Tuesday, December 20, 2022

ന്യൂറാ ലിങ്ക്


 *ന്യൂറാ ലിങ്ക്* 

തലച്ചോറിലെ ആവേഗങ്ങൾ മനസ്സിലാക്കി കാര്യങ്ങൾ ചെയ്യാൻ മനുഷ്യരെ പ്രാപ്തരാക്കാൻ കഴിയുന്ന ചിപ്പുകൾ വികസിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പ് പ്രോജക്ടായ ന്യൂറാ ലിങ്ക്. 


തലമുടിനാരിനെക്കാൾ ചെറിയ ഇലക്ട്രോഡ് ത്രെഡുകൾ തലയിൽ സ്ഥാപിച്ചുകൊണ്ട് മസ്തിഷ്കത്തിലെ  പ്രവർത്തനം മനസ്സിലാക്കുകയാണ് ഈ ഇന്‍റര്‍ഫേസ് ആദ്യം ചെയ്യുക. മസ്തിഷ്കത്തിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങളെ എൻ1 സെൻസർ സ്വീകരിച്ച് സിഗ്നലുകൾ ആംപ്ലിഫൈ ചെയ്ത് സോഫ്റ്റ്‌വെയർ മുഖേന വിശകലനം ചെയ്ത് കമാൻഡുകളാക്കി മാറ്റി പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങളിലേക്ക് നല്‍കും. ദുര്‍ഘടമായ ഈ പ്രക്രിയ സെക്കന്‍റുകള്‍ക്കുള്ളില്‍ സാധിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കും.

ഗുരുതരമായ മസ്തിഷ്‌ക ക്ഷതങ്ങളില്‍ നിന്ന് സുഷുമ്‌നാ നാഡിയിലെ പരിക്കുകളില്‍ നിന്നും കരകയറുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ന്യൂറലിങ്ക് സ്ഥാപിതമായത്. 

ഈ പ്രൊജക്ട് സാധ്യമായാൽ വരും കാലങ്ങളിൽ   കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണങ്ങളുടെ സഹായത്താൽ രോഗികൾക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

Monday, December 12, 2022

തനി പാലക്കാടൻ


പാലക്കാടൻ ഗ്രാമഭംഗി ആസ്വദിച്ച് ഒരു യാത്ര ആരാ കൊതിക്കാത്തത് . കാഴ്ചയുടെ പറുദീസയാണ് പാലക്കാട്. വയലേലകളും അതിന് അതിരിടുന്ന കരിമ്പനയും മഞ്ഞു പുതച്ച നെല്ലിയാമ്പതിയും മലയാള സിനിമയുടെ തറവാടായ വരിക്കാശ്ശേരി മനയും , ഒ.വി വിജയന്റെ തസ്രാക്കും അങ്ങിനെയങ്ങിനെ ഒരു പാടു കാഴ്ചകൾ

*വരിക്കാശ്ശേരി മന*





മലയാള സിനിമയുടെ തറവാടാണ് വരിക്കാശ്ശേരി മന.
ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന സിനിമയിലെ മംഗലശ്ശേരി നീലകണ്ഠനെ അത്ര  പെട്ടെന്ന് ആരും മറക്കില്ല. ദേവാസുരം അടക്കം തൊണ്ണൂറോളം സിനിമകൾ ഷൂട്ട് ചെയ്തത് ഈ മനയിലാണ്.
ഞങ്ങൾ വരിക്കാശ്ശേരി മനയിലെത്തുമ്പോൾ ദേവാസുരത്തിലെ ഭാനുമതിയെ ഓർമ്മിപ്പിച്ച് ഒരു യുവതി മനയുടെ നടു മുറ്റത്ത് ചിലങ്കയണിഞ്ഞ് ഫോട്ടോ ഷൂട്ടിനുള്ള പുറപ്പാടിലാണ്.
ഏകദേശം മുന്നൂറ് വർഷം പഴക്കമുണ്ട് ഈ മനയ്ക്ക്. മൂന്ന് നിലകളുള്ള നാലുകെട്ട് അതാണ് പ്രധാന ആകർഷണം ഇവിടത്തെ വിശാലമായ നടുമുറ്റവും ചുമർ ചിത്രങ്ങളും ശിൽപ വേലകളും ആരേയും ആകർഷിക്കും.


*നെല്ലിയാമ്പതി

ജൈവ വൈവിധ്യം ഏറെ കാണപ്പെടുന്ന കാടുകളാണ് നെല്ലിയാമ്പതി. കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നതും ഈ കാടിടത്തിലാണ്.  പോത്തുണ്ടി ഡാം കഴിഞ്ഞ് നെല്ലിയാമ്പതി ചെക്ക് പോസ്റ്റിൽ എത്തുമ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരുന്നു. ചെക്കിങ് കഴിഞ്ഞ് ഞങ്ങളുടെ വാഹനം മെല്ലെ ഹെയർ പിൻ വളവുകൾ കയറി തുടങ്ങി.

പുറത്ത് നൂൽ മഴ പെയ്യുന്നുണ്ട് കൂട്ടിന് കോടയും. ആൽകെമിസ്റ്റിൽ പറയുന്നത് പോലെ നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുന്നുവെങ്കിൽ അത് സംഭവിച്ചിരിക്കും. കാർ ഒരു വളവു തിരിഞ്ഞതും ഒരു കൂറ്റൻ കാട്ടുപോത്ത് റോഡ് ക്രോസ് ചെയ്യുന്നു. വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കുമ്പോൾ ഒരു കാരണവശാലും  ഹോൺ മുഴക്കാതിരിക്കാൻ ശ്രദ്ധിക്കുക . ഓർക്കുക കാടിടങ്ങൾ അവരുടെ ആവാസ വ്യവസ്ഥയാണ് നമ്മൾ വെറും കാഴ്ചക്കാർ മാത്രവും. കോട പുതച്ച് നിൽക്കുന്ന മലനിരകളുടെ സൗന്ദര്യം ഒരു ക്യാമറയിലും പകർത്താൻ നമുക്ക് കഴിയില്ല. ഇവിടങ്ങളിൽ ഒരു നിമിഷം പോലും കണ്ണടയ്ക്കാതെ പ്രകൃതി ഭംഗി ആസ്വദിക്കുക. 

വ്യൂ പോയിന്റിൽ എത്തുമ്പോൾ കോട വന്ന് ഞങ്ങളെ വാരി പുണർന്നു.

തുടരും


Saturday, October 29, 2022

കാടിന്റെ നിറങ്ങൾ

 

ഈ മുഖചിത്രം ഞാൻ ആദ്യമായി കാണുന്നത് യാത്രാ മാഗസിനിന്റെ കവർ പേജിലാണ്. ഈ ചിത്രം പകർത്തിയ ആളുടെ പേര് അന്നേ ഞാൻ മനസ്സിൽ കുറിച്ചിട്ടു . അസീസ് മാഹി. 

ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ കാടിന്റെ നിറങ്ങൾ എന്ന പുസ്തകം പ്രകാശനത്തിനായി ഒരുങ്ങുന്നു . 


കാട് എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വയനാട് മുത്തങ്ങ വഴി മൈസൂരിലേക്ക് യാത്ര പോകുമ്പോഴൊക്കെ ഒരു മിനുട്ട് പോലും കണ്ണ് ചിമ്മാതെ ബസ്സിന്റെ ജാലകത്തിലൂടെ നോക്കിയിരുന്നിട്ടുണ്ട്. കാട് കാണാൻ അതിലെ ജീവികളെ അറിയാൻ . ജീവിതത്തിന്റെ ഓട്ട പാച്ചിലിനിടയിൽ കാട് കയറാൻ ഇത് വരെ പറ്റിയിട്ടില്ല. പക്ഷെ ഇപ്പോൾ മുതൽ ഞാൻ കാടിനെ അറിയാൻ  തുടങ്ങി . അസീസ് മാഹിയുടെ പുസ്തകത്തിലൂടെ. കാടിന്റെ നിറങ്ങൾ എന്നെ ചിലപ്പോഴൊക്കെ ആഹ്ലാദിപ്പിക്കുകയും മറ്റു ചിലപ്പോൾ ചിന്തിപ്പിക്കുകയും ഇടയ്ക്കൊക്കെ സങ്കടപ്പെടുത്തുകയും ചെയ്യുന്നു ... ആനയും കടുവയും കാട്ടുപോത്തും വിഹരിക്കുന്ന കാടുകളിലൂടെ സഞ്ചരിച്ച് അവിടത്തെ വർണ്ണകാഴ്ചകൾ ഒപ്പിയെടുത്ത് അത് അദ്ദേഹത്തിന്റെ വാക്കുകളിൽ വിവരിക്കുമ്പോൾ ഗ്രന്ഥകർത്താവിന് ഒപ്പം നമ്മളും ഒരു  വനയാത്ര പോകുന്ന ഒരു ഫീൽ ...

കാടിന്റെ നിറങ്ങൾ എന്നെ വല്ലാതെ മോഹിപ്പിക്കുന്നു .നന്ദി അസീസ് മാഹി ഇത്രയും നല്ലൊരു പുസ്തകം കൈരളിക്ക് സമ്മാനിച്ചതിന്... 🙏

Tuesday, October 25, 2022

The science behind V shape


 ഇന്ന് രാവിലെ ഇങ്ങനെയൊരു കാഴ്ച കണ്ടപ്പോൾ ഒരു കൗതുകം തോന്നി. എന്ത് കൊണ്ടായിരിക്കും പക്ഷികൾ ഇങ്ങനെ V ഷേപ്പിൽ പറക്കുന്നത്. അന്വേഷണത്തിൽ മനസ്സിലായത് ഇങ്ങനെ പറക്കുമ്പോൾ ഗുരുത്വാകർഷണ ബലം കുറയ്ക്കാം മറ്റൊരു കാര്യം ഇത് ഫ്രീ ലിഫ്റ്റ് സൃക്ഷ്ടിക്കുന്നു. മുന്നിൽ പറക്കുന്ന പക്ഷിക്കൊഴികെ പിന്നാലെ പറക്കുന്ന എല്ലാ പക്ഷികൾക്കും ഈ ഒരു ബെനിഫ്റ്റ് ലഭിക്കും. അപ്പോൾ ആര് മുന്നിൽ പറക്കും ? ഇവിടെയാണ് നമ്മൾ മനുഷ്യർ പക്ഷികളിൽ നിന്നും പഠിക്കേണ്ടത്. ടേൺ അനുസരിച്ച് എല്ലാ പക്ഷികളും മാറി മാറി മുന്നിൽ പറക്കും. ഓരോ അംഗവും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇത് മൂലം അവർക്ക് സാധിക്കുന്നു.


അതെ നമ്മൾ ഒറ്റയ്ക്ക് പറക്കുന്നതിന് പകരം ഇനിയെങ്കിലും ഒന്നിച്ച് പറക്കാൻ ശ്രമിച്ചു കൂടെ..


✍ ഫൈസൽ പൊയിൽക്കാവ്

Sunday, October 23, 2022

പുതു ലഹരി

 

1987 ലെ റിലയൻസ് കപ്പ് മുതൽ ക്രിക്കറ്റ് ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. അന്ന് കപിൽ ദേവ് നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഗവാസ്ക്കർ, ശ്രീകാന്ത് എന്നിവർ ഓപ്പണറായി ഇറങ്ങുന്ന ഇന്ത്യൻ ടീം . വൺഡൗൺ ആയി നവ ജോത് സിദ്ദു. മിഡിൽ ഓർഡറിൽ കേണൽ എന്നറിയപ്പെടുന്ന ദിലീപ് വെoഗ്സാർക്കർ , ലോകോത്തര ഫീൽഡറും ബാറ്ററുമായ അസ്ഹറുദ്ധീൻ . ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഹാട്രിക്ക് നേടിയ ചേതൻ ശർമ്മ ...


കാലം പോകെ പോകെ ക്രിക്കറ്റിന്റെ രൂപവും ഭാവവും മാറി. ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ചു. പിന്നെ എല്ലാം സച്ചിൻ മയം. പ്രതിഭ കൊണ്ട് സച്ചിന് ഒട്ടും പിന്നിലല്ലാത്ത ദ്രാവിഡും ഗാംഗുലിയും . ലോകോത്തര ഫീൽഡർ അജയ് ജഡേജ. 

ക്രിക്കറ്റ് ഒരു ലഹരിയായിരുന്ന കാലം. അന്ന് കൂടുതലും കമന്ററി കേട്ടാണ് ക്രിക്കറ്റ് വിശേഷങ്ങൾ അറിഞ്ഞത്. ക്ലാസ്സിൽ റേഡിയോയിൽ കമന്ററി കേൾക്കുന്നതിനിടയിൽ ടീച്ചർ തൂക്കി പുറത്തിട്ടു.

ഇടയ്ക്ക് കോയ വിവാദം വന്ന് അസ്ഹറും ജഡേജയും ഇന്ത്യൻ ക്രിക്കറ്റിന്റെ പടിക്ക് പുറത്തായപ്പോൾ നിരാശയോടെ ഈ ഞാനും .

ഇത് കുട്ടി ക്രിക്കറ്റിന്റെ കാലമാണ് 20-20 .ഒരു ഓവറിൽ എല്ലാ ബോളും സിക്സറിന് പറത്തിയ യുവരാജ് സിംഗ് . ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശം വാനോളമുയർത്തി.

ഇപ്പോൾ പിന്നെയും ക്രിക്കറ്റിനോട് ഇഷ്ടമാണ്. അതിന് കാരണം വേറെ ആരുമല്ല. സാക്ഷാൽ വിരാട് കോഹ്‌ലി. അതെ കിംഗ് കോലി തന്നെ. കളിിയുടെ എല്ലാ ഫോർമാറ്റിലും കേമൻ കോഹ്ലി തന്നെ.







സച്ചിൻ പടുത്തുയർത്തിയ എല്ലാ റെക്കോർഡുകളും വിരാട് കോഹ്‌ലി ഒരിക്കൽ മറികടക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ലഹരികൾക്ക് അടിമയായി ജീവിതം നശിപ്പിക്കുന്നവരേ വരൂ സ്പോർട്സ് ഒരു ലഹരിയാക്കൂ. ക്രിക്കറ്റും ഫുട്ബോളും അതാവട്ടെ നമ്മുടെ ലഹരി.


# No to drugs campaign

✍ ഫൈസൽ പൊയിൽക്കാവ്

Sunday, October 2, 2022

പനങ്കൂളൻ


 പനങ്കൂളൻ


നിങ്ങൾ പനങ്കൂളനെ കണ്ടിട്ടുണ്ടോ? 

ഞാൻ കണ്ടിട്ടുണ്ട്. പനങ്കൂളനെ കാണാൻ സന്ധ്യാനേരത്ത് ആകാശത്തേക്ക് നോക്കണം. ഉയരത്തിൽ പിന്നെയും ഉയരത്തിൽ അത് വട്ടം ചുറ്റിപറക്കും. അതെ പനങ്കൂളൻ ഒരു പക്ഷിയാണ്. ചിലയിടങ്ങളിൽ അതിനെ മീവൽ എന്നും പറയും. രണ്ടായാലും സന്ധ്യ നേരത്ത് ആകാശം നോക്കിയിരിക്കുന്നവർ ഈ പക്ഷിയെ കാണാതിരിക്കാൻ വഴിയില്ല.

പനയോലയ്ക്ക് ഇടയിൽ കൂടു വെക്കുന്നതിനാലാണ് ഇതിന് പനങ്കൂളൻ എന്ന പേര്. 

പനങ്കൂളന്റെ ഇംഗ്ലീഷിലെ പേര് Asian Palm Swift എന്നാണ്.

Saturday, September 24, 2022

നിളാ നദീ തീരത്തിലൂടെ...


നിള  അങ്ങ് ആന മലയിൽ ഉത്ഭവിച്ച് ഇങ്ങ് പൊന്നാനി കടലിൽ അലിഞ്ഞ് ഇല്ലാതാവുന്നു. കേരളത്തിൽ പെരിയാർ കഴിഞ്ഞാൽ ഏറ്റവും നീളം കൂടിയ നദിയാണ് ഭാരതപ്പുഴ എന്നറിയപ്പെടുന്ന നിള. കുറ്റിപുറം എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാ ഋതുക്കളിലും നിളയെ കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മഞ്ഞിലും, മഴയിലും പിന്നെ വെയിൽ മാഞ്ഞ നേരത്തും ഞാൻ അവളെ പുണർന്നിട്ടുണ്ട്.       പുഴകളിൽ സുന്ദരിയാണ് നിള. കേരളത്തിന്റെ കലാസാഹിത്യ സാംസ്ക്കാരിക വളർച്ചയിൽ നിളയ്ക്ക് സ്ഥാനമുണ്ട്. കുറ്റിപ്പുറം പാലം എന്നും എന്നിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ്.

" ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന ആ കാലഘട്ടം " എത്രവേഗം പോയ് മറഞ്ഞിരിക്കുന്നു. എഴുതാനും എഴുതാൻ പറ്റാത്തതുമായ നിരവധി ഓർമ്മകൾ. ആലപ്പുഴക്കാരൻ ഫസിലും കണിയാപുരംകാരൻ അനൂഫും ഒത്ത് നിളാ നദീ തീരത്തിൽ ചിലവഴിച്ച   സായാഹ്നങ്ങൾ. നിളയുടെ മണൽ പരപ്പിൽ രാവേറെ ചെന്നിട്ടും നിർത്താതെയുള്ള കിസ്സ പറച്ചിൽ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ..

പാലക്കാട് , തൃശൂർ , മലപ്പുറം എന്നീ ജില്ലയിലൂടെ ഒഴുകുന്ന നിളാ വിശേഷങ്ങൾ എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല.

നാളെ നദീ ദിനത്തിൽ  നിളയുടെ തീരത്ത് പഴയ സുഹൃത്തുക്കളും ഒന്നിച്ച് ഒരിക്കലൂടെ നടക്കാൻ മനസ്സ് അറിയാതെ കൊതിച്ചു പോവുന്നു.തീരങ്ങളെ  പുളകിതയാക്കി ഇനിയും നിള  ഒരു പാട് ഒഴുകും കാലയവനികയ്ക്ക് പിന്നിൽ മായുന്നത് വരെ ഓർമ്മകൾ താലോചിച്ച് ഇവിടെ ഞാനും  .......

ട്രെയിൻ യാത്രയിൽ അന്നൊരിക്കൽ ഞാൻ പകർത്തിയ നിളാ നദീ ചിത്രം ഇവിടെ പങ്കു വെക്കുന്നു.




✍🏻 ഫൈസൽ പൊയിൽക്കാവ്


Google