Friday, April 15, 2022

തേൻവരിക്ക


മുരിങ്ങാ മരത്തിൽ പടർന്നു കയറിയ മുല്ലവള്ളി, തേൻ വരിക്ക കായ്ച്ചു നിൽക്കുന്ന പ്ലാവുകൾ, പറമ്പുകൾക്ക് അതിരിടുന്ന കൊള്ളിന് മേലെ തല കുമ്പിട്ടു നിൽക്കുന്ന കുറുക്കൻ മാവുകൾ ബാല്യകാല  ഓർമ്മകൾ ദീപ്തമാണ്. 
ചിരുതാമ്മയും അമ്മാളുവമ്മയും , നാരായണിയും , ബീവിയുമ്മയും അതായിരുന്നു എന്റെ ലോകം . 
സ്കൂൾ പൂട്ടിന് കുട്ടികൾ ഉമ്മയുടെ വീട്ടിൽ പോകുമ്പോൾ ഞാൻ എന്റെ കിടപ്പും തീറ്റയും ഒക്കെ ചിരുതാമ്മയുടെ വീട്ടിലാക്കി.
നല്ല സ്വാദ് ഊറുന്ന തേൻ വരിക്ക കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന എന്റെ ബാല്യം  ... ഇന്നും ഓർമ്മയിലുണ്ട്. അന്നത്തെ പത്തു വയസ്സ് കാരന് എന്ത് ഔചിത്യ ബോധം. അത്രമേൽ ഇഷ്ടമായിരുന്നു എനിക്ക് ചിരുതാമ്മയുടെ വീട്ടിലെ തേൻ വരിക്ക.
ചിരുതാമ്മക്ക് ഞാൻ എന്നാൽ ജീവൻ ആയിരുന്നു. മിനിയേച്ചിക്കും സലിയേട്ടനും ഞാൻ കൂടപിറപ്പ് പോലെ . 
വിഷുവിന് നല്ല ചക്കപ്പായസം . ഇന്നും അതിന്റെ രുചി നാവിൻ തുമ്പിലുണ്ട്. 
ആ സ്ഥലവും വീടും വിട്ട് പയ്യോളിക്ക് പറിച്ച് നടുമ്പോൾ ഏറ്റവും വേദനിച്ചത് ഞാൻ തന്നെയായിരിക്കും.  
" അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും"

പിന്നെയങ്ങോട്ട് എനിക്ക് പനിക്കാലമായിരുന്നു. വിട്ടു മാറാത്ത പനി.  മരുന്ന് കുടിച്ച് മാറാത്തതിനാൽ ഒരു മുസല്യാരുടെ മാറ്റൽ ചികിൽസ തുടങ്ങി ... എന്നിട്ടും പനിക്ക് ഒരു ശമനവുമില്ല.
തേൻ വരിക്കയും അവിടത്തെ കിണറിലെ വെള്ളവും ഞാൻ പനി കിടക്കയിലും ചോദിച്ചു കൊണ്ടേയിരുന്നു. അവസാനം മുസല്യാർ ഒരു കാര്യം കണ്ടു പിടിച്ചു എനിക്ക് ബാധ കയറിയിട്ടുണ്ട്.  ചിരുതാമ്മയുടെ ഭർത്താവ് ചെറിയ ക്കച്ചന്റെ ആത്മാവ് എന്റെ ശരീരത്തിൽ  സന്നിവേശിച്ചിരിക്കുന്നു. 
മാറ്റൽ ചികിൽസ വേണം എന്നാലെ ബാധ ഒഴിയൂ...
മാറ്റൽ ചികിൽസക്ക് 101 കാഞ്ഞിരത്തിന്റെ ഇല , 101ചിരട്ടി, കുറച്ച് കൂവളത്തിന്റെ ഇല, രണ്ട് ബക്കറ്റ് വെള്ളം അങ്ങിനെയങ്ങിനെ ഒരു വലിയ ലിസ്റ്റ് തന്നെ മുസല്യാർ കുറിച്ച് കൊടുത്തു. കാഞ്ഞിരത്തിന്റെ ഇലയിൽ
ബിസ്മില്ലായിൽ തുടങ്ങുന്ന വരികൾ കുറിച്ചിട്ടു. ചിരട്ട കൊണ്ട് അടുപ്പ് കൂട്ടി അതിൽ ഇലകൾ ഒന്നൊന്നായി യാ അള്ളാഹ് യാ ശൈഖ് എന്ന് വലിയ ശബ്ദത്തിൽ ഉച്ചരിച്ചു കൊണ്ട് മുസല്യാർ ഒരോന്നായി തീയിലേക്കിട്ടു. തീയിലിടുമ്പോൾ നല്ല ഒച്ചയുണ്ട്. പച്ചില കത്തുമ്പോൾ ഉള്ള ശബ്ദം ബാധ ഒഴിയുന്നതിന്റെ ലക്ഷണമാണെന്ന് മുസല്യാർ ...😀
101 ഇലയും നിവേദിച്ചു കഴിഞ്ഞപ്പോൾ അവർ എന്നെ ഒരു മരപ്പലകയിൽ ഇരുത്തി മേലെ ഒരു മുണ്ടു നാലാളു കൂടി നിവർത്തി പിടിച്ചു. ഞാൻ പന്തലിന് ചോട്ടിൽ ഇരിക്കുമ്പോലെ ...

ഇനിയാണ് കളി കാര്യമാവുന്നത് ഈ നിവർത്തി പിടിച്ച മുണ്ടിലേക്ക് കത്തുന്ന കനലാകെ ഇടണം . കനൽ ഇടുന്ന മുറയ്ക്ക് ബക്കറ്റിലെ വെള്ളം അതിന് മേൽ ഒഴിക്കണം അതിന് നാല് വാല്യക്കാരെ വേറെയും ഏർപ്പാടാക്കിയിട്ടുണ്ട് ...
മുസല്യാർ എന്തൊക്കെയോ ഓതാനും ഇടക്കിടെ എന്റെ മേൽ ഊതാനും തുടങ്ങി ...
അവസാനം ഞാൻ ഒരു അർദ്ധ മയക്കത്തിലായി ... ശരീരത്തിൽ ചൂടുവെള്ളം പതിച്ചപ്പോഴാണ്
ഞാൻ ഉണർന്നത്.. എല്ലാം കഴിഞ്ഞിരിക്കുന്നു മുസല്യാർ ബാധ ഒഴിപ്പിച്ചു എന്ന കരകമ്പി നാട്ടിലെങ്ങും പാട്ടായി.
പക്ഷെ അപ്പോഴും എന്റെ മനസ്സു നിറയെ ചെറിയാക്കച്ചനെ അടക്കം ചെയ്ത പ്ലാവിലെ തേൻ വരിക്കയായിരുന്നു....

✍🏻 ഫൈസൽ പൊയിൽക്കാവ്


9 comments:

Anonymous said...

Nostalgic...well scripted

Anonymous said...

ബാല്യ കാല സ്മരണകൾ

Unknown said...

Sir☺️ കൊള്ളാം

Anonymous said...

Woow.. നല്ല കഥ sir🤍☺️

Unknown said...

Well written👌 Sweet memories as sweet as thenvarikka👍

Unknown said...

നൊസ്റ്റാൾജിക്..... ഒരു പാട് പിന്നോട്ട് പോയ പോലെ all the bedt faizal👍 ezhuthoo iniyum

Anonymous said...

എന്റെ കുട്ടി ക്കാലത്തെ കുറിച്ച് ഓർമ വന്നു തേൻ വരിക്ക. മാത്രം.. മുസ്‌ലിയാർ. ഇല്ല 😂😂

Anonymous said...

Your writing is as sweet as that jackfruit 👍🏻❤️

Anonymous said...

Kothiyan

Google