Friday, September 20, 2024

കൽക്കത്ത - പൗരാണിക ഇന്ത്യയുടെ ഹൃദയത്തുടിപ്പുകൾ

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു കൽക്കത്ത.... പൗരാണിക ഇന്ത്യയുടെ  ഹൃദയതുടിപ്പുകൾ തേടിയുള്ള യാത്ര .... 

സാന്ദ്രഗച്ചി, ചാന്ദ്നി ചൗക്ക്,  സോനഗച്ചി, ബിഹാല ദാനേ, ദംദം, ഹൗറ , പർണ്ണശ്രിധാനേ, മിഡ്നാപൂർ, ആലിപ്പൂർ, സെറാംപൂർ, കാലിഘാട്ട്.. 

ഇന്ത്യയുടെ ദേശഗാന രചയിതാവിൻ്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ കൽക്കത്ത ... 

ഹൗറ ബ്രിഡ്ജ് കൽക്കത്ത

*ഹൗറ പാലം

 ഹൂഗ്ലീ നദിക്കു കുറുകെ    കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട്  ബ്രിട്ടീഷുകാർ ഉരുക്കിൽ തീർത്ത ഹൗറ പാലം ( ഇപ്പോൾ രബീന്ദ്ര സേതു ).

കൽക്കത്തയുടെ കവാടമാണ് ഹൗറ. ഹുഗ്ലി നദി പാലത്തിലൂടെ കടന്ന് ബോട്ടിൽ തിരിച്ചു വരണം അതാണ് വൈബ്.ബോട്ടിൽ നിന്നുള്ള ഹൗറ പാലത്തിൻ്റെ ദൃശ്യം മനോഹരമാണ്.ഹൗറ പാലം കടന്ന് മുന്നോട്ട് നടന്നാൽ ഹൗറയിലെ പൂക്കൾ മാത്രം വിൽക്കുന്ന മാർക്കറ്റിൽ എത്തും.. ഇവിടെ  എത്തിയാൽ  എന്നും ഓണമാണെന്ന് തോന്നും.

ഹൂഗ്ലി നദിയിലെ ഹിൽസ മീനുകൾ

ഹിൽസ മീനുകൾ നീന്തി തുടിക്കുന്ന ഹൂഗ്ലി നദി ....

കൽക്കത്തൻ മാർക്കറ്റിൽ ഏറെ ഡിമാൻ്റുള്ള മീനുകളാണ്  നല്ല രുചിയുള്ള  ഹിൽസ. സുന്ദർബൻസ് കണ്ടൽകാടുകളിലെ നീർ തടങ്ങളാണ്  ഹിൽസയുടെ പ്രജനന കേന്ദ്രങ്ങൾ ..... മൺസൂണിൽ അവിടെ ഹിൽസയുടെ പേരിൽ ഒരു ഫെസ്റ്റിവൽ പോലുമുണ്ട്. ഹിൽസ മീനിന് ബംഗാളി ഭാഷയിൽ ഇലീസ് എന്നാണ് പേര്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഹോട്ടലിൽ കയറി ഹിൽസ മീനിന് ഓർഡർ ചെയ്യുമ്പോൾ രണ്ടു വട്ടം ആലോചിക്കണം . ഒരു കഷ്ണത്തിന് തന്നെ ' വലിയ വില ' നൽകേണ്ടി വരും..( എനിക്ക് അമളി പറ്റിയാതാ .....😀)


 

ആലിപ്പൂർ ജയിൽ - സ്വാതന്ത്ര്യത്തിൻ്റെ വില

ആലിപ്പൂർ - തൂക്കുമരം

ആലിപ്പൂർ ജയിൽ മ്യൂസിയം ഏതൊരു ഇന്ത്യക്കാരനും ജീവിതത്തിലൊരിക്കൽ എങ്കിലും പോയി കാണണം ..... 

സ്വാതന്ത്ര്യസമര കാലത്ത് സുഭാഷ് ചന്ദ്രബോസും ജവാഹർലാൽ നെഹ്രുവും സി.ആർ ദാസും അടക്കമുള്ള നേതാക്കളെ തടവിലിട്ട ജയിൽ. 

നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നമുക്കു നേടി തന്നവർ അനുഭവിച്ച കൊടും യാതനകളുടെ നേർ സാക്ഷ്യമാണ് ആലിപ്പൂർ ജയിൽ മ്യൂസിയം.  

എല്ലാത്തിനും മൂക സാക്ഷിയായി അവിടത്തെ വേപ്പു മരങ്ങൾ...

സ്വാതന്ത്ര്യ സമര സേനാനികള തൂക്കിലേറ്റിയ തൂക്കുമരങ്ങൾക്ക് മുമ്പിൽ എൻ്റെ ഫോട്ടോ   സെൽഫി ക്യാമറകളിൽ പകർത്താൻ മനസ്സനുവദിച്ചില്ല..😌

 *വിക്ടോറിയ



അലക്സാഡ്രിയ വിക്ടോറിയ രാജ്ഞിയുടെ ഓർമ്മക്കായി അന്നത്തെ ബംഗാൾ വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സൺ ഇറ്റാലിയൻ മാതൃകയിൽ മാർബിളിൽ പണിതീർത്ത മനോഹര സൗധം.

വിക്ടോറിയ സന്ദർശിക്കാൻ വൈകുന്നേരം ആയിരിക്കും കൂടുതൽ നല്ലത് ... മന്ദിരത്തിനകത്ത് മനോഹരങ്ങളായ ആർട്ട് ഗാലറികൾ ഒരുക്കിയിട്ടുണ്ട്.

താജ്മഹൽ പോലെ മാർബിളിൽ കൊത്തുപണികൾ കാണാം.....കൽക്കത്ത കൊളോണിയൽ കാലത്തെ ഇന്ത്യൻ ഭരണ സിരാകേന്ദ്രം.....അവിടത്തെ നിർമ്മിതികൾക്കും  വൈവിധ്യങ്ങൾക്കും  പടിഞ്ഞാറൻ ചാരുത....

ഇന്ത്യൻ മ്യൂസിയം

കൊൽക്കത്ത സന്ദർശിക്കുന്നവർ നിർബന്ധമായും സെറാംപൂരിലെ ഇന്ത്യൻ മ്യൂസിയം കാണണം.

ഇന്ത്യൻ ആർട്ട്,ആർക്കിയോളജി, നരവംശശാസ്ത്രം, ജിയോളജി, സുവോളജി, ഇക്കണോമിക് ബോട്ടണി എന്നിങ്ങനെ മുപ്പത്തിയഞ്ച് ഗാലറികൾ ഉൾക്കൊള്ളുന്ന സാംസ്കാരിക, ശാസ്ത്രീയ കരകകൗശല വസ്തുക്കൾ ഉൾക്കൊള്ളുന്ന ആറ് വിഭാഗങ്ങളുണ്ട്. 


സ്റ്റഫ് ചെയ്ത് സൂക്ഷിച്ച ബംഗാൾ കടുവ

1814 ൽ ഡാനിഷ് സസ്യശാസ്ത്രജ്ഞനായ നഥാനിയേൽ വാലിച്ച് ആണ് ഇത് സ്ഥാപിച്ചത്. ഒരു വൈവിധ്യമാർന്ന സ്ഥാപനം, ഇത് ലോകത്തിലെ ഏറ്റവും പഴയ മ്യൂസിയങ്ങളിൽ ഒന്നാണ്.

ബംഗാൾ കടുവ അടക്കമുള്ള മൃഗങ്ങളെ സ്റ്റഫ് ചെയ്ത് അതേ പടി ഇവിടെ കാണാം


 *കൽക്കത്തൻ തെരുവുകളും അവിടത്തെ സദാചാരവും

സൈക്കിൾ റിക്ഷകളും , അംബാസിഡർ കാറുകളും നിരങ്ങി നീങ്ങുന്ന കൽക്കത്തൻ തെരുവുകളിൽ എത്തുമ്പോൾ ഒരു നൂറുവർഷം പിന്നോട്ട് നടന്നപ്രതീതി .. 

ഹിന്ദുസ്ഥാൻ മോട്ടോർ നിർമ്മിച്ച അംബാസിഡർ കാറുകൾ ഇന്ന് വിസ്മൃതിയിലാണ്.  

പക്ഷെ കൽക്കത്തൻ റോഡുകളിൽ ഇന്നും മഞ്ഞച്ചായമടിച്ച അംബാസിഡർ തലങ്ങും വിലങ്ങും ഓടുന്നു. വൈകുമ്പോൾരാത്രികളിൽ  പലപ്പോഴും ഓട്ടോയിലായിരുന്നു യാത്രകൾ. ഓട്ടോയിൽ ഡ്രൈവറുടെ കൂടെ  മുൻസീറ്റിൽ  മുട്ടിയുരുമി ഇരുന്ന്  ഒട്ടും മടി കൂടാതെ യാത്ര ചെയ്യുന്ന പെണ്ണുങ്ങൾ.

( കേരളത്തിലാണെങ്കിൽ സദാചാരവാദികൾ ഡ്രൈവറെ കൈകാര്യം ചെയ്തേനേ...)

 സദാചാരത്തിന് പുതിയ മാനങ്ങൾ തീർക്കുന്നുണ്ട്. ചൂഴ്ന്നു നോട്ടങ്ങൾ ഇല്ലാത്ത കൽക്കത്ത.. 

കൽക്കത്തയിലെ നല്ല ചായ പ്രസ്ഥാനം

നല്ല ചായ കുറച്ച് മതി.... അതാണ് കൽക്കത്തൻ തെരുവുകളിലെ ചായകളുടെ പ്രത്യേകത ... പാല് നന്നായി തിളച്ച് അതിൽ ചായപ്പൊടിയിട്ട് ഉണ്ടാക്കുന്ന സൊയമ്പൻ ചായ . ഡിസ്പോസിബിൾ മൺകപ്പിൽ ചായ കുടിക്കാൻ ഒരു പ്രത്യേക ടേസ്റ്റാണ്.


കൽക്കത്തയിലെ ദരിയാഗഞ്ച്

ഹൗറയിൽ നിന്ന് നേരെ പോയത് ഏത് പുസ്തകവും പാതി വിലക്ക് ലഭിക്കുന്ന കോളേജ് സ്ട്രീറ്റിലെ പുസ്തക ചന്തയിലേക്കാണ്. ലോകത്തിലെ ഏത് ബെസ്റ്റ് സെല്ലർ പുസ്തകവും ഇവിടെ ലഭിക്കും. 

 വിലപേശാൻ അറിയുമെങ്കിൽ ഏത് ടൈറ്റിലും ചെറിയ വിലയിൽ നമുക്ക് സ്വന്തമാക്കാം..

ഇത് പോലൊരു മാർക്കറ്റ് ഡൽഹിയിലെ ദരിയാഗഞ്ചിലാണ് കണ്ടത്.



 *ട്രെയ്ൻ-ടു- സാന്ദ്രഗച്ചി

ഇന്ത്യയെ അറിയാൻ ഏറ്റവും നല്ലത് ട്രെയ്ൻ യാത്രകൾ തന്നെയാണ്. ഇന്ത്യൻ സംസ്കൃതിയുടെ ഒരു പരിഛേദമാണ് ഇന്ത്യൻ ട്രെയ്നുകൾ. കോഴിക്കോട് നിന്ന് സാന്ദ്രഗച്ചിയിലേക്ക് 2263 കി.മി

സഹയാത്രികൻ ജാബിർ മലയിലിനോടൊപ്പം

കേരളം ,തമിഴ്നാട് , ആന്ധ്രപ്രദേശ്  പിന്നെ ഒഡീഷയും കടന്ന് പശ്ചിമ ബംഗാളിലേക്ക്.  

പലതരത്തിലുള്ള വേഷവിധാനങ്ങൾ , ഭാഷകൾ, രുചികൾ ......

ഈ യാത്രയിൽ എനിക്കാറിയാവുന്ന ഹിന്ദിയിൽ ഞാൻ കുറേ പേരുമായി സംസാരിച്ചു . കേരളത്തിലെ ഏലത്തോട്ടതിൽ പണിചെയ്യുന്ന ബംഗാളി പയ്യൻ ഇരുപത്കാരൻ മുകുന്ദ് , ഒരു വർഷമായി കേരളത്തിൽ പെയ്ൻ്റർ ആയി ജോലി ചെയ്യുന്ന ഷെയ്ഖ് ബഷീർ, ചാന്ദ്നി ചൗക്കുകാരി മുംതാസ്.... 

കോഴിക്കോട് നിന്ന് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ പശ്ചിമ ബംഗാളിലെ സാന്ദ്രഗച്ചി വരെ 2263 കി.മി യാത്രയിൽ ബംഗാളികളെ കൂടുതൽ അറിയാനും അവരെ മനസ്സിലാക്കാനും കഴിഞ്ഞു... 

ഇതെഴുതുമ്പോഴും ബംഗാളിലെ മിഡിനിപ്പൂർ ജില്ലയിലെ ദിലുവിനോട് സംസാരിക്കുകയായിരുന്നു. ദിലു തിരൂരിൽ ടൈലിൻ്റെ പണി ചെയ്യുന്നു.

ദിലുവിനോട്  മമതയെ പറ്റി ചോദിച്ചപ്പോൾ അവന് നല്ലതേ പറയാനുള്ളൂ... അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്നത് കൊണ്ടാണ് കേരളത്തിൽ വികസനം എന്നാണ് ദിലു പറയുന്നത്. അവിടെ ഭരണമാറ്റം വേണമെന്നാണ് ദിലുവിൻ്റെ അഭിപ്രായം.


സോനാഗച്ചി

കൊല്‍ക്കത്തയിലെ സോനാഗച്ചി ശരീരവില്പനയുടെ കേന്ദ്രമാണ്. സോനാഗച്ചി പോകാൻ കൊള്ളാവുന്ന ഇടമെല്ലങ്കിലും ടാക്സിക്കാരനോട് സോനാഗച്ചിയെ പറ്റി ചോദിച്ചു... എന്താ നിങ്ങൾക്ക് പോകാൻ ഉദ്ദേശമുണ്ടോ ? 
ഡ്രൈവറുടെ ചോദ്യം കേട്ട് ഒന്നു പരുങ്ങിയെങ്കിലും അതെ എന്ന് ഉത്തരം നൽകി... 
ആ തെരുവ് ഒന്ന് കാണാനാണ് ഒന്നും ചെയ്യാനല്ല.. അത് പറഞ്ഞപ്പോൾ ഡ്രൈവർ ഒരേ ചിരി....
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ യിൽ സോനാഗച്ചിയെ പറ്റി കുറേ വായിച്ചിട്ടുണ്ട്.   വായിച്ചത് മുതൽ അതൊക്കെ ഒന്ന് നേരിൽ കാണാം എന്നു കരുതിയാണ്


 *കൽക്കത്തയോട് വിട പറയുമ്പോൾ

കൽക്കത്തയാത്ര അനുഭവങ്ങളുടെ ഒരു ഘോഷ യാത്രയാണ് നമുക്ക് സമ്മാനിക്കുന്നത്. എത്ര കണ്ടാലും കൊതി തീരാത്ത ഒരുപാട് കാഴ്ചകൾ...

 ഒരിക്കൽ കൂടി കൽക്കത്തക്ക് വരണം ഈ യാത്രയിൽ ബാക്കി വെച്ച ഡാർജിലിങ്, സുന്ദർബൻസ്  എന്നിവ കാണണം..  ബൈ കൽക്കത്ത ബൈ...

സദാചാര മൂല്യത്തിൻ്റെ പുതിയ ഭാഷ്യങ്ങൾ എന്നെ പഠിപ്പിച്ച എൻ്റെ പ്രിയപ്പെട്ട 

കൽക്കത്ത നഗരമേ  വിട ...... 



✍️ *ഫൈസൽ പൊയിൽക്കാവ്*





4 comments:

Anonymous said...

യാത്രകൾ ജീവിതത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളാണ്. മനുഷ്യന്റെ ചെറിയ ജീവിത കാലയളവിൽ ഒരുപാട് സ്ഥലങ്ങൾ കാണുക അവിടെയുള്ള ജീവിത അനുഭവങ്ങൾ ഉൾക്കൊള്ളുക. അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക♥️😍👌

Anonymous said...

നല്ലരിതിയിലുള്ള യാത്ര വിവരണം..

Anonymous said...

മനോഹരമായ വിവരണം, കൊൽക്കത്ത പോയി വന്നത് പോലെ അനുഭവപ്പെട്ടു 👌🏽

Anonymous said...

നല്ല വിവരണം. നന്ദി.

Google