കൊമ്പൻ മീശക്കാരൻ ടി.ടി.ഇ
പതിവു പോലെ വണ്ടി പയ്യോളി സ്റ്റേഷനിൽ നിന്ന് എടുക്കാനുള്ള സമയമായെന്ന് ഉച്ചത്തിലുള്ള വണ്ടിയുടെ ചൂളം വിളി കേട്ടപ്പോൾ മനസ്സിലായി... ഞാൻ ഓടി കിതച്ചു കൊണ്ട് ആദ്യം കണ്ട ബോഗിയിലേക്ക് ചാടി കയറി. വണ്ടിയുടെ ചക്രങ്ങൾ പതുക്കെ ഉരുളാൻ തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് എവിടെ നിന്നോ ഒരു വൃദ്ധ ദമ്പതികൾ പ്രയാസപ്പെട്ട് പ്ലാറ്റ്ഫോമിലൂടെ ഓടി വരുന്നത് കണ്ടത്.. ഇനി അവർക്ക് ടിക്കറ്റ് എടുക്കാൻ സമയമില്ല ... ഞങ്ങൾ കുറച്ച് സീസൺ ടിക്കെറ്റുകാർ ട്രെയിനിന്റെ ഡോറിൽ തന്നെ നിൽപ്പുണ്ട്. അവരെ പെട്ടെന്ന് വണ്ടിയിൽ കയറാൻ ഞങ്ങൾ സഹായിച്ചു. അവർ ഗുരുവായൂർക്കാണ്. കുറ്റിപ്പുറം വരെ ട്രെയിനിൽ അവിടെ നിന്ന് ബസ്സിൽ ഗുരുവായൂർക്ക് അതാണ് അവരുടെ പ്ലാൻ എന്ന് മനസ്സിലായി.. രണ്ട് പേർക്കും ട്രെയ്നിൽ യാത്ര ചെയ്ത പരിചയമില്ലെന്ന് അവരുടെ മുഖത്തെ വെപ്രാളത്തിൽ നിന്ന് ഞങ്ങൾ വായിച്ചെടുത്തു... ടിക്കറ്റ് എടുക്കാത്ത ടെൻഷൻ വേറെയും...
ടി.ടി. യോട് പറഞ്ഞ് അടുത്ത സ്റ്റേഷൻ എത്തുമ്പോൾ ടിക്കറ്റ് എടുക്കാം എന്ന് അവരെ സമാധാനിപ്പിച്ചു.. ഞങ്ങളിൽ ചിലർ കിട്ടിയ സീറ്റ് അവർക്കായി ഒഴിഞ്ഞു കൊടുത്തു .. പയ്യോളിയിൽ നിന്നും വണ്ടി വിട്ടു അടുത്ത സ്റ്റേഷൻ തിക്കോടിയാണ്.
അപ്പോഴാണ് സാക്ഷാൽ കൊമ്പൻ മീശയുടെ വരവ്... എല്ലാരോടും അയാൾ ടിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. ടിക്കറ്റ് പ്ലീസ് , ടിക്കറ്റ് പ്ലീസ്... ഞാനും എന്റെ കാലാവധി തീരാറായ സീസൻ ടിക്കറ്റ് എടുത്ത് കാണിച്ചു ..
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന വൃദ്ധ ദമ്പതികളുടെ കാര്യം ഞങ്ങൾ അദ്ദേഹത്തോട് സൂചിപ്പിച്ചു .. അതിന് അയാൾ മറുപടിയൊന്നും പറഞ്ഞില്ല... കുറച്ച് കഴിഞ്ഞപ്പോൾ അയാൾ ഫൈൻ റെസിപ്റ്റ് മുറിച്ച് അവരുടെ കയ്യിൽ കൊടുത്തു. പാവങ്ങൾ അത് തിരിച്ചു മറിച്ചും നോക്കി ... നല്ലൊരു സംഖ്യ ഫൈൻ ആയി എഴുതിയിരിക്കുകയാണ് ടി.ടി.ഇ. ഇത് കണ്ടതും ഞങ്ങൾക്ക് വളരെ പ്രയാസം തോന്നി .ഞങ്ങൾ അദ്ദേഹത്തോട്ട് തട്ടി കയറി. അദ്ദേഹം ഒന്നിനും വഴങ്ങുന്ന കൂട്ടത്തിലല്ല . അയാളുടെ കൊമ്പൻ മീശ പോലെ തന്നെ വളരെ പരുക്കനാണയാൾ. അത് നേരത്തെ അറിയാം എന്നാലും ഞങ്ങൾ കാല് പിടിക്കുന്നത് പോലെ പറഞ്ഞ് നോക്കി ... എന്റെ ഡ്യൂട്ടി എന്നെ ആരും പഠിപ്പിക്കണ്ട എന്നു പറഞ്ഞ് ടിക്കറ്റ് ചെക്ക് ചെയ്യാൻ വേണ്ടി അദ്ദേഹം അടുത്ത ബോഗിയിലേക്ക് നീങ്ങി. കൂടെ ഞങ്ങളും ..
ട്രെയ്ൻ കോഴിക്കോട് സ്റ്റേഷനിൽ എത്തുന്നത് വരെ അയാളോട് ഞങ്ങൾ കെഞ്ചി കൊണ്ടേയിരുന്നു. ഒരു രക്ഷയുമില്ല . അവസാനമായി മനുഷ്യത്വത്തിന്റെ മൂല്യം എല്ലാ ഡ്യൂട്ടിക്കും മേലെയാണെന്ന കാര്യം അയാളെ ഉണർത്തി ഞങ്ങൾ തിരിച്ചു നടന്നു.
അവരുടെ യാത്രാ ചിലവ് ഞങ്ങൾ ഷെ
യർ ചെയ്ത് കൊടുത്തു. ആദ്യം അവർ വാങ്ങാൻ കൂട്ടാക്കിയില്ല എങ്കിലും മനസ്സില്ലാ മനസ്സോടെ അവരത് വാങ്ങി.
കുറെ നാളുകൾക്ക് ശേഷം.............
മകളുടെ കല്യാണ തലേന്ന് പാമ്പ് കടിയേറ്റ് ടി.ടി.ഇ മരിച്ചെന്ന ഫോട്ടൊ പത്രത്തിൽ കണ്ട് ഞാൻ ശരിക്കും ഞെട്ടി... നമ്മുടെ സാക്ഷാൽ കൊമ്പൻ മീശ. ആ വൃദ്ധ ദമ്പതികളുടെ ശാപം ( ശാപത്തിൽ എനിക്ക് വിശ്വാസമില്ലെങ്കിൽ കൂടി ) അതായിരിക്കുമോ അയാളെ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കേണ്ട മുഹൂർത്തതിന് സാക്ഷിയാക്കാതെ യമപുരിക്കയച്ചത് ?..
ഇനി ഈ ഒരു ചോദ്യത്തിന്റെ ഉത്തരം നിങ്ങൾ തന്നെ കണ്ടുപിടിക്ക് . ഡ്യൂട്ടിയാണോ വലുത് അതോ മനുഷ്യത്വമോ ?
ഒരു കാര്യം എനിക്കുറപ്പായി നമ്മുടെ ഏറ്റവും വലിയ ഡ്യൂട്ടി മനുഷ്യത്യം പുലർത്തുക എന്നത് തന്നെ ...
ഇതു വായിക്കുന്ന ടി.ടി.ഇ യുടെ കുടുംബം സദയം എന്നോട് ക്ഷമിക്കുമല്ലോ!!!
*ട്രെയ്ൻ ടു കുറ്റിപ്പുറം*
ഇന്ത്യാ പാക്ക് വിഭജനം ഇതി വൃത്തമാക്കി ഖുശ്വന്ത് സിങ് എഴുതിയ മനോഹരമായ നോവൽ ആണ് . ട്രെയ്ൻ ടു പാക്കിസ്ഥാൻ .
ട്രെയ്ൻ ടു കുറ്റിപ്പുറം എന്നത് എന്റെ യാത്രാനുഭവങ്ങളാണ്. പയ്യോളിയിൽ നിന്നും കുറ്റിപ്പുറത്തേക്ക് ഒരു കാലത്ത് ഞാൻ നടത്തിയ നിരന്തര യാത്രയിൽ ഞാൻ കണ്ടതും കേട്ടതും ഇവിടെ പങ്കുവെക്കുന്നു.
....
No comments:
Post a Comment