മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വിളയുന്ന പച്ചക്കറിയാണ്. സാധാരണയായി നാടൻ ഇനങ്ങളും സങ്കരയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നല്ല രുചിയും മണവുമുള്ള ചെറിയ ഇനം സാമ്പാർ വെണ്ട മുതൽ അരമീറ്ററിലധികം നീളം വെക്കുന്ന ആനക്കൊമ്പൻ വരെയുണ്ട് വെണ്ടയിനങ്ങളിൽ കേരളത്തിന്റേതായിട്ട്.
സാധാരണയായി സപ്തംബർ-ഒക്ടോബർ മാസങ്ങളിലും വേനൽക്കാല വിളയായി ജനവരി-ഫിബ്രവരി മാസങ്ങളിലുമാണ് വെണ്ട കൃഷി ചെയ്യാറ്. എന്നാൽ ആനക്കൊമ്പൻ എന്ന ഇനം മെയ് അവസാനവും ജൂൺ ആദ്യവുമായി നട്ടുവളർത്താറുണ്ട്.
മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുള്ള മഴക്കാലത്ത് നടാൻ പറ്റുന്ന 'സുസ്ഥിര', ഇളംപച്ചനിറത്തിലുള്ള കായകൾ നൽകുന്ന 'സൽക്കീർത്തി', അരമീറ്റർ വരെ നീളംവെക്കുന്ന ഇളംപച്ചനിറമുള്ള മഴക്കാലത്തും കൃഷിയിറക്കാവുന്ന 'കിരൺ', എന്നിവയും നല്ല ചുവപ്പുനിറമുള്ള കായകൾ നൽകുന്ന അരുണ, സി.ഒ.1 എന്നിവയും മൊസേക്ക് രോഗത്തിനെയും നിമ വിരകളെയും ഫംഗസ് രോഗത്തെയും പ്രതിരോധിക്കുന്ന അർക്ക, അനാമിക, വർഷ, ഉപഹാർ, അർക്ക അഭയ, അഞ്ജിത എന്നിവയുമാണ് സങ്കരയിനങ്ങളിൽ ചിലത്.
കൃഷിയിടം നന്നായി കിളച്ച് മണ്ണ് ഉണക്കി ചപ്പിലകൾ കത്തിച്ച് ചാരവുമായി മണ്ണ് നന്നായി കൂട്ടിയിളക്കണം. ഇത് വരമ്പ് രൂപത്തിലോ കുനകൂട്ടി തടമാക്കിയോ വാരമെടുക്കാം. വിത്ത് നടുന്നതിന് 15 ദിവസം മുമ്പ് സെന്റിന് 3 കിലോഗ്രാം കുമ്മായം ചേർത്തിളക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കാനും ജൈവവളങ്ങൾ വളരെ വേഗം വിളകൾക്ക് വലിച്ചെടുക്കാനും കാരണമാകും. 5 കിലോ വേപ്പിൻ പിണ്ണാക്കും ചേർക്കണം.
അമ്പത് കിലോ ഉണക്ക ചാണകമോ, മണ്ണിര കമ്പോസ്റ്റോ പത്ത് ഗ്രാം ട്രൈക്കോഡർമയുമായി ചേർത്ത് കലർത്തി തണലിൽ ഉണക്കിയതിന് ശേഷം അടിവളമായി മണ്ണിൽ ചേർക്കാം. 20 കിലോ കോഴികാഷ്ടം ചാണകപ്പൊടിക്ക് പകരമായി മണ്ണിൽ ചേർക്കാവുന്നതാണ്.
ഒരു സെന്റിന് 30-40 ഗ്രാം വിത്ത് വേണ്ടിവരും. ഓരോ ചെടികൾ തമ്മിലും രണ്ടടിയെങ്കിലും അകലമുണ്ടാവണം. ഒരു സെന്റിൽ പരമാവധി 200 ചെടികൾ നടാം. പത്ത് ഗ്രാം സ്യൂഡോമോണസ് വിത്തുമായി (100 വിത്തിന്) കൂട്ടിക്കലർത്തി വിത്ത് പരിചരിച്ചശേഷം നടണം. വിത്ത് നട്ടതിന് ശേഷം മണ്ണിൽ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം. വൈകീട്ട് ഒരു നേരം നനച്ചുകൊടുക്കണം.
ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റർ അഞ്ച് ലിറ്റർ വെള്ളവുമായി ചേർത്ത് നേർപ്പിച്ച് മേൽ വളമായി നൽകാം. അല്ലെങ്കിൽ ഗോമൂത്രമോ വെർമി വാഷോ രണ്ട് ലിറ്റർ പത്തിരട്ടി വെള്ളവുമായി ചേർത്തതും മേൽവളമാക്കാം. സെന്റിന് 10 കിലോഗ്രാം മണ്ണിര കമ്പോസ്റ്റോ, കോഴിവളമോ അല്ലെങ്കിൽ കടലപ്പിണ്ണാക്ക് ഒരു കിലോ പുതർത്തി 20 ലിറ്റർ വെള്ളത്തിൽ കലക്കിയോ ചെടിയ്ക്ക് മേൽവളമാക്കി നൽകാം.
അത്യാവശ്യത്തിന് നനവ് ഓരോ വാരത്തിലും നിലനിർത്തണം. പാഴ് ചെടികൾ കൊണ്ടോ ശീമക്കൊന്ന ഇല കൊണ്ടോ പുതയിട്ടു കൊടുക്കുന്നത് കളകൾ വരാതിരിക്കാനും മണ്ണിൽ നനവ് നിലനിർത്താനും സഹായിക്കും. മഴക്കാലത്താണ് വെണ്ട കൃഷിയിറക്കുന്നത് എങ്കിൽ ഇടയ്ക്ക് കളപറിച്ചുകൊടുക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. വേനൽക്കാലത്ത് ചെടികൾക്ക് ഓരോ ദിവസവും ഇടവിട്ട് നനയ്ക്കേണ്ടതാണ്.
രോഗങ്ങൾ
മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. ഇലകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞനിറമാവുകയും ഞരമ്പുകൾ തടിക്കുകയും ചെയ്യും. കായകൾ മഞ്ഞ കലർന്ന് ചുരുണ്ടുപോവും. ഇലത്തുള്ളൻ, വെള്ളീച്ച എന്നിവയാണ് മൊസേക്ക് രോഗത്തിന് കാരണമാവുന്ന വൈറസിന്റെ വാഹകർ.
രോഗമുള്ള ചെടികൾ കണ്ടാൽ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തിൽ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകൾ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികൾ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം.തണ്ടുതുരപ്പൻ, കായ്തുരപ്പൻ, വേരിനെ ആക്രമിക്കുന്ന നിമ വിരകൾ, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ, ഇലചുരുട്ടിപ്പുഴു എന്നിവയാണ് വെണ്ട കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.
കായയുടെ ഇളംതണ്ടുകളിലും കായകളിലും തുളച്ചുകയറി ഉൾഭാഗം തിന്ന് കേടാക്കുന്ന പുഴുക്കളാണ് കായ്തുരപ്പൻ, തണ്ടുതുരപ്പൻ എന്നീ പേരുകളിലറിയപ്പെടുന്നത്. വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർത്ത് കൊടുക്കുക, അടിവളമായി അല്പം വേപ്പിൻ പിണ്ണാക്ക് ചേർത്ത് കൊടുക്കുക എന്നിവയാണ് ഇതിന്റെ പ്രതിവിധി. ആക്രമണം തുടങ്ങുമ്പോൾ വേപ്പിൻ കുരു സത്ത് അഞ്ച് ശതമാനം വീര്യത്തിൽ തളിക്കുക. ബൂവേറിയ പോലുള്ള ജൈവകീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്.
- പ്രമോദ് കുമാർ
No comments:
Post a Comment