Saturday, December 16, 2023

ഓർമ്മകളിലെ ഓമാനൂർ

ഓമാനൂർ കുന്നു കയറി സ്കൂളിൽ എത്തുമ്പോൾ സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കും. ചുറ്റും റബർ മരങ്ങളാൽ വലയം ചെയ്ത സ്കൂൾ കാമ്പസ്. ചിലപ്പോഴൊക്കെ അടുത്ത കാട്ടിൽ നിന്നും വിരുന്നുകാരായെത്തുന്ന വാനരന്മാർ . 


സ്കൂളിലെത്തുമ്പോൾ ഓടി കിതച്ചു കുന്നു കയറിയതിന്റെ ക്ഷീണമൊക്കെ പമ്പകടക്കും. 


സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്നു ദൂരേക്ക് നോക്കുമ്പോൾ ഒരു പ്രത്യേക വൈബാണ്.

കൊണ്ടോട്ടിക്കും എടവണ്ണ പാറയ്ക്കും പോകുന്ന മലയടിവാരത്തിലെ റോഡുകൾ സ്കൂളിന്റെ മുകളിൽ നിന്ന് നോക്കിയാൽ ഒരു നേർത്ത രേഖയായ് അങ്ങിനെ നീണ്ടു പോകുന്നത് കാണാം. ഈ കാഴ്ച കാണുമ്പോഴൊക്കെ സോമയെ ഓർമ്മിക്കും ഞാൻ. ഹിന്ദി സാഹിത്യകാരനായ യശ്പാൽ എഴുതിയ ' മനുഷ്യ കി രൂപ് ' എന്ന നോവലിലെ സുന്ദരിയായ നായിക സോമ. മലമ്പാതകളിൽ ട്രക്ക് ഡ്രൈവറുമായി പ്രണയത്തിലാവുന്നു സോമ......


ഓമാനൂർ കുന്നിൽ നിന്ന് മഴക്കാലത്ത്  മഴ വരുന്നത് ദൂരെ നിന്നേ നമുക്ക് കാണാം. മഴ പെയ്യാതെ  മാറി നിൽക്കുന്ന കാർ മുകിലുകൾക്ക് എന്ത് ഭംഗിയാണെന്നോ?


ഡിസംബറിൽ കുന്നിൻ മുകളിൽ നിന്ന് കുളിരിറങ്ങാൻ കൂട്ടാക്കില്ല... എങ്ങും നേർത്ത പുക പോലെ കോട കാണാം. മാമ്പൂവിന്റെ മണവും വൃശ്ചിക മാസ കുളിരും ഓമാനൂറിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു പ്രത്യേക സുഖാ...

ക്ലാസ്സ് കഴിഞ്ഞ് സുമുഖനായ മലയാളം മാഷിന്റെ ബുള്ളറ്റിൽ കുന്നിറമ്പോൾ വഴിയിൽ ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ടാവും .....


✍️ ഫൈസൽ പൊയിൽ ക്കാവ്

ആ... കൂടെ തുള്ള്


പ്ലസ് ടൂ കാർക്കൊപ്പം പഠന യാത്ര പോവുകയെന്നത് ഒരു വേറിട്ട അനുഭവമാണ്. യാത്ര പ്ലാൻ ചെയ്യുമ്പോഴെ അവരെ ചോദ്യം ഇതായിരിക്കും

സാർ ബസ്സ് അടിപൊളിയാണോ? ഡി.ജെ ഒക്കെ ഉണ്ടല്ലെ അല്ലെ ?

ഇതിനപ്പുറമൊന്നും അവർ നമ്മോട് ചോദിക്കില്ല... അവരെ ഭാഷയിൽ യാത്ര വൈബ് ആക്കുന്നത് ഇതൊക്കെയാണ്.  

ബസ്സിൽ കയറിയാൽ തുടങ്ങുന്ന അത്യുച്ചത്തിൽ വെക്കുന്ന 'കൂടെ തുള്ള്' പാട്ടുകൾ ...

അവരോടൊപ്പം തുള്ളാൻ അവർ നമ്മെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും ... നമ്മൾ തുള്ളിയാൽ പോയി .... വെറുതെ തുള്ളുന്നത് പോലെ ആക്കി പുറത്തേ ഓടി മറയുന്ന കാഴ്ചകളെ പറ്റി അവരെ നിരന്തരം ഓർമ്മിപ്പിക്കുക.


പച്ചപ്പും കാടും കോട മഞ്ഞും മലനിരകളും ഓടി മറയുമ്പോഴും അവർ ഉച്ചത്തിൽ ലുങ്കി ഡാൻസ് വെച്ച് കൊണ്ടേയിരിക്കും... 

പക്ഷേ ഈ വർഷത്തേ പഠന യാത്രയിൽ ഒരാൾ മാത്രം കണ്ണിമ വെട്ടാതെ ബസ്സിന്റെ ജാലകത്തിലൂടെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ആശ്വാസമായി ... ഞങ്ങൾ മണ്ണിനെ കുറിച്ചും പച്ചപ്പിനേ കുറിച്ചും ഏറെ നേരം സംസാരിച്ചു. നന്നായി പാടാൻ കഴിവുള്ള അവനെ നിർബന്ധിച്ചപ്പോൾ നല്ല പാട്ടുകൾ പാടി...


മനസ്സിൽ ഒരു കുളിർ മഴ പെയ്തത് പോലെ ...


കാഴ്ചകളിലേ വേറിട്ട കാഴ്ചകൾ ഒപ്പിയെടുക്കാൻ ശ്രമിക്കുന്ന യാത്രാ കുതുകിയായ അവനെ പോലെ എല്ലാരും ആയെങ്കിൽ എന്ന് വെറുതേ ആശിച്ചു പോയി.. യാത്ര അത് അനുഭവിക്കാനും ഒരു ഭാഗ്യം ചെയ്യണമല്ലോ...


യാത്രാ വിവരണങ്ങൾ വല്ലാതെ ഇഷ്ടപ്പെടുന്ന ഞാൻ അവന് നല്ല കുറച്ച് യാത്രാ വിവരണ പുസ്തകങ്ങളെ കുറിച്ച് പറഞ്ഞ് കൊടുത്തു .....


അവനും കൂടിയില്ലെങ്കിൽ ഈ പഠന യാത്രയും എനിക്ക് മറ്റൊരു നരകമായേനേ...


രാത്രികളിൽ ഉറക്കം നഷ്ടപ്പെടുത്തുന്ന കർണ്ണപുടകം പൊട്ടിക്കുന്ന ' കൂടെ തുള്ള് ' പാട്ടുകൾ മാത്രമല്ല യാത്രയെന്ന് നമ്മുടെ മക്കളെ വീണ്ടും വീണ്ടും നമ്മൾ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുക.


റഫീക്ക് അഹമ്മദിന്റെ വരികൾ നമ്മുടെ ന്യൂ ജെൻ മക്കൾക്കായി ഇവിടെ സമർപ്പിക്കുന്നു.


മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള

വായാടി പക്ഷിക്കൂട്ടം വന്നുപോയി

കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി

ആകാശപ്പുഴയിലെ കുതിച്ചുപോയി

എഹേയ് കണ്ടു മലനിരാ 

ഓഹോയ് കണ്ടു താഴ്‌വര

മാമരം കണ്ടേ ചോല കണ്ടേ

ഇലകൾ കണ്ടേ കായ്കളും

ഹോയ് തന്തിനാ താനേ താനാനേ

തന്തിനാ താനിന്നാനി നാനാനേ....


✍️ ഫൈസൽ പൊയിൽക്കാവ്

Google