ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് എന്ന് പറയുന്നത് പോലെ ഒരോ ഇലക്ഷൻ ഡ്യൂട്ടിയും നമുക്ക് തരുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്.
ജനാധിപത്യ ആഘോഷത്തിൻ്റെ കാർമ്മികത്വം വഹിക്കാൻ കിട്ടുന്ന അവസരങ്ങൾ. ആ രണ്ടു ദിവസങ്ങൾ നമ്മൾ എത്ര മാത്രം കഴിവുള്ളവരാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.
ഇതുവരെ കാണാത്ത നാട് അവിടത്തെ നാട്ടുകാർ, പോളിങ് എജൻ്റ്മാർ പല തലത്തിലുള്ള ഉദ്യോഗസ്ഥർ .....
ഇപ്രാവശ്യം ഡ്യൂട്ടി കീഴ്പ്പയ്യൂരിലെ മുഹ് യിൽ ഇസ്ലാം മദ്രസയിലെ രണ്ടാമത്തെ ബൂത്തിലായിരുന്നു. തലേദിവത്തെ പണികൾ തീർന്നപ്പോൾ രാത്രി പത്ത് മണി. ഇനി ഒന്ന് കുളിക്കണം . മദ്രസയുടെ മുമ്പിലെ ഖബർസ്ഥാനുള്ള പള്ളിയിൽ എല്ലാ സഹായവും പള്ളി കമ്മിറ്റി ചെയ്തിട്ടുണ്ട്. അവിടെ പോയി കുളിക്കാൻ തീരുമാനിച്ചു. പകൽപോലും ഖബർസ്ഥാനിൽ ഒറ്റയ്ക്ക് പോവുമ്പോൾ ഒരു പേടിയാണ്. പക്ഷെ ഇത്തവണ അശേഷം പേടി തോന്നിയില്ല. രാവിലെ നടത്തേണ്ട മോക്ക് പോളായിരുന്നല്ലോ മനസ്സ് നിറയെ...
ദൂരെ നിന്നുള്ള കാലൻ കോഴിയുടെ കരച്ചിൽ
മരണത്തെ പറ്റി ഓർമ്മിപ്പിച്ചു.... ഖബർസ്ഥാനിൽ നിത്യ ഉറക്കത്തിലായ എല്ലാ ആത്മാക്കൾക്കും നിത്യ ശാന്തി നേർന്നു.
രാവിലെ നേരത്തേ ഉണർന്ന് ഇ.വി.എം പോളിങ്ങിന് സജ്ജമാക്കണം... പ്രിസൈഡിങ്ങ് ഓഫീസറുടെ വിജയം കൂടെ ഉള്ള പോളിങ് ഉദ്യോഗസ്ഥർക്കുള്ള ആത്മ വിശ്വാസം പകർന്നു നൽകുക തന്നെയാണ് എന്ന് ഓർമ്മിപ്പിച്ച പഴയ കാല ഇലക്ഷൻ അനുഭവങ്ങൾ.
കൃത്യമായി അവരത് ചെയ്തപ്പോൾ ഇലക്ഷൻ ഒരു സമയത്തും പ്രശ്നമായില്ല...
വിളിച്ചാൽ വിളിപ്പുറത്തുള്ള എൻ്റെ പഴയ കാല സുഹൃത്താണ് സെക്ടർ ഓഫീസർ എന്നത് എന്നിലെ ആത്മ വിശ്വാസം ഉയർത്തി.
പക്ഷെ ഇലക്ഷൻ നന്നായി നടത്തണമെങ്കിൽ ഇതൊന്നും പോര ഇലക്ഷൻ ഏജൻ്റ്മാരുടെ കട്ട സപ്പോർട്ട് വേണം അത് ഇപ്രാവശ്യം ആവോളം അനുഭവിച്ചു.
ചാലഞ്ച് വോട്ടും ടെൻ്റേഡ് ബാലറ്റും പ്രതീക്ഷിച്ച് ഡ്യൂട്ടിക്ക് പോയ എനിക്ക് തമാശ പറഞ്ഞ് പൊട്ടി ചിരിച്ച് ഒരു ഇലക്ഷൻ ...അവർ ഞങ്ങൾക്ക് വേണ്ടി നല്ല ഭക്ഷണം ഒരുക്കി... ചുരുക്കി പറഞ്ഞാൽ ഒരു തക്കാരത്തിനു പോയത് പോലെ ...
രണ്ട് ദിവസം പോയതറിഞ്ഞില്ല ... അവസാനം ഇലക്ഷൻ കഴിഞ്ഞ് ഇറങ്ങുമ്പോൾ അവരുമായി ഉണ്ടാക്കിയ ആത്മബന്ധം.
ഇനിയും കാണണമെന്ന് പറഞ്ഞ് കംട്രോൾ യൂണിറ്റുമായി പുറത്തിറങ്ങുമ്പോൾ പോളിങ് ഉദ്യോഗസ്ഥരും പോളിങ് ഏജൻ്റ്മാരും ചേർന്ന് ഒരു സെൽഫി.
സമയം 6.45 ഇനി ബസ്സിൽ കലക്ഷൻ സെൻ്ററിൽ എത്തി പോളിങ് സാമഗ്രികൾ തിരികെ ഏൽപ്പിച്ച് മടങ്ങണം..
അവിടെ ഓടി എത്താനുള്ള സമയം മാത്രമായിരുന്നു കടമ്പ... കലക്ഷൻ സെൻററിൽ എത്തി വളരെ പെട്ടെന്ന് സാമഗ്രികൾ കൈമാറി പണ്ട് പഠിച്ച പയ്യോളി ഹൈസ്കൂളിലെ വരാന്തയിലൂടെ നടക്കുമ്പോൾ അറിയാതെ എന്നിലെ ഗൃഹാതുരത്വം ഉണർന്നു...
( തുടരും😍)
✒️ ഫൈസൽ പൊയിൽക്കാവ്


No comments:
Post a Comment