Saturday, August 28, 2021

നെക്സ്റ്റ് ജെൻ മൈൻഡ് റീഡർ ആപ്പുകൾ

 

മൊബൈൽ ഫോണിൽ നിർമ്മിത ബുദ്ധി (  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആപ്പുകളുടെ ഉപയോഗം ദിനംപ്രതി കൂടി വരുന്നു. ആപ്പിൾ ഫോണിൽ ഉപയോഗിക്കുന്ന സിരി (SIRI ) , ഗൂഗിളിന്റെ ഗൂഗിൾ അസിസ്റ്റന്റ് , മൈക്രോസോഫ്റ്റിന്റെ കോർട്ടാന ( Cortana ) ഇവയൊക്കെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ആപ്പുകളാണ്. ഭാവിയിൽ വരാൻ പോകുന്ന AI ആപ്പുകൾ നമ്മുടെ ജീവിതം ഇനിയും വലിയ തോതിൽ മാറ്റി മറിച്ചുകൂടെന്നില്ല. മൊബൈലിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികളെ അടിസ്ഥാനമാക്കി നമ്മുടെ മനസ്സ് വായിക്കുന്ന ആപ്പുകൾ. ഒരാളെ ഫോണിൽ വിളിക്കാൻ തോന്നുമ്പോഴേക്ക് അയാളെ വിളിച്ചു കഴിഞ്ഞിരിക്കും ഈ നെക്സ്റ്റ് ജനറേഷൻ മൈൻഡ് റീഡർ ആപ്പുകൾ.. നമുക്ക് ഇഷ്ടം തോന്നുന്നവരെയൊക്കെ ആപ്പ് വിളിക്കാൻ തുടങ്ങിയാൽ ഉള്ള പൊല്ലാപ്പ് ഒന്നാലോചിച്ച് നോക്ക് .. കുടുംബ കലഹത്തിന് പിന്നെ അധികം താമസമുണ്ടാവില്ല 😀

ലോകത്തിലെ ഏറ്റവും വലിയ  പരസ്യദാതാവായ ഗൂഗിൾ പരസ്യം കാണിക്കാൻ ഉപയോഗിക്കുന്ന ആഡ്സെൻസ് (Adsense) പ്രോഗ്രാമിനെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും നമ്മൾ കാണുന്ന വെബ് ഉള്ളടക്കത്തിനെ ആസ്പദമാക്കിയാണ് ആഡ്സെൻസ് പ്രവർത്തിക്കുന്നത്. അതു പോലെ നമ്മുടെയൊക്കെ മനസ്സ് വായിക്കാൻ കഴിവുള്ള ന്യൂ ജെൻ മൈൻഡ് റീഡർ AI ആപ്പുകളുടെ കാലം അതി വിദൂരമല്ല..

ജാഗ്രതൈ ....


ഫൈസൽ പൊയിൽക്കാവ്

ബിരിയാണിക്കൈത അഥവാ രംഭ.

ബിരിയാണിയടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾക്ക് ഗന്ധം നൽകാൻ ഉപയോഗിക്കുന്ന ഒരു സസ്യമാണ് ബിരിയാണിക്കൈത അഥവാ രംഭ.

ശാസ്ത്രനാമം പൻഡാനസ് അമാരില്ലി ഫോളിയസ്. പൂക്കൈത അഥവാ തഴയുടെ ഒരു അലങ്കാരരൂപമാണ് ഈ ചെടി. തഴയുടെ ഇലയുടെ വശങ്ങളിൽ ധാരാളം മുള്ളുകളുണ്ടെങ്കിൽ, ബിരിയാണിക്കൈതയിൽ ഈ മുള്ളുകൾ ഉണ്ടാകാറില്ല


കടപ്പാട് : വിക്കിപീഡിയ

Friday, August 20, 2021

കിറ്റി

മൂന്ന് കോടിയിൽ അധികം കോപ്പികൾ വിറ്റഴിഞ്ഞ അറുപതോളം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ ലോക പ്രശസ്തമായ ആൻഫ്രാങ്കിന്റെ ഡയറി അതാണ്  'കിറ്റി' .  ജന്മദിനത്തിന് അവളുടെ അച്ഛൻ അവൾക്കു സമ്മാനിച്ചതായിരുന്നു ആ ഡയറി. ആൻ അതിനെ സ്നേഹപൂർവ്വം 'കിറ്റി ' എന്ന് വിളിച്ചു. പതിമൂന്നു വയസ്സുള്ള ആൻഫ്രാങ്ക് അവളുടെ വികാര വിചാരങ്ങൾ കിറ്റിയുമായി പങ്കുവെച്ചു . ഈ പുസ്തകം വായിച്ച്‌  തുടങ്ങിയപ്പോൾ ആകാംക്ഷയായിരുന്നു. അടുത്തദിവസം കിറ്റി എന്നവൾ വിളിക്കുന്ന അവളുടെ ഡയറി യിൽ അവൾ എന്തായിരിക്കും കുറിച്ചിട്ടുണ്ടാവുക . നമ്മളെ ആകാംക്ഷയുടെ  മുൾ മുനയിൽ നിർത്തുന്നുണ്ട് ഈ ഡയറി കുറിപ്പുകൾ.

 പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട ബാല്യകാലം നാല് ചുമരുകൾക്ക്  ഉള്ളിലേക്കു തളച്ചിടുമ്പോൾ അവൾ അനുഭവിച്ച ഹൃദയ വേദന കിറ്റിയിലൂടെ നമ്മളെയും നൊമ്പരപ്പെടുത്തുന്നു . കിറ്റിയുമായുള്ള സംഭാഷണം എന്ന മട്ടിൽ ഓരോ ദിവസവും   എന്ത് മനോഹരമായിട്ടാണ് അവൾ കുറിച്ചിട്ടിരിക്കുന്നത്. ജൂതമതത്തിൽ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ട ലക്ഷകണക്കിന് കുടുംബങ്ങൾ അനുഭവിച്ച കൊടിയ യാതനകൾ. ( എഴുപത്തഞ്ചു വർഷങ്ങൾക്കിപ്പുറം അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള വാർത്തകൾ നമ്മെ വീണ്ടും സങ്കടപ്പെടുത്തുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ചുള്ള പാലായനങ്ങൾക്ക്  ഇനിയും അറുതിയായിട്ടില്ല. ചരിത്രത്തിൽ നിന്നും പാഠം ഉൾകൊള്ളാത്ത നമ്മൾ തന്നെ വിഡ്ഢികൾ )  .

രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റര്‍ഡാമിലെ മോണ്ടിസ്സോറി സ്കൂളില്‍ പഠിച്ചിരുന്ന ആ‌ന്‍ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാര്‍ തങ്ങളുടെ ആത്മാവില്‍ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേര്‍ത്തുവക്കുന്നു. 

 

യുദ്ധത്തിനുശേഷം ആംസ്റ്റർ‍ാമിലേക്കു തിരികെ വന്നവരിൽ ഒരാളും, ആൻ ഫ്രാങ്കിന്റെ പിതാവുമായ ഓട്ടോ ഫ്രാങ്കിനാണ് ഈ കുറിപ്പുകൾ കിട്ടിയത്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1947 ൽ ഇവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഡച്ചു ഭാഷയിലായിരുന്ന ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 1952 ൽ ഡയറി ഓഫ് എ യങ് ഗേൾ എന്ന പേരിൽ പുറത്തിറങ്ങി.

മക്കൾക്ക് പുസ്തകങ്ങൾ വാങ്ങിച്ചു കൊടുക്കുന്ന കൂട്ടത്തിൽ  ആൻഫ്രാങ്കിന്റെ ഈ പുസ്തകവും ഉൾപ്പെടുത്താൻ മറക്കല്ലേ. അവർക്കെങ്കിലും നല്ലൊരു ചരിത്ര ബോധം ഉണ്ടാവട്ടെ.



✍ഫൈസൽ പൊയിൽക്കാവ്

 

 

 

 

 

Wednesday, August 18, 2021

മകോട്ടദേവ

 അടുത്ത നാളുകളിൽ കേരളത്തിലെത്തിയ ഇന്തൊനേഷ്യൻ ഔഷധ സസ്യമാണ് ‘മകോട്ടദേവ’. ഈ ചെറു സസ്യത്തിന്റെ പഴങ്ങൾ അരി...


Read more at: https://www.manoramaonline.com/karshakasree/crop-info/2017/05/17/mahkota-dewa-fruit-gods-crown.html

Tuesday, August 17, 2021

മാങ്കോസ്റ്റിൻ

 ലോകത്തിലെ തന്നെ ഏറ്റവും വിശിഷ്ടമായ പഴമാണ് മാങ്കോസ്റ്റിന്‍. തൂമഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് മാങ്കോസ്റ്റിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും നിരോക്‌സീകാരകങ്ങളുടെയും പോഷകക്കലവറയാണ് മാങ്കോസ്റ്റിന്‍ പഴങ്ങള്‍. കാന്‍ഡികള്‍, ജാം, പ്രിസര്‍വ്, ടോപ്പിങ്ങ്, ഐസ്‌ക്രീം, ജ്യൂസ്, വൈന്‍ എന്നിവ തയ്യാറാക്കാന്‍ മാങ്കോസ്റ്റിന്‍ ഉത്തമമത്രെ. മാങ്കോസ്റ്റിന്‍ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര വളരെ പെട്ടെന്നുതന്നെ രക്തത്തിലലിയുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും പ്രിയങ്കരമാണ്. അങ്ങനെ കുടുംബത്തിലുള്ളവരുടെ ആരോഗ്യപരിപാലനത്തിന് വീട്ടുവളപ്പില്‍ നട്ടുപിടിപ്പിക്കുന്ന ഒരു മാങ്കോസ്റ്റിന്‍ തീര്‍ച്ചയായും ഗുണകരമാകും. ഭക്ഷ്യയോഗ്യമല്ലെങ്കിലും പുറംതോട് ഔഷധനിര്‍മ്മാണത്തില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ ദുര്‍മേദസ് അകറ്റി, കൂടുതല്‍ ഓജസ്സും, സൗന്ദര്യവും നിലനിര്‍ത്താനാണത്രെ പാശ്ചാത്യരാജ്യങ്ങളില്‍ മാങ്കോസ്റ്റിന്റെ പുറംതോടില്‍ നിന്ന് തയ്യാറാക്കുന്ന ഔഷധങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. മാങ്കോസ്റ്റിന്‍ കൃഷിയെ ഹരിതകേരളം ന്യൂസിന്റെ വായനക്കാര്‍ക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ് ഡോ. സണ്ണി ജോര്‍ജ് (ഡയറക്ടര്‍, റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ്, ഹോംഗ്രോണ്‍ ബയോടെക്). കൃഷി രീതികളും പരിചണ മുറകളും ഡോ. സണ്ണി ജോര്‍ജ്ജ് വിശദമായി ലേഖനത്തില്‍ പ്രതിപാദിക്കുന്നു.

ക്ലോസിയേസി സസ്യകുടുംബത്തിലെ അംഗമായ മാങ്കോസ്റ്റിന്‍ ‘ഗാര്‍സിനിയ മാങ്കോസ്റ്റാന’ എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. ‘ഗാര്‍സിനിയ ഹോംബ്രോണിയാനനയും ‘ഗാര്‍സീനിയ മാലക്കെന്‍സിസും’ തമ്മിലുള്ള പ്രകൃതിദത്തസങ്കരമാണ് മാങ്കോസ്റ്റിനെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മാങ്കോസ്റ്റിന്‍ പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത ഹൈബ്രിഡ് എന്ന് പറയാം. പൂക്കളെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ അതില്‍ കേസരങ്ങള്‍ ശുഷ്‌ക്കമായിരിക്കുന്നത് കാണാം. ഈ കേസരങ്ങള്‍ പരാഗരേണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലാത്തതിനാല്‍ മാങ്കോസ്റ്റിന്‍ പുഷ്പങ്ങള്‍ പെണ്‍പൂക്കളുടെ ധര്‍മ്മം നിര്‍വഹിക്കുന്നു. പരാഗണവും അതിനോടനുബന്ധിച്ചുള്ള ബീജസങ്കലനവും വഴിയല്ലാതെ വിത്തുകള്‍ മുളച്ചുണ്ടാകുന്ന തൈകളെല്ലാം മാതൃവൃക്ഷത്തിന്റെ തനിപ്പകര്‍പ്പുകളാണ്. അതിനാല്‍ത്തന്നെ മാങ്കോസ്റ്റിന്‍ മരങ്ങളില്‍ പ്രകടമായ ജനിതകവൈവിധ്യം കാണപ്പെടുന്നില്ല. എന്നാല്‍ ഗുണമേന്മയുള്ള തൈകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ആദ്യപടി, 50 വര്‍ഷത്തിനുമേല്‍ പ്രായമുള്ള മാതൃവൃക്ഷങ്ങള്‍ തെരഞ്ഞെടുക്കുകയെന്നതാണ്. അപ്രകാരം പ്രായമുള്ളതും തുടര്‍ച്ചയായി ധാരാളം ഫലങ്ങള്‍ നല്‍കുന്നതുമായ മാതൃവൃക്ഷങ്ങളില്‍ നിന്നും വിത്തുകള്‍ ശേഖരിക്കണം. ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍ ഉല്‍പ്പാദിപ്പിക്കാമെങ്കിലും ഇത്തരം തൈകള്‍ വളര്‍ച്ചാശക്തിയും ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞവയും തുടര്‍ച്ചയായി ഫലങ്ങള്‍ നല്‍കാത്തതായും കണ്ടുവരുന്നു. പാര്‍ശ്വമുകുളങ്ങള്‍ ഇല്ലാത്തതിനാല്‍ മുകുളനം (ബഡ്ഡിങ്ങ്) സാദ്ധ്യവുമല്ല. മാങ്കോസ്റ്റിന്‍ മരങ്ങള്‍ കരുത്തോടെ വളര്‍ന്ന് ധാരാളം ഫലങ്ങള്‍ നല്‍കാന്‍ വിത്തുവഴി ഉല്‍പ്പാദിപ്പിക്കുന്ന തൈകള്‍ ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

സമുദ്രനിരപ്പില്‍ നിന്നും 500 അടിവരെ മാങ്കോസ്റ്റിന്‍ മരങ്ങള്‍ വളര്‍ന്ന് കായ്ഫലം തരുമെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഗുണമേന്മയേറിയ ഫലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഉയര്‍ന്ന പ്രദേശങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യുകയാണ് ഉത്തമം. സമുദ്രനിരപ്പില്‍ നിന്നും 500 മുതല്‍ 2500 അടിവരെയുള്ള പ്രദേശങ്ങളില്‍ മാങ്കോസ്റ്റിന്‍ കൃഷിചെയ്താല്‍ മേല്‍ത്തരം ഫലങ്ങള്‍ ലഭിക്കുന്നതാണ്. ഇപ്രകാരമുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ സ്വാഭാവികമായതിനാല്‍ മാങ്കോസ്റ്റിന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം പ്രദേശങ്ങളില്‍ ചെയ്യുന്നത് അഭികാമ്യമാണ്. പഴങ്ങളുടെ ഗുണനിലവാരം കുറയ്ക്കുന്ന മഞ്ഞക്കറ (ഗാബോജ്) താരതമ്യേന കുറവായിരിക്കും എന്നതാണ് പ്രത്യേകത. നല്ല മണ്ണായമുള്ള ചെരിവുള്ള പ്രദേശങ്ങളില്‍ മണ്ണിന് നീര്‍വാര്‍ച്ചയുള്ളതിനാല്‍ മേല്‍ത്തരം ഫലങ്ങള്‍ ഇവിടെനിന്നും പ്രതീക്ഷിക്കാം. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുകയാണെങ്കില്‍ വെള്ളം വാര്‍ന്നുപോകാന്‍ ചാലുകള്‍ കീറി, മരങ്ങളുടെ തടങ്ങള്‍ കൂനകൂട്ടി പരിപാലിക്കുന്നത് മഞ്ഞക്കറയുടെ സാന്നിദ്ധ്യം ഒരു പരിധിവരെ കുറയ്ക്കാനാവുന്നതാണ്.

വയനാട്ടില്‍ കാപ്പിത്തോട്ടങ്ങള്‍ക്ക് ഇന്ന് ഏറ്റവും മികച്ച ഒരു ഇടവിളയാണ് മാങ്കോസ്റ്റിന്‍. ഇപ്രകാരം കാപ്പിത്തോട്ടങ്ങളില്‍ ഇടവിളയായി മാങ്കോസ്റ്റിന്‍ കൃഷി ചെയ്യുമ്പോള്‍, മരങ്ങള്‍ തമ്മില്‍ 40 അടി അകലം നല്‍കേണ്ടതാണ്. സമതലങ്ങളില്‍ മാങ്കോസ്റ്റിന്‍ മേയ് – ജൂണ്‍ മാസങ്ങളില്‍ വിളവെടുക്കുമ്പോള്‍ വയനാട്ടില്‍ വിളവെടുപ്പ് സെപ്റ്റംബര്‍ – ഒക്‌ടോബര്‍ വരെ നീണ്ടുപോകാറുണ്ട്. പഴങ്ങളുടെ ലഭ്യത ആറു മാസം വരെ ഉറപ്പാക്കിയാല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില പ്രതീക്ഷിക്കാവുന്നതാണ്. ഇപ്രകാരം സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ മാങ്കോസ്റ്റിന്‍ വിളവെടുപ്പിന് തയ്യാറാക്കണമെങ്കില്‍ വേനല്‍ക്കാലത്ത് മരങ്ങള്‍ക്ക് ജലസേചനം നല്‍കുന്നതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
വയനാടന്‍ പ്രദേശങ്ങളില്‍ വേനലിന്റെ ആരംഭത്തില്‍ മരങ്ങള്‍ക്ക് ധാരാളം ജലം നല്‍കിയാല്‍ അവ നേരത്തെതന്നെ പൂത്ത് ഗുണമേന്മ കുറഞ്ഞ പഴങ്ങള്‍ വിളയുന്നതായി കണ്ടുവരുന്നു. മരങ്ങളെ ക്ഷീണിപ്പിക്കാതെതന്നെ, ജലലഭ്യത പരിമിതപ്പെടുത്തി, പുഷ്പിക്കല്‍ താമസിപ്പിച്ചാല്‍ കാലവര്‍ഷാരംഭത്തോടെ ചെടികള്‍ പൂക്കുകയും മേല്‍ത്തരം ഫലങ്ങള്‍ ധാരാളമായി വിളയുകയും ചെയ്യുന്നതായി കണ്ടുവരുന്നു. മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ധാരാളം ജൈവാംശം നല്‍കുകയും പുതയിടുകയും ചെയ്യേണ്ടതുണ്ട്.



മാങ്കോസ്റ്റിന്‍ സ്വാഭാവികമായി വളരുന്നത് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ മഴക്കാടുകളില്‍ രണ്ടാം ശ്രേണി മരങ്ങളായിട്ടായതിനാല്‍ അതേ സൂക്ഷ്മകലാവസ്ഥാ സംവിധാനങ്ങള്‍ നമ്മുടെ കൃഷിയിടങ്ങളിലും നല്‍കിയാല്‍ മാത്രമേ, നല്ല വളര്‍ച്ചയും ഉയര്‍ന്ന വിളവും നല്‍കുകയുള്ളു. ഇതിനായി 40 അടിക്കു മുകളിലുള്ള മരങ്ങള്‍ നല്‍കുന്ന തണലില്‍ സൂര്യപ്രകാശം അരിച്ചിറങ്ങി മാങ്കോസ്റ്റിന്‍ മരങ്ങള്‍ക്ക് ലഭ്യമാക്കുന്ന സംവിധാനം ആവിഷ്‌കരിച്ചാല്‍ മാങ്കോസ്റ്റന്‍ കൃഷി വളരെ വിജയകരമായി വയനാട്, ഇടുക്കി എന്നീ ഹൈറേഞ്ച് മേഖലകളില്‍ ചെയ്യാനാവും. മുപ്പത് മുതല്‍ 40 ശതമാനം വരെ മാത്രമേ ഇപ്രകാരം തണല്‍ മാങ്കോസ്റ്റ് മരങ്ങള്‍ക്ക് ലഭിക്കേണ്ടതുള്ളൂ. തണലിന്റെ ശതമാനം 50നു മുകളിലായാല്‍ മരങ്ങള്‍ വളരെ ഉയരത്തില്‍ വളര്‍ത്ത് കായ്പിടുത്തം കുറയ്ക്കും.

നല്ല നീര്‍വാര്‍ച്ചയുള്ള ധാരാളം ജൈവാംശം പി.എച്ച്.മൂല്യം 5 നും 6 നും ഇടയ്ക്കുള്ള മണ്ണാണ് മാങ്കോസ്റ്റിന്‍ കൃഷിക്ക് അനുയോജ്യം. മാങ്കോസ്റ്റിന്‍ ചെടികളുടെ ആഹാരം വലിച്ചെടുക്കുന്ന വേരുകള്‍ ഉപരിതലത്തില്‍തന്നെ വളരുന്നതിനാല്‍ മണ്ണ് ഇളക്കാന്‍ പാടില്ല. നല്ല ജൈവാംശമുള്ള മണ്ണ് തുടര്‍ച്ചായി ഇട്ടുകൊടുക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തും. കൊന്നപോലുള്ള പയര്‍വര്‍ഗത്തില്‍പ്പെട്ട ഇലകള്‍ വാട്ടിയതിനുശേഷം പുതച്ച് അതിനുമുകളില്‍ ജീവാമൃതം പോലുള്ള ലായനികള്‍ ഓരോ മാസവും ഒഴിച്ചാല്‍ മണ്ണില്‍ ഉപകാരികളായ സൂക്ഷ്മജീവികള്‍ പെരുകി മണ്ണിനെ ജീവസുറ്റതാക്കി മാറ്റും. അങ്ങനെ ചെടികള്‍ രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ച് കൂടുതല്‍ കരുത്തോടെ വളരും.

വരണ്ട മാസങ്ങളില്‍ സൂര്യപ്രകാശം നേരിട്ടു പതിച്ചാല്‍ ഇലകള്‍ പൊള്ളികരിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ മാങ്കോസ്റ്റിന്‍ മരങ്ങള്‍ക്ക് മുപ്പതുശതമാനം എങ്കിലും തണല്‍ ക്രമീകരിക്കേണ്ടതുണ്ട്. തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടി അകലം പാലിക്കാവുന്നതാണ്. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ശ്വശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ ചെയ്ത് മരങ്ങള്‍ ഇന്‍വേര്‍ട്ടഡ് പരാബോളയുടെ ആകൃതിയില്‍ രൂപപ്പെടുത്തുന്ന രീതി തായ്‌ലന്റില്‍ വളരെ സാധാരണമാണ്. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ശ്വശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ ചെയ്ത് മരങ്ങള്‍ ഇന്‍വേര്‍ട്ടഡ് പരാബോളയുടെ ആകൃതിയില്‍ രൂപപ്പെടുത്തുന്ന രീതി തായ്‌ലന്റില്‍ വളരെ സാധാരണമാണ്. 


ഡോ. സണ്ണി ജോര്‍ജ്
ഡയറക്ടര്‍
റിസര്‍ച്ച് & ഡെവലപ്പ്‌മെന്റ്
ഹോംഗ്രോണ്‍ ബയോടെക്
ഫോണ്‍: 8113966600, 9562066633
കടപ്പാട്:http://harithakeralamnews.com/news/

Sunday, August 15, 2021

മലയണ്ണാൻ

ആദ്യമേ പറയാം ഇത് മലയണ്ണാനെ കുറിച്ച് വിവരിക്കുന്ന ഒരു പോസ്റ്റല്ല. പിന്നെന്തിന് ഇങ്ങനെ ഒരു പേരെന്നല്ലേ അത് തുടർന്ന് വായിക്കുമ്പോൾ മനസ്സിലാവും. കുറച്ചു ക്ഷമയോടെ വായിക്കണമെന്ന് മാത്രം.

 ഒരു കാലത്ത്  പി.എസ്‌സി  പരീക്ഷകൾ എനിക്ക് ഹരമായിരുന്നു. ജോലി കിട്ടാനുള്ള ആവേശമല്ല മറിച്ചു ദൂരെ ദിക്കുകൾ കാണാനുള്ള പൂതി തന്നെയായിരുന്നു ഇതിനു കാരണം . അതുകൊണ്ട് തന്നെ പി.എസ്സിക്ക് അപേക്ഷിക്കുമ്പോൾ എപ്പോഴും വയനാട് , പാലക്കാട്, കാസർഗോഡ് എന്നിങ്ങനെയായിരുന്നു എന്റെ ചോയ്സ്. അങ്ങിനെ ഒരിക്കൽ എനിക്ക് ഒരു പി.എസ്‌സി  പരീക്ഷയുടെ ഹാൾടിക്കറ്റ് വന്നു ഇപ്രാവശ്യം അത് വയനാട് . 

പരീക്ഷ സെന്റർ ഓടപ്പള്ളം ജി.യു.പി.എസ്സ്  . വീട്ടിൽ കാര്യം പറഞ്ഞപ്പോൾ മാമനെ കൂടെ കൂട്ടി  പോയാൽ മതിയെന്നായി. ഇനി മാമനെ കുറിച്ച് ഒന്ന് പരിചയപ്പെടുത്താം. ചില സിനിമകളിലെ ശ്രീനിവാസന്റെ  കഥാപാത്രങ്ങൾ കാണുമ്പോൾ മാമനെ കണ്ടിട്ടാണ് ആ കഥാപാത്രം ഉണ്ടാക്കിയതെന്ന് തോന്നും അത്രയ്ക്ക് സാദൃശ്യമുണ്ട് മൂപ്പരും ആ കഥാപാത്രങ്ങളും .. പ്രത്യേകിച്ച് ചിങ്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം. വീട്ടിൽ അതിഥികൾ വന്നാൽ ഊണിന് മീൻ വാങ്ങാൻ പോയ  മൂപ്പർ പലപ്പോഴും മീനുമായി വരുന്നത് അതിഥികൾ ഊണ് കഴിച്ചു പോയതിനു ശേഷമായിരിക്കും. അതാണ് നമ്മുടെ സാക്ഷാൽ റഷീദ് മാമ .

 അങ്ങിനെ പരീക്ഷയുടെ തലേദിവസം മാമനും ഞാനും വയനാട്ടിലേക്ക്  ബസ് കയറി. അതൊരു നോമ്പ് കാലമായിരുന്നു കൂടെ നല്ല തണുപ്പും. മീനങ്ങാടിയിലേക്കു  രണ്ടു ടിക്കറ്റ് എടുതട്. ഭാഗ്യത്തിന് സീറ്റ് കിട്ടി. സൈഡ് സീറ്റിൽ ഇരുന്ന് പുറം കാഴ്ചകൾ കണ്ടുള്ള യാത്രയിൽ ഞാൻ പരീക്ഷയെ കുറിച്ച് തീർത്തും മറന്നു. ബസ്സിന്റെ ജനലിലൂടെ ഓടി മറയുന്ന നാട്ടിൻപുറ കാഴ്ചകൾ മനം കുളിർപ്പിക്കുന്നത് തന്നെ. നേർത്ത മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന വയനാടൻ ഗ്രാമ ഭംഗി വർണ്ണനകൾക്കതീതം.  ആന വണ്ടി മുഴക്കത്തോടെ വയനാടൻ ചുരം കയറി തുടങ്ങി. ഇടയ്ക്കിടെ കോട മഞ്ഞ് കാഴ്ചകൾ മറച്ചു. നല്ല ഒന്നാന്തരം ഡ്രൈവർ എത്ര അനായാസമാണ് അദ്ദേഹം കാഴ്ച മറക്കുന്ന കോടമഞ്ഞിൽ പോലും ഹെയർപിൻ വളവുകളിൽ ബസ് ഓടിക്കുന്നത്. ഇടയ്ക്കിടെ റോഡിൽ ചെറിയ വാനര പടയെ കാണാം.  യാത്രികർ  എറിഞ്ഞു നല്കുന്ന പഴം അതാണ് അവറ്റകളുടെ ഭക്ഷണം .

ബസ് മീനങ്ങാടിയിൽ എത്തി എന്ന് കണ്ടക്ടർ പറഞ്ഞപ്പോഴായാണ് ഓടി മറയുന്ന   കാഴ്ചകളിൽ ആണ്ടു പോയിരുന്ന എനിക്ക് സ്ഥലകാല ബോധം വന്നത്. ഞാനും മാമനും ധൃതിപ്പെട്ട് ബസ്സിറങ്ങി ദൂരെ കണ്ട പള്ളി മിനാരം ലക്‌ഷ്യം വെച്ച് നടന്നു. നോമ്പുതുറ പള്ളിയിൽ വെച്ചുതന്നെ ആവാം എന്ന് നിയ്യത്ത് * വെച്ചായിരുന്നല്ലോ വീട്ടിൽ നിന്നും ഇറങ്ങിയത്. യാത്രക്കാർക്ക് നോമ്പ് തുറക്കാൻ പ്രത്യേക സംവിധാനം പള്ളിയിൽ ഒരിക്കിയിരിക്കുന്നു . അവിടെ വിരിച്ച പുല്യായിൽ *  ഞങ്ങൾ രണ്ടാളും ഇരിപ്പുറപ്പിച്ചു. നോമ്പ് തുറപ്പിക്കൽ  പടച്ച തമ്പുരാന്റെടുത്ത് നല്ല കൂലിയുള്ള കാര്യമായതിനാൽ ഒരു യാത്രികനും നോമ്പുതുറക്കാൻ വേവലാതി പെടേണ്ട .

അനന്തരം മഗ്‌രിബ് ബാങ്ക് വിളിച്ചു . നല്ല ഒന്നാന്തരം തരികഞ്ഞിയും , കാരക്കയും, സമ്മൂസയും ,ഫ്രൂട്സും ഒക്കെയുണ്ട് . ബാക്കി നിസ്കാരം കഴിഞ്ഞിട്ടാണ് .നിസ്കാരത്തിനു ശേഷം എല്ലാവര്ക്കും പത്തിരിയും ആവി പറക്കുന്ന കോഴിക്കറിയും. റഷീദ്ക്ക പരിസരം മറന്നു തീറ്റ തുടങ്ങി . പണ്ട് മൂപ്പർ സ്കൂളിൽ പഠിക്കുന്ന കാലത്തു റവയ്ക്കു അടികൂടി ചീന ചട്ടിയിൽ വീണ കക്ഷിയാണ്.. 

ഇനി രാത്രി തങ്ങാൻ ഒരിടം വേണം പള്ളി മുക്രി * യോട് ചോദിച്ചപ്പോൾ ഇന്ന് രാത്രി പള്ളിയിൽ തന്നെ കിടക്കാനുള്ള സൗകര്യം ചെയ്തു തരാം എന്ന് പറഞ്ഞു. അത്താഴത്തിനു കഴിക്കാനുള്ള ഭക്ഷണവും മൂപ്പർ ഏർപ്പാടാക്കി. രാത്രി നമസ്കാരവും കഴിഞ്ഞു എല്ലാരും പോയപ്പോൾ ഞങ്ങൾ പുല്ല്യായിൽ തന്നെ ഉറങ്ങാൻ കിടന്നു. ഡിസംബർ മാസമായതിനാൽ നല്ല തണുപ്പാണ് . പുതപ്പൊന്നും കരുതാത്തതിനാൽ കൈ കാലുകൾ ഒക്കെ നല്ല ഐസുപോലെ മരവിച്ചിട്ടുണ്ട്. എപ്പോഴോ അറിയാതെ ഉറക്കത്തിലേക്കു വീണു. സുബഹി  നിസ്കാരത്തിനുള്ള ബാങ്ക് വിളിക്കു മുൻപേ എഴുന്നേറ്റ് അത്താഴം കഴിച്ച് അംഗശുദ്ധി വരുത്തി നിസ്കാരത്തിനു റെഡി ആയി.

രാവിലെ ഏഴുമണിക്ക് പുറപ്പെട്ടാൽ മാത്രമേ പരീക്ഷാ സെന്ററിൽ കൃത്യ സമയത്ത് എത്താൻ കഴിയൂ. അന്വേഷിച്ചപ്പോൾ കുറച്ചു നടക്കാനുണ്ട് എന്നറിഞ്ഞു.  മാമനും ഞാനും രാവിലെ എഴുന്നേറ്റ് എക്സാം സെന്ററിലേക്കുള്ള നടത്തം തുടങ്ങി. വായനാട്ടുകാർക്കു 4 - 5  കിലോമീറ്റര് ഒക്കെ ചെറിയ ദൂരമാണെന്നു പിന്നീടാണ് മനസ്സിലായത് . രാവിലെ നല്ല മഞ്ഞു മൂടി കിടക്കുന്ന പാതയ്ക്ക് ഇരുവശവും റിസേർവ് ഫോറെസ്റ്റാണ്. ചിലയിടങ്ങളിൽ വന്യമൃഗങ്ങളിൽ നിന്നും സുരക്ഷിതമാകാൻ കമ്പി വേലി തീർത്തിട്ടുണ്ട് . രാവിലത്തെ നടപ്പിന് പ്രത്യേകിച്ച് ക്ഷീണമൊന്നും തോന്നിയില്ല നല്ല ഒന്നാന്തരം ജീവ വായു. ഇടയ്ക്കു ഞങ്ങളെയും കടന്നു ഒരു  ജീപ്പ് മുന്നോട്ടു പോയി. ഞങ്ങൾ നടത്തം തുടർന്നു. പാതയുടെ ഒരു വശത്ത് നല്ല ഇടതൂർന്ന വനം. പാതയ്ക്കരികിലായ് പേരറിയാത്ത പല വർണ്ണത്തിലുള്ള കാട്ടുപൂക്കൾ. അവസാനം പരീക്ഷ എഴുതാനുള്ള സ്കൂൾ എത്തിയിരിക്കുന്നു ഓടപ്പള്ളം ജി യു പി എസ് . വളരെ കുറച്ച് പേരെ പരീക്ഷ എഴുതാൻ എത്തിയിട്ടുള്ളു.

പരീക്ഷ എഴുതാനുള്ള ബെല്ലടിച്ചപ്പോൾ ഹാൾടിക്കറ്റുമായി ഞാൻ പരീക്ഷാ ഹാളിലേക്ക് കയറുന്നതിനു മുൻപേ മാമന്റെ  അനുഗ്രഹം വാങ്ങി പുറത്തുള്ള ഒരു ബെഞ്ച് കാണിച്ചു പരീക്ഷ കഴിയുന്നത് വരെ അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞു . 

വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ എന്ന തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയാണ്. ഒന്നര മണിക്കൂർ പരീക്ഷ എഴുതാൻ എനിക്ക് അര മണിക്കൂർ വേണ്ടി വന്നില്ല കാരണം നാട് കാണാൻ വേണ്ടി പരീക്ഷക്ക് അപേക്ഷിക്കുന്ന എനിക്ക് അറിയാത്ത ചോദ്യങ്ങൾ ആയിരുന്നു പലതും.

ഇനിയാണ് നമ്മുടെ സാക്ഷാൽ മലയണ്ണാന്റെ റോൾ . പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ റഷീദ് മാമൻ ഇരുന്ന ബെഞ്ച് ശൂന്യമാണ്.  വല്ല ബാത്റൂമിലേക്കും  പോയി കാണുമെന്നു വിചാരിച്ചു ഞാൻ ആ ബെഞ്ചിൽ ഇരുന്നു. കുറച്ച സമയമായിട്ടും ആളെ കാണതായപ്പോൾ എനിക്ക് ചെറിയ അപകടം മണത്തു. ഞാൻ സ്കൂളിന് ചുറ്റും നടന്നു നോക്കി ആളെ പൊടി പോലും കാണാനില്ല.. അപ്പോഴാണ് ഹാളിൽ പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകനെ കണ്ടത്. പരീക്ഷാർത്ഥികൾ എല്ലാം പോയി കഴിഞ്ഞിരിക്കുന്നു . ഞാൻ പോവാതെ അവിടെ നിൽക്കുന്നത് കൊണ്ട് അദ്ദേഹം എന്റെ അരികിലേക്ക് വന്നു കാര്യം തിരക്കി.   എന്നിട്ട്  സ്കൂളിന്റെ മറുവശത്തുള്ള കാട്ടു പാത ചൂണ്ടി കാണിച്ചു ചിലപ്പോ അത് വഴി കാട്ടിലേക്കെങ്ങാൻ കയറിയിരിക്കും എന്ന് പറഞ്ഞു.. അതും പറഞ്ഞു ബാഗുമെടുത്ത് അദ്ദേഹവും പോയി.. എന്തായാലും കുറച്ചു സമയം കൂടി കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു. ഇപ്പൊ പരീക്ഷ കഴിഞ്ഞു ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞിരിക്കും. സ്കൂളിൽ ഇനി പ്യൂൺ മാത്രം ബാക്കി. അദ്ദേഹവും ഓഫീസ്  പൂട്ടി ഇറങ്ങാൻ തുടങ്ങുകയാണ്. ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. മൂപ്പർ എന്നെയും കൂട്ടി നേരത്തെ അദ്ധ്യാപകൻ കാണിച്ച ആ കാട്ടു പാതയിലൂടെ നടന്നു.. കുറച്ചു നേരം നടന്നപ്പോൾ ഈറ്റ കാടുകൾ കാണാൻ തുടങ്ങി. വീണ്ടും കുറച്ചു മുൻപോട്ട് ചെന്നപ്പോൾ കുറെപേര്  ഈറ്റയും തലച്ചുമടാക്കി വരുന്നുണ്ട്. അതിന്റെ കൂട്ടത്തിൽ റഷീദ് മാമയും.. എനിക്ക് സന്തോഷവും ദേഷ്യവും ഒക്കെ കൂടി വന്നു.. പക്ഷെ മൂപ്പർ ഒന്നും സംഭവിക്കാത്ത മട്ടിൽ പറഞ്ഞത് ഞാൻ മലയണ്ണാനെ കണ്ടപ്പോൾ അതിനെ കാണാൻ കാട്ടിലേക്ക് കയറിയതാണെന്നു ..  തിരിച്ചു വരാനുള്ള വഴി മറന്നപ്പോൾ ഇവരോടൊപ്പം കൂടി അത്ര തന്നെ.

പാവം മലയണ്ണാൻ ഇതൊന്നും അറിയാതെ ഒരു വലിയ മരത്തിന്റെ കൊമ്പിൽ നിന്നും  അടുത്ത മരത്തിന്റെ കൊമ്പിലേക്ക് ചാടി.



✍ഫൈസൽ പൊയിൽക്കാവ്


നിയ്യത്ത് * = തീരുമാനം   പുല്യായിൽ * = പുല്ലു കൊണ്ടുള്ള പായ മുക്രി *= ബാങ്ക് വിളിക്കുന്ന ആൾ 


 

 

 

\

 

 



സൂരിനാം ചെറി


  ചെറിപ്പഴങ്ങളുടെ കുടുംബത്തിൽ നിന്നും ഇതാ ഒരു അംഗംകൂടി- സൂരിനാം ചെറി .പേരുകേട്ടു അതിശയപ്പെടേണ്ട .  നമ്മുടെ നാട്ടിൽ സാധാരണയായി വളർത്തിവരുന്ന  ഒരിനം ചെറിയാണിത്‌.  ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി എന്നീ പേരുകളിൽ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ്‌ സൂരിനാം ചെറി. പൂന്തോട്ടങ്ങളിൽ അലങ്കാര വൃക്ഷമായും ഇത്  വളർത്തുന്നുണ്ട്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത് .ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ്‌ ഇതിന്റെ പ്രത്യേകത. മണൽമണ്ണ്, മണൽ കലർന്ന എക്കൽമണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയിൽ കൃഷിചെയ്യാൻ കഴിയും. 

മറ്റു ചെറികളിൽ  നിന്നും വ്യത്യസ്തമായി പൊക്കക്കാരനായി വളരുന്ന സുരിനാം ചെറി  8 മീറ്റർ  വരെ ഉയരമുണ്ടാകും .  ഇതിന്റെ ഇലകൾ വളരെ ആകർഷകമാണ് വൃത്താകൃതിയിൽ ചെറിയ ചെറിയ  ഇലകളാണ്  ഇതിനുള്ളത്. കിളുന്നിലകൾക്ക് ചെമ്പുനിറവും വളരുമ്പോൾ തിളക്കമുള്ള കടുത്ത പച്ച നിറത്തിൽ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. വേനല്ക്കാലമാണ് ഇതിന്റെ പഴക്കാലം. വളരെ ദൈർഘ്യം കുറഞ്ഞ പഴക്കാലമാണെങ്കിലും ഫല ആകർഷണീയത ഇവയ്ക്കു പൂന്തോട്ടങ്ങളിൽ സ്ഥാനം നൽകുന്നു. പല ആകൃതിയിൽ വെട്ടി നിർത്തിയ ചെടികൾ പൂന്തോട്ടങ്ങൾക്ക് അഴകാണ്.  

സൂരിനാം ചെറിയുടെ  കായ്കൾ മൂപ്പെത്തുന്നതിനുമുന്പ് പച്ചനിറത്തിലും പഴുത്തു കഴിഞ്ഞാൽ ഓറഞ്ച് ചുവപ്പ് എന്നെ നിറങ്ങളിലും കാണപ്പെടുന്നു.  രണ്ടിനം സൂരിനാം ചെറികളുണ്ട് തിളങ്ങുന്ന ചുവപ്പ് നിറമുള്ളതും കരിംചുവപ്പ് നിറമുള്ളതും.100 ഗ്രാം പഴത്തിൽ മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്,നാര്‌, കാത്സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, കരോട്ടിൻ, [തയാമിൻ, റിബോഫ്ലേവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ്‌ കടും ചുവപ്പു നിറത്തിന്‌ കാരണമായ വസ്തു. ഇത് അർബുദത്തിന്‌ ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദര സംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. പഴത്തി

വിത്തുപാകിയാണ്‌ ഈ സസ്യം വളർത്തുന്നത്. 3-4 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കും. ഇന്ത്യൻ കാലാവസ്ഥയിൽ പതിവച്ചും ഈ സസ്യം വളർത്താം. കൂടാതെ തൈകൾ വശം ചേർത്ത് ഒട്ടിക്കലോ നടത്തി മികച്ചതാക്കാനും കഴിയും. സാവധാനം വളരുന്ന ഒരു സസ്യമാണിത്. എങ്കിലും ചില ചെടികൾ മുളച്ച് രണ്ട് വർഷം ആകുമ്പോഴേക്കും കായ്കൾ ഉണ്ടായി തുടങ്ങും. അരിനെല്ലിക്കപോലെ നാലൊ അഞ്ചോ മുഖങ്ങൾ ഉണ്ടാകും ഇതിന്റെ കായ്കൾക്ക്  ഇതിന്റെ രുചി ചെറിയ പുളിപ്പ് കലർന്ന മധുരമാണ് . പാകമായ കായ്കളിൽ തൊട്ടാൽ കൈകളിലേയ്ക്ക് ഇറുന്നുവീഴുന്ന പരുവമാണ്‌ വിളവെടുപ്പിന്‌ നല്ലത്‌. ശരിയായി മൂത്ത് പാകമാകാത്ത കായ്കളിൽ കറയുണ്ടാകും. ഒരു  ചെടിയിൽ  നിന്നും ശരാശരി മൂന്നര കിലോ കായ്കൾ വരെ ലഭിക്കും .

Thursday, August 5, 2021

ചൗ ചൗ


വെള്ളരി വർഗ്ഗത്തിൽ പെട്ട വള്ളിച്ചെടിയാണ്,ചൊച്ചക്ക,ചയോട്ടെ,എന്നും പേരുണ്ട്,ഒഴിവാക്കാനാവാത്ത ഒരു പച്ചക്കറിയാണ് ചൗചൗ,ഉള്ളിൽ വിത്തുണ്ടാകും,പച്ചകറികടകളിൽ 

നിന്നും മൂത്ത കായ്കൾ വാങ്ങി രണ്ടാഴ്ച്ച വച്ചിരുന്നാൽ മുളപൊട്ടും,പിന്നീട് മണ്ണിൽ നടാം.ഇതിന്റെ കായയാണ് പാചകത്തിന് ഉപയോഗിക്കുന്നത്.ഈ ചെടിയുടെ ഫലം പോലെ തന്നെ ഇളം തണ്ടും ഇലകളും എല്ലാം ഭക്ഷണ യോഗ്യമാണ്. അമിനോ ആസിഡും വൈറ്റമിന്‍ സിയും എല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  എന്നാല്‍  ഇതിലെ കുക്കുർ ബിറ്റാസിൻ എന്ന ഇതിലെ പദാർത്ഥം ചെറിയ കയ്പ്പും, രുചിയും നൽകുന്നു, ഇത് അധികം വേവിക്കാന്‍ പാടില്ല. സാലഡ് ആയും ഉപയോഗിക്കാവുന്നതാണ്‌, ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലും ഫലപ്രദമാണ്,പ്രായം കുറക്കുന്നു,അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥത, ചര്‍മ്മത്തിനും ആരോഗ്യവുംനിറവും

വര്‍ദ്ധിപ്പിക്കുന്നതിനും,എത്ര വലിയ ദഹന പ്രതിസന്ധികള്‍ക്കും,ലുക്കീമിയ, സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ എന്നീ അവസ്ഥകള്‍ക്ക്,അമിതവണ്ണത്തിനു,

ഗർഭസംബന്ധമായ പ്രശ്നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.(വായിച്ചറിവുകൾ)

Wednesday, August 4, 2021

 പാവം വേലിച്ചീര
☘️☘️☘️☘️☘️☘️☘️
☘️

 

വേലിച്ചീര , ഇംഗ്ലീഷ് ചീര, ചെക്കുർമാനിസ്  എന്നൊക്കെ പേരുളള ചീര കൊണ്ടുള്ള തോരൻ ഇന്നത്തെ തലമുറയ്ക്ക് അന്യമായിരിക്കുന്നു. ഇന്ന് കാബേജും , പയറുമൊക്കെയേ പുതു തലമുറ കണ്ടിട്ടുള്ളു ... എന്റെ യൊക്കെ കുട്ടിക്കാലത്ത് ഉമ്മാമയുടെ വീട്ടിൽ വെച്ച് ഇത് യഥേഷ്ടം കഴിച്ചിട്ടുണ്ട്. അന്ന് പല വീടുകളിലും മതിലുകൾക്ക് പകരം ജൈവ വേലി ആയിരുന്നു. ആ വേലിയിൽ വേലിച്ചീരയും, ചെമ്പരത്തിയും, ശംഖു പുഷ്പവും , നിത്യ വഴുതിനയും ഒക്കെ മത്സരിച്ചു വളർന്നു ... കാലം കഴിഞ്ഞു പോകവെ വീടിനേക്കാൾ വലിയ മതിലുകൾ നമ്മുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി വളർന്നപ്പോൾ വേലിയും പോയി കൂടെ വേലിച്ചീരയും അപ്രത്യക്ഷമായി. പാവം   വേലിച്ചീരയെ പിണ്ഡം വെച്ച് പടിക്കു പുറത്താക്കി.  അതിനു പറഞ്ഞ കാരണം വേലിച്ചീര കാൻസറിനു കാരണമാകുന്നു എന്നാണ്. ഒരു ശാസ്ത്രവും ഇതുവരെ തെളിയിച്ചിട്ടില്ലാത്ത ഈ ദുഷ് പേര് കാരണം വേലിയിൽ നിന്നു മാത്രമല്ല നാട്ടിൽ നിന്ന് തന്നെ പാവം ചീര പുറത്തായി.
കഴിഞ്ഞ വർഷം അവിചാരിതമായി ഇതിനെ കണ്ടപ്പോൾ ഇത് വീട്ടിൽ കൃഷി ചെയ്യണമെന്ന് തോന്നി. ഇന്നിപ്പോൾ വേലിയിലല്ലെങ്കിലും മതിലിനു ചുറ്റും ഇത് തളിർത്ത് വളരുന്നുണ്ട്.
ആഴ്ചയിൽ ഒരിക്കലെങ്കിലും എന്റെ തീൻ മേശയിലെ ഒരു വിഭവമാണ് ഈ വേലിച്ചീര.

✍ഫൈസൽ പൊയിൽക്കാവ്

മുരിങ്ങയിലയും കർക്കിടകവും

 മുരിങ്ങയിലയും കർക്കിടകവും
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

കർക്കിടകമാസം പിറന്നാൽ മുരിങ്ങയില കഴിക്കരുതെന്നാണ് പഴമൊഴി.  ഈ വാദത്തിന് ശാസ്ത്രീയമായ ഒരു പിൻബലവും ഇല്ലെന്ന് കാണാം. സയൻസ്  പഠിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള വിശ്വാസത്തിൽ നിന്നും പുറത്തു കടക്കുക നമ്മൾക്ക് അത്ര എളുപ്പമല്ല.
ഇനി യുക്തിപൂർവ്വം ചിന്തിച്ചാൽ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട് ഈ മുരിങ്ങ എന്നു പറയുന്നത് കേരളത്തിൽ മാത്രം വളരുന്ന ഒരു സസ്യമല്ല. ഇന്ത്യയ്ക്കു പുറമെ പല രാജ്യങ്ങളിലും ഇത് കൃഷി ചെയ്തു വരുന്നു. അവിടങ്ങളിൽ ഇങ്ങനെ ഒരു വിശ്വാസമോ ആചാരമോ നമുക്ക് കാണാൻ കഴിയില്ല. മറുചോദ്യം ഇതായിരിക്കും അവിടെ കർക്കിടകം ഇല്ലല്ലോ എന്ന്😀

നിത്യജീവിതത്തിൽ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികൾ. മുരിങ്ങയെ സംബന്ധിച്ചിടത്തോളം ഏറ്റവും പോഷക സമ്പുഷ്ടമായത് അതിന്റെ ഇലകളാണ്.
ജീവകം എ യും സി യും ബികോംപ്ലക്സും ,പ്രോട്ടീനും ,ഇരുമ്പ് സത്തും കാൽസ്യവും മഗ്നീഷ്യവും മാംഗനീസും സിങ്കും എല്ലാം ഒത്തുചേർന്ന മുരിങ്ങയില ഏറെ പോഷക ഗുണമുള്ളതാണ് എന്നതിൽ ആർക്കും തർക്കമില്ല. കൂടാതെ വിവിധ നിരോക്സീകാരികളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹന വ്യവസ്ഥയുടെ പ്രവർത്തനം സുഗമമാക്കാനും മുരിങ്ങയില സഹായിക്കും.

മുറ്റത്ത് ഞാൻ വളർത്തുന്ന മുരിങ്ങ അങ്ങിനെ  പച്ചപിടിച്ച് വളരുമ്പോൾ ഇടയ്ക്കൊക്കെ ഞാൻ പഴമൊഴി സ്വകാര്യ പൂർവ്വം മറക്കും. നമ്മുടെ സമൂഹത്തിൽ രൂഢമൂലമായ വിശ്വാസങ്ങളിൽ നിന്ന് പുറത്തു കടക്കാൻ അത്ര എളുപ്പമല്ലെങ്കിലും...

✍ഫൈസൽ പൊയിൽക്കാവ്

Sunday, August 1, 2021

മത്തൻ ഇല തോരൻ

മത്തന്റെ അടുത്ത് ചെന്ന് ഓടി നടന്നു ഒരു പത്തു തളിര്‍ ഇല പറിക്കണം . മണ്ണും പൊടിയും കളയാന്‍ വെറുതെ ഒന്ന് കഴുകണം . ചീര അരിയുന്നത് പോലെ പൊടിയായി ഒന്ന് അരിയണം, വളരെ എളുപ്പമാണ് . അരിഞ്ഞ ഇല ഒന്ന് കൂടി വെള്ളത്തില്‍ ഒന്ന് കഴുകി വെള്ളം പിഴിഞ്ഞു കളയണം . ഇതില്‍ ഇത്തിരി ജീരകം ഇത്തിരി വെളുത്തുള്ളി ഇത്തിരി തേങ്ങ ഇത്രയും അരച്ച് ചേര്‍ത്ത് വെള്ളം ഒഴിക്കാതെ ചെറു തീയില്‍ വേവിക്കുക , പോഷക ഗുണമുള്ള സൂപ്പര്‍ മത്തന്‍ ഇല തോരന്‍ തൈയ്യാര്‍.