Sunday, March 7, 2021

മാ നിഷാദ

 കരിയിലകൾ തെങ്ങിൻ തടത്തിലോ വാഴ തടത്തിലോ ഇഞ്ചി പണയിലോ കിഴങ്ങു വിള കൃഷിയിലോ ഗ്രോ ബാഗിനകത്തോ വളക്കുഴികളിലോ ഒക്കെ ഇടുക. അല്ലെങ്കിൽ കമ്പോസ്റ്റ് ആക്കി മാറ്റുക. 

വർഷകാലം കഴിഞ്ഞു ഹേമന്തവും കടന്നു ശിശിരത്തിൽ എത്തി വേനലിനു മുൻപ് വരാൻ പോകുന്ന വറുതിയെ മുൻകൂട്ടി കണ്ടു മരങ്ങൾ തങ്ങളുടെ ഇലകൾ കൊഴിക്കാൻ തുടങ്ങും.ഇത് ഒരു Disaster preparedness ആണ്.

 വേനൽ വരുന്നു.

മേൽമണ്ണ് പാളികളിലെ ജലാംശം വറ്റാൻ തുടങ്ങുന്നു. ഇനി മഴയെത്താൻ മേടം വരെ കാക്കണം. അപ്പോൾ ഇത്രയും ഇലകൾ തങ്ങളുടെ ആസ്യ രന്ധ്രങ്ങൾ വഴി 

ഉള്ളവെള്ളം അത്രയും പുറത്തേക്കു വിട്ടാലോ എന്ന് ഭയന്ന് മരം ഒരു load shedding പ്രക്രിയക്ക് തയ്യാറെടുക്കുന്നു. തന്റെ തണലിനെ പിൻ പറ്റി ജീവിക്കുന്ന കോടാനുകോടി സൂക്ഷ്മ ജീവികളുടെ അതിജീവനത്തിനായി പ്രിയപ്പെട്ട ഇലകൾ കൊഴിച്ചു ചുവട്ടിലേക്കിടുന്നു. അങ്ങനെ മണ്ണിനു ഒരു മേൽകവചം സൃഷ്ടിച്ചു മണ്ണിൽ നിന്നുള്ള ബാഷ്പീകരണ തോത് കുറയ്ക്കുന്നു. 


എത്ര നിസ്വാർഥമായ പ്രവൃത്തി... 


എത്ര ദീർഘ വീക്ഷണം... 


എന്തൊരു കരുതൽ... 


പക്ഷെ ഇത് കാണുന്ന നമ്മൾ എന്ത് ചെയ്യുന്നു? 


ഈ വിലയേറിയ കരിയിലകൾ മുഴുവൻ തൂത്തു കൂട്ടി കത്തിക്കുന്നു. 


പതിയെ പതിയെ സൂക്ഷ്മ ജീവികൾക്ക് ആഹാരമായി ദ്രവിച്ചു 92മൂലകങ്ങൾ ആയി തീരേണ്ടവ നിമിഷങ്ങൾക്കുള്ളിൽ ചൂടും പൊടിയും പുകയും ചാരവും ആയി മാറുന്നു. 

കാർബൺ, പൊട്ടാസ്യം മാത്രം അവശേഷിക്കുന്നു.  ബാക്കി മൂലകങ്ങൾ തൊണ്ണൂറും നഷ്ടം. 


മേല്മണ്ണിൽ നിന്നും ഒരിക്കൽ പുറപ്പെട്ടുപോയ കേമൻ കാറ്റയോണുകൾ ആയ കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ 'ഘർ വാപസി' തടയപ്പെടുന്നു. 


തായ്‌വേരുകൾ ആഴത്തിൽ പോയി സംഭരിച്ച സൂക്ഷ്മ മൂലകങ്ങൾ അത്രയും ഒരു തീജ്വാലയിൽ പാഴാകുന്നു. 


ഈ കരിയിലകൾ മണ്ണിനോട് ചെയ്യുന്നത് എന്താണ്? 


*മണ്ണിന്റെ ഊഷ്മാവ് ക്രമീ കരിക്കുന്നു. വേനലിൽ തണുവും തണുവിൽ ചൂടും നല്കുന്നു*


*സൂക്ഷ്മ ജീവികൾക്ക് വിളയാടാനുള്ള ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നു*


*അഴുകൽ പ്രക്രിയയിലൂടെ ജൈവ കാർബൺ അടക്കം 16 അവശ്യ മൂലകങ്ങളെ മണ്ണിലേക്ക് സന്നിവേശിപ്പിക്കുന്നു*


*മണ്ണിന്റെ ഈർപ്പം നില നിർത്തി ഉർവരത കാക്കുന്നു*


*കള വളർച്ചയെ മന്ദഗതിയിലാക്കുന്നു.അവയെ എളുപ്പം പറിച്ചു മാറ്റാൻ കഴിയുന്ന അവസ്ഥയിൽ എത്തിക്കുന്നു*


*മണ്ണൊലിപ്പ് തടയുന്നു*


*മണ്ണിന്റെ ജല സംഗ്രഹണ ശേഷി വർധിപ്പിക്കുന്നു*


*മണ്ണിൽ നിന്നുള്ള ജല ബാഷ്പീകരണം തടയുന്നു*


*ശക്തിയേറിയ ജല സേചന രീതികൾ മൂലം മണ്ണു തറഞ്ഞു പോകാതെ കാക്കുന്നു*


അങ്ങനെ അസംഖ്യം  ധർമങ്ങൾ... 


ജൈവാവശിഷ്ടങ്ങൾ കത്തിക്കേണ്ട ഒരേ ഒരു സാഹചര്യം ഇവയാണ്. 


ഒരു മാരക കീടമോ രോഗമോ വന്നു വിള നശിച്ചാൽ അത് അടുത്ത ചെടികളിലേക്കോ സീസണിലേക്കോ പകരാതിരിക്കാൻ... 


അല്ലാതെ ഒരു സാഹചര്യത്തിലും കരിയിലകൾ കത്തിക്കരുത്. 


ഇന്നലെകളിൽ ചെടികൾ കരുതി വച്ച സൗരോർജമാണ്‌ കത്തി തീയും പുകയുമായി പാഴായി പോകുന്നത്.

No comments:

Google