തക്കാളി കൃഷി
നമ്മുടെ പച്ചക്കറി ഇനങ്ങളിൽ തക്കാളിക്കുള്ള സ്ഥാനം ചെറുതല്ല. നമുക്കാവശ്യമുള്ള തക്കാളി നമ്മുടെ അടുക്കളത്തോട്ടത്തിലും ടെറസ്സിലുമൊക്കെ ജൈവ രീതിയിൽ ഉൽപാദിപ്പിക്കാം. നല്ലയിനം തക്കാളി വിത്തുകൾ വാങ്ങി മുളപ്പിച്ചെടുത്ത് നടുയോ നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങി നടുകയോ ചെയ്യാം. വിത്തുകളും തൈകളും സ്യൂഡോമോണസ് ലായി നിയിൽ മുക്കുന്നത് കീടബാധ ചെറുക്കും.
നല്ല നീർവാർച്ചയുള്ള വളക്കൂറുമുള്ള മണ്ണാണ് തക്കാളി കൃഷിക്ക് അനുയോജ്യം .നല്ല വെയിൽ വേണം തക്കാളികൃഷിക്ക് .തക്കാളി നടുന്നതിനു മുന്നേ മണ്ണിൽ കുമ്മായം ചേർത്തു കൊടുക്കുക. ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ ഒരു പിടി കുമ്മായം ഒരു ഗ്രോ ബാഗിന് എന്ന കണക്കിൽ മണ്ണിൽ നന്നായി മിക്സ് ചെയ്യണം. ശേഷം മണ്ണ് പോളിത്തീൻ ഷീറ്റിൽ നിരത്തി മൂന്നോ നാലോ ദിവസം വെയിൽ കൊള്ളിക്കണം.ഇങ്ങനെ ചെയ്യുമ്പോഴുള്ള ഗുണം എന്തെന്നാൽ : കുമിൾവാട്ട രോഗങ്ങൾ ഉണ്ടാക്കുന്ന മണ്ണിലെ ബാക്ടീരിയകൾ നശിക്കും , മാത്രമല്ല കുമ്മായം ചേർക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ കാൽസ്യം ലഭിക്കുകയും മണ്ണിലെ അമ്ലത്വം കുറയുകയും ചെയ്യും, മണ്ണിലെ അമ്ലത്വം കുറയുന്നത് നാം ചെടിക്ക് നൽകുന്ന വളം വേഗത്തിൽ വലിച്ചെടുക്കാൻ സഹായകമാകും ,പുളി രസമുള്ള മണ്ണിലാണ് ബാക്ടീരിയകൾ മൂലമുള്ള വാട്ടവും വേര് ചീയലും വരുക .തക്കാളി ചെടിക്ക് രോഗം വന്നാൽ പെട്ടെന്ന് നശിക്കും.
ഒരു വലിയ ഗ്രോ ബാഗിലേക്ക് 1:1:1 എന്ന തോതിൽ കാലിവളം -മണ്ണ് -ചകിരിച്ചോറ്അല്ലെങ്കിൽ കമ്പോസ്റ്റു ,,100 ഗ്രാം കടല പിണ്ണാക്ക് പൊടിച്ചത് , 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് പൊടിച്ചത് , 100 ഗ്രാം എല്ലുപൊടി , 50 ഗ്രാം കുമ്മായം എന്നിവ മിക്സ് ചെയ്ത് നിറക്കാം. മണ്ണിൽ ആദ്യമേ കുമ്മായം ചേർത്തിട്ടുണ്ടെങ്കിൽ ഗ്രോബാഗ് നിറക്കുമ്പോൾ ചേർക്കേണ്ട ആവശ്യമില്ല രണ്ടാം ഘട്ട വളം നൽകുമ്പോൾ ചേർത്ത് കൊടുത്താൽ മതി.
തക്കാളി കായപിടിച്ച ശേഷം തക്കാളിയുടെ അടിവശത്ത് കറുത്ത പുള്ളിപോലെ വന്നു കായ കേടായി പോകുന്നതിന് കാരണം കാൽസ്യത്തിന്റെ അഭാവമാണ് ( ഈ രോഗത്തെ Blossom end rot എന്ന് പറയും ) ഇത് കുമ്മായം ചേർക്കുന്നതിലൂടെ പരിഹരിക്കപ്പെടും ,
തക്കാളിയിൽ വിള്ളൽ ഉണ്ടാകുന്നത് ബോറോൺ എന്ന സൂക്ഷ്മ മൂലകത്തിന്റെ കുറവാണ് ഇതിനു പരിഹാരം 5 ഗ്രാം ബോറോക്സ് പൊടി മണ്ണിൽ ചേർത്ത് കൊടുക്കുക ( Solubor എന്ന ബോറൈറ്റ് പൊടി വാങ്ങാൻ കിട്ടും ) , ബോറോക്സ് പൊടി കൂടിയാൽ ചെടി കരിഞ്ഞു പോകും കൂട്ടിപ്പോവാതെ ശ്രദ്ധിക്കണം കൂടുതൽ ജൈവ വളം ചെടിക്ക് നെല്കുന്നുണ്ടെങ്കിൽ ഇത് കൊടുക്കുകയും വേണ്ട . തക്കാളിയില്‍ മാത്രമല്ല മറ്റ് പഴം പച്ചക്കറികളിലും ബോറോണ്‍ അഭാവം പരിഹരിക്കാൻ സോലുബോർ ബോറൈറ്റ് നൽകാം .
കുമ്മായം കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മുട്ടത്തോട് മിക്സിയിൽ നന്നായി പൊടിച്ച് മണ്ണിൽ ചേർക്കുക സാവധാനമാണെങ്കിലും കാൽസ്യത്തിന്റെ അഭാവത്തിനു പരിഹാരമാകും ഇത് ഇടയ്ക്ക് തുടരുക .രണ്ടാഴ്ച കൂടുമ്പോൾ സ്യൂഡോ മോണസ് ലായിനി ചെടിയുടെ ഇലകളിലും തടത്തിലും തളിക്കുന്നത് നല്ലതാണ്.
തക്കാളി ചെടിയുടെ ഇലകൾ മണ്ണിൽ തട്ടാൻ ഇടവരരുത് .തക്കാളി ചെടിക്ക് കരുത്ത് കുറവായതിനാൽ കമ്പ് മണ്ണിൽ തറച്ച് ചെടിക്ക് താങ്ങു കൊടുക്കുകയോ കെട്ടി വെക്കുകയോ ചെയ്യണം ആവശ്യമില്ലാത്തതും ഉണക്കം തുടങ്ങിയതുമായ ഇലകൾ മുറിച്ച് കൊടുത്താൽ കായകൾക്ക് വലുപ്പം കിട്ടും ,
തക്കാളിക്ക് പൊട്ടാഷ് മൂലകങ്ങൾ ലഭിക്കാൻ കരിയിലച്ചാരം ചെറിയ തോതിൽ ഇടയ്ക്ക് നൽകുക ഇത് പെട്ടെന്ന് പൂവിടാൻ സഹായിക്കും ,പൂവിടാൻ തുടങ്ങിയാൽ അതിരാവിലെ തക്കാളി ചെടിയിൽ വിരൽ കൊണ്ട് മൂന്നാലു പ്രാവശ്യം തട്ടി കൊടുക്കുക ഇത് പൂ കരിഞ്ഞു പോകാതെ പരാഗണം നടക്കാൻ സഹായിക്കുകയും എല്ലാ പൂവിലും കായപിടിക്കുകയും ചെയ്യും......
കടപ്പാട്: ലിജോ ജോസഫ്.
Good
ReplyDelete