പൈതൽ മലയുടെ മുകളിൽ എത്താൻ ഒരു 2 കി.മി ട്രെക്കിങ് ഉണ്ട് . ഇടതൂർന്ന് വളരുന്ന മരങ്ങൾക്കിടയിലൂടെ നടന്ന് മുകളിലെത്തണം. ഇടക്കിടെ കോട വന്ന് വഴി കാണാതെയാവും.
വ്യൂ പോയിൻ്റിൽ കാവൽക്കാരനും ഗൈഡുമായ ആൻ്റണി ചേട്ടൻ ആ മലയുടെ കഥ പറഞ്ഞു തുടങ്ങി.
വൈതാളകൻ എന്ന പേരുള്ള ഒരു ആദിവാസി രാജാവ് പൈതൽ മല ആസ്ഥാനമാക്കി ഒരു രാജ്യം ഭരിച്ചിരുന്നു . ഈ രാജാവിൽ നിന്നാണ് ഈ മലക്ക് വൈതൽ മല എന്ന പേര് ലഭിച്ചത് പോൽ പിന്നീട് അതെപ്പോഴോ പൈതൽ മലയായി .നല്ല പുകവലി ശീലമുള്ള ആൻ്റണി ചേട്ടൻ ചുമ വരുമ്പോൾ കഥ ഇടയ്ക്ക് നിർത്തി.
മഞ്ഞിലും മഴയിലും പൈതൽ മലയെ കാക്കുന്ന ആൻ്റണി ചേട്ടന് മനസ്സ് കൊണ്ട് ഒരു ബിഗ് സല്യൂട്ട് കൊടുത്തു കാഴ്ചകളിലേക്ക് ...
എവിടെ നിന്നോ കാറ്റിൻ പുറത്തേറി കാഴ്ചകൾ മറച്ച് കൊണ്ട് കോട ഞങ്ങളെ വന്ന് പുൽകി.. കോട മാറുമ്പോൾ അങ്ങ് ദൂരെ പച്ചപ്പ് വിരിച്ച മലയടിവാരം കാണാൻ എന്ത് ഭംഗിയാണെന്നോ?..
എന്നും പറയുമ്പോലെ ഇന്നും പറയുന്നു ഈ ദൃശ്യ വിസ്മയങ്ങൾ ഒരു എ. ഐ കാമറ ലെൻസിനും പകർത്താൻ കഴിയാത്തത് തന്നെ.
പേരറിയാത്ത റോസ് നിറത്തിലുള്ള പൂവുകൾ പുൽമേട്ടിൻ്റെ ഭംഗി കൂട്ടുന്നുണ്ട്. കാഴ്ചയിൽ ലയിച്ച് അങ്ങിനെ നിൽക്കുമ്പോഴാണ് ജീൻസിൽ പടരുന്ന ചോര ശ്രദ്ധയിൽ പെട്ടത്. അട്ട ചോര ഊറ്റി കുടിച്ച് മദോന്മത്തനായി താഴേക്ക് വീണു കിടക്കുന്നു. ഒരു നിമിഷം കൊണ്ട് അതിൻ്റെ കഥ കഴിക്കാൻ കഴിയുമായിരുന്നെങ്കിലും അത് ചെയ്തില്ല. എൻ്റെ രക്തം കുടിച്ച് ഒരു ജീവിക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ അങ്ങിനെയാവട്ടെ എന്നു കരുതി നടത്തം തുടർന്നു...
തുടരും