ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത് ഗാന്ധിജിയാണ്.
അനൂപ്ദാസ് എഴുതിയ മറ്റൊരു ( മഹാ ) ഭാരതം വായിക്കുമ്പോൾ നമ്മൾ ഇന്ത്യൻ ഗ്രാമങ്ങളെ അടുത്തറിയുകയാണ് . ഇപ്പോഴും പലതരത്തിലുള്ള ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഗ്രാമങ്ങൾ. ഡിജിറ്റൽ ഇന്ത്യ എന്നൊക്കെ നമ്മൾ പറയുമ്പോഴും കറൻ്റ് പോലും എത്താത്ത ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യാൻ കാശിലാത്ത ഒരു ജനതയെ നമുക്ക് ഈ പുസ്തകത്തിലൂടെ കാണാം.
മതത്തിൻ്റെയും ജാതിയുടെയും പേരിൽ പാർശ്വ വൽക്കരിക്കപ്പെടുന്ന ആളുകൾ. അടിമ ജോലി ചെയ്തു ജീവിക്കുന്ന പാവപ്പെട്ട കർഷകർ. ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ വല്ലാത്ത കാഴ്ചയാണ്.
എഴുത്തിൽ എപ്പോഴും സത്യസന്ധത പുലർത്തുന്ന അനൂപ് ദാസ് ഇത് പറയുമ്പോൾ നമുക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
പുസ്തകത്തെ കുറിച്ച് സുഭാഷ് ചന്ദ്രൻ്റെ വാക്ക് കടമെടുത്താൽ " നാം കേട്ടു മാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യൻ ഗ്രാമങ്ങളിലൂടെ മാത്രമല്ല, നാം അനുഭവിച്ചറിയാൻ ഇടയില്ലാത്ത ഇന്ത്യൻ അവസ്ഥകളിലൂടെയാണ് ഈ പുസ്തകത്തിൽ അനൂപ് ദാസ് നമ്മെ പിൻനടത്തിക്കുന്നത്".
കാഞ്ചീപുരത്തെ ജാതി വ്യവസ്ഥയുടെ ഇരുൾ കവലകളിലൂടെ , പ്രളയക്കെടുതിയിൽ വർഷംതോറും പച്ച മനുഷ്യർ ജലസമാധിയിൽ കഴിയുന്ന റൈനി ഗ്രാമത്തിലെ ചിപ്പകോ സമരാഗ്നിയുടെ ഇനിയും കെട്ടിട്ടില്ലാത്ത കനലുകളിലൂടെ, ഹൈദരാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട വെറ്റിനറി ഡോക്ടറുടെ ദുർവിധിയിലൂടെ, മുംബൈയിലെ കാമാത്തിപുരയിലെ തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ ജീവൻ പൊലിഞ്ഞവരുടെ കുടികളിലൂടെ , മണിപ്പൂരിലെ ഇന്ത്യൻ സർക്കാരിന് വേണ്ടാത്ത മനുഷ്യ ജീവിതങ്ങളിലൂടെ, ശ്രീനഗറിലെ ഹസ്രത് ബാൽ പള്ളിയുടെ ഉൾതളങ്ങളിലൂടെ, ഹരിയാനയിലെ ഭിവാനി ജില്ലയിലുള്ള പന്ത് കളിക്കളുടെ ആവേശത്തിലൂടെ, രാജസ്ഥാനിലെ ജോധ്പൂരിലെ അഭയാർത്ഥികളുടെ അനാഥത്വത്തിലൂടെ പിന്നെ അയോധ്യയിലെ നമ്മൾ അറിയാത്ത കനൽ വഴികളിലൂടെ നമ്മളും സഞ്ചരിക്കുന്നു അനൂപ് ദാസിനൊപ്പം ഈ പുസ്തകത്തിലൂടെ ....
✍️ബുക്ക് റിവ്യു : ഫൈസൽ പൊയിൽക്കാവ്
No comments:
Post a Comment