Sunday, February 19, 2023

ചേമഞ്ചേരിയിൽ നിന്ന് കണ്ണൂർ കോട്ടയിലേക്ക് ഒരു യാത്ര


യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. ഓരോ യാത്രയും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. 

ഈയിടെ സെന്റ് ആഞ്ജലോ ഫോർട്ട് ( കണ്ണൂർ കോട്ട ) കാണാൻ പോയതിന്റെ ഓർമ്മകുറിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 

ചേമഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് ഒരു തീവണ്ടി ( മെമു) യാത്ര  . കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ..


പോർച്ച് ഗീസുകാർ നിർമ്മിച്ച ഈ കോട്ട ഇന്നും അറബിക്കടലിനഭിമുഖമായി തലയുയർത്തി നിൽക്കുന്നു. അവർ നിർമ്മിച്ച ആയുധപ്പുരയും കുതിര പന്തിയും നമുക്കവിടെ കാണാം.

ശത്രുക്കളെ നേരിടാൻ ആ കാലത്ത് തയ്യാറാക്കി നിർത്തിയിരിക്കുന്ന പീരങ്കികൾ ഇന്നും അതു പോലെ അവിടെയുണ്ട്.


കോളനിവൽക്കരണത്തിന്റെ ഭാഗമായി പോർച്ചുഗീസ് കാരിൽ നിന്ന് ഡച്ചുകാരും അതിന് ശേഷം അറക്കൽ രാജവംശവും പിന്നീട് ബ്രിട്ടീഷുകാരും ആ കോട്ട ഭരിച്ചു

കോട്ടയ്ക്ക് ഉള്ളിൽ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. (അതിനെ പറ്റി  അവിടത്തെ സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ അയാൾക്കും കേട്ടറിവ് മാത്രം. )   കണ്ണൂർ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്റെ അടിയിൽ കൂടിയാണ് ഈ തുരങ്കം നിമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സൈനികർക്ക് രക്ഷപെടാനാണ് ഈ തുരങ്കം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം.

2015 ഡിസംബറിൽ കോട്ടയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഉൽഖനനത്തിൽ തേങ്ങയുടെയും ഓറഞ്ചിന്റെയും മറ്റും വലിപ്പമുള്ള 1500 -ഓളം പീരങ്കി ഉണ്ടകൾ കണ്ടെത്തുകയുണ്ടായി.

തീർത്തും ചെങ്കലിനാൽ തീർത്ത ഈ കോട്ടയ്ക്ക്  ഇത്രയും വർഷങ്ങൾക്ക് ശേഷവും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. 

1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം. 

അതിനടുത്തായി നാവികർക്ക് വഴി കാട്ടിയായ ഒരു പുരാതന ലൈറ്റ് ഹൗസുമുണ്ട്. ഒരു ചരിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചെടുത്തോളം  ഈ കോട്ടവാതിലുകൾ അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറക്കുന്നുണ്ട്. 

 


അറക്കൽ  രാജവംശത്തിന്റെ ചരിത്രം പറയാതെ കണ്ണൂരിന്റെ ചരിത്രം പൂർത്തിയാവില്ല. കണ്ണൂർ കോട്ടയ്ക്കടുത്ത് തന്നെയാണ് അറക്കൽ മ്യൂസിയം. അവിടെയുള്ള സൂക്ഷിപ്പുകളിൽ പലതും അന്നത്തെ ജീവിതത്തിന്റെ നേർ കാഴ്ചകളാണ്. അവർ ഉപയോഗിച്ച പാത്രങ്ങളും ആയുധവും ഒക്കെ മ്യൂസിയത്തിൽ നമുക്ക് കാണാൻ കഴിയും. 



✍️
ഫൈസൽ പൊയിൽക്കാവ്






Saturday, February 11, 2023

കബനി കടന്ന് കുറുവാ ദ്വീപിലേക്ക് ...

കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയായ കബനിയുടെ തീരത്താണ് കുറുവാ ദ്വീപ് . തേയില തോട്ടങ്ങൾ കടന്ന് വനത്തിലൂടെ ഒരു യാത്ര കുറുവയിലേക്ക്  

കുറുവയിൽ നമ്മെ എതിരേൽക്കുന്നത് താന്നി മുത്തശ്ശിയും  അതിന്റെ ശിഖരങ്ങളിൽ ഊഞ്ഞാലാടുന്ന വാനരന്മാരുമാണ്. 

മുള കൊണ്ടുള്ള ചങ്ങാടത്തിൽ ദ്വീപിലേക്ക് . അങ്ങ് ദൂരെ പാറക്കെട്ടുകളിൽ വെയിൽ കായുന്ന മുതലയും ആമകളും.മുതലകളുള്ള കബനിയിലൂടെയുള്ള യാത്ര സൂക്ഷിച്ചു വേണം.

പച്ച നിറമാർന്ന കബനിയാൽ ചുറ്റപ്പെട്ട കുറുവാ ദ്വീപ് മനോഹരിയാണ്. ഭാഗ്യമുണ്ടെങ്കിൽ ആനയേയും മാനിനേയും ഇവിടെ നേരിൽ കാണാം.

മറ്റു ജീവജാലങ്ങളുടെ ആവാസ മേഖലയിൽ പ്രവേശിക്കുമ്പോൾ നമ്മൾ  പരമാവധി ആത്മ നിയന്ത്രണം പാലിക്കണം . ഉച്ചത്തിൽ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാടകങ്ങൾ നമുക്ക് ഒരു പാട് കാഴ്ചകൾ ഒരുക്കി വെച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്.

ഞങ്ങൾ കബനിയുടെ ആഴം കുറഞ്ഞ ഭാഗത്തിലൂടെ നടക്കുമ്പോൾ കുറച്ചകലെയായി ഒരു പാമ്പ് വെള്ളത്തിൻ മുകൾ പരപ്പിലൂടെ മറുകര നീന്തുന്നത് കണ്ടു




ചെറു ദ്വീപുകളുടെ ഒരു കൂട്ടമാണ് കുറുവാ ദ്വീപ്. പാറക്കൂട്ടങ്ങൾ നിറഞ്ഞ നദിയിലൂടെ അപ്പുറമെത്തുക എന്നത് ശ്രമകരമാണ്. ചില ഭാഗത്തൊക്കെ നല്ല ഒഴുക്കുമുണ്ട്.

ചില വേരുകൾ അങ്ങിനെയാണ് അത് ആത്മാവിന്റെ ആഴങ്ങളിൽ നമ്മെ ചുറ്റി പുണർന്നിരിക്കും ഈ യാത്ര എനിക്ക് ഒരു വെറും യാത്രയല്ല ... വേരുകൾ തേടിയുള്ള യാത്ര കൂടിയാണ്.

ചില വേരുകൾ  എത്ര പൊട്ടിക്കാൻ ശ്രമിച്ചാലും അത് നമ്മെ പിന്നെയും പിന്നെയും ഹൃദയത്തോട് ചേർത്ത് വരിഞ്ഞ് മുറുക്കും.

വൽസല ടീച്ചർ എന്ന അമ്മ മരത്തണലിലെ പത്തു വർഷങ്ങൾ .... 

അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗ്ഗം വിളിച്ചാലും

തുടരും


✍️ ഫൈസൽ പൊയിൽക്കാവ്


Google