നടാം ഒരു ചെടിമുരിങ്ങ
ആയുർവേദത്തിൽ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു അദ്ഭുതചെടിയുണ്ട്. നമ്മുടെ വീട്ടുവളപ്പിൽ ധാരാളമായിക്കണ്ടുവരുന്നതും മുമ്പ് നാം സമൃദ്ധമായി ഉപയോഗിച്ചിരുന്നതുമായ ഒരു ഇലക്കറിയാണത് മൊരിങ്ങേസി കുടുംബത്തിൽപ്പെട്ട മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമമുള്ള സാക്ഷാൽ മുരിങ്ങയാണ് അത്. പറമ്പുകൾ കുറഞ്ഞതും ജീവിതം ഫ്‌ളാറ്റുകളിലേക്ക് പറിച്ചുനടപ്പെട്ടതും മുരിങ്ങയെന്ന വിലപ്പെട്ട ഔഷധത്തെ മലയാളിയുടെ നിത്യജീവിതത്തിൽ നിന്ന് മാറ്റി നിർത്തി. എന്നാൽ, അതിന്റെ ഔഷധഗുണം തിരിച്ചറിഞ്ഞ നമ്മൾ അത് നട്ടുവളർത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.ഒരു മുരിങ്ങച്ചെടി നട്ടുപിടിപ്പിച്ച് വളർത്തിവലുതാക്കി ഇലപറിക്കൽ വലിയൊരു പ്രയത്‌നമായി മാറിയിട്ടുണ്ട്.
അത് ആയാസരഹിതമാക്കാൻ എന്തുചെയ്യണം. ചെടിമുരിങ്ങയുടെ തൈകൾ നമ്മുടെ സമീപ നഴ്‌സറികളിലൊക്കെ ലഭിക്കും അത് വാങ്ങി ഉള്ള പറമ്പിലോ മുറ്റത്തോ നട്ട് വെള്ളമൊഴിച്ചാൽ മാത്രം പോരാ നന്നായി പരിപാലിച്ചാലേ അതിന്റെ ഗുണം ലഭിക്കൂ.
നടേണ്ടവിധം
നിലത്ത് മാത്രമല്ല അത്യാവശ്യം വലിപ്പമുള്ള പ്ലാസ്റ്റിക് ഡ്രമ്മിലും മുരിങ്ങച്ചെടി വളർത്തിയെടുക്കാം. നിലത്താണെങ്കിൽ. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അവിടെ ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് അതിൽ കാലിവളം മണൽ അല്ലെങ്കിൽ ചകിരിച്ചോർ മണ്ണ് എന്നിവ സമാസമം നിറയ്ക്കണം അരക്കിലോ കുമ്മായവും അരക്കിലോ വേപ്പിൻപിണ്ണാക്കും ചേർത്ത് കുഴിയിൽ നന്നായി ഇളക്കി നനച്ചിട്ടതിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് ചെടികൾ നടേണ്ടത്. ചെടികൾ പിടിപ്പിക്കാൻ പറ്റിയ സമയം ഒക്‌ടോബർ മുതൽ മാർച്ചുവരെയാണ്. മുരിങ്ങയുടെ തോലിന് ഉറപ്പുകുറവായതിനാൽ പെട്ടെന്ന് ചീഞ്ഞുപോവും അതുകൊണ്ട് തടത്തിൽ വെള്ളം തീരേ നിർത്തരുത്. രണ്ടു മൂന്നാഴ്ചകൊണ്ട് മുരിങ്ങച്ചെടിക്ക് പുതിയവേരുകൾ പൊടിക്കും. പുതിയ ഇലകൾ മുളച്ചുവരുന്നതുവരെ ഒന്നരാടൻ നനച്ചുകൊടുക്കണം. പിന്നീട് ആഴ്ചയ്‌ക്കൊരിക്കൽ അല്പം കടലപ്പിണ്ണാക്ക് കുതിർത്തത് വെള്ളത്തിൽ നേർപ്പിച്ച് മുരട്ടിൽ ഒഴിച്ചുകൊടുക്കാം.
നടാം ഒരു ചെടിമുരിങ്ങ പ്ലാസ്റ്റിക് പാത്രത്തിലും
പ്ലാസ്റ്റിക് ഡ്രമ്മിലും വളർത്താം
കുറഞ്ഞത് മുക്കാൽമീറ്ററെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകൾഭാഗം മുറിച്ചുമാറ്റി അടിഭാഗത്ത് വെള്ളം വാർന്നുപോകാൻ ചെറിയ ദ്വാരമിട്ട് അതിന്റെ മുക്കാൽഭാഗം വരെ മുകളിൽപ്പറഞ്ഞ രീതിയിൽ പോട്ടിങ്മിശ്രിതം നിറച്ച് അതിന്റെ നടുക്ക് മുരിങ്ങത്തൈ നട്ട് മിതമായ രീതിയിൽ നന നൽകി വളർത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിർത്തതും അല്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോൾ നൽകിയാൽ രണ്ടുമാസത്തിനുശേഷം ഇലപറിക്കാം.
ഇലപറിക്കുമ്പോൾ ശ്രദ്ധിക്കണം
അധികംപേരും മുരിങ്ങയുടെ തൂമ്പ് മാത്രം നിർത്തി ചുറ്റുമുള്ള ഇലകൾ മൊത്തമായി പറിച്ചെടുക്കുകയാണ് ചെയ്യാറ് അങ്ങനെ ചെയ്യരുത്. തൂമ്പിന് അടിഭാഗത്ത് കുറഞ്ഞത് മൂന്ന് പട്ട മുതിർന്ന ഇലയെങ്കിലും നിർത്തിയിരിക്കണം. മഴപെയ്യുമ്പോൾ കൊമ്പു കോതരുത്. വെട്ടിയ കൊമ്പിൻതുമ്പിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി തണ്ട് ചീഞ്ഞു ചെടി നശിച്ചുപോവും. വേനൽക്കാലത്ത് ഒന്നരാടൻ നന നൽകാം. ആ സമയത്തുതന്നെ കൊമ്പുകൾ ഉയരത്തിലേക്ക് പോകുന്നത് തടയാൻ കൊമ്പുകോതാം. മുരിങ്ങയുടെ ഇലയും പൂവും കായും നല്ല വിറ്റാമിനും നാരുകളും നിറഞ്ഞ ഭക്ഷണമാണ്. വാതം, കഫം, ആർത്തവപ്രശ്‌നങ്ങൾ, ശരീരവേദന, ഹെർണിയ, രക്താദിമർദം, ന്യുമോണിയ എന്നിവയ്ക്കുവരെ പണ്ടുമുതലേ ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു.
പ്രമോദ്കുമാർ വി.സി.
No comments:
Post a Comment