Monday, October 20, 2025

അയൽക്കാർ

 


പി. കേശവദേവിൻ്റെ ഈ നോവൽ 1963-ൽ ആണ് പ്രസിദ്ധീകരിച്ചത്. 1964-ൽ ഇതിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കേരളത്തിൻ്റെ ഏകദേശം അമ്പത് വർഷത്തെ സാമൂഹിക മാറ്റങ്ങളെയാണ് നോവൽ അടയാളപ്പെടുത്തുന്നത്.

പ്രധാന കഥാപാത്രങ്ങളും അവരുടെ പശ്ചാത്തലവും

നോവലിലെ പ്രധാന കഥാപാത്രങ്ങൾ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ളവരും, അവർ കേരളത്തിലെ മൂന്ന് പ്രധാന സമുദായങ്ങളുടെ പരിണാമത്തെ പ്രതിനിധീകരിക്കുന്നവരുമാണ്.

1. മംഗലശ്ശേരി തറവാട് (നായർ സമൂഹം - പതനം)

 * പത്മനാഭൻ പിള്ള: മംഗലശ്ശേരി തറവാടിന്റെ കാരണവർ. പഴയ നാടുവാഴിത്ത മനോഭാവവും അഹങ്കാരവും പേറുന്നയാൾ. അലസതയും പുതിയ കാലത്തെ ഉൾക്കൊള്ളാനുള്ള മടിയും കാരണം തറവാട് സാമ്പത്തികമായും സാമൂഹികമായും തകരുന്നു. മരുമക്കത്തായ സമ്പ്രദായത്തിൻ്റെ തകർച്ചയുടെ ദുരന്തമാണ് അദ്ദേഹത്തിൻ്റെ ജീവിതം.

 * സുമതി, വസുമതി, രാമചന്ദ്രൻ: തകർന്ന തറവാട്ടിലെ അടുത്ത തലമുറ. ഇവരിൽ പലർക്കും നല്ല ജീവിതം ലഭിക്കുന്നില്ല. ചിലർ സ്വന്തം നിലനിൽപ്പിനായി തെണ്ടിത്തിരിയേണ്ട അവസ്ഥ വരുന്നു.

2. പച്ചാഴി കുടുംബം (ഈഴവ സമൂഹം - ഉയർച്ച)

 * കുഞ്ഞൻ: ജാതീയമായ അടിച്ചമർത്തലുകൾ അനുഭവിച്ചറിഞ്ഞ തലമുറയെ പ്രതിനിധീകരിക്കുന്നു.

 * ഭാസ്കരൻ, രാമചന്ദ്രൻ: കുഞ്ഞൻ്റെ മക്കൾ. ഇവർ പുതിയ തലമുറയുടെ പ്രതീകമാണ്. വിദ്യാഭ്യാസം, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സാമൂഹിക സമരങ്ങൾ എന്നിവയിലൂടെ ജാതീയമായ അവശതകൾക്കെതിരെ പോരാടുകയും, സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തുകയും ചെയ്യുന്നു. ഇവർ സാമൂഹികമായി മുന്നോട്ട് വരുന്നതിൻ്റെ കഥ നോവൽ ശക്തിയായി അവതരിപ്പിക്കുന്നു.

3. ക്രിസ്ത്യൻ കുടുംബം (സാമ്പത്തിക വളർച്ച)

 * കുഞ്ഞുവറീത്: കഠിനാധ്വാനവും കച്ചവടബുദ്ധിയുമുള്ള കഥാപാത്രം. ഒരു കുടിലിൽനിന്ന് തുടങ്ങി, സാമ്പത്തിക കാര്യക്ഷമതയിലൂടെ അദ്ദേഹം സ്വന്തം കുടുംബത്തെ പണക്കാരുടെ നിലയിലേക്ക് ഉയർത്തുന്നു.

 * വറീതിൻ്റെ മക്കൾ: കൃഷിയും കച്ചവടവും വഴി സാമ്പത്തിക ശക്തിയാവുകയും, തൻ്റെ അയൽക്കാരായിരുന്ന നായർ തറവാടിനേക്കാൾ ഉയർന്ന നിലയിലെത്തുകയും ചെയ്യുന്നു.

നോവലിലെ സാമൂഹിക വിഷയങ്ങൾ

 * മരുമക്കത്തായത്തിൻ്റെ തകർച്ച: നായർ തറവാടുകളുടെ സമ്പത്തും അധികാരവും ക്ഷയിക്കുന്നതിലൂടെ, കേരളത്തിലെ മരുമക്കത്തായം (Matrilineal System) എന്ന വ്യവസ്ഥിതിയുടെ തകർച്ച നോവൽ വരച്ചുകാട്ടുന്നു.

 * ജാതിവ്യവസ്ഥയുടെ മാറ്റം: ഈഴവ സമുദായത്തിൻ്റെ സാമൂഹിക മുന്നേറ്റം, അവർക്ക് വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സ്വാതന്ത്ര്യം എന്നിവ ലഭിക്കുന്നതിലൂടെ ജാതിവ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ നോവൽ ചർച്ചചെയ്യുന്നു.

 * സാമ്പത്തിക സമവാക്യത്തിലെ മാറ്റം: പാരമ്പര്യ പ്രതാപം നഷ്ടപ്പെട്ട് നായർ തറവാടുകൾ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോൾ, കഠിനാധ്വാനികളും കച്ചവട താൽപര്യമുള്ളവരുമായ ക്രിസ്ത്യൻ, ഈഴവ കുടുംബങ്ങൾ സാമ്പത്തികമായി വളർന്ന് സമൂഹത്തിലെ പുതിയ അധികാര കേന്ദ്രങ്ങളായി മാറുന്നു.

 * റിയലിസം (Realism): കേശവദേവ് ഒരു സോഷ്യലിസ്റ്റ് റിയലിസ്റ്റ് എഴുത്തുകാരനായിരുന്നു. സാധാരണക്കാരായ മനുഷ്യരെയും അവരുടെ ദൈനംദിന ജീവിതത്തിലെ പോരാട്ടങ്ങളെയും യാഥാർത്ഥ്യബോധത്തോടെ നോവലിൽ അവതരിപ്പിക്കുന്നു.

ചുരുക്കത്തിൽ, 'അയൽക്കാർ' എന്നത് ഒരു ചെറിയ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ, ഒരു വലിയ സമൂഹത്തിൽ സംഭവിച്ച ചരിത്രപരമായ വിപ്ലവങ്ങളെ ശക്തമായി അവതരിപ്പിക്കുന്ന ഒരു ക്ലാസിക് നോവലാണ്.

Saturday, October 18, 2025

ടൈം മെഷീൻ


 അല്ലാഹുവിൻ്റെ ഖജനാവിൽ മാത്രമാണ് സമയം ഉള്ളത്. അനന്തമായ സമയം."

ഇത്  പറഞ്ഞത് വൈക്കം മുഹമ്മദ് ബഷീറാണ് .

സമയത്തെക്കുറിച്ചുള്ള മനുഷ്യൻ്റെ പരിമിതിയെയും, ദൈവത്തിൻ്റെ അനന്തമായ അധികാരത്തെയും സൂചിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ തത്വചിന്താപരമായ ചിന്തകളിലൊന്നാണിത്.


സമയത്തിനെ പറ്റി വ്യാകുലപ്പെടാത്തവർ ഉണ്ടാവില്ലെന്ന് തോന്നുന്നു. 

എത്ര വേഗമാണ് വർഷങ്ങൾ കടന്നു പോവുന്നത്.

ഉമ്മറ കോലായിൽ തുലാമഴ നോക്കിയിരിക്കുമ്പോൾ മനസ്സിൽ ഓർമ്മപ്പെയ്ത്താണ് . അന്നത്തെ കാലം . രാവിലെ എഴുന്നേറ്റ് കിണറ്റിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരി കുളിച്ചതും . ബക്കറ്റിൽ വെള്ളം നിറച്ച് വീടിന് അകലെയുള്ള ടോയ്ലെറ്റിൽ പോയതും . അന്ന് എല്ലാത്തിനും സമയമുണ്ടായിരുന്നു. ഇന്ന് കുളിക്കാൻ ഷവറും മറ്റ് അത്യാധുനിക സൗകര്യമുള്ള വീട്ടിനകത്തെ ടോയ്ലെറ്റ് അലക്കാനും ഉണക്കാനും ഫുളി ഓട്ടോ മാറ്റിക്ക് വാഷിങ് മെഷിൻ , പൊടിക്കാനും അരക്കാനും യന്ത്രങ്ങൾ ഇവയൊന്നും ഉണ്ടായിട്ടു പോലും സമയം ഒന്നിനും തികയുന്നില്ല.

ശാസ്ത്രം സമയ സമ്പാദകോപാധികൾ ധാരാളം നിർമ്മിച്ചെങ്കിലും നമുക്കൊന്നിനും ഇപ്പോ സമയമില്ല...

റഫീഖ് അഹമ്മദിൻ്റെ ഭാഷയിൽ പറഞ്ഞാൽ സമയത്തെ കുറിച്ച് ചിന്തിച്ചാൽ ഒരു പക്ഷേ ശാസ്ത്രീയമായ ഒരാത്മീയതയിൽ നമ്മളെത്തിച്ചേരും..

എണ്ണിയെണ്ണി കുറയുന്നിതായുസ്സും-മണ്ടിമണ്ടി കരേറുന്നു മോഹവും" - പൂന്താനം

ടൈം മെഷീൻ - എച്ച്. ജി. വെൽസ് 1895-ൽ എഴുതിയ പ്രശസ്തമായ ഒരു ശാസ്ത്ര നോവലാണ് 'ദി ടൈം മെഷീൻ'.

Saturday, October 11, 2025

കാലൻ കോഴി കൂവുമ്പോൾ






കാലൻ കോഴി കൂവുമ്പോൾ ആരുടേയോ മരണമടുത്തു എന്ന് വിശ്വസിക്കുന്നവർ ഇന്നുമുണ്ട്. 
ശരിക്കും കാലൻ കോഴി കാലൻ്റെ വരവറിയിക്കുകയാണോ അതിൻ്റെ കൂവലിലൂടെ ....
പാവം മൂങ്ങവർഗ്ഗത്തിൽ പെട്ട ഈ പക്ഷിക്ക് എങ്ങിനെയാണ് ഇങ്ങനെയൊരു പേരു ദോഷം വന്നത് ?



വീഡിയോ കാണുക👇




 ചിത്രങ്ങൾ കടപ്പാട് : അഭിലാഷ് രവീന്ദ്രൻ

Wednesday, October 8, 2025

എസ്. കെ. പൊറ്റെക്കാട്ട്: സഞ്ചാരിയും കഥാകാരനും


​മലയാളസാഹിത്യത്തിലെ അതുല്യനായ എഴുത്തുകാരനും സഞ്ചാരസാഹിത്യത്തിന്റെ കുലപതിയുമാണ് ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്, അഥവാ എസ്. കെ. പൊറ്റെക്കാട്ട് (1913–1982).




​മലയാളികൾക്ക് അന്നുവരെ അപരിചിതമായിരുന്ന ലോകത്തെയും മനുഷ്യരെയും സ്വന്തം അനുഭവങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊടുത്ത മഹാനാണ് അദ്ദേഹം.
​പ്രധാന കാര്യങ്ങൾ:
​സഞ്ചാരികളുടെ എഴുത്തുകാരൻ:
​ഇന്ത്യൻ സാഹിത്യത്തിൽത്തന്നെ യാത്രാവിവരണ (Travelogue) ശാഖയുടെ തുടക്കക്കാരൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.
​വളരെ കുറഞ്ഞ ചെലവിൽ കപ്പൽമാർഗ്ഗവും സാധാരണ യാത്രകളിലൂടെയും അദ്ദേഹം യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങൾ സന്ദർശിച്ചു.
​സാധാരണക്കാരുമായി ഇടപഴകാനും അവരുടെ ജീവിതം അടുത്തറിയാനുമായിരുന്നു അദ്ദേഹം എപ്പോഴും ശ്രമിച്ചത്.
​പ്രധാന യാത്രാവിവരണങ്ങൾ: കാപ്പിരികളുടെ നാട്ടിൽ (ആഫ്രിക്കൻ യാത്ര), പാതിരാസൂര്യന്റെ നാട്ടിൽ.
​നോവലുകളിലെ കോഴിക്കോടൻ ജീവിതം:
​യാത്രകൾ പോലെ തന്നെ അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും പ്രസിദ്ധമാണ്. കോഴിക്കോടിന്റെ (അദ്ദേഹത്തിന്റെ ജന്മനാട്) പശ്ചാത്തലത്തിൽ, അവിടുത്തെ സാധാരണക്കാരുടെ ജീവിതമാണ് പലപ്പോഴും വിഷയമാക്കിയത്.
​പ്രധാന നോവലുകൾ:
​ഒരു ദേശത്തിന്റെ കഥ (Oru Desathinte Katha): തന്റെ ഗ്രാമമായ അതിരാണിപ്പാടത്തിന്റെ കഥ പറയുന്ന ഈ നോവലിന് 1980-ൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം അവാർഡ് ലഭിച്ചു.
​ഒരു തെരുവിന്റെ കഥ (Oru Theruvinte Katha): കോഴിക്കോട്ടെ മിഠായിത്തെരുവിലെ വിവിധ മനുഷ്യരുടെ ജീവിതകഥയാണിത്. ഇതിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
​മറ്റ് കൃതികൾ: നാടൻ പ്രേമം, വിഷകന്യക.
​എഴുത്തിന്റെ പ്രത്യേകത:
​പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മോഹങ്ങളും ദുരിതങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി.
​ഒരു വിഷയത്തെ വികാരതീവ്രതയോടെ അവതരിപ്പിക്കാനും വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ലോകം സൃഷ്ടിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

​നോവലിസ്റ്റ്, കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ, കവി, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിൽ തിളങ്ങിയ എസ്.കെ. പൊറ്റെക്കാട്ട്, ലോകത്തെ അറിയാനും മനുഷ്യരെ സ്നേഹിക്കാനും മലയാളികളെ പഠിപ്പിച്ച മഹാനായ എഴുത്തുകാരനാണ്.

















 

Wednesday, October 1, 2025

ഒരു പൈതൽമല യാത്ര


 പൈതൽ മലയുടെ മുകളിൽ എത്താൻ ഒരു 5 കി.മി ട്രെക്കിങ് ഉണ്ട് . ഇടതൂർന്ന് വളരുന്ന മരങ്ങൾക്കിടയിലൂടെ നടന്ന് മുകളിലെത്തണം. ഇടക്കിടെ കോട വന്ന് വഴി കാണാതെയാവും. 
പൈതൽ മലയിലും നല്ല അട്ട ശല്യമുണ്ട്.  ഇരവികുളം നാഷണൽ പാർക്കിൽ എന്നെ അട്ടകൾ വളഞ്ഞിട്ട് ആക്രമിച്ചതിൻ്റെ ഓർമ്മയിൽ ഇപ്രാവശ്യം സാനിറ്റൈസറും ഉപ്പുമെല്ലാം സ്റ്റോക്കുണ്ട്. പോരാത്തതിന് ട്രെക്കിങ് ഷൂസും ധരിച്ചിട്ടുണ്ട്. 

മുകളിലെത്തുമ്പോൾ വീണ്ടും കാഴ്ചകൾ മറച്ച് കൊണ്ട് കോടവന്ന് മൂടി .കൂട്ടിന് ചന്നം പിന്നം മഴയും. കൈയ്യിൽ കരുതിയിരുന്ന മഴക്കോട്ട് ധരിച്ച് വ്യൂ പോയിൻ്റിലേക്ക് നടന്നു.

വ്യൂ പോയിൻ്റിൽ കാവൽക്കാരനും ഗൈഡുമായ ആൻ്റണി ചേട്ടൻ ആ മലയുടെ കഥ പറഞ്ഞു തുടങ്ങി.

വൈതാളകൻ എന്ന പേരുള്ള ഒരു ആദിവാസി രാജാവ് പൈതൽ മല ആസ്ഥാനമാക്കി ഒരു രാജ്യം ഭരിച്ചിരുന്നു . ഈ രാജാവിൽ നിന്നാണ് ഈ മലക്ക്  വൈതൽ മല എന്ന  പേര് ലഭിച്ചത് പോൽ പിന്നീട് അതെപ്പോഴോ പൈതൽ മലയായി  .നല്ല പുകവലി ശീലമുള്ള ആൻ്റണി ചേട്ടൻ ചുമ വരുമ്പോൾ കഥ ഇടയ്ക്ക് നിർത്തി.

മഞ്ഞിലും മഴയിലും  പൈതൽ മലയെ കാക്കുന്ന ആൻ്റണി ചേട്ടന് മനസ്സ്  കൊണ്ട് ഒരു ബിഗ് സല്യൂട്ട് കൊടുത്തു കാഴ്ചകളിലേക്ക് ... 

എവിടെ നിന്നോ കാറ്റിൻ പുറത്തേറി കാഴ്ചകൾ മറച്ച് കൊണ്ട് കോട ഞങ്ങളെ വന്ന് പുൽകി.. കോട മാറുമ്പോൾ അങ്ങ് ദൂരെ പച്ചപ്പ് വിരിച്ച മലയടിവാരം കാണാൻ എന്ത് ഭംഗിയാണെന്നോ?..


എന്നും പറയുമ്പോലെ ഇന്നും പറയുന്നു ഈ ദൃശ്യ വിസ്മയങ്ങൾ ഒരു എ. ഐ കാമറ ലെൻസിനും പകർത്താൻ കഴിയാത്തത് തന്നെ. 

പേരറിയാത്ത റോസ് നിറത്തിലുള്ള പൂവുകൾ പുൽമേട്ടിൻ്റെ ഭംഗി കൂട്ടുന്നുണ്ട്. കാഴ്ചയിൽ ലയിച്ച് അങ്ങിനെ നിൽക്കുമ്പോഴാണ് ജീൻസിൽ പടരുന്ന ചോര ശ്രദ്ധയിൽ പെട്ടത്. അട്ട ചോര ഊറ്റി കുടിച്ച് മദോന്മത്തനായി താഴേക്ക് വീണു കിടക്കുന്നു. ഒരു നിമിഷം കൊണ്ട് അതിൻ്റെ കഥ കഴിക്കാൻ കഴിയുമായിരുന്നെങ്കിലും അത് ചെയ്തില്ല. എൻ്റെ രക്തം കുടിച്ച് ഒരു ജീവിക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ അങ്ങിനെയാവട്ടെ എന്നു കരുതി നടത്തം തുടർന്നു...



സമുദ്രനിരപ്പിൽ നിന്ന് 1372 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ, കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി വിശേഷണങ്ങൾ പലതാണ് പൈതൽ മലയ്ക്ക്. തളിപ്പറമ്പിൽ നിന്ന് 40 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 65 കിലോമീറ്ററും അകലെ  കുടക് വനങ്ങൾക്ക് സമീപത്താണ് പൈതൽ മല.



Google