Tuesday, July 7, 2020

ഡൽഹി വിശേഷങ്ങൾ - രണ്ടാം ഭാഗം


നേരത്തെ പറഞ്ഞ പോലെ ട്രെയിൻ എട്ടു മണിയോടുകൂടി ഡൽഹി നിസാമുദ്ധീൻ സ്റ്റേഷനിൽ എത്തി.സ്റ്റേഷന്  പുറത്ത് ഇറങ്ങിയതും ഓട്ടോ വാല ഞങ്ങൾക്ക് ചുറ്റും കൂടി...  അസീസ് ഭായ് ഞങ്ങളെയും കാത്ത് സ്റ്റേഷനിൽ തന്നെയുള്ളത് നന്നായി. അല്ലെങ്കിൽ ഞങ്ങൾ ഒന്ന് വട്ടം കറങ്ങിയേനെ.. ഇനി മൂന്ന് ദിവസം അസീസ്‌ക്കയുടെ  അതിഥിയായ് അവരുടെ കൂടെ...അസീസ്‌ക്ക എത്രയോ വർഷമായി ഡൽഹിയിലാണ് . അദ്ദേഹത്തിന് നല്ല ലോക പരിചയമുണ്ട് ..പഠിച്ചതൊക്കെ അലിഗർ സർവ്വകലാശാലയിൽ ആണ് ..നന്നായി ഹിന്ദിയും ഉറുദുവും സംസാരിക്കും.. . ആരുടെയും മനസ്സ് കീഴ്പ്പെടുത്തുന്ന വശ്യമായ ഇടപെടൽ...

അസീസ്ക്ക  താമസിക്കുന്നത് ദരിയാഗഞ്ചിലാണ്  , ഡൽഹിയിലെ ഏറ്റവും തിരക്കേറിയ പുസ്തക പ്രസാധക , പുസ്തക വിപണന മേഖലയാണ് ദരിയാഗഞ്ച ... സിവിൽ സെർവീസിന് തയ്യാറെടുക്കുന്ന കുറച്ചു പേരെ അവിടെ വെച്ച് പരിചയപ്പെട്ടു.. പുതിയ റഫറൻസ് പുസ്തകങ്ങൾ പോലും പാതി വിലക്ക് ഈ മാർക്കറ്റിൽ ലഭ്യമാണ്. ഞായറാഴ്ചകളിൽ പുസ്തകച്ചന്ത ഉണ്ടാവാറുണ്ട്‌ ഇവിടെ...പുസ്തകങ്ങളിൽ അധികവും മത്സര പരീക്ഷകൾക്കുള്ളതാണ് .ദരിയാഗഞ്ചിൽ 2nd hand ബുക്ക്സ് കിട്ടുന്ന കടകൾ ഉണ്ട്.  ലോകത്തെ എല്ലാ പുസ്തകങ്ങളും അവിടെ കിട്ടും. കഷ്ടപ്പെട്ട് തിരഞ്ഞു കണ്ടുപിടിക്കണം എന്നു മാത്രം.  ഞാനും ജംഷിയും ദരിയാഗഞ്ചിലൂടെ കുറെ നടന്നു. അവിടെ നിന്ന് ശകുന്തളാ ദേവിയുടെ കുറച്ചു puzzle Books വാങ്ങി..


ദരിയാഗഞ്ചിൽ സീനത്തുൽ മസ്ജിദിനരികിലാണ് അസീസ് ക്കയുടെ  താമസം. ഔറംഗസീബ് ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ പ്രധാന ഭാര്യയായ ദിൽറാസ് ബാനു ബീഗത്തിന്റെയും രണ്ടാമത്തെ മകളായിരുന്നു സീനത്ത്-ഉൻ-നിസ്സ . അവരുടെ പേരിലാണ് ഈ മസ്ജിദ് അറിയപ്പെടുന്നത് .

മുഗൾ രാജവംശത്തെ കലാ ചാതുരിയുള്ള മനോഹരമായ  പള്ളിയിൽ പ്രാർത്ഥനയ്ക്ക് വരുന്ന ആളുകളുടെ എണ്ണം കുറവാണ്.. പക്ഷെ അവിടത്തെ അന്തരീക്ഷം നമ്മെ വർഷങ്ങൾ പിന്നോട്ട് കൂട്ടി കൊണ്ട് പോകുന്നുണ്ട്.. മുഗളന്മാരുടെ ഡൽഹി ഭരണ കാലം സ്കൂൾ ക്ലാസ്സിൽ പഠിച്ചത് ഓർമ്മയിൽ ഓടിയെത്തി.. അക്‌ബറും , ഷാജഹാനും , ഔറംഗസീബ് അവരുടെ ഭരണ പരിഷ്‌കാരങ്ങൾ ഒക്കെ എത്ര പ്രാവശ്യം ഉരുവിട്ട് പഠിച്ചിരിക്കുന്നു... 

നാളെയാണ് ഇന്റർവ്യൂ .. സത്യത്തിൽ ഇന്റർവ്യൂവിനാണ് വന്നതെന്ന കാര്യം പോലും ഞാൻ മറന്നിരിക്കുന്നു.. രാവിലെ പത്തുമണിക്ക്  അവിടത്തെ പ്രശസ്തമായ ഒരു സ്റ്റാർ ഹോട്ടലിൽ വെച്ചാണ് ഇന്റർവ്യൂ..  രാവിലെ അസീസ്ക്ക അവിടെ ഡ്രോപ്പ് ചെയ്തു. അവിടെ എത്തിയപ്പോൾ കുറച്ചു മലയാളികൾ ടൈയും കോട്ടും ഒക്കെ ഇട്ട് ഇരിക്കുന്നു.. ഞാൻ മാത്രം കോട്ടും ടൈയും ഇല്ലാതെ ... ആദ്യം ഒരു ചമ്മൽ തോന്നി..  ട്രെയിൻ ടിക്കറ്റ് കാണിച്ചപ്പോൾ അതിന്റെ ഫെയർ അപ്പൊ തന്നെ അവർ തന്നു... 
പിന്നെ എന്റെ ഊഴത്തിനായുള്ള കാത്തിരിപ്പ്... എനിക്കാണെങ്കിൽ ഇത് ഒന്ന് എങ്ങിനെയെങ്കിലും കഴിഞ്ഞെങ്കിൽ എന്ന ചിന്തയും....അവസാനം എന്റെ ഊഴമെത്തി.. നാല് പേർ ചേർന്ന ഇന്റർവ്യൂ ബോർഡ് അതിൽ ഒരാൾ അറബിയും.... അവർ കുറെ എന്തൊക്കെയോ ചോദിച്ചു.. അന്നും ഇന്നും കമ്പ്യൂട്ടർ സയൻസ്  എന്ന കടലിനു മുൻപിൽ പകച്ചു നിൽക്കുന്ന വിദ്യാർഥിയാണല്ലോ ഞാൻ... അവസാനം സാലറിയെ കുറിച്ചായി ചോദ്യം.. പിന്നെ അവർ തന്നെ അതിന്റെ ഉത്തരവും പറഞ്ഞു...  

 ഇന്റർവ്യൂ കഴിഞ്ഞിറങ്ങിയപ്പോൾ നല്ല വിശപ്പ് .. ഹോട്ടലിൽ കയറി മുഗൾ ബിരിയാണി കഴിച്ചു.. നമ്മുടെ ബിരിയാണി പോലെയല്ല നല്ല ഒന്നാന്തരം സ്‌പൈസി സാധനം... നല്ല എരിവ് ഉണ്ട്. 

ഇന്നിനി കുത്തബ്മിനാർ കാണാൻ പോകാൻ തീരുമാനിച്ചു.. ഒരു ഓട്ടോയിൽ ഞങ്ങൾ 'മെഹ്‌റോളി' എത്തി . അവിടെയാണ് കുത്തബ്മിനാർ. ഡൽഹിയിലെ പൗരാണിക ഇസ്ലാമിക സ്മാരകങ്ങളിൽ ഒന്നാണ് കുത്തബ്മിനാർ .ഇത് 73 മീറ്റർ ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും ഉയർന്ന മിനാരങ്ങളിലൊന്നാണ് . യുനെസ്കോയുടെ ലോക പൈതൃക സ്ഥലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇഷ്ടിക മിനാരവുമാണിത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ മിനാരറ്റ് അറബി, ബ്രാഹ്മി ലിഖിതങ്ങളുള്ള ഇന്ത്യയിലെ ആദ്യകാല ഇസ്ലാമിക ഘടനയായി കണക്കാക്കപ്പെടുന്നു. ഖുത്ബ്-ഉദ്-ദിൻ ഐബക്കിന്റെ പേരിലാണ് മിനാരത്തിന് പേര് നൽകിയിരിക്കുന്നത് .1600 വർഷം കഴിഞ്ഞിട്ടും തുരുമ്പിക്കാത്ത ' iron pillar ' ഞങ്ങൾ അവിടെ കണ്ടു.


നാളെ രാജ്ഘട്ട് പോവണം .. ഗാന്ധിയെ കാണാൻ.. രാഷ്ട്ര പിതാവിന്റെ സമാധി കാണണം എന്നുള്ളത് മനസ്സിലെ വലിയ ഒരാഗ്രഹമായിരുന്നു..
രാവിലെ നേരത്തെ ഉണർന്നു .. ജംഷിയെയും വിളിച്ചുണർത്തി.. കുളിയും ഭക്ഷണവും കഴിഞ്ഞു നേരെ രാജ്‌ഘട്ടിലേക്കു.. ജീവിതത്തിലെ ഒരു അനർഘ നിമിഷം.. ഒരു നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഒരു പുണ്യാത്മാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത പുണ്യ സ്ഥലം അതാണ് രാജ്ഘട്ട്.







1 comment:

sree said...

അസ്സൽ

Google