Monday, April 11, 2022

കോന്തല - ഒരു വായനാ + യാത്രാനുഭവം

 


ഉമ്മാമയുടെ കോന്തല എന്റെ കുട്ടിക്കാലത്തെ നിറമുള്ള ഓർമ്മയാണ്. ഉമ്മാമ കോന്തലക്ക്  കെട്ടി വെക്കുന്ന നാണയ തുട്ടുകളും ഒന്നിന്റെയും രണ്ടിന്റെയും നോട്ടുകളും എന്നും ഞങ്ങൾ കുട്ടികളെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. മിഠായി വാങ്ങാൻ ഉമ്മാമ കോന്തല അഴിച്ച് പൈസ എടുക്കുന്നത് ഇന്നലെ പോലെ എന്റെ ഓർമ്മയിലുണ്ട്. ഉമ്മാമ മരിച്ചിട്ട് ഇന്നേക്ക് ഇരുപത്തഞ്ച് വർഷം കടന്നുപോയി .. കോന്തല കണ്ടവരുണ്ടോ എന്ന് ഇന്നത്തെ സ്കൂൾ ക്ലാസ്സിൽ ചോദിച്ചാൽ ഒരു കുട്ടി പോലും കൈ ഉയർത്തുമെന്ന് തോന്നുന്നില്ല... പാവം അവരെ പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തേ ഉമ്മാമ മാർക്ക് കോന്തലയില്ലല്ലോ..

കോന്തല ഇന്നത്തെ തലമുറ കണ്ടു കാണില്ല ചിലപ്പോൾ കേട്ടു പോലും . ' കോന്തല ' സമീപ ഭാവിയിൽ തന്നെ അന്യം നിന്നു പോയേക്കാവുന്ന ഒരു പദപ്രയോഗമായേക്കാം . 

എന്തും ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ന്യൂജെൻ ചിലപ്പോൾ കോന്തലയും തിരയും.  പക്ഷെ കൽപ്പറ്റ മാഷ് എഴുതിയ പുസ്തക കവർ കണ്ട് തൃപ്തിപ്പെടേണ്ടതായി വരും അവർ... ഗൂഗിളിനും അറിയില്ല ശരിക്കുള്ള കോന്തല എന്താണെന്ന് .

കോന്തലയെ അതിലൂടെ എന്റെ പുന്നാര ഉമ്മാമയെ എന്നെ ഓർമ്മിപ്പിച്ചത് കൽപ്പറ്റ മാഷിന്റെ ' കോന്തല' എന്ന പുതിയ പുസ്തകമാണ്.  

മാഷ് നമുക്ക് വേണ്ടി അദ്ദേഹത്തിന്റെ വയനാടൻ ഓർമ്മകളുടെ കോന്തല കെട്ടഴിക്കുകയാണ് ഈ പുസ്തകത്തിലുടെ...

വയനാടൻ ഓർമ്മകൾ എന്തു ഭംഗിയായാണ് അദ്ദേഹം ഈ പുസ്തകത്തിൽ കോറിയിട്ടിരിക്കുന്നത്. 

" കുഴിച്ചിട്ടാല്‍ കുപ്പിച്ചില്ലും മൂന്നാംനാള്‍ മുളച്ചു പൊന്തുന്ന വയനാടന്‍ മണ്ണ് .  . കുത്തിപ്പറിക്കുന്ന തണുപ്പ് ഇടമുറിയാത്ത മഴ ഏകാന്തത മാറിമാറിച്ചിരകുന്ന ചീവീടുകള്‍ തീരാത്ത രാവുകള്‍

ഇരുട്ടിനിരട്ടിയിരുട്ട് അസ്വസ്ഥതയ്ക്കിരട്ടിയസ്വസ്ഥത പ്രത്യാശയ്ക്ക് ഇരട്ടി സൂര്യപ്രഭ.

കാപ്പിപൂത്താല്‍ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഉദ്യാനം. തുടിയൊച്ചകൊണ്ട് കരയിട്ട വേനല്‍സന്ധ്യകള്‍, സദാ എന്തെങ്കിലും കുഴിച്ചിടുകയോ കുഴിച്ചെടുക്കുകയോ ചെയ്യുന്ന കര്‍ഷകര്‍. വയനാടൻ ഓർമ്മകളിൽ  കൽപ്പറ്റ ....


കോന്തല വായിച്ചപ്പോൾ വീണ്ടും വയനാടൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാൻ ഒരു മോഹം. രാവിലെ കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിക്ക് പോവുന്ന ബസ്സിൽ കയറി കൽപ്പറ്റക്ക് ടിക്കറ്റെടുത്തു .. താമരശ്ശേരി ചുരം വഴി വയനാട്... ബസ് ഇപ്പോൾ ചുരം കയറി തുടങ്ങിയിരിക്കുന്നു ... ഹെയർ പിന്നുകൾ ഓരോന്നായി ബസ്സ് പിന്നിടുമ്പോൾ ഞാൻ ബസ്സിന്റെ ജാലകത്തിലൂടെ പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ചു... ഇപ്പോഴും തണുപ്പ് ബാക്കിയുണ്ട് .. പിന്നെ കാടുകൾക്ക് മാത്രമുള്ള മണവും , ചീവീടിന്റെ കരച്ചിലും ...


ചുരം കയറി വൈത്തിരി എത്തുമ്പോൾ കാപ്പിത്തോട്ടങ്ങൾ വേരോടെ പിഴുതെറിയുന്ന ജെ.സി.ബി രാക്ഷസനെ കണ്ടു ... എനിക്ക് ഏറ്റവും വെറുപ്പുള്ള ഈ നൂറ്റാണ്ടിന്റെ മഹത്തായ കണ്ടുപിടുത്തം..

ഇന്ന് കേരളം മുഴുവൻ ഈ രാക്ഷസന്റെ കരാള ഹസ്തത്തിലാണല്ലോ .. പരിസ്ഥിതി നശിപ്പിച്ചുള്ള എല്ലാ വികസനത്തിനും ഞാൻ എതിർപക്ഷത്തു തന്നെയാണ്.   ഇങ്ങനെ പോയാൽ

ഇനി വയനാടൻ മണ്ണിലും കുപ്പിച്ചില്ല് പോയിട്ട് ഒരു ശീമ കൊന്ന പോലും മുളക്കാത്ത കാലം അതി വിദൂരമല്ല.....

പ്രകൃതിയുടെ കടയ്ക്കൽ കത്തി വെച്ചുള്ള വികസനമല്ല നമുക്ക് വേണ്ടത് മറിച്ച് പ്രകൃതിയോട് ഇണങ്ങി ചേരുന്ന വികസനം  ( environment sustainable development ) അതാണ് നമുക്കാവശ്യം .

കൽപ്പറ്റയിൽ നിന്ന് വീണ്ടും ബസ്സ് കയറി ചുണ്ടേൽ ഇറങ്ങി... നിഴൽ വീണുറങ്ങുന്ന നാട്ടു പാതയിലൂടെ കുറേ നടന്നു ... ഭാഗ്യത്തിന് ഒരു നൂൽ മഴ കിട്ടി . നൂൽ മഴ വയനാടിന്റെ മാത്രം പ്രത്യേകതയാണല്ലോ.. ഈ വയനാടൻ ഗ്രാമഭംഗി അടുത്ത തലമുറക്ക് കുറച്ചെങ്കിലും നാം ബാക്കി വെച്ചേക്കണം. പേരിനെങ്കിലും.  ആ ഒരു പ്രാർത്ഥന മാത്രം ബാക്കി. 


നമ്മുടെ ന്യൂ ജനറേഷനു വേണ്ടി കോന്തല എന്ന പദം ഇവിടെ പരിചയപ്പെടുത്തുന്നു.

 *കോന്തല = വസ്ത്രത്തിന്‍റെയും മറ്റും അറ്റം / പണസഞ്ചി* 

 പിന്നെ  ഇതു വായിക്കുന്നവരോട് ഒരപേക്ഷയുണ്ട് നിങ്ങളെ വീട്ടിൽ കോന്തല ഉപയോഗിക്കുന്ന ഉമ്മാമമാർ ഇപ്പോഴും  ഉണ്ടെങ്കിൽ അവരുടെ ഒരു ഫോട്ടോ പിടിച്ച് ഇവിടെ കമന്റായി കെടുത്തേക്ക്😀


✍🏻 ഫൈസൽ പൊയിൽക്കാവ്

ഇവിടെ ചേർത്തിരിക്കുന്ന ചിത്രത്തിനോട് അത് എടുത്ത ആളിനോട് കടപ്പാട് രേഖപ്പെടുത്തുന്നു.

2 comments:

sree said...

Its really nostalgic

Dilshad hussain kp said...

എന്നും മധുരിക്കുന്ന ഓർമ്മകൾ മാത്രം തരാറുള്ള ആ ഉമ്മുമ്മ യുടെ കൊന്തല ഇന്നും നമ്മുടെ മനസ്സിൽ മായാതെ മറയാതെ മായ്ക്കപ്പെടാതെ തലമുറകൾക്കു കൈമാറാൻ നമുക്ക് സാധിക്കുമോ???

Google