Sunday, September 5, 2021

*നല്ല അധ്യാപകൻ*


വീണ്ടും ഒരധ്യാപക ദിനം കൂടി കടന്നു പോകുന്നു.  അധ്യാപകവൃത്തി തുടങ്ങിയിട്ട്  17 വർഷം . ആദ്യത്തെ നാലു വർഷം കോഴിക്കോടുള്ള ഒരു പ്രൈവറ്റ് കോളേജിൽ . അതിനു ശേഷം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായി . മടപ്പള്ളി, കൊയിലാണ്ടി, കല്ലായ്, കുറ്റിച്ചിറ, ഇപ്പോൾ മലപ്പുറം ജില്ലയിൽ ഓമാനൂർ ഹയർ സെക്കന്ററിയിൽ ജോലി ചെയ്തു വരുന്നു. പല തരക്കാരായ കുട്ടികളെ പഠിപ്പിക്കാൻ ജീവിതത്തിൽ അവസരമുണ്ടായി. അതിൽ പലരുമായി നല്ല ബന്ധം പുലർത്തി പോരുന്നു.  കുട്ടികളുടെ മനസ്സിൽ കയറി പറ്റാൻ നമുക്കായാൽ നമ്മൾ പഠിപ്പിക്കുന്ന വിഷയം ഏതായാലും അധ്യാപനം വളരെ രസകരമാവും.  അതല്ലെങ്കിൽ അവർക്കും നമ്മൾക്കും വേഗം ബോറടിക്കും. നമുക്ക് നല്ല അധ്യാപകൻ ആവണോ നമ്മൾ കുട്ടികളുടെ മനസ്സിൽ കയറി പറ്റിയേ പറ്റുള്ളു.  അതിനുള്ള വഴികൾ തേടുക അത് മാത്രം കൊണ്ടേ ഏതൊരാൾക്കും നല്ല അധ്യാപകൻ ആവാൻ കഴിയൂ......

നല്ലൊരു അധ്യാപകൻ നല്ലൊരു വായനക്കാരനും കുട്ടികളെ വായിക്കാൻ പ്രചോദിപ്പിക്കുന്നവനും ആകണം. നല്ല നല്ല പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി കൊണ്ടേയിരിക്കണം .അതിലൂടെ മാത്രമേ കുട്ടികളെ നാളത്തെ നല്ല പൗരന്മാരാക്കാൻ കഴിയൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

എന്നെ വായിക്കാൻ പ്രേരിപ്പിച്ചത് പ്ലസ്ടു ക്ലാസ്സിൽ എന്നെ പഠിപ്പിച്ച ഹിന്ദി അധ്യാപകൻ കൃഷ്ണൻ മാഷാണ്. അദ്ദേഹത്തോടുള്ള എന്റെ എല്ലാ കടപ്പാടും സ്നേഹാദരവും ഞാൻ ഇവിടെ സമർപ്പിക്കുന്നു.

 

✍🏻ഫൈസൽ പൊയിൽക്കാവ്

No comments:

Google