ആദ്യമേ പറയാം ഇത് മലയണ്ണാനെ കുറിച്ച് വിവരിക്കുന്ന ഒരു പോസ്റ്റല്ല. പിന്നെന്തിന് ഇങ്ങനെ ഒരു പേരെന്നല്ലേ അത് തുടർന്ന് വായിക്കുമ്പോൾ മനസ്സിലാവും. കുറച്ചു ക്ഷമയോടെ വായിക്കണമെന്ന് മാത്രം.
ഒരു കാലത്ത് പി.എസ്‌സി പരീക്ഷകൾ എനിക്ക് ഹരമായിരുന്നു. ജോലി കിട്ടാനുള്ള ആവേശമല്ല മറിച്ചു ദൂരെ ദിക്കുകൾ കാണാനുള്ള പൂതി തന്നെയായിരുന്നു ഇതിനു കാരണം . അതുകൊണ്ട് തന്നെ പി.എസ്സിക്ക് അപേക്ഷിക്കുമ്പോൾ എപ്പോഴും വയനാട് , പാലക്കാട്, കാസർഗോഡ് എന്നിങ്ങനെയായിരുന്നു എന്റെ ചോയ്സ്. അങ്ങിനെ ഒരിക്കൽ എനിക്ക് ഒരു പി.എസ്‌സി പരീക്ഷയുടെ ഹാൾടിക്കറ്റ് വന്നു ഇപ്രാവശ്യം അത് വയനാട് .പരീക്ഷ സെന്റർ ഓടപ്പള്ളം ജി.യു.പി.എസ്സ് . വീട്ടിൽ കാര്യം പറഞ്ഞപ്പോൾ മാമനെ കൂടെ കൂട്ടി പോയാൽ മതിയെന്നായി. ഇനി മാമനെ കുറിച്ച് ഒന്ന് പരിചയപ്പെടുത്താം. ചില സിനിമകളിലെ ശ്രീനിവാസന്റെ കഥാപാത്രങ്ങൾ കാണുമ്പോൾ മാമനെ കണ്ടിട്ടാണ് ആ കഥാപാത്രം ഉണ്ടാക്കിയതെന്ന് തോന്നും അത്രയ്ക്ക് സാദൃശ്യമുണ്ട് മൂപ്പരും ആ കഥാപാത്രങ്ങളും .. പ്രത്യേകിച്ച് ചിങ്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം. വീട്ടിൽ അതിഥികൾ വന്നാൽ ഊണിന് മീൻ വാങ്ങാൻ പോയ മൂപ്പർ പലപ്പോഴും മീനുമായി വരുന്നത് അതിഥികൾ ഊണ് കഴിച്ചു പോയതിനു ശേഷമായിരിക്കും. അതാണ് നമ്മുടെ സാക്ഷാൽ റഷീദ് മാമ .
അങ്ങിനെ പരീക്ഷയുടെ തലേദിവസം മാമനും ഞാനും വയനാട്ടിലേക്ക് ബസ് കയറി. അതൊരു നോമ്പ് കാലമായിരുന്നു കൂടെ നല്ല തണുപ്പും. മീനങ്ങാടിയിലേക്കു രണ്ടു ടിക്കറ്റ് എടുതട്. ഭാഗ്യത്തിന് സീറ്റ് കിട്ടി. സൈഡ് സീറ്റിൽ ഇരുന്ന് പുറം കാഴ്ചകൾ കണ്ടുള്ള യാത്രയിൽ ഞാൻ പരീക്ഷയെ കുറിച്ച് തീർത്തും മറന്നു. ബസ്സിന്റെ ജനലിലൂടെ ഓടി മറയുന്ന നാട്ടിൻപുറ കാഴ്ചകൾ മനം കുളിർപ്പിക്കുന്നത് തന്നെ. നേർത്ത മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന വയനാടൻ ഗ്രാമ ഭംഗി വർണ്ണനകൾക്കതീതം. ആന വണ്ടി മുഴക്കത്തോടെ വയനാടൻ ചുരം കയറി തുടങ്ങി. ഇടയ്ക്കിടെ കോട മഞ്ഞ് കാഴ്ചകൾ മറച്ചു. നല്ല ഒന്നാന്തരം ഡ്രൈവർ എത്ര അനായാസമാണ് അദ്ദേഹം കാഴ്ച മറക്കുന്ന കോടമഞ്ഞിൽ പോലും ഹെയർപിൻ വളവുകളിൽ ബസ് ഓടിക്കുന്നത്. ഇടയ്ക്കിടെ റോഡിൽ ചെറിയ വാനര പടയെ കാണാം. യാത്രികർ എറിഞ്ഞു നല്കുന്ന പഴം അതാണ് അവറ്റകളുടെ ഭക്ഷണം .
ബസ് മീനങ്ങാടിയിൽ എത്തി എന്ന് കണ്ടക്ടർ പറഞ്ഞപ്പോഴായാണ് ഓടി മറയുന്ന കാഴ്ചകളിൽ ആണ്ടു പോയിരുന്ന എനിക്ക് സ്ഥലകാല ബോധം വന്നത്. ഞാനും മാമനും ധൃതിപ്പെട്ട് ബസ്സിറങ്ങി ദൂരെ കണ്ട പള്ളി മിനാരം ലക്‌ഷ്യം വെച്ച് നടന്നു. നോമ്പുതുറ പള്ളിയിൽ വെച്ചുതന്നെ ആവാം എന്ന് നിയ്യത്ത് * വെച്ചായിരുന്നല്ലോ വീട്ടിൽ നിന്നും ഇറങ്ങിയത്. യാത്രക്കാർക്ക് നോമ്പ് തുറക്കാൻ പ്രത്യേക സംവിധാനം പള്ളിയിൽ ഒരിക്കിയിരിക്കുന്നു . അവിടെ വിരിച്ച പുല്യായിൽ * ഞങ്ങൾ രണ്ടാളും ഇരിപ്പുറപ്പിച്ചു. നോമ്പ് തുറപ്പിക്കൽ പടച്ച തമ്പുരാന്റെടുത്ത് നല്ല കൂലിയുള്ള കാര്യമായതിനാൽ ഒരു യാത്രികനും നോമ്പുതുറക്കാൻ വേവലാതി പെടേണ്ട .
അനന്തരം മഗ്‌രിബ് ബാങ്ക് വിളിച്ചു . നല്ല ഒന്നാന്തരം തരികഞ്ഞിയും , കാരക്കയും, സമ്മൂസയും ,ഫ്രൂട്സും ഒക്കെയുണ്ട് . ബാക്കി നിസ്കാരം കഴിഞ്ഞിട്ടാണ് .നിസ്കാരത്തിനു ശേഷം എല്ലാവര്ക്കും പത്തിരിയും ആവി പറക്കുന്ന കോഴിക്കറിയും. റഷീദ്ക്ക പരിസരം മറന്നു തീറ്റ തുടങ്ങി . പണ്ട് മൂപ്പർ സ്കൂളിൽ പഠിക്കുന്ന കാലത്തു റവയ്ക്കു അടികൂടി ചീന ചട്ടിയിൽ വീണ കക്ഷിയാണ്..
ഇനി രാത്രി തങ്ങാൻ ഒരിടം വേണം പള്ളി മുക്രി * യോട് ചോദിച്ചപ്പോൾ ഇന്ന് രാത്രി പള്ളിയിൽ തന്നെ കിടക്കാനുള്ള സൗകര്യം ചെയ്തു തരാം എന്ന് പറഞ്ഞു. അത്താഴത്തിനു കഴിക്കാനുള്ള ഭക്ഷണവും മൂപ്പർ ഏർപ്പാടാക്കി. രാത്രി നമസ്കാരവും കഴിഞ്ഞു എല്ലാരും പോയപ്പോൾ ഞങ്ങൾ പുല്ല്യായിൽ തന്നെ ഉറങ്ങാൻ കിടന്നു. ഡിസംബർ മാസമായതിനാൽ നല്ല തണുപ്പാണ് . പുതപ്പൊന്നും കരുതാത്തതിനാൽ കൈ കാലുകൾ ഒക്കെ നല്ല ഐസുപോലെ മരവിച്ചിട്ടുണ്ട്. എപ്പോഴോ അറിയാതെ ഉറക്കത്തിലേക്കു വീണു. സുബഹി നിസ്കാരത്തിനുള്ള ബാങ്ക് വിളിക്കു മുൻപേ എഴുന്നേറ്റ് അത്താഴം കഴിച്ച് അംഗശുദ്ധി വരുത്തി നിസ്കാരത്തിനു റെഡി ആയി.
രാവിലെ ഏഴുമണിക്ക് പുറപ്പെട്ടാൽ മാത്രമേ പരീക്ഷാ സെന്ററിൽ കൃത്യ സമയത്ത് എത്താൻ കഴിയൂ. അന്വേഷിച്ചപ്പോൾ കുറച്ചു നടക്കാനുണ്ട് എന്നറിഞ്ഞു. മാമനും ഞാനും രാവിലെ എഴുന്നേറ്റ് എക്സാം സെന്ററിലേക്കുള്ള നടത്തം തുടങ്ങി. വായനാട്ടുകാർക്കു 4 - 5 കിലോമീറ്റര് ഒക്കെ ചെറിയ ദൂരമാണെന്നു പിന്നീടാണ് മനസ്സിലായത് . രാവിലെ നല്ല മഞ്ഞു മൂടി കിടക്കുന്ന പാതയ്ക്ക് ഇരുവശവും റിസേർവ് ഫോറെസ്റ്റാണ്. ചിലയിടങ്ങളിൽ വന്യമൃഗങ്ങളിൽ നിന്നും സുരക്ഷിതമാകാൻ കമ്പി വേലി തീർത്തിട്ടുണ്ട് . രാവിലത്തെ നടപ്പിന് പ്രത്യേകിച്ച് ക്ഷീണമൊന്നും തോന്നിയില്ല നല്ല ഒന്നാന്തരം ജീവ വായു. ഇടയ്ക്കു ഞങ്ങളെയും കടന്നു ഒരു ജീപ്പ് മുന്നോട്ടു പോയി. ഞങ്ങൾ നടത്തം തുടർന്നു. പാതയുടെ ഒരു വശത്ത് നല്ല ഇടതൂർന്ന വനം. പാതയ്ക്കരികിലായ് പേരറിയാത്ത പല വർണ്ണത്തിലുള്ള കാട്ടുപൂക്കൾ. അവസാനം പരീക്ഷ എഴുതാനുള്ള സ്കൂൾ എത്തിയിരിക്കുന്നു ഓടപ്പള്ളം ജി യു പി എസ് . വളരെ കുറച്ച് പേരെ പരീക്ഷ എഴുതാൻ എത്തിയിട്ടുള്ളു.
പരീക്ഷ എഴുതാനുള്ള ബെല്ലടിച്ചപ്പോൾ ഹാൾടിക്കറ്റുമായി ഞാൻ പരീക്ഷാ ഹാളിലേക്ക് കയറുന്നതിനു മുൻപേ മാമന്റെ അനുഗ്രഹം വാങ്ങി പുറത്തുള്ള ഒരു ബെഞ്ച് കാണിച്ചു പരീക്ഷ കഴിയുന്നത് വരെ അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞു .
വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ എന്ന തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷയാണ്. ഒന്നര മണിക്കൂർ പരീക്ഷ എഴുതാൻ എനിക്ക് അര മണിക്കൂർ വേണ്ടി വന്നില്ല കാരണം നാട് കാണാൻ വേണ്ടി പരീക്ഷക്ക് അപേക്ഷിക്കുന്ന എനിക്ക് അറിയാത്ത ചോദ്യങ്ങൾ ആയിരുന്നു പലതും.
ഇനിയാണ് നമ്മുടെ സാക്ഷാൽ മലയണ്ണാന്റെ റോൾ . പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ റഷീദ് മാമൻ ഇരുന്ന ബെഞ്ച് ശൂന്യമാണ്. വല്ല ബാത്റൂമിലേക്കും പോയി കാണുമെന്നു വിചാരിച്ചു ഞാൻ ആ ബെഞ്ചിൽ ഇരുന്നു. കുറച്ച സമയമായിട്ടും ആളെ കാണതായപ്പോൾ എനിക്ക് ചെറിയ അപകടം മണത്തു. ഞാൻ സ്കൂളിന് ചുറ്റും നടന്നു നോക്കി ആളെ പൊടി പോലും കാണാനില്ല.. അപ്പോഴാണ് ഹാളിൽ പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകനെ കണ്ടത്. പരീക്ഷാർത്ഥികൾ എല്ലാം പോയി കഴിഞ്ഞിരിക്കുന്നു . ഞാൻ പോവാതെ അവിടെ നിൽക്കുന്നത് കൊണ്ട് അദ്ദേഹം എന്റെ അരികിലേക്ക് വന്നു കാര്യം തിരക്കി. എന്നിട്ട് സ്കൂളിന്റെ മറുവശത്തുള്ള കാട്ടു പാത ചൂണ്ടി കാണിച്ചു ചിലപ്പോ അത് വഴി കാട്ടിലേക്കെങ്ങാൻ കയറിയിരിക്കും എന്ന് പറഞ്ഞു.. അതും പറഞ്ഞു ബാഗുമെടുത്ത് അദ്ദേഹവും പോയി.. എന്തായാലും കുറച്ചു സമയം കൂടി കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു. ഇപ്പൊ പരീക്ഷ കഴിഞ്ഞു ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞിരിക്കും. സ്കൂളിൽ ഇനി പ്യൂൺ മാത്രം ബാക്കി. അദ്ദേഹവും ഓഫീസ് പൂട്ടി ഇറങ്ങാൻ തുടങ്ങുകയാണ്. ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. മൂപ്പർ എന്നെയും കൂട്ടി നേരത്തെ അദ്ധ്യാപകൻ കാണിച്ച ആ കാട്ടു പാതയിലൂടെ നടന്നു.. കുറച്ചു നേരം നടന്നപ്പോൾ ഈറ്റ കാടുകൾ കാണാൻ തുടങ്ങി. വീണ്ടും കുറച്ചു മുൻപോട്ട് ചെന്നപ്പോൾ കുറെപേര് ഈറ്റയും തലച്ചുമടാക്കി വരുന്നുണ്ട്. അതിന്റെ കൂട്ടത്തിൽ റഷീദ് മാമയും.. എനിക്ക് സന്തോഷവും ദേഷ്യവും ഒക്കെ കൂടി വന്നു.. പക്ഷെ മൂപ്പർ ഒന്നും സംഭവിക്കാത്ത മട്ടിൽ പറഞ്ഞത് ഞാൻ മലയണ്ണാനെ കണ്ടപ്പോൾ അതിനെ കാണാൻ കാട്ടിലേക്ക് കയറിയതാണെന്നു .. തിരിച്ചു വരാനുള്ള വഴി മറന്നപ്പോൾ ഇവരോടൊപ്പം കൂടി അത്ര തന്നെ.
പാവം മലയണ്ണാൻ ഇതൊന്നും അറിയാതെ ഒരു വലിയ മരത്തിന്റെ കൊമ്പിൽ നിന്നും അടുത്ത മരത്തിന്റെ കൊമ്പിലേക്ക് ചാടി.
✍ഫൈസൽ പൊയിൽക്കാവ്
നിയ്യത്ത് * = തീരുമാനം പുല്യായിൽ * = പുല്ലു കൊണ്ടുള്ള പായ മുക്രി *= ബാങ്ക് വിളിക്കുന്ന ആൾ
\
ഒരു യാത്ര പോയ സുഖം.വരികളിലൂടെ വയനാടൻ കോടയും,തണുപ്പും ഉള്ളിലേക്ക് തഴുകിയെത്തുന്ന അനുഭവം👌👌👌
ReplyDelete