Wednesday, May 13, 2020

പട്ടി കടിച്ചാൽ ....

ഓർമ്മ -  4 
-----------------

പട്ടി  കടിച്ചാൽ , പൂച്ച മാന്തിയാൽ ഒക്കെ എത്രയും പെട്ടെന്ന് ആന്റി റാബീസ് ഇൻജെക്ഷൻ എടുക്കാൻ മറക്കല്ലേ.... അതും എത്രയും പെട്ടെന്ന് ....


( മാതൃ ദിനത്തിന്റന്നു ഞാൻ പഠിപ്പിച്ച  എന്റെ പ്രിയ ശിഷ്യൻ അമർനാഥിൻറെ  ഫേസ്ബുക് പോസ്റ്റ് ആണ്  ഇത് എഴുതാൻ പ്രേരകം.....അവനെ നായ കടിച്ച വിവരം പങ്കുവെച്ചു കൊണ്ടുള്ള വളരെ തമാശ മട്ടിൽ എഴുതിയ പോസ്റ്റ്  എന്നെ കുറെ വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോയി. )

എൻ്റെ ഒരു അനുഭവം ....  
------------------------------------
ഒരു ദിവസം വീട്ടിൽ നിന്ന് ധൃതി പെട്ട് ഓഫീസിലേക്ക് ഇറങ്ങുമ്പോൾ  വാതിൽക്കൽ കിടന്ന പൂച്ചയെ അറിയാതെ ഒന്ന് ചവിട്ടി ... ചവിട്ടിയതും പൂച്ച കാലിൽ മാന്തി. അത് വലിയ കാര്യമാക്കാതെ ഞാൻ ഓഫീസിലേക്കു പോന്നു ..ചെറുതായിട്ടുള്ള നീറ്റൽ ഞാൻ അത്ര കാര്യമാക്കിയില്ല..രണ്ടു ദിവസം കഴിഞ്ഞു മുറിവ് ഉണങ്ങാതെ ആയപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു... രണ്ടു ദിവസം വൈകിയതിന് ഡോക്ടർ കുറെ ചീത്ത പറഞ്ഞു.. എത്രയും പെട്ടെന്ന് ആന്റി റാബീസ് വാക്‌സിൻ എടുക്കാൻ നിർദ്ദേശിച്ചു...രണ്ടാഴ്ച്ച കാലം മാന്തിയ പൂച്ചയെ നിരീക്ഷിക്കാനും പറഞ്ഞു.... ഡോക്ടർ പറഞ്ഞത് പ്രകാരം ഞാൻ പൂച്ചയെ നിരീക്ഷിച്ചു വന്നു..... പല വീടുകളിലും മൂപ്പർ സന്ദർശനം നടത്തുന്നതിനാൽ ചില ദിവസങ്ങളിൽ അതിനെ കാണാറില്ല ....ഞാൻ അതത്ര വല്യ കാര്യം ആകാറുമില്ല...

പക്ഷെ ഒരു ദിവസം യാദൃശ്ചികമായി വീട്ടിൽ നിന്ന് മാർക്കറ്റിലേക്ക് പോകുമ്പോൾ വഴിയരികിൽ നമ്മുടെ വില്ലൻ പൂച്ച വായിൽ നിന്നും നുരയും പാതയും വന്ന് ചത്ത് മലർച് കിടക്കുന്നു.... അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാൻ വയ്യ.. രാത്രിയിൽ പേ ഇളകുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു...ഉറക്കമില്ലാത്ത രാത്രികളായി പിന്നങ്ങോട്ട്.....

( മൃഗയ എന്ന മമ്മൂട്ടി സിനിമയിലെ പട്ടി കടിച്ചു പേ ഇളകുന്ന രഘു അവതരിപ്പിച്ച കഥാപാത്രത്തെ നമ്മൾ അത്രപെട്ടന്നങ്ങു മറക്കില്ല....)

പലതും ആലോചിച്ചു കൂട്ടി ..... ഇൻജെക്ഷൻ എടുക്കാൻ വൈകി പോയി എന്ന് ഡോക്ടർ പറഞ്ഞ വാക്കുകൾ ... അത് വലിയ കുഴപ്പമായി... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല... ആരോടും ഒന്നും പറഞ്ഞില്ല... ദിവസങ്ങൾ തള്ളി നീക്കി... ആയുസ്സിന്റെ  ബലം കൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല...

കുറെ വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഒരിക്കൽ കൂടി .... ഇപ്രാവശ്യം വില്ലൻ ഒരു പട്ടി ആയിരുന്നു. ഒരു ഫാം വിസിറ്റിനു പോയ എന്നെ പിന്നിലൂടെ വന്ന പട്ടി വട്ടം പിടിച്ചു .. ഞാൻ കുതറി മാറിയപ്പോൾ അതിന്റെ നഖം കൊണ്ട് കൈയ്യിൽ പോറി ... ഇപ്രാവശ്യം വേറെ ഒന്നും ആലോചിക്കാതെ പോയി ഇൻജെക്ഷൻ എടുത്തു....

മലയാറ്റൂർ എഴുതിയ വേരുകൾ എന്ന നോവലിലെ ഒരു കഥാപാത്രം നായ കടിച്ചപ്പോൾ ഇൻജെക്ഷൻ എടുക്കാതെ പ്രകൃതി ചികിത്സ സ്വീകരിച്ചു അവസാനം പേ പിടിച്ച് മരിക്കുന്നുണ്ട് ... നമ്മുടെ സമൂഹത്തിൽ ഇന്നും അത്തരം സംഭവങ്ങൾ   ആവർത്തിക്കപ്പെടുന്നു എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു....പ്ളീസ് ഇനിയും ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ ആവർത്തിച്ചു് കൂടാ.... 

പൂച്ച മന്തിയാലും നായ കടിച്ചാലും ഒക്കെ എത്രയും പെട്ടെന്ന് കുത്തിവെപ്പ് എടുക്കുക...  കുത്തിവെപ്പ് എടുക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക.................

ഫൈസൽ  പൊയിൽക്കാവ് 

No comments:

Google