Thursday, July 17, 2025

ഇഞ്ചി കൃഷിയിൽ ട്രൈക്കോഡെർമയുടെ ഉപയോഗം

ട്രൈക്കോഡെർമ (Trichoderma) എന്നത് ഇഞ്ചി കൃഷിയിൽ വളരെ പ്രയോജനകരമായ ഒരു കുമിളാണ്. ഇത് പ്രധാനമായും രോഗങ്ങളെ നിയന്ത്രിക്കുന്നതിനും (പ്രത്യേകിച്ച് അഴുകൽ രോഗങ്ങൾ) സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.

ഇഞ്ചി കൃഷിയിൽ ട്രൈക്കോഡെർമയുടെ പ്രയോജനങ്ങൾ:

 * രോഗ നിയന്ത്രണം (ജൈവ നിയന്ത്രണ ഏജന്റ്):

   * മണ്ണിൽ നിന്നുള്ള രോഗാണുക്കളെ തടയുന്നു: ട്രൈക്കോഡെർമ സ്പീഷീസുകൾ (Trichoderma harzianum, Trichoderma viride പോലുള്ളവ) ഇഞ്ചിയിലെ പ്രധാന രോഗങ്ങളായ അഴുകൽ (soft rot), വാട്ടം (wilt) എന്നിവയ്ക്ക് കാരണമാകുന്ന Pythium spp., Fusarium oxysporum f.sp. zingiberi എന്നിവയ്‌ക്കെതിരെ ഫലപ്രദമാണ്.

   * പ്രവർത്തന രീതികൾ:

     * മത്സരം: ട്രൈക്കോഡെർമ രോഗാണുക്കളുമായി പോഷകങ്ങൾക്കും സ്ഥലത്തിനും വേണ്ടി വേരുകളുടെ ചുറ്റുമുള്ള പ്രദേശത്ത് (rhizosphere) മത്സരിക്കുന്നു.

     * മൈക്കോപരാസിറ്റിസം: ഇത് രോഗകാരികളായ കുമിളുകളെ നേരിട്ട് ആക്രമിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.

     * ആന്റിബയോസിസ്: രോഗാണുക്കളുടെ വളർച്ചയെ തടയുന്ന ആന്റിബയോട്ടിക്കുകളും വിഷവസ്തുക്കളും (ഉദാഹരണത്തിന്, ട്രൈക്കോതെസിൻ, ട്രൈക്കോഡെർമിൻ) ഇത് ഉത്പാദിപ്പിക്കുന്നു.

     * എൻസൈം ഉത്പാദനം: രോഗാണുക്കളുടെ കോശഭിത്തികളെ നശിപ്പിക്കുന്ന എൻസൈമുകൾ ഇത് പുറത്തുവിടും.

   * പ്രേരണാപരമായ വ്യവസ്ഥാപിത പ്രതിരോധം (Induced Systemic Resistance - ISR): ഇഞ്ചി ചെടികളിൽ സ്വാഭാവിക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ട്രൈക്കോഡെർമ സഹായിക്കും.

 * സസ്യവളർച്ച പ്രോത്സാഹിപ്പിക്കുന്നു:

   * വേരുകളുടെ വളർച്ച മെച്ചപ്പെടുത്തുന്നു: ആഴത്തിലുള്ള വേരുകൾ വളർത്താൻ ട്രൈക്കോഡെർമ സഹായിക്കുന്നു, ഇത് ചെടികൾക്ക് വെള്ളവും പോഷകങ്ങളും വലിച്ചെടുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും വരൾച്ചയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

   * പോഷകങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നു: മണ്ണിലെ ഫോസ്ഫേറ്റുകളും മറ്റ് സൂക്ഷ്മ പോഷകങ്ങളും ചെടികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രൂപത്തിലേക്ക് മാറ്റാൻ ഇത് സഹായിക്കുന്നു.

   * ഹോർമോൺ ഉത്പാദനം: സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങൾ ഇത് ഉത്പാദിപ്പിക്കുന്നു.

   * ചെടിയുടെ കരുത്തും വിളവും മെച്ചപ്പെടുത്തുന്നു: രോഗങ്ങളെ നിയന്ത്രിക്കുന്നതിലൂടെയും പോഷക ലഭ്യത വർദ്ധിപ്പിക്കുന്നതിലൂടെയും ട്രൈക്കോഡെർമ ആരോഗ്യമുള്ള ചെടികളെയും ഉയർന്ന ഇഞ്ചി വിളവിനെയും സഹായിക്കുന്നു.

 * മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു:

   * ജൈവവസ്തുക്കളുടെ വിഘടനം: ജൈവവസ്തുക്കളെ വിഘടിപ്പിക്കാൻ ഇത് സഹായിക്കുന്നു, ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഘടനയും മെച്ചപ്പെടുത്തുന്നു.

   * ബയോറെമീഡിയേഷൻ: ചില ട്രൈക്കോഡെർമ ഇനങ്ങൾ മലിനമായ മണ്ണിലെ കീടനാശിനികളെയും കളനാശിനികളെയും വിഘടിപ്പിക്കാൻ സഹായിക്കും.

ഇഞ്ചിയിൽ ട്രൈക്കോഡെർമ ഉപയോഗിക്കുന്ന രീതികളും അളവും:

ഇഞ്ചി കൃഷിയിൽ ട്രൈക്കോഡെർമ പല രീതികളിൽ പ്രയോഗിക്കാം, പലപ്പോഴും മികച്ച ഫലങ്ങൾക്കായി ഇത് സംയോജിപ്പിച്ച് ഉപയോഗിക്കുന്നു:

 * പ്രധാന (വിത്തു) കിഴങ്ങ് പരിചരണം:

   * ഉദ്ദേശ്യം: മണ്ണിൽ നിന്നുള്ള രോഗാണുക്കളിൽ നിന്ന് കിഴങ്ങുകളെ സംരക്ഷിക്കുക.

   * രീതി: 1 കിലോ ഇഞ്ചി കിഴങ്ങിന് 8-10 ഗ്രാം ട്രൈക്കോഡെർമ പൊടി ചേർക്കുക. ഇത് അല്പം വെള്ളത്തിൽ (ഉദാഹരണത്തിന്, 50 മില്ലി) കലക്കി ഒരു സ്ലറി ഉണ്ടാക്കി കിഴങ്ങുകളിൽ ഒരുപോലെ പുരട്ടാം. ട്രൈക്കോഡെർമ പുരട്ടിയ കിഴങ്ങുകൾ 20-30 മിനിറ്റ് തണലിൽ ഉണക്കിയ ശേഷം നടുക.

   * അളവ്: സാധാരണയായി 1 കിലോ കിഴങ്ങിന് 8-10 ഗ്രാം ട്രൈക്കോഡെർമ ഫോർമുലേഷൻ.

 * മണ്ണിൽ ചേർക്കൽ / ഒഴിച്ചുകൊടുക്കൽ (Drenching):

   * ഉദ്ദേശ്യം: മണ്ണിൽ ട്രൈക്കോഡെർമയുടെ സാന്നിധ്യം ഉറപ്പാക്കുകയും വളരുന്ന ചെടികളെ സംരക്ഷിക്കുകയും ചെയ്യുക.

   * രീതി 1 (കമ്പോസ്റ്റ്/കാലിവളം സമ്പുഷ്ടീകരണം): 100 കിലോ നന്നായി അഴുകിയ കാലിവളത്തിലോ കമ്പോസ്റ്റിലോ 1-2 കിലോ ട്രൈക്കോഡെർമ പൊടി ചേർക്കുക. ഈ മിശ്രിതം 7-15 ദിവസം മൂടി വെക്കുക, ഓരോ 3-4 ദിവസം കൂടുമ്പോഴും ഇളക്കിക്കൊടുത്ത് ട്രൈക്കോഡെർമ പെരുകാൻ അനുവദിക്കുക. ഈ സമ്പുഷ്ടീകരിച്ച വളം നടുന്നതിന് മുമ്പോ നടുമ്പോഴോ കൃഷിസ്ഥലത്ത് വിതറുക.

   * രീതി 2 (മണ്ണിൽ ഒഴിച്ചുകൊടുക്കൽ): 200 ലിറ്റർ വെള്ളത്തിൽ 1-2 കിലോ ട്രൈക്കോഡെർമ പൊടി ലയിപ്പിച്ച് ഇഞ്ചി ചെടികളുടെ ചുറ്റുമുള്ള മണ്ണിൽ ഒഴിച്ചുകൊടുക്കുക. ഇത് നടുന്ന സമയത്തും പിന്നീട് തുടർച്ചയായ പ്രയോഗങ്ങളായും (ഉദാഹരണത്തിന്, നട്ട് 60 ദിവസത്തിന് ശേഷം, അല്ലെങ്കിൽ 120, 150 ദിവസത്തിന് ശേഷം കൂടുതൽ രോഗ നിയന്ത്രണത്തിനായി) ചെയ്യാം.

   * അളവ്: സാധാരണയായി ഒരു ഏക്കറിന് 1-2 കിലോ, അല്ലെങ്കിൽ 400 ചതുരശ്ര മീറ്റർ നഴ്സറി ബെഡിന് 500 ഗ്രാം. നിലവിലുള്ള ചെടികൾക്ക്, ഒരു ചെടിക്ക് 50-100 ഗ്രാം നന്നായി അഴുകിയ വളവുമായി ചേർത്ത് വേരുപിടിക്കുന്ന ഭാഗത്ത് നൽകാം.

 * തൈകൾ പരിചരിക്കൽ (മാറ്റി നടുന്നതിന്, ബാധകമെങ്കിൽ):

   * രീതി: 50 ലിറ്റർ വെള്ളത്തിൽ 500 ഗ്രാം ട്രൈക്കോഡെർമ ഫോർമുലേഷൻ ലയിപ്പിക്കുക. മാറ്റി നടുന്നതിന് മുമ്പ് ഇഞ്ചി തൈകളുടെ വേരുകൾ ഏകദേശം അര മണിക്കൂർ ഈ ലായനിയിൽ മുക്കിവെക്കുക.

പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുക:

 * സമഗ്ര രോഗ നിയന്ത്രണം (Integrated Disease Management - IDM): ട്രൈക്കോഡെർമ വളരെ ഫലപ്രദമാണെങ്കിലും, ഇത് ഇഞ്ചിക്ക് വേണ്ടിയുള്ള സമഗ്ര രോഗ നിയന്ത്രണ തന്ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

   * രോഗമില്ലാത്ത നടീൽ വസ്തുക്കൾ ഉപയോഗിക്കുക.

   * കിഴങ്ങുകൾക്ക് ചൂടുവെള്ള ചികിത്സ നൽകുക (ഉദാഹരണത്തിന്, 51°C-ൽ 10 മിനിറ്റ്).

   * നല്ല നീർവാർച്ച ഉറപ്പാക്കുക.

   * മതിയായ അകലം നൽകുക.

   * രോഗം ബാധിച്ച ചെടികളെ ഉടനടി നീക്കം ചെയ്യുക.

   * വിളപരിക്രമണം (crop rotation) ശീലമാക്കുക.

 * ഈർപ്പം: ട്രൈക്കോഡെർമയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും മതിയായ ഈർപ്പം ആവശ്യമാണ്. പ്രയോഗത്തിനു ശേഷം മണ്ണിൽ ആവശ്യത്തിന് ഈർപ്പമുണ്ടെന്ന് ഉറപ്പാക്കുക.

 * സംഭരണം: ട്രൈക്കോഡെർമ ഉത്പന്നങ്ങൾ തണുത്തതും വരണ്ടതുമായ സ്ഥലത്ത്, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് മാറ്റി സൂക്ഷിക്കുക.

 * അനുയോജ്യത: ജൈവവളങ്ങളുമായും ജൈവവളങ്ങളുമായും ട്രൈക്കോഡെർമ പൊതുവെ യോജിക്കുന്നു. രാസ കീടനാശിനികളുമായി (പ്രത്യേകിച്ച് വീര്യമുള്ളവ) ഒരേസമയം അല്ലെങ്കിൽ അടുത്തടുത്ത ദിവസങ്ങളിൽ കലർത്തുന്നത് ഒഴിവാക്കുക, കാരണം അവ ട്രൈക്കോഡെർമയെ നശിപ്പിക്കാൻ സാധ്യതയുണ്ട്.

 * ഉൽപ്പന്ന വിവരങ്ങൾ: നിങ്ങൾ ഉപയോഗിക്കുന്ന ട്രൈക്കോഡെർമ ഉൽപ്പന്നത്തിന്റെ ലേബലിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങളും അളവുകളും എല്ലായ്പ്പോഴും ശ്രദ്ധിക്കുക, കാരണം സാന്ദ്രതയും പ്രയോഗ രീതികളും വ്യത്യാസപ്പെടാം.

ട്രൈക്കോഡെർമ ഇഞ്ചി കൃഷിയിൽ ഉൾപ്പെടുത്തുന്നതിലൂടെ, കർഷകർക്ക് രോഗങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കാനും, ആരോഗ്യകരമായ സസ്യവളർച്ച പ്രോത്സാഹിപ്പിക്കാനും, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ ഉയർന്ന വിളവ് നേടാനും കഴിയും.


Wednesday, July 9, 2025

വരയാടുകൾ @ ഇരവികുളം നാഷണൽ പാർക്ക്


പ്രകൃതി പഠന ക്യാമ്പുകൾ നമുക്ക് തരുന്ന തിരിച്ചറിവ് ഒത്തിരിയാണ് . അതിജീവനിത്തിൻ്റെ പാഠങ്ങൾ . 

1300 മുതൽ 2800 അടിവരെ ഉയരത്തിൽ മല മടക്കുകളിൽ പിറന്നു വീണ് ഒരു ജീവിത ചക്രം  തീർക്കുന്ന വരയാടുകൾ പ്രകൃതിയിലെ അത്ഭുതമല്ലാതെ മറ്റെന്താണ്. 

എൻ.എ നസീറിൻ്റെ വന്യജീവി ഫോട്ടോഗ്രഫിയിൽ മാത്രം കാണുന്ന ഫ്രെയിമുകൾ നേരിട്ടനുഭവിക്കുന്നതിൻ്റെ ത്രിൽ അവർണനീയം . 

"കാടിൻ്റെ നിഗൂഢതകൾ പുറം ലോകത്ത് എത്തിക്കുന്ന ചാരനാണ് നസീർ "

എൻ.എ നസീറിനെ കുറിച്ച് സക്കറിയ പറഞ്ഞ വാക്കുകൾ  എത്ര അർത്ഥവത്താണ് . ഞാനും അങ്ങിനെ ഒരു ചാരനായിരുന്നെങ്കിൽ എന്നാശിച്ചു പോയി.

പല തവണ ഇരവികുളം നാഷണൽ പാർക്ക് സന്ദർശിച്ചിട്ടുണ്ട് പക്ഷെ വരയാടിനെ ഇത്രയും അടുത്ത് കാണുന്നത് ഇതാദ്യം. 

ചന്നം പിന്നം മഴയത്ത് കോട മഞ്ഞിൽ കാനന പാതയിലൂടെ അട്ട കടിയേറ്റ് ട്രെ ക്കിങ് കഴിഞ്ഞ് വരയാടുകളുടെ സങ്കേതത്തിൽ എത്തുമ്പോൾ വരയാട് നമുക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാതിരിക്കുന്നതെങ്ങിനെ ?..
ആൺ വരയാടുകൾക്ക് ഇരുണ്ട തവിട്ടുനിറവും പെൺ വരയാടുകൾക്ക് ഇളം തവിട്ടുനിറവുമാണത്രെ... 

('നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാന്‍വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും.'' - പൗലോ കൊയ്ലോ..)

നീലകുറിഞ്ഞി പൂക്കുന്ന വഴികളിലൂടെ

12 കി.മീ ട്രെക്കിങ് അതും കാട്ടിലൂടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരനുഭവമാണ് .  ഒരു ഭാഗത്ത് തേയില തോട്ടങ്ങളും മറുഭാഗത്ത് ചോല വനങ്ങളും .. ഇടക്കിടെ അരുവികൾ അത് ക്രോസ്സ് ചെയ്ത് വീണ്ടും നടത്തം. 
കാലിൽ ചോരപ്പാട്  കണ്ടപ്പോഴാണ് ശ്രദ്ധിച്ചത് അട്ടകൾ ചോര കുടിച്ച് വീർത്തിരിക്കുന്നു. 
അട്ട കടിയേറ്റാൽ കുറെ നേരം രക്തം വാർന്നു കൊണ്ടിരിക്കും. . അട്ട കടി തുടങ്ങുമ്പോൾ രക്ത കട്ടപിടിക്കാതിരിക്കാൻ ഒരു ആൻ്റി കൊയാഗുലൻ്റ് ( Hirudin ) രക്തത്തിൽ കുത്തിവെക്കുമത്രേ. അതാണ് രക്തം നിലയ്ക്കാത്തത്. ഉപ്പും സാനിറ്റയ്സറും ഉപയോഗിച്ച് ഒരു വിധം അട്ടയെ അടർത്തി മാറ്റി ട്രെക്കിങ് തുടർന്നു. 





മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും
ഹോയ് തന്തിനാ താനേ താനാനേ
തന്തിനാ താനിന്നാനി നാനാനേ

ഈ നടത്തത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾ അറിയാതെ ആരോടും മൂളിപ്പോവും. 

കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ബീറ്റ് ഓഫീസർ നീല കുറിഞ്ഞിയെ കാണിച്ചു തന്നു. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി.  നീല കുറിഞ്ഞി പൂക്കൂമ്പോൾ ഇരവികുളം നാഷണൽ പാർക്ക് നീല വർണ്ണമണിയും. 


ഏറ്റവും കൂടുതൽ നീലകുറിഞ്ഞി ഉള്ളത് ഇരവികുളത്താണത്രേ. ഇനി നീലകുറിഞ്ഞി പൂക്കാൻ 2030 വരെ കാത്തിരിക്കണം.
പശ്ചിമഘട്ടത്തിൽ മാത്രം 64 തരം നീല കുറിഞ്ഞികൾ ഉണ്ടത്രെ.

നീല കുറിഞ്ഞി




വരയാടുകൾ: ഒരു ലഘു വിവരണം
വരയാട് (Nilgiri Tahr) പശ്ചിമഘട്ടത്തിലെ, പ്രത്യേകിച്ച് നീലഗിരി കുന്നുകളിലെ മാത്രം കാണുന്ന ഒരുതരം കാട്ടാടാണ്. ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗത്തിൽപ്പെട്ടതാണ്. വരയാടുകൾക്ക് കരുത്തുറ്റ ശരീരവും കുറിയ കാലുകളും പിന്നോട്ട് വളഞ്ഞ കൊമ്പുകളുമുണ്ട്. 





ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാഹുൽ സാറും ഫോറസ്ട്രി ഗ്രാജ്വേറ്റ് അജ്സൽ സാറും  നയിച്ച പ്രകൃതി പഠന ക്ലാസ് ക്യാമ്പിൽ പങ്കെടുത്ത മുഴുവനാളുകൾക്കും വേറിട്ട ഒരനുഭവമായിരിക്കും എന്നതിൽ സംശയമില്ല. 

    തുടരും...😀

✍️ ഫൈസൽ പൊയിൽക്കാവ്

Friday, July 4, 2025

പരൽ മീനുകൾ നീന്തി തുടിക്കുന്ന കുട്ടിക്കാലം

 


മഴക്കാലം തുടങ്ങിയാൽ ഇടവഴികളിലും കനാലിലും വെള്ളം കയറും കൂടെ പരൽ മീനുകളും. നെറ്റിയാപൊട്ടനും , കൊളസൂരിയും , കരിന്തലയും, വാലാട്ടിയും, നിലം പറ്റിയും , കൂരാനും  ഏട്ട ചുള്ളിയും പിന്നെ ഇനിയും പേരിടാത്ത ( എനിക്കറിയാത്തതാണോ എന്നറിയില്ല ) മറ്റു പരലുകളും. വിക്കിപീഡിയ പറയുന്നത് മൂവായിരത്തോളം പരൽ മീനുകൾ ഉണ്ടെന്നാണ്. അതിൽ പലതും ഇന്നില്ല.

മണ്ണിരയെ കാലു കൊണ്ട് കിളച്ച് ചൂണ്ടയിൽ കോത്ത് മീൻ പിടിക്കാൻ പോയ കാലം. 

ഇടയ്ക്ക് ചൂണ്ടയിൽ മുശിയും കൈയ്ചിലും ( വരാൽ ) കിട്ടും. 

വെള്ളത്തിനടിയിലൂടെ കൊലപ്പായി പോകുന്ന വാലിന് ചൊട്ടയുള്ള കരിങ്ങാലി മീനുകൾ.  

മീശ നീട്ടി കുളത്തിനടിയിലൂടെ നമിച്ചികൾ . ഇന്നെല്ലാം ഓർമ്മ മാത്രമാണ് ഇപ്പോഴും നീർച്ചാലുകൾ കാണുമ്പോൾ അറിയാതെ നോക്കും വല്ല പരൽ മീനുകളും ഉണ്ടോയെന്ന് .....


Saturday, May 10, 2025

അഗുംബെ മുതൽ ചാർമിനാർ വരെ


ഓരോ യാത്രയും അവശേഷിപ്പിക്കുന്നത് കുറേ അനുഭവങ്ങളാണ് അത് പിന്നീട് ഓർമ്മകളായി മാറുന്നു......






രാജവെമ്പാലയുടെ നാടായ അഗുംബയിലേക്ക് വണ്ടി കയറുമ്പോൾ കൂട്ടിന് എൻ്റെ പ്രിയ സുഹൃത്ത് ഷാജഹാൻ. കൊയിലാണ്ടിയിൽ നിന്നും മംഗലാപുരം അവിടെ നിന്ന് ഉടുപ്പി . ഉടുപ്പിയിൽ നിന്നും 60 കി.മീ സഞ്ചരിച്ചാൽ അഗുംബെ . അവിടെ എത്തിയാൽ മാൽഗുഡി ഡെയ്സിൽ ആർ. കെ നാരയൺ പറയുന്ന കോട്ടേജിൽ താമസം ...യാത്രാ പ്ലാൻ സെറ്റ്


 മംഗലാപുരത്തേക്കുള്ള മദ്രാസ് മെയിൽ കൃത്യ സമയത്ത് തന്നെ കൊയിലാണ്ടിയിൽ നിന്നും പുറപ്പെട്ടു. 

എത്ര വേഗമാണ് സ്റ്റേഷനുകൾ ഓടി മറയുന്നത് . വടകര, മാഹി , തലശ്ശേരി അങ്ങിനെയങ്ങിനെ. 

കണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഞങ്ങൾ ഇരിക്കുന്ന റിസർവേഷൻ കമ്പാർട്ട്മെൻ്റിലേക്ക് ഒരു ചെറുപ്പക്കാരൻ കുറേ ലഗേജുമായി കയറി വന്നു..  ഞങ്ങളിരുന്ന വിൻഡോ സീറ്റ് അവൻ്റെയാണെന്ന് പറഞ്ഞപ്പോൾ ചെറിയ അനിഷ്ടം തോന്നിയെങ്കിലും മാറി കൊടുത്തു. 

ആദ്യം മൗനം പിന്നെ മെല്ലെ മെല്ലെ പരിചയപ്പെട്ടു. പേര് സുജിത്ത് മംഗലാപുരത്തേക്കാണ്... ഗൾഫിൽ നിന്നും  കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി നാട്ടിലേക്കുള്ള വഴിയാണ്.

ഞങ്ങളും മംഗലാപ്പുരത്തേക്കാണെന്ന് പറഞ്ഞപ്പോൾ അവിടെ ബന്ദാണല്ലോ എന്നവൻ സൂചിപ്പിച്ചു. തലേ ദിവസം ഒരു ഷെട്ടി കൊല്ലപ്പെട്ടിരിക്കുന്നു മംഗലാപ്പുരത്ത് അഞ്ച് ദിവസം കർഫ്യൂ .....

അഗുംബെ എന്ന മോഹം ബാക്കി വെച്ച് അടുത്ത സ്റ്റേഷനിൽ കാസർകോട് ( കാസറോട് )ഇറങ്ങി.... 


 *മാലിക്ക് ദിനാർ പള്ളി* 

കാസറോട് ഇറങ്ങി ഇനിയെന്ത് എന്ന ലോചിക്കുമ്പോഴാണ് പണ്ടെങ്ങോ മാലിക് ദിനാർ പള്ളിയിൽ പോയത് ഓർമ്മയിലെത്തിയത് . അന്ന് ട്രെക്കറിൽ കയറി കുടുംബ സമേതം കാസറോടും പിന്നെ ഉള്ളാൾ പളളി നേർച്ചയ്ക്ക് പോയതും...


സ്റ്റേഷനിൽ ഇറങ്ങി നല്ലൊരു ചായ കഴിക്കാൻ അടുത്തുള്ള കടയിൽ കയറി.. കടയുടെ പേര് *പള്ളം ചറുമുറു* 😀

അവിടെ നിന്ന് മാലിക്ക് ദിനാർ പള്ളിയിലേക്കുള്ള വഴി ചോദിച്ചു. അവിടത്തെ ആളുകൾ സംസാരിക്കുന്നത് കേൾക്കാൻ പ്രത്യേക സുഖാ...


കാസർകോട് അവരുടെ ഭാഷയിൽ കാസറോട് ആണ്. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഒരു വസ്തു പിടി കിട്ടില്ല.


തളങ്കരയാണ് മാലിക് ദിനാർ . അവിടെ നിന്നും ലോക്കൽ ബസ്സിൽ കയറി തളങ്കരയിറങ്ങി. വെള്ളിയാഴ്ച ആയതിനാൽ ഭക്തരുടെ തിരക്ക്.  വിശ്വാസം അതാണല്ലോ എല്ലാം...


പള്ളിയുടെ വലിയ കമാനം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വലിയൊരു ഖബർസ്ഥാൻ .. യാ ദാറ കൗമിൽ മുത്ത് മിനൂൻ ഇൻശാ അല്ലാഹ് ബിക്കും ലാഇക്കൂൻ ... പണ്ട് മദ്രസ്സയിൽ പഠിച്ചതാണ്...


വിശാലമായ പള്ളി . പൗരാണിക കാലം വിളിച്ചോതുന്ന അകം പള്ളിയും മിമ്പറും.. 

നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നല്ല വിശപ്പ്.  അടുത്ത കണ്ട കടയിൽ കയറി *പള്ളികെട്ട്*😀 ഓർഡർ ചെയ്തു. പള്ളി കെട്ട്  കാസറോട് കാരെ ഇറച്ചി ചോറാണ് ..

സെറ്റ് ചെയ്ത യാത്രാ പ്ലാൻ ഇനി റീസൈറ്റ് ചെയ്യണം എത്ര വേഗമാണ് അഗുംബെ ബേക്കലിന് വഴി മാറുന്നത്.


ബോംബെ സിനിമയിലെ മനീഷ കൊയ്‌രാളയും അരവിന്ദ് സ്വാമിയും അഭിനയിച്ച ബോംബെ സിനിമയിലെ പാട്ടു രംഗം അന്ന് കൗമാരക്കാരനായിരുന്ന എൻ്റെ എത്ര  ഉറക്കം കെടുത്തിയിരിക്കുന്നു.

ആ പാട്ടു രംഗം ഷൂട്ട് ചെയ്ത ബേക്കലിലേക്കായി അടുത്ത യാത്ര...


ബേക്കലിൽ ബസ്സിറങ്ങി  നടന്ന് ബേക്കൽ കോട്ടയിൽ എത്തുമ്പോൾ വെയിലിന് നല്ല ചൂട്... സന്ദർശകർ എത്തുന്നതേയുള്ളു.... ടിക്കറ്റെടുത്ത് ബേക്കൽ കോട്ടയ്ക്കകത്തേക്ക് ..  ചരിത്രമുറങ്ങുന്ന കോട്ട കടലിലേക്ക് നോക്കി നിൽക്കാൻ തുടങ്ങിയിട്ട് എത്ര കാലമായിട്ടുണ്ടാവും.... വെയിലാണെങ്കിലും കടൽക്കാറ്റിന് ചെറിയ തണുപ്പ്.....

കോട്ട മനോഹരം സിനിമയിൽ കണ്ടതിനേക്കാൾ ഭംഗി... എത്ര വലിയ മെഗാ പിക്സൽ ക്യാമറയും നമ്മുടെ കണ്ണിന് പകരമാവില്ലല്ലോ...


നേരം സന്ധ്യയാവുന്നു എവിടെ നിന്നോ കുറേ മേഘങ്ങൾ കോട്ടയ്ക്കു മേൽ ഉരുണ്ടു കൂടി... പ്രതീക്ഷിക്കാതെ നല്ലൊരു മഴ .... മനസ്സും ശരീരവും ഒന്ന് തണുത്തു.

അടുത്ത ലൊക്കേഷൻ ഏതാവണം.. ഗൂഗിളിൽ തപ്പിയപ്പോൾ റാണിപ്പുരം ട്രക്കിങ് സൈറ്റുണ്ട്... പക്ഷെ അവിടേക്കുള്ള അവസാന ബസ്സും പോയി കഴിഞ്ഞിരിക്കുന്നു...

ഊട്ടി , കൊടൈക്കനാൽ, ബാംഗ്ലൂർ ... അവസാനം സുള്ള്യ വഴി ബാംഗ്ലൂരിലേക്കുള്ള ബസ്സ് പിടിച്ചു.


 *ബാഗ്ലൂർ ദ ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ*

 Bekal to Bangalore: 357 km


രാവിലെ 6 മണിക്ക് ബാഗ്ലൂർ മജസ്റ്റിക്കിൽ ബസ്സിറങ്ങി നടക്കുമ്പോൾ പണ്ട് ജോലി തേടി അവിടെ വന്നിറങ്ങിയത് ഓർത്തു പോയി ... എനിക്ക് നിരാശകൾ മാത്രം തന്ന സിറ്റി... 

ഇനി ഒന്ന് ഫ്രഷ് ആവണം . റൂമുകൾക്ക് നല്ല ചാർജ്ജ് ആണ്. കന്നടയും ഹിന്ദിയും ഉപയോഗിച്ച് പേശി ഒരു മണിക്കൂറേക്ക് ഒരു റൂം തരപ്പെടുത്തി. 

അടുത്ത് കണ്ട തട്ടു കടയിൽ കയറി പൂരി മസാല കഴിച്ചു. ബാഗ്ലൂരിൽ എവിടെ എന്ന ചോദ്യത്തിന് ഷാജഹാൻ്റെ മറുപടി ലാൽബാഗ്. സിറ്റി ബസ് കയറി ലാൽ ബാഗ് ഇറങ്ങി.. നല്ല തണുത്ത കാലാവസ്ഥ.. ഫ്രഷ് എയർ . ലാൽബാഗിലൂടെ നടക്കുമ്പോൾ വലിയ ഉന്ന മരത്തിന് അരികെ ഒരാൾ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് കണ്ടു . നൂറുകണക്കിന് തത്തകൾ .. ഇത്രയും തത്തകളെ ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ നേരിൽ കാണുന്നത്.

വാം അപ്പ് ചെയ്യുന്ന അത്‌ലറ്റുകൾ. അതിൽ ഇന്ത്യയെ വാക്കിങ് കോമ്പിറ്റേഷനിൽ ഒളിമ്പിക്സിൽ പ്രതിനിധീകരിക്കുന്ന അത്‌ലറ്റിനെയും കണ്ടു..

ലാൽബാഗിൻ്റെ പുൽത്തകിടിയിൽ കുറേ നേരം വിശ്രമിച്ചു... 

ഉച്ച സമയമായി ലാൽ ബാഗിൽ നിന്നിറങ്ങി ഗബ്ബൻ പാർക്കിലേക്ക്...


ബാഗ്ലൂരിൽ നിന്നും ഹൈദരാബാദ്

Bangalore to Hyderabad: 574 km


നൈസാമുമാരുടെ ഹൈദരാബാദ് , ചാർമിനാർ, മക്കാ മസ്ജിദ്  ഇതൊക്കെ കാണണമെന്ന അദമ്യമായ ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി...... 

പിന്നെ പറ്റുകയാണെങ്കിൽ ഹൈദരാബാദ് ബിരിയാണിയും കഴിക്കണം.. 

ഹൈദരാബാദിൽ ഞങ്ങളെത്തുമ്പോൾ രാവിലെ 8 മണി . ഞായറാഴ്ച ആയത് കൊണ്ടാവാം രാവിലെ അവധിയുടെ ആലസ്യത്തിലാണ് തെരുവുകൾ. 

ഞങ്ങൾ ലക്കിടി കി ഫൂൽ ബസ് ടെർമിനലിൽ നിന്ന് ചാർമിനാറിലേക്കുള്ള ബസ് കയറി...

എല്ലാ വഴികളും റോമിലേക്ക് എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു . അതുപോലെ എല്ലാ റോഡുകളും ചാർമിനാറിൽ എത്തുന്നു.

ചാർമിനാറിന് ചുറ്റും മുത്ത് മാല വിൽപ്പനക്കാരുടെ ബഹളം. മോത്തി മാർക്കറ്റ് എന്നൊരു മാർക്കറ്റ് പോലും ഉണ്ട് ഹൈദരാബാദിൽ.. അതിൽ അത്ഭുതമില്ല കാരണം രത്നനങ്ങളും മുത്തുകളും പവിഴവും വാരി കൂട്ടുക ആയിരുന്നല്ലോ നൈസാമുമാർ അവരുടെ ജീവിത കാലത്ത്... അവർ വാരി കൂട്ടിയതെല്ലാം പിന്നീട് ബ്രിട്ടീഷുകാർ കൊള്ളയടിച്ച് അവരുടെ നാട്ടിലെത്തിച്ചു.....

മക്കാ മസ്ജിദ് ചാർമിനാറിന് തൊട്ടടുത്ത് തന്നെ അതിന് മുമ്പിലായി കബൂത്തർ ഖാന . പള്ളിയോട് ചേർന്ന് ശവ കുടീരങ്ങൾ കാണാം.. വിശ്വാസികൾ അവിടെ കാര്യ സാധനത്തിനായി പ്രാർത്ഥനയുടെ തിരക്കിലാണ്. 

ഹൈദരബാദ് ബിരിയാണി

ജീവിതത്തിൽ ഒരിക്കലെങ്കിലും ഹൈദരാബാദ് ബിരിയാണി കഴിച്ചിരിക്കണം എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന് അത് കഴിച്ചപ്പോഴാണ് മനസ്സിലായത് . എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുറ്റിച്ചിറ ധം ബിരിയാണി പോലും അതിൻ്റെ നാലയലത്ത് എത്തില്ല..

അവിടുത്തെ ആളുകളോട് ചോദിച്ചപ്പോൾ ശരിക്കുള്ള ഹൈദരബാദ് ബിരിയാണി ലഭിക്കണമെങ്കിൽ മദീന ഹോട്ടലിന് മുന്നിലെ ശദാബ് ഹോട്ടലിലെത്തണം.

ബിരിയാണി കഴിച്ച് ഹൈദരാബാദ് സിറ്റിയിലൂടെ രാത്രി വരെ അലച്ചിൽ....

അവസാനം മെട്രോയിൽ കയറി ലക്കിടി ക ഫൂലിൽ ഇറങ്ങി.  ഇനി എങ്ങോട്ട് പോവണം...... സാക്ഷാൽ ഗൂഗിളിനോട് തന്നെ ചോദിച്ചു മൂപ്പര് പറഞ്ഞത് തിരുപ്പതിക്ക് പോയിക്കോ എന്നാണ്. ഇന്നാ പിന്നെ അങ്ങിനെയാവട്ടെ എന്ന് ഞങ്ങളും വിചാരിച്ചു.


ഹൈദരാബാദിൽ നിന്ന് തിരുപ്പതി

Hyderabad to Thirupathi: 560km

സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ് എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. ഹൈദരാബാദിൽ നിന്നും 560 കി.മി ഓടി തിരുപ്പതിയെത്തുമ്പോൾ രാവിലെ 7 മണി. അവിടെയും ഭക്തരുടെ നല്ല തിരക്കുണ്ട്. ദൂരെ നിന്ന് തിരുപ്പതി ക്ഷേത്രം കണ്ട് സായൂജ്യമടഞ്ഞു.


540 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന തിരുപ്പതിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഒന്ന് കാണേണ്ടത് തന്നെയാണ്.


തിരുപ്പതിയിൽ നിന്ന് സേലത്തേക്ക്

Thirupathi to Salem : 334 km

ഇന്ത്യയുടെ ' മാംഗോ സിറ്റിയാണ് ' സേലം . 

മാൽഗോവ, അൽഫോൺസ, ബംഗരപ്പള്ളി, തോതാപുരി എന്നീ ഒട്ടു മിക്ക മാവിനങ്ങളും സേലത്ത് കാണാം... ഇത് ഒരു മാമ്പഴ കാലമായത് കൊണ്ടാവാം റോഡ് സൈഡുകളിൽ ഒക്കെ മാങ്ങാ കൂട്ടിയിട്ട് മാങ്ങാ കുന്നുകൾ ആയിരിക്കുന്നു.. ഒരു കവർ നിറയെ മാമ്പഴത്തിന് 100 രൂപ...


സേലത്ത് നിന്ന് കോയമ്പത്തൂർ

Salem to Coimbatore : 168 km




കോയമ്പത്തൂർ ടു പാലക്കാട്

Coimbatore to Palakkad: 52km




അങ്ങിനെയങ്ങിനെ.....


 


തുടരും...



✍️ ഫൈസൽ പൊയിൽക്കാവ്

Saturday, November 30, 2024

യാത്ര

 

ഒരു യാത്രക്കാരൻ / യാത്രക്കാരി എങ്ങനെയാവണമെന്ന്  ജീന മൊറല്ലോയേ കണ്ടു പഠിക്കണം. അമേരിക്കയിൽ ജനിച്ച് പോർച്ചുഗലിലെ ലിസ്ബണിൽ താമസിക്കുന്ന ജീന യു . എന്നിൽ അംഗ രാഷ്ട്രങ്ങളായ 193 രാജ്യങ്ങളും ഇതിനിടെ സന്ദർശിച്ചു കഴിഞ്ഞു. എല്ലാം തനിച്ചുള്ള യാത്രകൾ.

 - 50 ഡിഗ്രി വരെ  ഊഷ്മാവ് താഴുന്ന സൈബീരിയ അടക്കം അവർ ഒറ്റക്ക്  .. 


ഏറ്റവും നല്ല യാത്രാനുഭവം നൽകിയത് ഐസ് ലാൻഡ് എന്നു പറയുന്ന ജീന യാത്രികർക്ക് ഒരു പാഠ പുസ്തകമായിരിക്കും തീർച്ച....


 യാത്രാനുഭവങ്ങൾ പങ്കുവെക്കുന്ന അവരുടെ വെബ്സെറ്റ് https://adventurousgina.com/

Saturday, October 19, 2024

മാടായിപ്പാറയിലെ ജൂതക്കുളം

 യാത്രകൾ ചെറുതാണെങ്കിലും  അത് നമ്മൾക്കു തരുന്ന ഊർജ്ജം അത്ര ചെറുതല്ല. 

അധികം പ്ലാൻ ചെയ്യാതെ ആരോടും പറയാതെ ഒരു യാത്ര കണ്ണൂരിലെ മാടായിപ്പാറയിലേക്ക് ....

പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ കണ്ണൂർ ജില്ലയിലെ  മാടായിപ്പാറ  എത്തുമ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചരിഞ്ഞു തുടങ്ങിയിരുന്നു...


കാക്കപ്പൂവും മുക്കുറ്റിയും മറ്റു പേരറിയാത്ത പൂജയ്ക്കെടുക്കാത്ത പൂക്കളും .......

മനസ്സ് അറിയാതെ മന്ത്രിച്ചു ഭൂമിയിൽ തന്നെയാണ് സ്വർഗ്ഗം...   അത് അറിയാനും അനുഭവിക്കാനുമുള്ള മനസ്സ്  നമുക്ക് വേണമെന്ന് മാത്രം...

പുൽമേട്ടിൽ ഇളം കാറ്റ് വന്ന്  ശരീരത്തെ പുൽകുമ്പോൾ  മനസ്സിനും  ശരീരത്തിനും നല്ല ഉന്മേഷം . 


ഈ നാടിനും ഉണ്ട് കുറേ ചരിത്ര പശ്ചാത്തലങ്ങൾ  ഒരു കാലത്ത് ജൂതൻമാർ ഇവിടേയും കുടിയേറിയിരുന്നു പോൽ. 



ജൂതന്മാർ നിർമ്മിച്ചെന്ന്  വിശ്വസിക്കുന്ന ജൂതക്കുളം നമുക്കിപ്പോഴും ഇവിടെ കാണാം. 

ടിപ്പുവിൻ്റെ കാലത്തെ പടയോട്ടങ്ങളുടെ മൂകസാക്ഷി കൂടെയാണ്  ഈ മാടായി പാറ . 

 അമ്പലവും തിറകളും ഉള്ള ഹെക്ടർ കണക്കിന് പരന്നു കിടക്കുന്ന ഈ പുൽമേടുകൾ ഇന്ന് മാടായി കാവ് അമ്പലം ദേവസ്വം വകയാണ് .

ശ്രദ്ധിക്കുക പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒന്നും അവിടെ ഉപേക്ഷിക്കാതെ വരും തലമുറയ്ക്കായി  ഈ പ്രകൃതി ഭംഗി നമുക്ക് കെടാതെ സൂക്ഷിക്കാം.

മാടായി പാറ കാണാൻ വരുന്നവർക്ക് കണ്ണൂർ പഴയങ്ങാടി റെയിൽ സ്റ്റേഷനിൽ ഇറങ്ങി വെങ്ങര ബസ്സിൽ കയറി ഈ വാഗ്ദത്ത ഭൂമിയിൽ എത്താം...



✍️ ഫൈസൽ പൊയിൽക്കാവ്




Friday, September 20, 2024

കൽക്കത്ത - പൗരാണിക ഇന്ത്യയുടെ ഹൃദയത്തുടിപ്പുകൾ

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു കൽക്കത്ത.... പൗരാണിക ഇന്ത്യയുടെ  ഹൃദയതുടിപ്പുകൾ തേടിയുള്ള യാത്ര .... 

സാന്ദ്രഗച്ചി, ചാന്ദ്നി ചൗക്ക്,  സോനഗച്ചി, ബിഹാല ദാനേ, ദംദം, ഹൗറ , പർണ്ണശ്രിധാനേ, മിഡ്നാപൂർ, ആലിപ്പൂർ, സെറാംപൂർ, കാലിഘാട്ട്.. 

ഇന്ത്യയുടെ ദേശഗാന രചയിതാവിൻ്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ കൽക്കത്ത ... 

ഹൗറ ബ്രിഡ്ജ് കൽക്കത്ത

*ഹൗറ പാലം

 ഹൂഗ്ലീ നദിക്കു കുറുകെ    കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട്  ബ്രിട്ടീഷുകാർ ഉരുക്കിൽ തീർത്ത ഹൗറ പാലം ( ഇപ്പോൾ രബീന്ദ്ര സേതു ).

കൽക്കത്തയുടെ കവാടമാണ് ഹൗറ. ഹുഗ്ലി നദി പാലത്തിലൂടെ കടന്ന് ബോട്ടിൽ തിരിച്ചു വരണം അതാണ് വൈബ്.ബോട്ടിൽ നിന്നുള്ള ഹൗറ പാലത്തിൻ്റെ ദൃശ്യം മനോഹരമാണ്.ഹൗറ പാലം കടന്ന് മുന്നോട്ട് നടന്നാൽ ഹൗറയിലെ പൂക്കൾ മാത്രം വിൽക്കുന്ന മാർക്കറ്റിൽ എത്തും.. ഇവിടെ  എത്തിയാൽ  എന്നും ഓണമാണെന്ന് തോന്നും.

ഹൂഗ്ലി നദിയിലെ ഹിൽസ മീനുകൾ

ഹിൽസ മീനുകൾ നീന്തി തുടിക്കുന്ന ഹൂഗ്ലി നദി ....

കൽക്കത്തൻ മാർക്കറ്റിൽ ഏറെ ഡിമാൻ്റുള്ള മീനുകളാണ്  നല്ല രുചിയുള്ള  ഹിൽസ. സുന്ദർബൻസ് കണ്ടൽകാടുകളിലെ നീർ തടങ്ങളാണ്  ഹിൽസയുടെ പ്രജനന കേന്ദ്രങ്ങൾ ..... മൺസൂണിൽ അവിടെ ഹിൽസയുടെ പേരിൽ ഒരു ഫെസ്റ്റിവൽ പോലുമുണ്ട്. ഹിൽസ മീനിന് ബംഗാളി ഭാഷയിൽ ഇലീസ് എന്നാണ് പേര്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഹോട്ടലിൽ കയറി ഹിൽസ മീനിന് ഓർഡർ ചെയ്യുമ്പോൾ രണ്ടു വട്ടം ആലോചിക്കണം . ഒരു കഷ്ണത്തിന് തന്നെ ' വലിയ വില ' നൽകേണ്ടി വരും..( എനിക്ക് അമളി പറ്റിയാതാ .....😀)


 

ആലിപ്പൂർ ജയിൽ - സ്വാതന്ത്ര്യത്തിൻ്റെ വില

ആലിപ്പൂർ - തൂക്കുമരം

ആലിപ്പൂർ ജയിൽ മ്യൂസിയം ഏതൊരു ഇന്ത്യക്കാരനും ജീവിതത്തിലൊരിക്കൽ എങ്കിലും പോയി കാണണം ..... 

സ്വാതന്ത്ര്യസമര കാലത്ത് സുഭാഷ് ചന്ദ്രബോസും ജവാഹർലാൽ നെഹ്രുവും സി.ആർ ദാസും അടക്കമുള്ള നേതാക്കളെ തടവിലിട്ട ജയിൽ. 

നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നമുക്കു നേടി തന്നവർ അനുഭവിച്ച കൊടും യാതനകളുടെ നേർ സാക്ഷ്യമാണ് ആലിപ്പൂർ ജയിൽ മ്യൂസിയം.  

എല്ലാത്തിനും മൂക സാക്ഷിയായി അവിടത്തെ വേപ്പു മരങ്ങൾ...

സ്വാതന്ത്ര്യ സമര സേനാനികള തൂക്കിലേറ്റിയ തൂക്കുമരങ്ങൾക്ക് മുമ്പിൽ എൻ്റെ ഫോട്ടോ   സെൽഫി ക്യാമറകളിൽ പകർത്താൻ മനസ്സനുവദിച്ചില്ല..😌

 *വിക്ടോറിയ



അലക്സാഡ്രിയ വിക്ടോറിയ രാജ്ഞിയുടെ ഓർമ്മക്കായി അന്നത്തെ ബംഗാൾ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സൺ ഇറ്റാലിയൻ മാതൃകയിൽ മാർബിളിൽ പണിതീർത്ത മനോഹര സൗധം.

വിക്ടോറിയ സന്ദർശിക്കാൻ വൈകുന്നേരം ആയിരിക്കും കൂടുതൽ നല്ലത് ... മന്ദിരത്തിനകത്ത് മനോഹരങ്ങളായ ആർട്ട് ഗാലറികൾ ഒരുക്കിയിട്ടുണ്ട്.



താജ്മഹൽ പോലെ മാർബിളിൽ കൊത്തുപണികൾ കാണാം.....കൽക്കത്ത കൊളോണിയൽ കാലത്തെ ഇന്ത്യൻ ഭരണ സിരാകേന്ദ്രം.....അവിടത്തെ നിർമ്മിതികൾക്കും  വൈവിധ്യങ്ങൾക്കും  പടിഞ്ഞാറൻ ചാരുത....

ഇന്ത്യൻ മ്യൂസിയം

കൊൽക്കത്ത സന്ദർശിക്കുന്നവർ നിർബന്ധമായും സെറാംപൂരിലെ ഇന്ത്യൻ മ്യൂസിയം കാണണം.

ഇന്ത്യൻ ആർട്ട്,ആർക്കിയോളജി, നരവംശശാസ്ത്രം, ജിയോളജി, സുവോളജി, ഇക്കണോമിക് ബോട്ടണി എന്നിങ്ങനെ മുപ്പത്തിയഞ്ച് ഗാലറികൾ ഉൾക്കൊള്ളുന്ന സാംസ്കാരിക, ശാസ്ത്രീയ കരകകൗശല വസ്തുക്കൾ ഉൾക്കൊള്ളുന്ന ആറ് വിഭാഗങ്ങളുണ്ട്. 


സ്റ്റഫ് ചെയ്ത് സൂക്ഷിച്ച ബംഗാൾ കടുവ

1814 ൽ ഡാനിഷ് സസ്യശാസ്ത്രജ്ഞനായ നഥാനിയേൽ വാലിച്ച് ആണ് ഇത് സ്ഥാപിച്ചത്. ഒരു വൈവിധ്യമാർന്ന സ്ഥാപനം, ഇത് ലോകത്തിലെ ഏറ്റവും പഴയ മ്യൂസിയങ്ങളിൽ ഒന്നാണ്.

ബംഗാൾ കടുവ അടക്കമുള്ള മൃഗങ്ങളെ സ്റ്റഫ് ചെയ്ത് അതേ പടി ഇവിടെ കാണാം


 *കൽക്കത്തൻ തെരുവുകളും അവിടത്തെ സദാചാരവും

സൈക്കിൾ റിക്ഷകളും , അംബാസിഡർ കാറുകളും നിരങ്ങി നീങ്ങുന്ന കൽക്കത്തൻ തെരുവുകളിൽ എത്തുമ്പോൾ ഒരു നൂറുവർഷം പിന്നോട്ട് നടന്നപ്രതീതി .. 

ഹിന്ദുസ്ഥാൻ മോട്ടോർ നിർമ്മിച്ച അംബാസിഡർ കാറുകൾ ഇന്ന് വിസ്മൃതിയിലാണ്.  

പക്ഷെ കൽക്കത്തൻ റോഡുകളിൽ ഇന്നും മഞ്ഞച്ചായമടിച്ച അംബാസിഡർ തലങ്ങും വിലങ്ങും ഓടുന്നു. വൈകുമ്പോൾരാത്രികളിൽ  പലപ്പോഴും ഓട്ടോയിലായിരുന്നു യാത്രകൾ. ഓട്ടോയിൽ ഡ്രൈവറുടെ കൂടെ  മുൻസീറ്റിൽ  മുട്ടിയുരുമി ഇരുന്ന്  ഒട്ടും മടി കൂടാതെ യാത്ര ചെയ്യുന്ന പെണ്ണുങ്ങൾ.

( കേരളത്തിലാണെങ്കിൽ സദാചാരവാദികൾ ഡ്രൈവറെ കൈകാര്യം ചെയ്തേനേ...)

 സദാചാരത്തിന് പുതിയ മാനങ്ങൾ തീർക്കുന്നുണ്ട്. ചൂഴ്ന്നു നോട്ടങ്ങൾ ഇല്ലാത്ത കൽക്കത്ത.. 

കൽക്കത്തയിലെ നല്ല ചായ പ്രസ്ഥാനം

നല്ല ചായ കുറച്ച് മതി.... അതാണ് കൽക്കത്തൻ തെരുവുകളിലെ ചായകളുടെ പ്രത്യേകത ... പാല് നന്നായി തിളച്ച് അതിൽ ചായപ്പൊടിയിട്ട് ഉണ്ടാക്കുന്ന സൊയമ്പൻ ചായ . ഡിസ്പോസിബിൾ മൺകപ്പിൽ ചായ കുടിക്കാൻ ഒരു പ്രത്യേക ടേസ്റ്റാണ്.


കൽക്കത്തയിലെ ദരിയാഗഞ്ച്

ഹൗറയിൽ നിന്ന് നേരെ പോയത് ഏത് പുസ്തകവും പാതി വിലക്ക് ലഭിക്കുന്ന കോളേജ് സ്ട്രീറ്റിലെ പുസ്തക ചന്തയിലേക്കാണ്. ലോകത്തിലെ ഏത് ബെസ്റ്റ് സെല്ലർ പുസ്തകവും ഇവിടെ ലഭിക്കും. 

 വിലപേശാൻ അറിയുമെങ്കിൽ ഏത് ടൈറ്റിലും ചെറിയ വിലയിൽ നമുക്ക് സ്വന്തമാക്കാം..

ഇത് പോലൊരു മാർക്കറ്റ് ഡൽഹിയിലെ ദരിയാഗഞ്ചിലാണ് കണ്ടത്.



 *ട്രെയ്ൻ-ടു- സാന്ദ്രഗച്ചി

ഇന്ത്യയെ അറിയാൻ ഏറ്റവും നല്ലത് ട്രെയ്ൻ യാത്രകൾ തന്നെയാണ്. ഇന്ത്യൻ സംസ്കൃതിയുടെ ഒരു പരിഛേദമാണ് ഇന്ത്യൻ ട്രെയ്നുകൾ. കോഴിക്കോട് നിന്ന് സാന്ദ്രഗച്ചിയിലേക്ക് 2263 കി.മി

സഹയാത്രികൻ ജാബിർ മലയിലിനോടൊപ്പം

കേരളം ,തമിഴ്നാട് , ആന്ധ്രപ്രദേശ്  പിന്നെ ഒഡീഷയും കടന്ന് പശ്ചിമ ബംഗാളിലേക്ക്.  

പലതരത്തിലുള്ള വേഷവിധാനങ്ങൾ , ഭാഷകൾ, രുചികൾ ......

ഈ യാത്രയിൽ എനിക്കാറിയാവുന്ന ഹിന്ദിയിൽ ഞാൻ കുറേ പേരുമായി സംസാരിച്ചു . കേരളത്തിലെ ഏലത്തോട്ടതിൽ പണിചെയ്യുന്ന ബംഗാളി പയ്യൻ ഇരുപത്കാരൻ മുകുന്ദ് , ഒരു വർഷമായി കേരളത്തിൽ പെയ്ൻ്റർ ആയി ജോലി ചെയ്യുന്ന ഷെയ്ഖ് ബഷീർ, ചാന്ദ്നി ചൗക്കുകാരി മുംതാസ്.... 

കോഴിക്കോട് നിന്ന് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ പശ്ചിമ ബംഗാളിലെ സാന്ദ്രഗച്ചി വരെ 2263 കി.മി യാത്രയിൽ ബംഗാളികളെ കൂടുതൽ അറിയാനും അവരെ മനസ്സിലാക്കാനും കഴിഞ്ഞു... 

ഇതെഴുതുമ്പോഴും ബംഗാളിലെ മിഡിനിപ്പൂർ ജില്ലയിലെ ദിലുവിനോട് സംസാരിക്കുകയായിരുന്നു. ദിലു തിരൂരിൽ ടൈലിൻ്റെ പണി ചെയ്യുന്നു.

ദിലുവിനോട്  മമതയെ പറ്റി ചോദിച്ചപ്പോൾ അവന് നല്ലതേ പറയാനുള്ളൂ... അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്നത് കൊണ്ടാണ് കേരളത്തിൽ വികസനം എന്നാണ് ദിലു പറയുന്നത്. അവിടെ ഭരണമാറ്റം വേണമെന്നാണ് ദിലുവിൻ്റെ അഭിപ്രായം.


സോനാഗച്ചി

കൊല്‍ക്കത്തയിലെ സോനാഗച്ചി ശരീരവില്പനയുടെ കേന്ദ്രമാണ്. സോനാഗച്ചി പോകാൻ കൊള്ളാവുന്ന ഇടമെല്ലങ്കിലും ടാക്സിക്കാരനോട് സോനാഗച്ചിയെ പറ്റി ചോദിച്ചു... എന്താ നിങ്ങൾക്ക് പോകാൻ ഉദ്ദേശമുണ്ടോ ? 
ഡ്രൈവറുടെ ചോദ്യം കേട്ട് ഒന്നു പരുങ്ങിയെങ്കിലും അതെ എന്ന് ഉത്തരം നൽകി... 
ആ തെരുവ് ഒന്ന് കാണാനാണ് ഒന്നും ചെയ്യാനല്ല.. അത് പറഞ്ഞപ്പോൾ ഡ്രൈവർ ഒരേ ചിരി....
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ യിൽ സോനാഗച്ചിയെ പറ്റി കുറേ വായിച്ചിട്ടുണ്ട്.   വായിച്ചത് മുതൽ അതൊക്കെ ഒന്ന് നേരിൽ കാണാം എന്നു കരുതിയാണ്


 *കൽക്കത്തയോട് വിട പറയുമ്പോൾ

കൽക്കത്തയാത്ര അനുഭവങ്ങളുടെ ഒരു ഘോഷ യാത്രയാണ് നമുക്ക് സമ്മാനിക്കുന്നത്. എത്ര കണ്ടാലും കൊതി തീരാത്ത ഒരുപാട് കാഴ്ചകൾ...

 ഒരിക്കൽ കൂടി കൽക്കത്തക്ക് വരണം ഈ യാത്രയിൽ ബാക്കി വെച്ച ഡാർജിലിങ്, സുന്ദർബൻസ്  എന്നിവ കാണണം..  ബൈ കൽക്കത്ത ബൈ...

സദാചാര മൂല്യത്തിൻ്റെ പുതിയ ഭാഷ്യങ്ങൾ എന്നെ പഠിപ്പിച്ച എൻ്റെ പ്രിയപ്പെട്ട 

കൽക്കത്ത നഗരമേ  വിട ...... 



✍️ *ഫൈസൽ പൊയിൽക്കാവ്*





Google