Friday, July 3, 2020

ഒരു ചൂരൽമല യാത്രാ ഡയറി - അവസാന ഭാഗം

 വെളുപ്പിനെ എഴുന്നേറ്റു..വർഷളായി  തുടരുന്ന ശീലം..
പുറത്തു ഇറങ്ങിയപ്പോ നല്ല മരം കോച്ചുന്ന തണുപ്പ് ...വെള്ളത്തിന് മീതെ  ഐസ് പാളികൾ ...ലിനൂബിൻ്റെ അമ്മ തേയില തോട്ടത്തിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങിയിരിക്കുന്നു. തിരക്കിനിടയിലും എനിക്ക് ചൂട് വെള്ളം റെഡി... പാവം 'അമ്മ. തേയില കമ്പനിയിൽ പോയാൽ പിന്നെ വൈകുന്നേരമേ മടക്കമുള്ളൂ... ഞങ്ങൾക്കുള്ള ചോറും കറിയും ഒക്കെ ഒരുക്കി വെച്ച് 'അമ്മ ഇറങ്ങി... അവരോടുള്ള എൻ്റെ സ്നേഹവും ആദരവും അറിയിക്കാൻ വാക്കുകളില്ല.....



സീതമ്മക്കുണ്ട്



പാടിയിൽ നിന്നും കുറച്ചകലെയാണ് സീതമ്മക്കുണ്ട് ... സീതമ്മക്കുണ്ട് പേരുപോലെ തന്നെ ഒരു അഗാധ ഗർത്തമാണ്.. എത്രയോ അടി താഴ്ചയുള്ള അഗാധ ഗർത്തം....ചായ കുടി കഴിഞ്ഞു ഞങ്ങൾ സീതമ്മക്കുണ്ട് കാണാൻ ഇറങ്ങി.... മഞ്ഞിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം. നാട്ടുപാതയിലൂടെ ഞങ്ങൾ നടത്തം തുടങ്ങി..ദൂരെ നിന്നും വലിയ ഉച്ചത്തിൽ സൈറൺ കേൾക്കാം.. അത് തേയില കമ്പനിയിൽ നിന്നാണെന്നു ലിനൂബ് പറഞ്ഞു..... നാട്ടുകാരിൽ പലരും ഇവിടെ കുടിയേറി പാർത്തവരാണ് ... അധികവും തോട്ടം തൊഴിലാളികൾ....

ചൂരൽമലയിൽ നിന്നും നിലമ്പുരിലേക്കു ഒരു കാട്ടു പാതയുണ്ടത്രേ.. ആനകളും കാട്ടുപോത്തും ഒക്കെ ഉള്ള കാട് .... N A നസീറിൻ്റെ ഒരു ആരാധകൻ ആയതു കൊണ്ട് തന്നെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി... N A നസീറിൻ്റെ ' കാടിനെ ചെന്ന് തൊടുമ്പോൾ '  എന്ന പുസ്തകം വായിച്ചതിൻ്റെ ത്രില്ലിൽ ആയിരുന്ന ഞാൻ നാട്ടുകാരോട് ചോദിച്ചപ്പോ ഇപ്പൊ ആ വഴിക്ക് ആരും പോവാറിലെന്നു പറഞ്ഞു...

ഇപ്പൊ വെള്ളം വന്നു വീഴുന്നതിൻ്റെ ശബ്ദം കേട്ട് തുടങ്ങി.. ഏതോ കാട്ടരുവി ഒഴുകി വന്നു താഴ്ചയിലേക്ക് പതിക്കുന്നതിൻ്റെ ശബ്ദം.... സീതമ്മക്കുണ്ട് എത്തിയിരിക്കുന്നു... കാഴ്ചയുടെ പറുതീസ തീർക്കുന്നുണ്ട് ഇവിടം.. പക്ഷെ താഴോട്ടിറങ്ങുന്തോറും പേടി തോന്നി തുടങ്ങി... അടി കാണാത്ത നിറയെ വെള്ളമുള്ള അഗാധ ഗർത്തം.. മുങ്ങൽ അറിയുന്നവർ പോലും ഇറങ്ങാൻ മടിക്കുന്ന കയം ....പലരും ഇവിടെ മുങ്ങി മരിച്ചിട്ടുണ്ടത്രെ... ആത്മാക്കൾക് നിത്യ ശാന്തി നേർന്നു കൊണ്ട് സീതമ്മക്കുണ്ടിനോട് വിട പറഞ്ഞു....

നാട്ടു വഴികളിലൂടെ നടക്കുമ്പോൾ നമ്മൾ അറിയാതെ നമുക്കൊരു ഉന്മേഷം കിട്ടും.... പേരറിയാത്ത പൂക്കൾ പൂത്തു നിൽക്കുന്ന വേലി പടർപ്പുകൾ ... കണ്ണിന് നല്ല കുളിര് പകരുന്നു...


നല്ല പവിഴ സമാനമായ നീർച്ചോലകൾ ... അതിൽ നീന്തി തുടിക്കുന്ന  മീനുകൾ .. ലിനൂബ് മുങ്ങാo കുഴി ഇട്ട് താഴ്ചയിലേക്ക് പോയി... എനിക്ക് നീന്തലറിയാത്തതിൻ്റെ സങ്കടം .... എനിക്കും അങ്ങിനെ മീനുകൾക്കൊപ്പം നീന്താൻ കഴിഞ്ഞിരുന്നെങ്കിൽ...... ഉച്ച വെയിൽ വന്നിട്ടും വെള്ളത്തിന് നല്ല തണുപ്പുണ്ട്... കഴുത്തു മുങ്ങുന്നവരെ ഞാനും ഇറങ്ങി....വെള്ളത്തിൽ അങ്ങിനെ നിൽക്കാൻ നല്ല സുഖം.....

ഇന്ന് തിരിച്ചു വീട്ടിലേക്ക് പോകണമല്ലോ എന്നോർത്തപ്പോൾ ഒരു ചെറിയ സങ്കടം.... കുളി കഴിഞ്ഞു തിരിച്ചു പാടിയിലേക്ക്... പാടിയുടെ മുറ്റത്തു നിറയെ നല്ല പഴുത്ത ചുവപ്പു നിറമുള്ള കാപ്പി കുരു ഉണങ്ങാൻ ഇട്ടിരിക്കുന്നു... രണ്ടുമണിക്കാണ് തിരിച്ചു നാട്ടിലേക്കുള്ള KSRTC ബസ്സ് ....ഇനിയും ഒരിക്കലൂടെ വരാം എന്ന് പറഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി...



അവസാനിച്ചു .


ഫൈസൽ പൊയിൽകാവ് 



Courtesy Churam  Pics :  KSRTC OFFICIAL BLOG


No comments:

Google