻ ജനിക്കുന്നതിന് മുമ്പെ നടന്ന ഈ കേസ് പിന്നീട് ഒരുപാട് കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഈ വെള്ളച്ചാട്ടം കാണണമെന്നുണ്ടായിരുന്നു.  

കസ്റ്റടിയിൽ എടുത്ത മകനെ വിട്ടു കിട്ടാൻ വേണ്ടി ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത ഈച്ചരവാര്യർ.. രാജന്റെ തീരോധാനം  കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ പുകിലുകൾ എല്ലാം ചരിത്രം. 

“പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ..”

(ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ഈച്ചരവാര്യരും അച്യുതമേനോനും കരുണാകരനുമൊക്കെ മരിച്ചു. പക്ഷേ, വ്യഥിതനായ ആ അച്ഛന്റെ ചോദ്യം ഇപ്പോഴും നമുക്കു കേള്‍ക്കാം.

“മരിച്ചിട്ടും എന്റെ കുഞ്ഞിനെ നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?”


  ഈച്ചരവാര്യർ  എഴുതിയ ഒരച്ഛന്റെ ഓർമ്മക്കുറിപ്പ് ' എന്ന പുസ്തകം വായിച്ച ഏതൊരാൾക്കും കക്കയം എന്നും രാജന്റെ ഓർമ്മകളാണ്. 🙏

Monday, April 17, 2023

മക്കയിലേക്കുള്ള പാത

നിങ്ങൾ മരുഭൂമി കണ്ടിട്ടുണ്ടോ ? മരുഭൂമിയിലെ മണൽക്കാറ്റ് അനുഭവിച്ചിട്ടുണ്ടോ? മരുഭൂമിയിൽ രാപ്പാർത്തിട്ടുണ്ടോ? ഇല്ല എന്നാണ് നിങ്ങളെ ഉത്തരം എങ്കിൽ മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത എന്ന പുസ്തകം നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം. 

ഇസ്ലാമിന്റെ സാംസ്ക്കാരിക തനിമ തേടി മരുഭൂമിയിലൂടെ അദ്ദേഹം നടത്തിയ യാത്രാനുഭവമാണ് ഈ പുസ്തകം.

കാല്‍നൂറ്റാണ്ട്കാലം മണലാരണ്യങ്ങളിലും ഇസ്‌ലാമികവിശ്വാസം നിലനില്‍ക്കുന്ന നാടുകളിലും അലഞ്ഞുനടന്ന് ഒരു സഞ്ചാരി ശ്വാസത്തിലൂടെയും വിശ്വാസത്തിലൂടെയും അറേബ്യന്‍ മരുഭൂമികളെ അനുഭവിക്കുകയായിരുന്നു. അങ്ങനെയാണ് ജനനം കൊണ്ട് ജൂതനായ ലിയോപോള്‍ഡ് വൈസ് ‘ മുഹമ്മദ് അസദ് ‘ ആയിത്തീര്‍ന്നത്.


ചരിത്രം കണ്ട ഏറ്റവും നല്ല മരുഭൂ യാത്രാനുഭവമാണ് മക്കയിലേക്കുള്ള പാത

 

Saturday, April 8, 2023

എലത്തൂരിന്റെ സ്വന്തം കോഴികഞ്ഞി

 

കോഴികഞ്ഞി പേരു പോലെത്തനെ ആശ്ചര്യകരമാണ് അതിന്റെ സ്വാദും. ഞാൻ പറഞ്ഞു വരുന്നത് കോഴിക്കോട് ജില്ലയിലെ എലത്തൂർ ഗ്രാമത്തിന്റെ സ്വന്തം കോഴികഞ്ഞിയെ പറ്റിയാണ്.  ബർമ്മയിൽ നിന്നും കേരളത്തിൽ എത്തിയ രുചിക്കൂട്ടാണ് കോഴി കഞ്ഞി അതിനാൽ ഇവിടുത്തുകാർ ഇതിനെ ബർമ്മാ കഞ്ഞി എന്നും വിളിക്കും. 

( ബർമ്മ നമ്മുടെ നാടിനു നൽകിയ സുകൃതമാണ് യു.എ ഖാദറിന്റെ എഴുത്തും പിന്നെ ഈ കോഴി കഞ്ഞിയും രണ്ടും കഴിച്ചു തുടങ്ങിയാൽ ഒട്ടും മടുപ്പ് അനുഭവപ്പെടില്ല😊) 

അരി, ഉലുവ, കോഴി, സവാള, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ജീരകം, പരിപ്പ്, തേങ്ങാപ്പാൽ എന്നിവയാണ് പ്രധാന കൂട്ടുകൾ. പനി കാലത്തു പോലും കഞ്ഞി കഴിക്കാത്ത ഞാൻ കഴിഞ്ഞ ദിവസം കോഴി കഞ്ഞി വാങ്ങാൻ എലത്തൂരിലെത്തി. ആളുകൾ കഞ്ഞി വാങ്ങാനുള്ള ഒരുക്കത്തിലാണ്. കഞ്ഞിപാത്രവുമായി വരിയിൽ നിന്നു നല്ല ചൂടുള്ള കഞ്ഞി വാങ്ങി. ഔഷധ ഗുണമുള്ള ഈ കഞ്ഞി എത്ര കുടിച്ചാലും മതിവരില്ല എന്നത് തന്നെയാണ് ഈ കോഴി കഞ്ഞിയെ മറ്റുള്ള കഞ്ഞിയിൽ നിന്നും വ്യത്യസ്തമാക്കുന്നതും. 


 റംസാനിലെ നോമ്പ് കാലത്ത് എല്ലാ ദിവസവും വൈകീട്ട് അസർ നമസ്കാരത്തിന് ശേഷം എലത്തൂർ പള്ളിയിൽ വെച്ച് കോഴി കഞ്ഞി വിതരണമുണ്ട്. .

58 വർഷം മുമ്പ് ബർമയിലെ ജോലി അവസാനിപ്പിച്ച് എലത്തൂരിലെത്തിയ അച്ചാമ്പറമ്പത്ത് എ.പി.മുഹമ്മദ് ഹാജി തുടങ്ങിയ സൗജന്യ കോഴിക്കഞ്ഞി വിതരണം മക്കളിലൂടെ തുടരുകയാണ്. 

ഓരോ നാടിനും ഓരോ സുകൃതമുണ്ട് എലത്തൂരുകാരുടെ സുകൃതമാണ് കോഴിക്കഞ്ഞി. 

ഒരു അറുപത് വർഷം മുൻപാണെങ്കിൽ കോഴികഞ്ഞി കുടിക്കാൻ ബർമ്മ വരെ പോകേണ്ടി വന്നേനേ...

യു.എ ഖാദർ എഴുതിയ ഓർമ്മക്കുറിപ്പുകൾ ഓർമ്മയിലെ  പഗോഡ വായിക്കാനും  കോഴി കഞ്ഞി ഒരിക്കലെങ്കിലും കഴിക്കാനും മറക്കല്ലേ...

✍️ ഫൈസൽ പൊയിൽക്കാവ്

Thursday, April 6, 2023

മരുഭൂമിയുടെ ആത്മകഥ

കാട് കടൽ മരുഭൂമി ഇതെല്ലാം പ്രകൃതിയിലെ അത്ഭുതങ്ങളാണ്.  മനുഷ്യന് ഇനിയും മനസ്സിലാക്കാൻ കഴിയാത്ത എത്രയോ സമസ്യകൾ അവിടങ്ങളിൽ ഇനിയുമുണ്ട് ...

ആമസോൺ വനാന്തരങ്ങൾ, ബർമുഡ ട്രയാംഗിൾ , ഏറ്റവും ചൂട് അനുഭവപ്പെടുന്ന സഹാറ മരുഭൂമി 

( എല്ലാ മരുഭൂമിയും ചൂടല്ല . പക്ഷെ ഞാനടക്കമുള്ളവരുടെ പൊതുബോധം മരുഭൂമിയെല്ലാം ചൂട് ആണെന്നാണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി തണുത്തുറഞ്ഞ അന്റാർട്ടിക്ക് മരുഭൂമിയാണെന്ന് എത്ര പേർക്ക് അറിയാം ) 

മരുഭൂമിയെ കുറിച്ച് മുസഫർ അഹമ്മദ് എഴുതിയ ' മരുഭൂമിയുടെ ആത്മകഥ ' എന്ന പുസ്തകം വായിച്ചില്ലെങ്കിൽ വായിക്കണം അപ്പോഴറിയാം മരുഭൂമി എന്താണെന്ന് .

" നിലാവ് വീണുകിടക്കുന്ന കള്ളിമുള്‍ച്ചെടിക്കൂട്ടത്തില്‍ നിന്ന്‍ അല്പം അകലെയായിരുന്നു തമ്പ്, മുള്ള് കൊള്ളാതെ ചെടിക്കൂട്ടത്തിനരികില്‍ പോയി നിന്നു, പൊടുന്നനെ കള്ളിമുള്‍ച്ചെടികള്‍ ചുംബനം ഏറ്റുവാങ്ങാനെന്ന പോലെ എഴുന്നു നില്ക്കുന്നു, ഇലകള്‍ നിവര്‍ന്നു നിന്നതിന് പിന്നാലേ മുള്ളുകളും എഴുന്നു നിന്നു, മുള്ളുകള്‍ ചെടികളുടെ രോമങ്ങള്‍ ആണെന്ന പാഠം ആ രാത്രിയിലാണ് പഠിച്ചത്, തമ്പിലുണ്ടായിരുന്ന പ്രായമുള്ള ഒരു ബദുവിനോട് ചെടികളുടെ ഭാവമാറ്റത്തെക്കുറിച്ച് ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, മരുഭൂമിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നവന് പ്രപഞ്ചത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും  ഉണ്ടാവണം.

മരുഭൂമിയുടെ ആത്മകഥ. മികച്ച യാത്രാവിവരണത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ്.സൗദി അറേബ്യയിലെ മരുഭൂമികളിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. എട്ട് വർഷങ്ങളിലായാണ് ഈ യാത്രകൾ നടത്തപ്പെട്ടിരിക്കുന്നത്.

ഈ വേനലവധി കാലത്ത് നമ്മുടെ കുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ് വി. മുസഫർ അഹമ്മദിന്റെ *മരുഭൂമിയുടെ ആത്മകഥ*


✍️ ഫൈസൽ പൊയിൽക്കാവ്




Saturday, April 1, 2023

ഏപ്രിൽ 1 ലോക വിഡ്ഢി ദിനം മാത്രമല്ല വാംഗാരി മാതായ് ജനിച്ച ദിനം കൂടിയാണെന്ന് നമ്മുടെ മക്കൾ അറിയണം .


 വാംഗാരി മാതായ്: പ്രകൃതിയുടെ കാവൽ മാലഖ'കറുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആ ഫ്രിക്കയെ പച്ചകുപ്പായം അണിയിച്ച ധീരവനിതയാണ് 'വാംഗാരി മാതായ്

1940 എപ്രിൽ 1-ന് കെനിയയിൽ ജനിച്ച ഈ നീഗ്രേ പെൺകുട്ടി നാടിന്റെ വിശപ്പകറ്റി' പ്രകൃതിസംരക്ഷത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കിയപ്പോൾ ചരിത്രത്തിൽ എഴുതപ്പെടാൻപേ കുന്ന പേരാക്കും തന്റെ എന്ന് അറിഞ്ഞില്ലാ 'സമാധനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയും പരിസ്ഥിതി പ്രവർത്തകയും ആണ് വാംഗാരി മാതായി

--------- ഗ്രീൻ ബെൽറ്റ് മുവ്മെന്റ്

- - - - ' സ്ത്രികൾ അടിച്ചമർത്തപ്പെട്ട കാലത്ത് തന്റെ നാട്ടിലെ സ്ത്രികളുടെ ദയനീയ സ്ഥിതി മാറ്റിയെടുക്കുന്നതിന് സാമ്പത്തിക സുരക്ഷയാണ് ആവശ്യമെന്ന് അവർ തിരിച്ചറിഞ്ഞു: അതിനായ് 1977-ൽ ഗ്രീൻ ബെൽറ്റ് മുവ്മെന്റ് എന്ന പദ്ധതിക്ക് അവർ രൂപം നല്കി,- കെനിയൻ സ്ത്രികളെ അതിൽ അണി ചോർക്കുകയും പദ്ധതി പ്രകരം പോളിത്തീൻ കൂടുകളിൽ വിത്തുകൾ പാകി മുളപ്പിച്ച് നാട്ടിലാകെ വിൽപന നടത്തുകയും തൈകൾ വളർന്ന് പുതിയൊരു വന സംസകാരം തീർക്കുകയും ചെയ്തു. വരും വർഷങ്ങളിൽ

ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ വീട്ടിനും ചുറ്റും നമുക്കും ഒരു ഗ്രീൻ ബെൽറ്റ് തീർക്കാം...            ✍️ ഫൈസൽ പൊയിൽക്കാവ്. 



Courtesy: FB post 



Tuesday, March 28, 2023

ഇവനാണ് ആനറാഞ്ചി


കാണാൻ ചെറിയ ഈ പക്ഷിക്ക് ആരാണ് ഈ പേരിട്ടതെന്നറിയില്ല. രാവിലെ നടക്കാനിറങ്ങുമ്പോൾ ഇലക്ട്രിക് കമ്പികളിൽ ഇരുന്ന് ഉറക്കെ കരയുന്നത് കേൾക്കാം..  ഈ പക്ഷിയെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ഗൂഗിൾ ചെയ്തു.

ബ്ലാക്ക് ഡ്രോഗോ ( Black Drongo ) എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം . ഇതിന്റെ ഇംഗ്ലീഷ് പേരിൽ എവിടെയും ആന എന്നർത്ഥം വരുന്ന എലിഫെന്റിനെ കണ്ടില്ല...


  കൂടുതൽ അറിയാനുള്ള ജിഞ്ജാസ  കാരണം ഗൂഗിളിൽ ഒന്നു കൂടി തിരഞ്ഞു 

വലുപ്പത്തിൽ തന്നെക്കാൾ വലിയ പക്ഷികളെ തുരത്തിയോടിക്കാൻ കഴിവുണ്ടെന്നതാകാം ആനറാഞ്ചി എന്ന വിളിപ്പേരിന്റെ പുറകിൽ . പ്രകൃതിയിലെഒന്നാന്തരം മിമിക്രി ആർട്ടിസ്റ്റാണ് ഈ പക്ഷി.  മറ്റു പക്ഷികളെ അനുകരിക്കാൻ ഇവയ്ക്കുള്ള കഴിവ് അപാരമാണ്.

കാക്ക തമ്പുരാട്ടി , ഇരട്ടവാലൻ എന്നീ പേരുകളുമുണ്ട് ഈ പക്ഷിക്ക് .

നമ്മുടെ നാട്ടിൽ രാവിലെയും വൈകിട്ടും യഥേഷ്ടം ഈ പക്ഷിയെ കാണാറുണ്ട്.  യാന്ത്രികമായി ജീവിതം ജീവിച്ചു തീർക്കുമ്പോൾ  പ്രകൃതി നമുക്ക് വേണ്ടി ഒരുക്കിയ കാഴ്ചകൾ കാണാൻ മറക്കല്ലേ.  ഈ ഭൂമിയിൽ നമുക്ക് ഒരു ജീവിതമേയുള്ളു എന്ന തിരിച്ചറിവുണ്ടാകുക.


✍️ ഫൈസൽ പൊയിൽക്കാവ്

Thursday, March 23, 2023

ചൂടുവെള്ളത്തിൽ വീണ തവളക്ക് എന്ത് സംഭവിക്കും?

 







ഒരു തവളയെ ഒരു പാത്രത്തിൽ വെള്ളം നിറച്ച് വെള്ളം ചൂടാക്കാൻ തുടങ്ങുക. ജലത്തിന്റെ ഊഷ്മാവ് ഉയരാൻ തുടങ്ങുമ്പോൾ, തവള അതിന്റെ ശരീര താപനില അതിനനുസരിച്ച് ക്രമീകരിക്കുന്നു. ജലത്തിന്റെ വർദ്ധിച്ചുവരുന്ന താപനിലയ്‌ക്കൊപ്പം തവള അതിന്റെ ശരീര താപനില ക്രമീകരിക്കുന്നു. വെള്ളം തിളച്ചുമറിയുന്ന ഘട്ടത്തിൽ എത്തുമ്പോൾ, തവളയ്ക്ക് ഇനി ക്രമീകരിക്കാൻ കഴിയില്ല. ഈ സമയത്ത് തവള പുറത്തേക്ക് ചാടാൻ തീരുമാനിക്കുന്നു. തവള ചാടാൻ ശ്രമിക്കുന്നു, പക്ഷേ അതിന് അതിന് കഴിയുന്നില്ല, കാരണം ഉയരുന്ന ജലത്തിന്റെ താപനിലയുമായി പൊരുത്തപ്പെടുന്നതിൽ അതിന്റെ എല്ലാ ശക്തിയും നഷ്ടപ്പെട്ടു. അധികം താമസിയാതെ തവള മരിക്കുന്നു.എന്താണ് തവളയെ കൊന്നത്?
ആലോചിച്ചു നോക്കൂ! നമ്മളിൽ പലരും ചുട്ടുതിളക്കുന്ന വെള്ളം എന്ന് പറയുമെന്ന് എനിക്കറിയാം. എന്നാൽ തവളയെ കൊന്നത് എപ്പോൾ പുറത്തു ചാടണമെന്ന് തീരുമാനിക്കാനുള്ള സ്വന്തം കഴിവില്ലായ്മയാണ്. നാമെല്ലാവരും ആളുകളുമായും സാഹചര്യങ്ങളുമായും പൊരുത്തപ്പെടേണ്ടതുണ്ട്, എന്നാൽ എപ്പോൾ ക്രമീകരിക്കണം & എപ്പോൾ മുന്നോട്ട് പോകണം എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. സാഹചര്യത്തെ അഭിമുഖീകരിക്കുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ട സമയങ്ങളുണ്ട്. ശാരീരികമായോ, വൈകാരികമായോ, സാമ്പത്തികമായോ, ആത്മീയമായോ, മാനസികമായോ നമ്മളെ ചൂഷണം ചെയ്യാൻ ആളുകളെ അനുവദിച്ചാൽ അവർ അത് തുടരും. എപ്പോൾ ചാടണമെന്ന് നമുക്ക് തീരുമാനിക്കാം! ശക്തിയുള്ളപ്പോൾ നമുക്ക് ചാടാം.






Wednesday, March 22, 2023

നബയ്ത്തു യൗമഗദിന്‍



വീണ്ടും ഒരു റമദാൻ ആഗതമാവുന്നു. വിശപ്പ് സഹിച്ച് ഈ കൊടും ചൂടിൽ വിശ്വാസത്തെ മാറ്റുരച്ച് നോക്കുന്ന വിശ്വാസിക്ക് ഇത് ആത്മ വിശുദ്ധിയുടെ കാലം.. 

മനസ്സ് നന്നായാൽ മനുഷ്യൻ നന്നായി എന്നു പഠിപ്പിച്ച പ്രവാചകൻ .. . ഒരു നൊയമ്പുകാരനെ ആർക്കും തിരിച്ചറിയാൻ കഴിയില്ല അവൻ പറയുന്നത് വരെ ... മനുഷ്യ മനസ്സ് അതി സങ്കീർണ്ണമാണ് പല തരം വികാര വിചാരങ്ങൾ അടക്കി വെച്ചിരിക്കുന്ന ഒരു ചെപ്പു കുടം.  ഒരു മനുഷ്യന്റെയും മനസ്സ് വായിക്കാൻ ഇത് വരെ ഒരു ആപ്പും ഇറങ്ങിയിട്ടില്ല എന്നത് വളരെ ആശ്വാസകരം.. ഭാവിയിൽ അങ്ങിനെ ഒരു ആപ്പ് തയ്യാറായാൽ മനുഷ്യന്റെ എല്ലാ കാപട്യങ്ങളും മറ നീക്കി പുറത്തു വരും..


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അരങ്ങു തകർത്തു തുടങ്ങി ... ഇനി മൈൻഡ് റീഡർ ആപ്പുകൾ കൂടി എത്തുന്ന കാലം അതി വിദൂരമല്ല...


പറഞ്ഞു വന്നത് നോമ്പിനെ പറ്റിയാണ് . നോമ്പുകാലത്ത് ഒരു തരത്തിലുമുള്ള നാട്യങ്ങളിലും കാര്യമില്ല... ആത്മ വിശുദ്ധി നേടുക എന്നത് തന്നെയാണ് പ്രധാനം.. 

അസ്സൗമുലി ( വ്രതം അത് എനിക്കുള്ളതാണ്) എന്ന ദൈവീക വചനം നമുക്ക് മറക്കാതിരിക്കാം..


എന്റെ വ്രതകാല ചിന്തകൾ തുടരും .. 


✍️ ഫൈസൽ പൊയിൽക്കാവ്

Thursday, March 2, 2023

അറിയണം ചാറ്റ് ജി.പി. ടി ( Chat GPT) യെ



ഇന്ന് ലോകം ചാറ്റ് ജി. പി.ടിക്ക് പുറകെയാണ്. മനുഷ്യന് പകരം നിൽക്കാൻ കെൽപ്പുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ. മനുഷ്യന് മാത്രം സാധ്യമെന്ന് വിചാരിച്ചിരുന്ന സൃഷ്ടിപരത, സർഗ്ഗാത്മകത ഒരു കമ്പ്യൂട്ടറിലേക്ക് ആവാഹിക്കുകയാണ് ഈ ടെക്നോളജി.


 *ഇനി എന്താണ് ചാറ്റ് ജി. പി. ടി* 

കൃത്രിമ ബുദ്ധിയിൽ അധിഷ്ടിതമായ ഒരു ചാറ്റ് ബോട്ടാണ്  ഇത്. ബോട്ടെന്നാൽ റൊബോട്ടിക്ക് പ്രോഗ്രാം എന്നർത്ഥം. 2015 ൽ ഇ ലോൺ മസ്ക്, സാം ആൾട്ട് മാൻ എന്നിവർ ചേർന്ന് സ്ഥപിച്ച ഓപ്പൺ എ. ഐ ( Open AI ) എന്ന ഗവേഷണ കമ്പനിയുടേതാണ് ചാറ്റ് GPT ( Generative Pre-trained Transformer).

വൈജ്ഞ്ഞാനിക വിശകലനം ( Cognitive Analysis) സാധ്യമാവും എന്നതാണ് ചാറ്റ് ജി.പി. ടി യുടെ പ്രത്യേകത.


ചാറ്റ് ജി.പി. ടി യുടെ അടിസ്ഥാനം ന്യൂറൽ നെറ്റ്വർക്കുകളാണ്  . അതിനാൽ മനുഷ്യന് മാത്രം സാധിച്ചിരുന്ന നാച്ചുറൽ ലാംഗേജ് പ്രൊസ്സസ്സിങ് ( NLP ) ഇവയ്ക്ക് സാധ്യമാവുന്നു. 


ചാറ്റ് ജി.പി. ടി യെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ആൽഗോരിതമാണ് *ട്രാൻസ്ഫോർമർ* ചാറ്റ് ജി.പി ടി യോട് ഒരു കവിത രചിക്കാൻ ആവശ്യപ്പെട്ടാൽ ഞ്ഞൊടിയിടയിൽ കവിത റെഡി. ചാറ്റ് ജി.പി. ടി യോട് യാത്രാ വിവരണം എഴുതാൻ പറഞ്ഞാലും സ്ഥിതി മറ്റൊന്നല്ല ( എന്റെ യാത്രാ വിവരണ കുറിപ്പുകൾ ഞാൻ തന്നെ എഴുതുന്നതാണേ..😃 )

ഇനി പി.എച്ച്. ഡി ക്ക് ആവശ്യമായ തീസിസ് എഴുതാൻ ആവശ്യപ്പെട്ടാലും

ചാറ്റ് ജി.പി. ടി അത് ചെയ്യും. 

ഏതായാലും ഒരു കാര്യം ഉറപ്പാണ് വരും നാളുകളിൽ ചാറ്റ് ജി. പി.ടി നമ്മുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കും എല്ലാ അർത്ഥത്തിലും ....


Try https://openai.com/


✍️ *ഫൈസൽ പൊയിൽക്കാവ്*

Wednesday, March 1, 2023

വെളിച്ചത്തിന് എന്ത് വെളിച്ചം

 

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു മാസ്റ്റർ പീസാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന കൃതി.  ഈ നോവലിലെ കേന്ദ്ര കഥാ പാത്രങ്ങളായ കുഞ്ഞു താച്ചുമ്മയിലൂടെയും കുഞ്ഞുപ്പാത്തുമ്മയിലൂടെയും മുസ്ലിം സമൂഹത്തിൽ അന്നും ഇന്നും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ കൊഞ്ഞനം കുത്തുകയാണ് ബഷീർ.  നർമ്മത്തിൽ ചാലിച്ച ബഷീറിയൻ ഭാഷയിൽ ഒരു നൂറു ശരങ്ങൾ എയ്തു വിടുന്നുണ്ട് ബഷീർ.

സന്ധ്യാ സമയത്ത് തറവാട്ടിലെ പെൺകുട്ടികൾ പുറത്തിറങ്ങി കൂടെന്ന് തിട്ടൂരം പുറപ്പെടുവിക്കുന്ന കുഞ്ഞി താച്ചുമ്മ തന്നെ എല്ലാം നഷ്ടപ്പെട്ട് ഒരു സന്ധ്യാ സമയത്ത് വീടു വിട്ട് പുറത്തിറങ്ങേണ്ടി വരുന്നിടത്തിട്ടാണ് ഈ നോവലിലെ ഐറൊണി.

വെളിച്ചത്തിന് എന്ത് വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ ഭാഷാ പ്രയോഗം ഈ നോവലിലാണ്.

അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും അകപ്പെട്ട ഒരു കുടുംബത്തെ മോചിപ്പിക്കുന്നതിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. പഠിപ്പും പത്രാസമുള്ള നിസാർ അഹമ്മദി പ്രണയിക്കുന്നതിലൂടെ കുഞ്ഞു പാത്തുമ്മ ഇരുട്ടിൽ നിന്ന് രക്ഷപ്പെട്ട് വെളിച്ചം അനുഭവിക്കുന്നു.

1951 ൽ ബഷീർ എഴുതിയ ഈ നോവൽ ഇന്നും പ്രസക്തമാണ്. എത്ര ഉന്നത വിദ്യാഭ്യാസം നേടിയിട്ടും മനസ്സിലെ മാറാല നീക്കാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ല ...


✍️ *ഫൈസൽ പൊയിൽക്കാവ്*

Sunday, February 19, 2023

ചേമഞ്ചേരിയിൽ നിന്ന് കണ്ണൂർ കോട്ടയിലേക്ക് ഒരു യാത്ര


യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ഓരോ യാത്രയും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. 

ഈയിടെ സെന്റ് ആഞ്ജലോ ഫോർട്ട് ( കണ്ണൂർ കോട്ട ) കാണാൻ പോയതിന്റെ ഓർമ്മകുറിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 

ചേമഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് ഒരു തീവണ്ടി ( മെമു) യാത്ര  . കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ..


പോർച്ച് ഗീസുകാർ നിർമ്മിച്ച ഈ കോട്ട ഇന്നും അറബിക്കടലിനഭിമുഖമായി തലയുയർത്തി നിൽക്കുന്നു. അവർ നിർമ്മിച്ച ആയുധപ്പുരയും കുതിര പന്തിയും നമുക്കവിടെ കാണാം.

ശത്രുക്കളെ നേരിടാൻ ആ കാലത്ത് തയ്യാറാക്കി നിർത്തിയിരിക്കുന്ന പീരങ്കികൾ ഇന്നും അതു പോലെ അവിടെയുണ്ട്.


കോളനിവൽക്കരണത്തിന്റെ ഭാഗമായി പോർച്ചുഗീസ് കാരിൽ നിന്ന് ഡച്ചുകാരും അതിന് ശേഷം അറക്കൽ രാജവംശവും പിന്നീട് ബ്രിട്ടീഷുകാരും ആ കോട്ട ഭരിച്ചു

കോട്ടയ്ക്ക് ഉള്ളിൽ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. (അതിനെ പറ്റി  അവിടത്തെ സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ അയാൾക്കും കേട്ടറിവ് മാത്രം. )   കണ്ണൂർ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്റെ അടിയിൽ കൂടിയാണ് ഈ തുരങ്കം നിമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സൈനികർക്ക് രക്ഷപെടാനാണ് ഈ തുരങ്കം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം.

2015 ഡിസംബറിൽ കോട്ടയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഉൽഖനനത്തിൽ തേങ്ങയുടെയും ഓറഞ്ചിന്റെയും മറ്റും വലിപ്പമുള്ള 1500 -ഓളം പീരങ്കി ഉണ്ടകൾ കണ്ടെത്തുകയുണ്ടായി.

തീർത്തും ചെങ്കലിനാൽ തീർത്ത ഈ കോട്ടയ്ക്ക്  ഇത്രയും വർഷങ്ങൾക്ക് ശേഷവും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. 

1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം. 

അതിനടുത്തായി നാവികർക്ക് വഴി കാട്ടിയായ ഒരു പുരാതന ലൈറ്റ് ഹൗസുമുണ്ട്. ഒരു ചരിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചെടുത്തോളം  ഈ കോട്ടവാതിലുകൾ അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറക്കുന്നുണ്ട്. 

 


അറക്കൽ  രാജവംശത്തിന്റെ ചരിത്രം പറയാതെ കണ്ണൂരിന്റെ ചരിത്രം പൂർത്തിയാവില്ല. കണ്ണൂർ കോട്ടയ്ക്കടുത്ത് തന്നെയാണ് അറക്കൽ മ്യൂസിയം. അവിടെയുള്ള സൂക്ഷിപ്പുകളിൽ പലതും അന്നത്തെ ജീവിതത്തിന്റെ നേർ കാഴ്ചകളാണ്. അവർ ഉപയോഗിച്ച പാത്രങ്ങളും ആയുധവും ഒക്കെ മ്യൂസിയത്തിൽ നമുക്ക് കാണാൻ കഴിയും. 



✍️
ഫൈസൽ പൊയിൽക്കാവ്






Saturday, February 11, 2023

കബനി കടന്ന് കുറുവാ ദ്വീപിലേക്ക് ...

കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയായ കബനിയുടെ തീരത്താണ് കുറുവാ ദ്വീപ് . തേയില തോട്ടങ്ങൾ കടന്ന് വനത്തിലൂടെ ഒരു യാത്ര കുറുവയിലേക്ക്  

കുറുവയിൽ നമ്മെ എതിരേൽക്കുന്നത് താന്നി മുത്തശ്ശിയും  അതിന്റെ ശിഖരങ്ങളിൽ ഊഞ്ഞാലാടുന്ന വാനരന്മാരുമാണ്. 

മുള കൊണ്ടുള്ള ചങ്ങാടത്തിൽ ദ്വീപിലേക്ക് . അങ്ങ് ദൂരെ പാറക്കെട്ടുകളിൽ വെയിൽ കായുന്ന മുതലയും ആമകളും.മുതലകളുള്ള കബനിയിലൂടെയുള്ള യാത്ര സൂക്ഷിച്ചു വേണം.

പച്ച നിറമാർന്ന കബനിയാൽ ചുറ്റപ്പെട്ട കുറുവാ ദ്വീപ് മനോഹരിയാണ്. ഭാഗ്യമുണ്ടെങ്കിൽ ആനയേയും മാനിനേയും ഇവിടെ നേരിൽ കാണാം.

മറ്റു ജീവജാലങ്ങളുടെ ആവാസ മേഖലയിൽ പ്രവേശിക്കുമ്പോൾ നമ്മൾ  പരമാവധി ആത്മ നിയന്ത്രണം പാലിക്കണം . ഉച്ചത്തിൽ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാടകങ്ങൾ നമുക്ക് ഒരു പാട് കാഴ്ചകൾ ഒരുക്കി വെച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്.

ഞങ്ങൾ കബനിയുടെ ആഴം കുറഞ്ഞ ഭാഗത്തിലൂടെ നടക്കുമ്പോൾ കുറച്ചകലെയായി ഒരു പാമ്പ് വെള്ളത്തിൻ മുകൾ പരപ്പിലൂടെ മറുകര നീന്തുന്നത് കണ്ടു




ചെറു ദ്വീപുകളുടെ ഒരു കൂട്ടമാണ് കുറുവാ ദ്വീപ്. പാറക്കൂട്ടങ്ങൾ നിറഞ്ഞ നദിയിലൂടെ അപ്പുറമെത്തുക എന്നത് ശ്രമകരമാണ്. ചില ഭാഗത്തൊക്കെ നല്ല ഒഴുക്കുമുണ്ട്.

ചില വേരുകൾ അങ്ങിനെയാണ് അത് ആത്മാവിന്റെ ആഴങ്ങളിൽ നമ്മെ ചുറ്റി പുണർന്നിരിക്കും ഈ യാത്ര എനിക്ക് ഒരു വെറും യാത്രയല്ല ... വേരുകൾ തേടിയുള്ള യാത്ര കൂടിയാണ്.

ചില വേരുകൾ  എത്ര പൊട്ടിക്കാൻ ശ്രമിച്ചാലും അത് നമ്മെ പിന്നെയും പിന്നെയും ഹൃദയത്തോട് ചേർത്ത് വരിഞ്ഞ് മുറുക്കും.

വൽസല ടീച്ചർ എന്ന അമ്മ മരത്തണലിലെ പത്തു വർഷങ്ങൾ .... 

അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും

തുടരും


✍️ ഫൈസൽ പൊയിൽക്കാവ്


Friday, January 27, 2023

നൻപകൽ നേരത്ത് മയക്കം.

 എന്നും മലയാള സിനിമകളിലെ ദൃശ്യ ഭംഗിയാണ്  പാലക്കാടൻ തമിഴ് ഗ്രാമങ്ങൾ . നൻപകലിലൂടെ  ഗ്രാമഭംഗി മുഴുവൻ ഒപ്പിയെടുത്തിരിക്കുകയാണ് ലിജോ ജോസ്.

നൻപകൽ നേരത്തേ മയക്കം എന്ന സിനിമയുടെ  പോസ്റ്ററിലെ പൂത്തു നിൽക്കുന്ന ചോളപ്പാടങ്ങൾ കണ്ട് സിനിമ കാണാൻ കയറിയ ഞാൻ കിളി പോയ പോലെയായി എന്നു പറയുന്നതാണ് സത്യം.

പൂത്തു നിൽക്കുന്ന ചോള പാടത്ത് എത്തുമ്പോൾ മമ്മൂട്ടി അവതരിപ്പിച്ച ജെയിംസ് സുഹൃത്തുക്കൾ ഒന്നിച്ച്കുടുംബ സമേതം സഞ്ചരിക്കുന്ന നാടക വണ്ടി നിർത്താൻ ആവശ്യപ്പെടുന്നു. അവിടെ തുടങ്ങുന്നു മാജിക്കൽ റിയലിസം .സത്യമോ മിഥ്യയോ എന്നറിയാത്ത ഒരങ്കലാപ്പ്.

ഓരോ ഫ്രെയിമും അതി മനോഹരം. 

ഈ സിനിമ കാണുമ്പോൾ ഗബ്രിയേൽ മാർക്വേസിന്റെ  എഴുത്തിലൂടെ നമ്മൾ അനുഭവിച്ച   മാജിക്കൽ റിയലിസം നമുക്ക് ഒരിക്കലൂടെ അനുഭവവേദ്യമാകുന്നു. 

 മമ്മൂട്ടി എന്ന എക്കാലത്തേയും മഹാ നടന്റെ പകർന്നാട്ടമാണ് പിന്നീടങ്ങോട്ട്  . ജെയിംസിൽ നിന്ന് സുന്ദരത്തിലേക്ക് ഒരു പരകായ പ്രവേശം നടത്തുന്ന മമ്മൂക്ക.

 എസ്. ഹരീഷ് ഒരുക്കിയ ഒരൊന്നാന്തരം  തിരക്കഥ. കഥയുടെ എല്ലാ വൈകാരികതകളെയും  ക്യാമറയിലൂടെ പകർത്തുന്ന  തേനി ഈശ്വർ . ഒരു ടീം വർക്ക്. മനോഹരമായ ദൃശ്യ വിരുന്നാണ് നൻപകൽ.

ഓരോ ഫ്രെയിമും ഓരോ ഷോട്ടും അതി ഗംഭീരം.തമിഴ് ഗ്രാമത്തിന്റെ വഴികളിലൂടെ ചിരപരിചതനെ പോലെ നടന്നു ഒടുവിൽ സുന്ദരത്തിന്റെ വീട്ടിൽ സുന്ദരമായി പരകായപ്രവേശം നടത്തുന്ന ജെയിംസും ഒരു ഉച്ചയിൽ നിന്ന് മറ്റൊരു ഉച്ചവരെ നമ്മളേയും സ്വപ്നാടനത്തിലേക്ക് നയിക്കുകയാണ്.

പൂങ്കുഴലിയും മകളും ,സാലിയും മകനും സുന്ദരത്തിന്റെ ചെറിയ വീട്ടിനകത്തു നിന്ന് പുറത്തേക്ക് ഉള്ള കാഴ്ച്ചയിൽ ഒരു ഫ്രെയിമിനകത്തു വരുന്ന ദൃശ്യം നമ്മെ വല്ലാത്തൊരു അവസ്ഥയിലേക്ക് നയിക്കുന്നു. സാലിയുടെ പൂങ്കുഴലിയുടെ മനോവികാരങ്ങൾ എന്തൊക്കെ ആയിരിക്കും ?

സുന്ദരത്തിൽ നിന്നു ജെയിംസിലേക്ക് തിരികെ വരാൻ സാലി ആഗ്രഹിക്കുമ്പോൾ പൂങ്കുഴലിയുടെ മനസ്സിൽ എന്തായിരിക്കും ?

 "ഉറക്കം മരണം പോലെയാണ്,ഉണരുന്നത് ജനനവും" എന്ന തിരുക്കുറൾ വാക്യത്തിലൂന്നി മുന്നേറുന്ന സിനിമ കണ്ടിറങ്ങുമ്പോൾ എനിക്ക് ബുദ്ധിഭ്രമം സംഭവിച്ചത് പോലെയായി. സുന്ദരത്തിൽ നിന്ന് ജയിംസിലേക്ക് മമ്മൂട്ടി തിരിച്ചെത്തുമ്പോഴും നമ്മൾക്ക് അതിന് സാധിക്കുന്നില്ല. 

നാടക വണ്ടി ഗ്രാമം വിട്ടു പോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ നായ ഒരു നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു.ദേശങ്ങൾ, അതിർത്തികൾ, ഭാഷകൾ, മതങ്ങൾ അതിനെല്ലാമപ്പുറമാണ് മനുഷ്യൻ എന്ന് കൂടി പറയാതെ പറയുന്നുണ്ട് നൻപകൽ.

 അടുത്ത കാലത്തായി ഞാൻ കണ്ട ഏറ്റവും നല്ല സിനിമ അതാണ് *നൻപകൽ നേരത്ത് മയക്കം.*

Google